Archive

Posts Tagged ‘സാമൂഹികം’

ഫോണ്‍ കോള്‍

December 18th, 2009 ഞാന്‍||njaan 14 comments

1832 ദിവസങ്ങള്‍ക്ക് മുമ്പൊരു രാത്രി…

രാത്രി ഭക്ഷണവും കഴിഞ്ഞ് കിടക്കാന്‍ നേരത്ത് ഫോണ്‍ ബെല്ലടിച്ചു. ഇതാരണപ്പാ ഈ നേരത്ത് വിളിക്കാന്‍ എന്ന് മനസ്സിലാലോചിച്ച് ഫോണെടുക്കാന്‍ മുന്നിലെ മുറിയിലേക്ക് പോയി. കൈയ്യിലെ നനവ് ഉടുത്തിരുന്ന മുണ്ടില്‍ തുടച്ചു.

ഹലോ…

ഡാ! ഞാനാ. ഒരു കാര്യം പറയാം. ഞെട്ടരുത്.” ദീപയാണ്. കോളേജിലെ സംഘടനാപ്രവര്‍ത്തന കാലം തൊട്ടേ ദീപയെ പരിചയമുണ്ട്. രാഷ്ട്രീയത്തോടുള്ള ആത്മാര്‍ത്ഥത അവളെ ഒരു മുഴുവന്‍ സമയ രാഷ്ട്രീയക്കാരിയാക്കി. വയനാട്ടിലോ മറ്റോ ആണെന്നാണ് അവസാനമായി കേട്ടത്.

എന്തുണ്ട് ദീപ വിശേഷങ്ങള്‍. ഈ പാതിരാത്രി എന്ത് പറഞ്ഞാണ് നീ എന്നെ ഞെട്ടിക്കുവാന്‍ പോകുന്നത്.” കല്യാണക്കാര്യം പറയാന്‍ ഇത്രയൊക്കെ ഈ പെണ്ണുങ്ങള്‍ എന്തിനാണിത്ര വളച്ചുകെട്ടുന്നത്?

ഞാനും എന്റെ ചില സഹപ്രവര്‍ത്തകരും കൂടി അവസാനമതങ്ങ് ചെയ്തു. ഇന്ന് മുതല്‍ എനിക്കും നിനക്കും സമാധാനമായുറങ്ങാം. ആ പന്ന കഴുവേറിമക്കളുടെ, …… ….. ………. കത്തിച്ചു” അവ്യക്തമായെങ്കിലും അവസാനം പറഞ്ഞ വാക്ക് കേട്ടപ്പോള്‍ എന്റെ നട്ടെല്ലിലൂടെ ഒരു കൊള്ളിയാന്‍ പാഞ്ഞു പോയി.

എന്ത് പണിയാണ് കാണിച്ചത് ദീപ. വീണ്ടു വിചാരമില്ലാതെ ഇങ്ങനെയൊക്കെ ചെയ്യണമായിരുന്നോ? എന്നോടൊരു വാക്ക് ചോദിക്കാമായിരുന്നില്ലേ നിനക്ക്? ഇപ്പോള്‍ നീ എവിടെയാണ്

ഫോണ്‍ കട്ടായത് ഞാന്‍ അറിഞ്ഞില്ലായിരുന്നു. ഒന്നുകില്‍ അവിടെ റേഞ്ച് പോയി, അല്ലെങ്കില്‍ അവള്‍ ഫോണ്‍ബന്ധം മനഃപൂര്‍വ്വം വിച്ഛേദിച്ചു കളഞ്ഞു.

