ചെറ്റ വിവാദം – എന്റെ പക്ഷം
തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ലിസ്റ്റില്‍ തുടങ്ങിയ വിവാദങ്ങളുമായി ബന്ധപ്പെട്ട്, FEC-യിലും മറ്റിടങ്ങളിലുമുണ്ടായ തുടര്‍കമ്പനങ്ങളില്‍ പങ്കാളിയാകാതെ നില്‍ക്കുവാനാണ് ഞാനാദ്യം മുതല്‍ താല്പര്യപ്പെട്ടത്. വിദ്യാഭ്യാസ സംബന്ധമായ തിരക്കുകള്‍ കൊണ്ട് മാത്രമല്ല അത്. എതിര്‍പക്ഷത്ത് നില്‍ക്കുന്നവര്‍ പേരിന് പോലും വിവേകമോ, പ്രായത്തിനൊത്ത പക്വതയോ ഇത് വരെ പ്രദര്‍ശിപ്പിച്ചിട്ടില്ലാത്തതിനാല്‍, അവരുമായി ഒരു സംവാദത്തിനൊരുമ്പെട്ട് എന്റെ സമയം മെനക്കെടുത്തേണമോ എന്ന് വിചാരിച്ചിട്ടാണ്. പബ്ലിക് സ്പേസിലോ, ട്രിവാന്‍ഡ്രം ബ്ലോഗ്ഗേഴ്സ് ലിസ്റ്റിലോ എന്റെ ഭാഗം ഇത് വരെ ആരും കണ്ടിട്ടില്ലാത്ത സ്ഥിതിക്ക്, ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത് അതൊന്ന് മാത്രമാണ്.
കഴിഞ്ഞ ആഴ്ച ഔട്ട്‌ലുക്ക് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയെ [1, 2] അടിസ്ഥാനമാക്കി തിരുവനന്തപുരം മെയ്ലിങ്ങ് ലിസ്റ്റിലേക്ക് “Watergate of India” എന്ന സബ്‌ജെക്റ്റ് ലൈനില്‍ ഒരു മെയ്‌ല്‍ അയക്കുകയുണ്ടായി. പ്രസ്തുത മെയ്ലില്‍, ഇങ്ങനെ ഒരു വാചകം എഴുതി ചേര്‍ച്ചേര്‍ത്തിരുന്നു.
ഇത്രേം ചെറ്റകളായിരുന്നോ ഈ മന്മോഹനും രാഹുല്‍ ഗാന്ധിയുമൊക്കെ? ഇങ്ങനത്തെ “തറവാടികളുടെ” കൂടെയാണോ മറ്റൊരു തറവാടി ആയ ശശിയും കൂടിയത്?”.
പിന്നീടുണ്ടായ വിവാദങ്ങള്‍ക്ക് ഹേതുവായതും ഈ വാചകമാണ്. മന്മോഹന്‍ സിങ്ങും, ശശി തരൂരുമൊക്കെ ജനങ്ങളുടെ പ്രതിനിധികള്‍ ആയിരിക്കാം [ശശി തരൂര്‍ പൂര്‍ണ്ണമായും ജനപ്രതിനിധി എന്ന് സമ്മതിക്കാമെങ്കിലും, മന്മോഹന്‍ സിങ്ങ് അങ്ങനെയല്ല എന്ന് പറയട്ടെ. ഒരു വാദത്തിന് വേണ്ടി രണ്ട് പേരെയും കൂട്ടിക്കെട്ടുന്നു]. എന്ന് കരുതി വിമര്‍ശനങ്ങള്‍ക്ക് അതീതമായ ഒരു സ്ഥാനത്തല്ല അവര്‍ ഇരിക്കുന്നത്. രാജഭരണം പോലുള്ള ഏകാധിപത്യ ഭരണസംവിധാനങ്ങള്‍ നിലവിലുള്ളിടത്ത്, രാജാവിനെ ചെറ്റ എന്ന് പോയിട്ട് പേര് വിളിച്ചാല്‍ പോലും തല വെട്ടിക്കളയുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇവിടെ ഈ രാജ്യത്ത് ജനാധിപത്യമാണ് നിലനില്‍ക്കുന്നത്, ജനപ്രതിനിധിയാണെങ്കിലും പൈപ്പ്‌വെള്ളം കുടിച്ച് ജീവിക്കുന്ന പട്ടിണിപ്പാവമാണെങ്കിലും എല്ലാവര്‍ക്കും ഒരേ സ്ഥാനമാണുള്ളത് [ശശി തരൂരിന്റെ jargon കടമെടുക്കുകയാണെങ്കില്‍, There are no holy cows in democracy].