അതിരാവിലെ നാല് മണി വരെ ഓരോന്ന് ആലോചിച്ച് കിടന്നു. കോളേജില്‍ പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് സിങ്കോസള്‍ഫാന്‍ കമ്പനിക്കെതിരെ സമരങ്ങള്‍ നടത്തിയിരുന്നു. സിങ്കോസള്‍ഫാന്റെ ഉപയോഗം മൂലം പലവിധ ആരോഗ്യപ്രശ്നങ്ങളുമുണ്ടാകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത് ഞാനും ദീപയുമുള്‍പ്പെട്ട ഗവേഷകസംഘത്തിന്റെ പഠനത്തിലാണ്. അന്ന് ആവേശപൂര്‍വ്വം നടത്തിയ സമരങ്ങള്‍ക്ക് സിങ്കോസള്‍ഫാന്റെ പണക്കരുത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കുവാനായില്ല. കോളേജില്‍ നിന്നിറങ്ങിയ ശേഷം രാഷ്ട്രീയപ്രവര്‍ത്തനമൊക്കെ നിര്‍ത്തി, ഒരു ജോലിയൊക്കെ ചെയ്ത് ജീവിച്ചു വരികയായിരുന്നു. ഇടയ്ക്കിടെ വിലക്കയറ്റവും ബന്ദും ഹര്‍ത്താലുമൊക്കെയുണ്ടാകുമ്പോള്‍ തെറി വിളിക്കുന്നതില്‍ മാത്രമൊതുങ്ങി എന്റെ രാഷ്ട്രീയം. അല്ലെങ്കിലും ജീവിതത്തില്‍ ഒരു സ്ഥിരത ഒക്കെ ആയിക്കഴിഞ്ഞാല്‍ എന്ത് രാഷ്ട്രീയപ്രവര്‍ത്തനം? സ്വന്തം കാര്യം നടക്കുന്നത് വരേയുള്ളു ഏത് രാഷ്ട്രീയവും. അവളായി അവളുടെ പാടായി. ഇപ്പോള്‍ ഞാന്‍ ചോറ് കഴിക്കുന്നത് തന്നെ സിങ്കോസള്‍ഫാന്റെ കനിവിലാണ്!

ഉറങ്ങി എഴുന്നേറ്റപ്പോള്‍ ഇന്നലത്തെ ഫോണ്‍ വിളിയുടെ കാര്യം മറന്നു പോയിരുന്നു [ജീവിതത്തില്‍ ടെന്‍ഷനടിക്കുവാന്‍ വേറെ എന്തൊക്കെയോ നല്ല കാര്യങ്ങള്‍ കിടക്കുന്നു]. വൈകി ഉറങ്ങിയത് കൊണ്ടാണെന്ന് തോന്നുന്നു, തലയ്ക്കാകെ ഒരു മന്ദത. രാവിലത്തെ മഴയില്‍ പത്രം ഒട്ടുമുക്കാലും കുതിര്‍ന്നിരുന്നു. പത്രക്കാരനോട് പല തവണ പറഞ്ഞിട്ടുള്ളതാണ് വാതിലിന്റെ താഴെക്കൂടെ അകത്ത് കയറ്റി വെക്കണമെന്ന്. ഇവനൊക്കെ എപ്പോ നന്നാവാനാണ്?

അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ സൈനികരെ അയയ്ക്കും: മോഹന വര്‍മ്മ

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ നാറ്റോ സഖ്യസേനയെ സഹായിക്കുവാനായി ഇന്ത്യന്‍ സൈനികരെ അയക്കുമെന്ന് പ്രധാനമന്ത്രി മോഹന വര്‍മ്മ, അമേരിക്കന്‍ പ്രസിഡന്റ് ഒലാമയുമായൊത്ത് സംയുക്ത പ്രസ്താവനയിറക്കി. ആദ്യ ഘട്ടത്തില്‍ ഏകദേശം അമ്പതിനയിരം ജവാന്മാരെ, അഫ്ഗാനിസ്ഥാനില്‍ വിന്യസിക്കുന്നതായിരിക്കും. പാക്കിസ്ഥാനില്‍ നിന്നുമുള്ള വെല്ലുവിളി കുറഞ്ഞതിനാലാണ്, ഇത്രയുമധികം സൈനികരെ മാറ്റി വിന്യസിക്കുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു. അതിനിടെ നാറ്റോ തങ്ങളുടെ സൈന്യത്തെ ഘട്ടം ഘട്ടമായി പിന്‍വലിക്കുവാനുള്ള നടപടി തുടങ്ങി.

“മോഹന വര്‍മ്മയുടെ ഭരണപാടവം പണ്ട് ആണവക്കരാര്‍ ഒപ്പ് വെച്ചപ്പോഴെ മനസ്സിലായതാണ്. ദക്ഷിണേഷ്യയില്‍ ഇന്ത്യയുടെ പെരുമ ഒന്ന് കൂടി വര്‍ദ്ധിക്കുകയേ ഉള്ളൂ. ഇപ്പോള്‍ തന്നെ, ലോകത്തിലെ പത്ത് ധനാഢ്യര്‍ ഇന്ത്യയില്‍ നിന്നാണ്. ജി.ഡി.പി വളര്‍ച്ചയും ആശാവഹമാണ്”

ഉള്‍പ്പേജിലെ വാര്‍ത്ത കണ്ട് ഞാന്‍ ഒന്ന് നടുങ്ങി.

കോഴിക്കോട് സിങ്കോസള്‍ഫാന്‍ ഓഫീസ് കത്തിച്ചു. വനിതാ രാഷ്ട്രീയപ്രവര്‍ത്തകയെ പൊലീസ് തിരയുന്നു
കോഴിക്കോട്: സിങ്കോസള്‍ഫാന്‍ കമ്പനിയുടെ ഇവിടത്തെ പ്രാദേശിക ഓഫീസ് തീ വെച്ചു നശിപ്പിച്ചു. പ്രമുഖ ആദിവാസി നേതാവും, സജീവ രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകയുമായ ദീപയെ പൊലീസ് തിരയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പെ തന്നെ സിങ്കോസള്‍ഫാന്റെ ഉപയോഗത്തിനെതിരെ പല സ്ഥലങ്ങളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു. പല വിദേശ രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തിയ ഈ കീടനാശിനി ഇന്നും ഇവിടെ നിര്‍ബാധം ഉപയോഗിക്കുകയാണ്. സിങ്കോസള്‍ഫാനെതിരെയുള്ള പ്രതിരോധസമരങ്ങളിലെ മുന്‍നിര പോരാളിയാണ് ഈ സംഭവത്തിന് പിന്നിലുണ്ടെന്ന് സംശയിക്കുന്ന ദീപ…..
….എല്ലാ റെയ്‌ല്‍വേ സ്റ്റേഷനുകളിലും ചെക്ക് പോസ്റ്റുകളിലും ലുക്ക് ഔട്ട് നോട്ടീസ് പതിച്ചിട്ടുണ്ട്.

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം…

എന്റെ വിവാഹം കഴിഞ്ഞു. ഭാര്യ എറണാകുളത്ത് കാക്കനാട്ടെ ഫോര്‍ട്ട്‌സിറ്റിയിലെ ഒരു MNC-യില്‍ ജോലി ചെയ്യുന്നു. ഒരു പെണ്‍കുട്ടി. എന്നത്തെയും പോലെ അതിസാധാരണമായ ഒരു ശനിയാഴ്ച, ഭക്ഷണം കഴിഞ്ഞ് ഉറങ്ങുമ്പോഴാണ് ഫോണ്‍ ശബ്ദിക്കുന്നത്.

ഹലോ

ഇത് ശ്രീകുമാറിന്റെ വീടല്യോ? പുള്ളിക്കാരന്റെ കയ്യിലൊന്ന് ഫോണ്‍ കൊടുക്കുമോ?” ഘനഗാംഭീര്യമുള്ള ഒരു സ്ത്രീശബ്ദമാണ് അങ്ങേത്തലയ്ക്കല്‍.

ശ്രീകുമാറാണ് സംസാരിക്കുന്നത്. ഇത് ആരാണ്?

ഇത് കമ്മീഷണറുടെ ഓഫീസിന്നാണേ. നിങ്ങള്‍ ഒരു കേസിന്റെ ആവശ്യത്തിനായി ഇവടെ വരെ വരേണ്ട ആവശ്യോണ്ടായിരുന്നു

പൊലീസുകാരൊക്കെ എന്നാണോ ആവോ മര്യാദ പഠിച്ചത്. സുഹൃത്തിന്റെ ആക്സിഡന്റ് കേസ് കോടതിയില്‍ നടക്കുന്നത് കൊണ്ട് ഈ ഫോണ്‍ വിളിയില്‍ അത്ര പുതുമ തോന്നിയില്ല.