മാന്യനായ ചെറ്റ
ചെറ്റ എന്ന വാക്കിന് മാന്യതക്കുറവ് ഉണ്ടെന്ന് സമ്മതിക്കുന്നു. അങ്ങനെ പറയാത്തവര്‍ കാണില്ലായിരിക്കും. എന്നാല്‍, മറ്റൊരാളുടെ സ്വകാര്യ സംഭാഷണം അയാളുടെ അറിവില്ലാതെ ചോര്‍ത്തുന്നതും മാന്യതയില്ലായ്മയാണ് – അത് ദേശസുരക്ഷയുടെ പേരിലാണെങ്കില്‍ കൂടി. ഇനി ദേശസുരക്ഷയുടെ പേരിലാണെങ്കില്‍ കൂടി, സ്വന്തം രാജ്യത്തെ പൗരന്മാരുടെ ടെലഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുക എന്ന് പറയുന്നത് ഒരു ജനാധിപത്യ ഭരണകൂടത്തില്‍ നിന്നും ഏറ്റവും അവസാനം പ്രതീക്ഷിക്കുന്ന ഒന്നാണ്. സ്വന്തം രാഷ്ട്രീയ ലാഭത്തിന് വേണ്ടി, എതിരാളികളുടെ ടെലഫോണ്‍ ചോര്‍ത്തുന്നതില്‍ എന്ത് ധാര്‍മ്മികതയാണുള്ളത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. 1970-കളില്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന റിച്ചാര്‍ഡ് നിക്സന് തന്റെ പ്രസിഡന്റ് സ്ഥാനം രാജി വെക്കേണ്ടി വന്നത് ഇത്തരമൊരു ടെലഫോണ്‍ ചോര്‍ത്തല്‍ കേസിലാണ്. വാട്ടര്‍ഗേറ്റ് സംഭവം എന്ന് പൊതുവെ അറിയപ്പെട്ടിരുന്ന ആ കേസ്, ജനാധിപത്യലോകത്തിന് തീരാക്കളങ്കമാണ്. അന്നും ഇന്നും ലോകത്താകമാനം ഭീതി വിതച്ചു കൊണ്ട്, സ്വന്തതാല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ശ്രമിക്കുന്ന സാമ്രാജത്യ ശക്തിയായ അമേരിക്കയില്‍ ഈ സംഭവം ഒരു പ്രസിഡന്റിന്റെ തന്നെ രാജി വെപ്പിച്ചെങ്കില്‍, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ശക്തിയെന്ന് അവകാശപ്പെടുന്ന ഭാരതത്തിലെ, രാഷ്ട്രീയപരമായി മുന്നോക്കം നില്‍ക്കുന്നു എന്ന് അവകാശപ്പെടുന്ന തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ലിസ്റ്റുള്‍പ്പെടുന്ന ഇന്ത്യന്‍ പൗരന്മാര്‍ ഈ പ്രശ്നത്തില്‍ ഇപ്പോഴും അലസമായാണ് പ്രതികരിക്കുന്നത്. ചൈനയിലെയും, മറ്റ് കമ്മ്യൂണിസ്റ്റ് പ്രദേശങ്ങളിലെയും ജനാധിപത്യധ്വംസനങ്ങളെയും കുറിച്ച് വാചാലരാകുന്ന ഈ നിക്ഷ്പക്ഷരെന്ന് അവകാശപ്പെടുന്ന ശക്തികള്‍ തങ്ങള്‍ തെരെഞ്ഞെടുത്ത ഭരണകൂടത്തിന്റെ പിതൃശൂന്യപ്രവൃത്തിയില്‍ [പ്രവൃത്തികള്‍ എന്ന് പറയേണ്ടി വരും. ഇതൊന്ന് മാത്രമല്ല] തെറ്റൊന്നും കാണുന്നില്ല എന്നത്, വര്‍ഗ്ഗതാല്പര്യങ്ങളുടെ പ്രതിഫലനമാണ് എന്ന് മനസ്സിലാക്കിയത് കൊണ്ട് എന്നില്‍ വലിയ ഞെട്ടലുണ്ടാക്കുന്നില്ല.