ഒരു അഞ്ചു മണിയാകുമ്പോള്‍ ഓഫീസ് വരെ ഒന്ന് വരണം

വനിതാപ്പോലീസ് സംഭാഷണമവിടെ നിര്‍ത്തി. നാല് മണിക്ക് അലാമും വെച്ച് ഞാന്‍ ബാക്കിയുള്ള ഉറക്കമുറങ്ങുവാന്‍ കിടന്നു.

അഞ്ച് ദിവസത്തിന് ശേഷമുള്ള ഒരു വാര്‍ത്താ ചാനലിന്റെ ഫ്ലാഷ് ന്യൂസ് സ്ക്രോള്‍…

…..കോഴിക്കോട് മവോയിസ്റ്റ് ആക്രമണം: യുവ എഞ്ചിനീയര്‍ കൂട്ട് പ്രതി….. Advt: ധരിക്കൂ പോത്തിന്‍കാലനപ്പന്റെ ലോക്കറ്റ്. അകറ്റൂ സമയദോഷം.Call: 03195639 now. നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും പിടിയിലകപ്പെട്ട മവോയിസ്റ്റ് പ്രവര്‍ത്തക ദീപയുടെ മൊഴി പ്രകാരമാണ് അറസ്റ്റ്…. സംഭവത്തിന് ശേഷം ശ്രീകുമാറിന്റെ ഫോണിലേക്ക് കോള്‍ പോയതിന് തെളിവ് ലഭിച്ചു….മവോയിസ്റ്റ് പ്രസ്ഥാനത്തില്‍ മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ശ്രീകുമാര്‍ സമ്മതിച്ചു…..Advt: മുസലി ശക്തി…..

Possibly Related Posts:


മൂളയുള്ളോരാരെങ്കിലും തരൂരിനു് കുത്തുമോ?

എന്റെ സുഹൃത്ത് ഹരി ശങ്കര്‍ എഴുതിയ കുറിപ്പിന് ഒരു മറുപടിയാണ് ഈ പോസ്റ്റ്. ഹരി തന്റെ പോസ്റ്റില്‍ അദ്ദേഹമെന്തു കൊണ്ട് ശശി തരൂരിന് വോട്ട് ചെയ്യുമെന്ന് എഴുതുകയുണ്ടായി. ഇന്ത്യ നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും തരൂരിന്റെ വിജയം പരിഹാരമൊരുക്കും എന്ന് വരെ ഇത്തരം pro-തരൂര്‍ പോസ്റ്റുകളില്‍ നമ്മുക്കു കാണാം. (ഇത്തരം പരസ്യ വാചകങ്ങള്‍ വഴിയരുകില്‍ ജലദോഷം മുതല്‍ എയിഡ്സ് വരെ മാറ്റിത്തരുന്ന ഒറ്റമൂലികള്‍ വില്‍ക്കുന്ന കച്ചവടക്കാരില്‍ നിന്ന് മാത്രമേ കേട്ടിട്ടുള്ളൂ). ഒബാമയുടെ അമേരിക്കന്‍ മോഡല്‍ തെരെഞ്ഞെടുപ്പ് പ്രചാരണരീതികള്‍ അതേപടി പകര്‍ത്തി, അതു വഴി അമേരിക്കയിലേക്ക് വായില്‍ നോക്കിയിരിക്കുന്ന വരേണ്യകുമാരന്മാരെ കൈയ്യിലെടുക്കുവാന്‍ തരൂരിന് കഴിഞ്ഞിട്ടുമുണ്ട്. Kerala Blogosphere-ല്‍ അങ്ങോളമിങ്ങോളമുള്ള രാജ്യസ്നേഹം നിറഞ്ഞു തുളുമ്പിയൊഴുകുന്ന ഇത്തരം snobbish ബ്ലോഗ്ഗുകളില്‍ തരൂര്‍ തരംഗം അതിന്റെ ഉച്ചസ്ഥായിയില്‍ ദര്‍ശിക്കുവാനാകും. മേല്‍പറഞ്ഞ കാരണം കൊണ്ട് ഞങ്ങളും അമേരിക്കയെ പോലെ മോഡേണായി (?) എന്ന മിത്ഥ്യയെ യാഥാര്‍ത്ഥ്യമെന്ന് സ്വയം ബോധ്യപ്പെടുത്തുവാന്‍ ഈ കോഴിക്കുഞ്ഞുങ്ങള്‍ ആഞ്ഞ് ശ്രമിക്കുന്നുമുണ്ട്.