മാന്യമായ ടെലഫോണ്‍ ചോര്‍ത്തല്‍
ഔട്ട്‌ലുക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം, ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഈ ടെലഫോണ്‍ ചോര്‍ത്തല്‍ പരിപാടികള്‍ കാര്‍ഗില്‍ യുദ്ധത്തിന് ശേഷമാണ് തുടങ്ങിയത്. ഡല്‍ഹി, ലക്നൗ മുതലായ നഗരങ്ങളിലും, മുസ്ലീങ്ങള്‍ അധികം താമസിക്കുന്ന ഇടങ്ങളുമാണ് ഈ സംവിധാനം ഉപയോഗിച്ച് നിരീക്ഷിച്ചു കൊണ്ടിരുന്നത്. പ്രസ്തുത സംവിധാനമുപയോഗിച്ചാണ്, ഫെബ്രുവരി 2007-ല്‍ കോണ്‍ഗ്രസ്സ് നേതാവ് ദിഗ് വിജയ് സിംഗിന്റെയും, ഒക്റ്റോബര്‍ 2007-ല്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും, ജൂലൈ 2008-ല്‍ സി.പി.ഐ (എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെയും [അതായത് ആണവക്കരാറിനെ ചൊല്ലി വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം], ഏറ്റവും അവസാനമായി 2010 ഏപ്രിലില്‍ ശരദ് പവാറിന്റെയും ഫോണ്‍ കോളുകള്‍ ചോര്‍ത്തി, ഭരണകൂടം തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് വേണ്ടി വിനിയോഗിച്ചത്. NSA നേതൃത്വം നല്‍കിയ ഈ ചോര്‍ത്തല്‍ പരിപാടികള്‍, പ്രധാനമന്ത്രിയുടെ ഓഫീസിന്റെയോ അദ്ദേഹത്തിന്റെ ദേഹത്ത് ചുറ്റിയ ചരടുകളുടെ മറ്റേ അറ്റത്തുള്ള മറ്റ് കോണ്‍ഗ്രസ്സ് നേതാക്കളുടെയോ അറിവില്ലാതെയാണ് ചെയ്തത് എന്ന് വിശ്വസിക്കണമെങ്കില്‍, എനിക്ക് ഭ്രാന്തായിരിക്കണം അല്ലെങ്കില്‍ അവിശ്വസനീയമാംവിധം നിഷകളങ്കനായിരിക്കണം. ഇതൊന്നുമല്ലെങ്കില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ അനുഭാവിയെങ്കിലുമായിരിക്കണം.
തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ലിസ്റ്റ്
കേരളഫാര്‍മറുടെ ഇന്‍വിറ്റേഷന്‍ കൊണ്ട് മാത്രമാണ് ഞാന്‍ ഈ ലിസ്റ്റില്‍ അംഗമായത്. അംഗത്വം ചോദിച്ച് ഞാന്‍ അങ്ങോട്ട് പോയിട്ടില്ല. തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ലിസ്റ്റിന്റെ ഒന്ന് രണ്ട് കൂടിച്ചേരലുകളില്‍ പങ്കെടുക്കുകയും, കേരളഫാര്‍മര്‍, അങ്കിള്‍, ടിസി രാജേഷ്, പൊന്നമ്പലം മുതലായ ബ്ലോഗ്ഗേഴ്സിനെ പരിചയപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നിരിക്കിലും, തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ലിസ്റ്റില്‍ പൊതുവായി കാണുന്ന എലീറ്റിസ്റ്റ്-അരാഷ്ട്രീയ ചര്‍ച്ചകളില്‍ താല്പര്യം അധികം കാണിച്ചിരുന്നില്ല. ആദ്യം മുതല്‍ക്ക് തന്നെ, സ്വന്തം ബ്ലോഗ്ഗിലെ പുതിയ പോസ്റ്റുകള്‍ പരസ്യപ്പെടുത്തുവാന്‍ ആ മെയ്ലിങ്ങ് ലിസ്റ്റ് ഉപയോഗിക്കില്ല എന്നൊരു വാശിയും ഉണ്ടായിരുന്നു. വസ്തുതകള്‍ നിരത്തി നാം ഇടപെടുന്ന ചര്‍ച്ചകളില്‍, പലപ്പോഴും – പക്വതയുണ്ട് എന്ന് നാം വിചാരിക്കുന്ന മുതിര്‍ന്ന അംഗങ്ങള്‍ അടക്കം – മറുപടികള്‍ സര്‍ക്കാസവും, വിഷയ-വ്യതിചലനവും, anecdotal അഭിപ്രായങ്ങളും, പിന്നെ പതിവ് പോലെയുള്ള ചൈന-പോളണ്ട് വാദങ്ങളുമാണ് എതിര്‍പക്ഷം നിരത്താറുള്ളത്. പ്രത്യക്ഷത്തില്‍ fallacious ആയിട്ടുള്ള, പലപ്പോഴും തങ്ങളുടെ താല്പര്യ സംരക്ഷണത്തിന് വേണ്ടി, തങ്ങളുടെ മുന്‍നിലപാടുകള്‍ക്ക് വിരുദ്ധമായ നിലപാടുകള്‍ യാതൊരു ഉളുപ്പും കൂടാതെ സ്വീകരിക്കുന്ന [ഇപ്പോള്‍ എനിക്ക് കാണിക്കാവുന്ന ഉദാഹരണവും ഇത് തന്നെയാണ്] തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ലിസ്റ്റിലെ അരാഷ്ട്രീയതയില്‍ പലപ്പോഴും മടുപ്പ് തോന്നിയിട്ടുള്ളതാണ്. ഇത് പണ്ടേ മനസ്സിലാക്കിയിട്ടും, എന്ത് കൊണ്ട് നേരത്തെ ഒഴിഞ്ഞ് പോയില്ല എന്ന ചോദ്യത്തിന് എനിക്കുത്തരമില്ല.
ഭാഷയുടെ മാന്യത
രാഷ്ട്രീയവും അല്ലാത്തതുമായ ചര്‍ച്ചകളില്‍, പൊതുബോധത്തിന് മാന്യമല്ല എന്ന് കരുതുന്ന പദപ്രയോഗങ്ങള്‍ ഉപയോഗിക്കാറുള്ളയാളാണ് ഞാന്‍. പ്രത്യേകിച്ചും, തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ലിസ്റ്റ് പോലുള്ള എലീറ്റിസ്റ്റ് കൂട്ടായ്മകളില്‍ unconventional ആയിട്ടുള്ള പദ-ഭാഷാ പ്രയോഗങ്ങള്‍ മനഃപ്പൂര്‍വ്വം ഉപയോഗിക്കുന്നത് അത്തരം എലീറ്റിസ്റ്റ് രാഷ്ട്രീയത്തിനെതിരെ തന്നെയാണ്. പക്ഷെ, അത്തരം ചര്‍ച്ചകളില്‍ മുഖ്യവിഷയത്തില്‍ ചര്‍ച്ചകള്‍ തുടരാതെ, ഭാഷാപ്രയോഗത്തില്‍ മാത്രം ചര്‍ച്ചകള്‍ തുടരുന്നത് അത്തരമൊരു രാഷ്ട്രീയത്തിന്റെ പരാജയമായാണ് ഞാന്‍ കാണുന്നത്.