ശശി തരൂരിന്റെ ഈ ഇമേജ് എത്ര മാത്രം യാഥാര്‍ത്ഥ്യമാണ് എന്ന് ചിന്തിക്കുവാനോ, അതില്‍ ഗവേഷണം നടത്തുവാനോ നമ്മുടെ കോഴിക്കുഞ്ഞുങ്ങള്‍ ശ്രമിക്കുന്നില്ല എന്നതാണ് നഗ്നമായ യാഥാര്‍ത്ഥ്യം. കേരളവും ഇന്ത്യയും ഇന്ന് നേരിടുന്ന ബൗദ്ധിക പാപ്പരത്തത്തിന് ഹേതു ഇത്തരം ചിന്താശേഷി മരവിച്ചു പോയ യുവത്വമാണ്. ഞാനധികം നീട്ടുന്നില്ല. ഈ പോസ്റ്റിന് അടിസ്ഥാനമാക്കുന്നത് ഹരിയുടെ പോസ്റ്റിനെ തന്നെയാണ്.

  1. ശശി തരൂരിന്റെ വിദ്യാഭ്യാസത്തെ പറ്റിയാണ് ഹരി പറഞ്ഞു തുടങ്ങുന്നത്. രാജ്യവും വകുപ്പും ഭരിക്കുവാന്‍ വിദ്യാഭ്യാസമൊരു മാനദണ്ഡമേയല്ല എന്നാണ് നമ്മുടെ അനുഭവങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. നഷ്ടത്തിലായിരുന്ന ഇന്ത്യന്‍ റെയ്‌ല്‍വേസിനെ ലാഭത്തിലെത്തിച്ച ലാലു പ്രസാദു് യാദവു് ഏതെങ്കിലും ബിസിനസ്സ് സ്കൂളില്‍ പോയി PhD-യോ, PDF-ഓ എടുത്തതായിട്ടെനിക്കറിയില്ല. അതേ പോലെ തന്നെ കേരളത്തിലെ മുഖ്യമന്ത്രി ശ്രീ. അച്യുതാനന്ദന്‍ നാലാം ക്ലാസ്സ് വിദ്യാഭ്യാസവുമായിട്ടാണ് ഭരിക്കുന്നത്. അദ്ദേഹത്തിന്റെ ഭരണ നേട്ടങ്ങള്‍ ഇവിടെ നിന്ന് വായിക്കാം. (അത് വായിക്കാതെ എഴുതുന്ന കമന്റുകള്‍ക്ക് മറുപടിയുണ്ടാകില്ല). “വികസനത്തിന് മനുഷ്യത്വമുഖം നല്‍കും” എന്ന് പറഞ്ഞ് അധികാരത്തിലേറിയ, മറ്റൊരു മുന്‍-ബ്യൂറോക്രാറ്റ് പ്രധാനിയായ യു.പി.ഏ ഗവണ്‍മെന്റിനെ നയിച്ച കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ തെരെഞ്ഞെടുപ്പ് പത്രികയും, അവരുടെ പ്രവൃത്തികളും ഇവിടെ നിന്നും വായിക്കാം. പ്രിയ ബ്ലോഗ്ഗേഴ്സ് ഫോര്‍ തരൂരുകള്‍ മനസ്സിലാക്കേണ്ടത്, അവരവര്‍ പ്രതിനിധീകരിക്കുന്ന പാര്‍ട്ടി കഴിഞ്ഞ തവണ അധികാരത്തില്‍ വന്നപ്പോളെന്തു ചെയ്തു എന്നതിലാണ് കാര്യം. പാര്‍ട്ടിയെ എതിര്‍ത്തു കൊണ്ട്, ഇനിയിപ്പോ ശശി തരൂര്‍ എങ്ങാനും എം.പി ആയാലും, തിരുവനന്തപുരത്തുകാര്‍ക്ക് വേണ്ടി എന്തെങ്കില്ലും ചെയ്യുമോ? (കഴിഞ്ഞ തവണ കണ്ണൂരുകാരന്‍ പന്ന്യന്‍ രവീന്ദ്രന്‍ ഇലക്ഷന് നിന്നപ്പോള്‍ കേട്ടത്, “കണ്ണൂരുകാരന്‍ തിരുവനന്തപുരത്തുകാര്‍ക്ക് വേണ്ടിയെന്തെങ്കിലും ചെയ്യുമോ എന്നായിരുന്നോ?” ഇപ്പോ കോണ്‍ഗ്രസ്സുകാരാരെങ്കിലും ആ ചോദ്യമോര്‍ക്കുന്നുണ്ടോ ആവോ?)