ഭാവി നടപടികള്‍
തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ലിസ്റ്റില്‍ നിന്നും പുറത്താക്കിയത് കൊണ്ട് വ്യക്തിപരമായോ, രാഷ്ട്രീയപരമായോ എന്തെങ്കിലും നഷ്ടം സംഭവിച്ചതായി എനിക്ക് തോന്നിയിട്ടില്ല. എന്തെങ്കിലും നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ലിസ്റ്റിന് മാത്രമാണ്. വിവാദത്തിന് ഇടയാക്കിയ ആ മെയ്ലില്‍ ഞാന്‍ നടത്തിയ അഭിപ്രായപ്രകടനത്തില്‍ ഞാനിപ്പോഴും ഉറച്ചു നില്‍ക്കുന്നു. രാഷ്ട്രീയലാഭത്തിന് വേണ്ടി ഭരണകൂടസംവിധാനങ്ങള്‍ പ്രതിയോഗികള്‍ക്കെതിരെ ഉപയോഗിക്കുക എന്നത് ചെറ്റത്തരം തന്നെയാണ്. ആ അഭിപ്രായപ്രകടനത്തിന്റെ പേരില്‍ എന്തെങ്കിലും നിയമനടപടികള്‍ നേരിടുവാനും ഞാന്‍ തയ്യാറാണ് എന്ന് കൂടി അറിയിച്ചു കൊള്ളട്ടെ.
ഈ പ്രശ്നങ്ങള്‍ ഒരു ക്ലോസ്ഡ് ഗ്രൂപ്പില്‍ നടന്നതാണു്. അവിടെ നടന്ന സംഭവങ്ങളെ പുറത്തേക്കു് വലിച്ചിഴച്ചതു് അഡ്മിന്‍ തന്നെയാണു്. ചെറ്റ പരാമര്‍ശത്തിന്റെ പേരില്‍ എന്നെയും പിന്നീട് എന്നെ പിന്തുണച്ചതിന്റെ പേരില്‍ റിയാദിനെയും പുറത്താക്കിയ അഡ്മിന്‍, ട്രിവാന്‍ഡ്രം ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെ ഓപ്പണായിട്ടുള്ള ബ്ലോഗില്‍ പേരുവച്ചെഴുതിയ ലേഖനത്തില്‍ സെബിനെ ചെറ്റയെന്നു് തന്നെ വിശേഷിപ്പിക്കുന്നു. എനിക്കും റിയാദിനും വേണ്ടി വാദിച്ച പ്രവൃത്തിയെ കുരയെന്നുമാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഏറ്റവും വലിയ തമാശ അദ്ദേഹം തന്ന കുറ്റപത്രമാണ്. ഇത്രയുമായ സ്ഥിതിക്ക് ഞാന്‍ അത് കൂടി ചേര്‍ക്കട്ടെ. ഹൈലൈറ്റ് ചെയ്ത ഭാഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.
റിയാദെ ഞാനീ ഗ്രൂപ്പില്‍ നിന്ന് ആരെയും സ്വയം നീക്കം ചെയ്തിട്ടില്ലായിരുന്നു. എന്നെ ചൊറിയുന്ന റിയാദിനെ ഇപ്പോള്‍ നീക്കുകയാണ്. ഈ ഗ്രൂപ്പില്‍ നിന്ന്. ആദ്യം ഞാന്‍ താങ്കളെ എന്റെ ജിമെയില്‍ ചാറ്റില്‍ നിന്ന് മാത്രമേ ഒഴിവാക്കിയിരുന്നുള്ളു. ഇനി താങ്കള്‍ ഈ ഗ്രൂപ്പില്‍ തുടരുന്നത് എനിക്ക് ഇഷ്ടമില്ലാത്ത കാര്യമാണ്.
ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ചെറ്റത്തരം കാണിച്ചെന്ന് ഗ്രൂപ്പില്‍ പോസ്റ്റിടുകയും പ്രതീഷ് കാരണം അതിന്റെ പേരില്‍ അഡ്മിന്‍ എന്ന നിലയില്‍ സൈബര്‍ കുറ്റം ചെയ്തതായി പരിഗണിക്കാം. മേലില്‍ അത്തരം ഒന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. താങ്കളെയും ഈ ഗ്രൂപ്പില്‍ നിന്ന് നീക്കം ചെയ്യുകയാണ്.
ഹിറ്റ്‌ലറും മുസ്സോളനിയുമൊക്കെ തങ്ങളുടെ ശവകൂടീരങ്ങളില്‍ കിടന്നൊന്ന് പിടച്ചിട്ടുണ്ടാകും, “ഞങ്ങള്‍ക്കുമൊരു എതിരാളിയോ” എന്ന് കരുതി. ജനാധിപത്യത്തിന്റെ കാവല്‍പോരാളിയെന്ന് സ്വയം വിശ്വസിച്ച്, അവരോധിച്ച് നടക്കുന്ന ഈ മനുഷ്യന്‍ തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ലിസ്റ്റില്‍ നിന്ന് ആദ്യം പുറത്താക്കിയ എനിക്കോ റിയാദിനുമോ അല്ലെങ്കില്‍ അതിന്റെ പിറകെ, ഞങ്ങളെ പിന്തുണച്ചു എന്നതിന്റെ പേരില്‍ പുറത്താക്കിയ മറ്റ് അഞ്ച് പേര്‍ക്കുമോ ജനാധിപത്യ സംവിധാനത്തില്‍ കുറ്റാരോപിതര്‍ക്ക് നല്‍കുന്ന ഏറ്റവും അടിസ്ഥാനപരമായ പരിഗണനകള്‍ പോലും നല്‍കിയിട്ടുണ്ടോ എന്ന കാര്യവും ഇവിടെ ചര്‍ച്ച ചെയ്യേണ്ടതായുണ്ട്.
തന്റെ ജീവിതത്തിന്റെ നല്ലൊരു പങ്കും പട്ടാളച്ചിട്ടകള്‍ കണ്ട് ജീവിച്ചത് കൊണ്ട്, ഒരു പക്ഷെ ബഹു. അഡ്മിന് പട്ടാളച്ചിട്ടകളാണ് ജനാധിപത്യത്തേക്കാള്‍ മെച്ചം എന്ന് തോന്നിയിരിക്കാം. എന്നാല്‍, നമ്മുടെ രാജ്യത്തെ പട്ടാളത്തിന് മുകളില്‍ അതിനേക്കാള്‍ ശക്തിയും അധികാരവുമുള്ള ഒരു ജനാധിപത്യ സംവിധാനം നിയന്ത്രിക്കുവാനുള്ളത് കൊണ്ടാണ് അത്തരം പട്ടാളച്ചിട്ടകള്‍ അതിര് കടക്കാത്തത് എന്ന് അദ്ദേഹം മനസ്സിലാക്കേണ്ടതായിട്ടുണ്ട്.
Possibly Related Posts:
- കൊലച്ചോറ് [11:55 AM]
- Stinking Issues with Trivandrum Bloggers List
- Mass Creative Commons Deed Violations by Indian Media
- ഫോണ്‍ കോള്‍
- ഭൂചലനം – കാരണം സി.പി.ഐ(എം) ഉള്‍പ്പോരു്