  2. തരൂര്‍ എഴുതിയ ഈ ലേഖനം കൂടി വായിച്ചിട്ട് അദ്ദേഹത്തിന്റെ ഇസ്ലാം സ്നേഹത്തിന്റെ താഴെ അടിവരയിടുക. അതോടൊപ്പം തന്നെ ഇവിടെ ചോദിച്ചിരിക്കുന്ന ചോദ്യങ്ങള്‍ ഞാനാവര്‍ത്തിക്കുന്നു.
    • ഇന്ത്യയില്‍ 15 കോടി മുസ്ലീങ്ങളുള്ളതുകൊണ്ടാണോ സര്‍ ഇന്ത്യ പാലസ്തീനോട് നയതന്ത്രപരമായ അനുഭാവം പുലര്‍ത്തിയിട്ടുള്ളത്?
    • പലവിധ രാഷ്ട്രീയ കാരണങ്ങളാല്‍ ദേശീയ, അന്തര്‍ ദേശീയ ശ്രദ്ധ നേടിയ ഒരു ന്യൂനപക്ഷ ആരാധനാലയത്തെ ഇടിച്ചുനിരത്തിയ കുറേ കാവി-കുങ്കുമപ്പൊട്ടുവാദികള്‍ പൊതുപ്രവര്‍ത്തന രംഗത്ത് മാന്യന്മാരായിരിക്കുന്നത് കണ്ണില്‍പ്പെടാത്തതാണോ സര്‍? അവരെന്താ ഭീകരന്മാരല്ലേ സര്‍? രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും സദാ വിഘാതമായ അവരെ തുരത്താന്‍ എവിടെയാണ് സര്‍ ഇന്ത്യ ബോംബിടേണ്ടത്?
    • ബോംബേയിലെ വര്‍ഗ്ഗീയ കലാപങ്ങളിലും ഗുജറാത്തിലും സംഘപരിവാരികള്‍ ആസൂത്രണം ചെയ്ത് നടത്തിയ അതിഭീകരമായി മുസ്ലീം കൂട്ടക്കൊലകളും താങ്കളീ പറയുന്ന “ഭീകരപ്രവര്‍ത്തനത്താലുണ്ടായ ജീവഹാനി”യില്‍ പെടുമോ സര്‍?
    • മുംബൈ ആക്രമണത്തിന്റെ പേരില്‍ താങ്കള്‍ ഒലിപ്പിക്കുന്ന ഈ മുതലക്കണ്ണീരും ഒരു ഇന്തോപാക്ക് യുദ്ധം നടപ്പിലാക്കാനാവാത്തതിന്റെ നിരാശയും രാജ്യത്ത് ആസൂത്രിതമായി നടത്തപ്പെട്ട ന്യൂനപക്ഷ ഹിംസയുടെ കാലത്ത് കണ്ടില്ലല്ലോ സര്‍ ?അന്നീ ലോകരാജ്യങ്ങള്‍ക്കു മുന്നിലും അന്താരാഷ്ട്ര മനുഷ്യാവകാശപ്രസ്ഥാനങ്ങള്‍ക്കു മുന്നിലും നാണം കെട്ട ഇന്ത്യയെപ്പെറ്റി താങ്കള്‍ക്കോര്‍മ്മയുണ്ടോ സര്‍? അതോ അന്ന് കെട്ട നാണം നാണമല്ലേ?
    • ഒന്നിനു പുറകേ ഒന്നായി ന്യൂക്ലിയര്‍ ബോംബുകളും ബാലിസ്റ്റിക് മിസൈലുകളും ഉണ്ടാക്കിപ്പരീക്ഷിച്ചിട്ടും, കേന്ദ്ര ബജറ്റില്‍ നിന്നും 89,000 കോടി രൂപയോളം പട്ടാളത്തിനും ആഭ്യന്തര സുരക്ഷയ്ക്കും വകനീക്കി വച്ചിട്ടും എന്തേ “India’s[...] underbelly [is] easily penetrated by determined terrorists” എന്ന അവസ്ഥ വരുന്നു സര്‍ ?
    • ഒരു ബോട്ടും കൊണ്ട് ഏതു രാജ്യക്കാര്‍ക്കും വന്നു കയറാവുന്ന ഒരു തുറമുഖമായി നമ്മുടെ Financial Capital എന്തേ മാറി സര്‍?
    • പുരോഹിത്തിനെ പോലുള്ള പട്ടാള ഉദ്യോഗസ്ഥര്‍ പോലും ഭീകരപ്രവര്‍ത്തകര്‍ക്ക് ബോംബുണ്ടാക്കാന്‍ ഒത്താശ ചെയ്തു കൊടുക്കുന്നത് കാണുന്നില്ലേ സര്‍?

    ഇനിയിപ്പോള്‍ ഇത് വല്ലതുമാണോ ശശി തരൂരിന്റെ സ്വപ്നം? അദ്ദേഹം വഴി തെറ്റി വല്ലതും കോണ്‍ഗ്രസ്സില്‍ വന്നതാണോ? കോണ്‍ഗ്രസ്സിന്റെ കാവിവല്‍ക്കരണമോ അതോ കാവിയുടെ കോണ്‍ഗ്രസ്സ് വല്‍ക്കരണമോ?

  3. തരൂരിന്റെ പുസ്തകം വായിച്ചിട്ടുണ്ടെങ്കില്‍ അതിലെത്ര മാത്രം അരാഷ്ട്രീയവാദം കുത്തി നിറച്ചിട്ടുണ്ടെന്ന് ഞാന്‍ പ്രത്യേകിച്ചെടുത്ത് പറയേണ്ട കാര്യമില്ല? ഇന്ത്യന്‍ രാഷ്ട്രീയക്കാരെ ഇത്ര വെറുപ്പോടെ കണ്ട മനുഷ്യന്‍ എന്ത് താല്‍പര്യത്തിന്റെ പേരിലാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് എന്ന് തരൂര്‍ വ്യക്തമാക്കേണ്ടതാണ്. അതിനേക്കാളേറെ തമാശ, അദ്ദേഹമേറെ വിമര്‍ശിച്ച കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ചിഹ്നത്തിലാണ് മല്‍സരിക്കുന്നത് എന്നത് തന്നെ. ഈ ഒരു സന്ദര്‍ഭത്തില്‍ നിന്ന് ചിന്തിക്കുമ്പോള്‍ ശശി തരൂരെന്ന വ്യക്തി, തന്റെയാ പഴയ എഴുത്തുകളെ എങ്ങനെയാണ് വിലയിരുത്തുന്നത്? അതിനെയൊക്കെ തള്ളിപ്പറയുന്നുവോ? ഇല്ലെങ്കില്‍ ആ പാര്‍ട്ടിയുടെ പേരില്‍ മല്‍സരിക്കുവാന്‍ മാത്രം നിങ്ങളുടെ ധാര്‍മ്മിക നിലവാരം ഇടിഞ്ഞു വീണുവോ? ഇപ്പോള്‍ തള്ളിപ്പറയുന്നുവെങ്കില്‍ അതേ ലാഘവത്തോടെ നിങ്ങളിപ്പോള്‍ നല്‍കുന്ന തെരെഞ്ഞെടുപ്പ് വാഗ്ദാനങ്ങളും തള്ളിക്കളയില്ല എന്ന് എന്തുറപ്പാണുള്ളത്?
  4. നിങ്ങളൊരു വിവരമുള്ള വോട്ടറാണെങ്കില്‍ നിങ്ങള്‍ ആര്‍ക്കായിരിക്കും വോട്ട് ചെയ്യുക? (വിവരവും വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധം ദാ ഇവിടെയുണ്ട്). 14-ആം ലോകസഭയിലെ ഏറ്റവും സജീവമായ പാര്‍ട്ടികളെ പറ്റിയുള്ള ഒരു പഠനത്തെ പറ്റി ഇവിടെ കൊടുത്തിട്ടുണ്ട്. കഴിഞ്ഞ തവണ അധികാരത്തിലേറിയ കോണ്‍ഗ്രസ്സിന്റെ പ്രകടന പത്രികയും യഥാര്‍ത്ഥ പ്രകടനവും തമ്മിലുള്ള ഒരു താരതമ്യ പഠനം ഇവിടെയും കൊടുത്തിട്ടുണ്ട്. ഇതൊക്കെ വായിച്ച് വിവരമുള്ള മനുഷ്യര്‍ തീരുമാനമെടുക്കും. വിദ്യാഭ്യാസവും വിവരവും തമ്മില്‍ ബന്ധമില്ല എന്ന എന്റെ വാദത്തിന് ശക്തി കൂടുകയാണ് എന്ന് ഈ അവസരത്തില്‍ പറയാതെ വയ്യ.
  5. ശശി തരൂരിന്റെ മലയാളം നന്നല്ല എന്ന് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുള്ള കാര്യമാണ്. മലയാളം സംസാരിക്കുവാനുള്ള ശേഷിക്കുറവ് ഒരു ഭരണാധികാരിക്കൊരു കുറവാണെന്നും തോന്നുന്നില്ല. കഴിഞ്ഞ നവമ്പറില്‍ കേരള മുഖ്യമന്ത്രി ശ്രീ. വി.എസ്സ്. അച്യുതാനന്ദന് ഇംഗ്ലീഷ് സംസാരിക്കുവാനറിയില്ല എന്ന് പറഞ്ഞ് ഇവിടുത്തെ കമ്മ്യൂണിസ്റ്റ്-വിരുദ്ധര്‍ എന്തൊക്കെ പുകിലുകളായിരുന്നു കാണിച്ചിരുന്നത്? ഇന്നിപ്പോള്‍ തരൂരിന്റെ മലയാള-ശേഷിക്കുറവിനെ കുറിച്ച് സ്വകാര്യം പറയുവാന്‍ പോലും ഒറ്റയാളെ കാണുന്നില്ലല്ലോ? അവരൊക്കെ പോയി ആത്മഹത്യ ചെയ്തുവോ?
  6. മാന്യന്‍ എന്ന ലേബല്‍ ഹരി നീലലോഹിതദാസന്‍ നാടാരുടെയടുത്ത് നിന്നുമിളക്കിക്കളഞ്ഞ മാനദണ്ഡം വെച്ച് തന്നെ തരൂരിന്റെയടുത്ത് നിന്നും ഇളക്കിക്കളയാം. അതൊരു വലിയ factor ആണെന്ന് എനിക്കും തോന്നുന്നില്ല. പക്ഷെ, തരൂരിന് ഒരു നീതി, നീലലോഹിതദാസന്‍ നാടാര്‍ക്ക് മറ്റൊന്ന് എന്ന രീതി ശരിയാണോ?
  7. കൊക്കോ-കോള എന്ന ക്രിമിനല്‍ കമ്പനിയുമായുള്ള ബന്ധത്തെ പറ്റി വിവരവും വിദ്യാഭ്യാസവുമുള്ള താങ്കള്‍ അത്ര ലാഘവത്തോടെ പറഞ്ഞ് പോയത്, ശരിക്കും വിവരവും വിദ്യാഭ്യാസവുമുള്ളവരെ കഷ്ടത്തിലാഴ്ത്തും. തുറന്ന എഴുത്തിലുള്ള ആരോപണങ്ങളെല്ലാം സത്യമാണെന്നും, തരൂര്‍ തന്റെ കമ്പനിയെ ന്യായീകരിക്കുവാന്‍ ശ്രമിക്കുകയാണെന്നും താങ്കള്‍ക്ക് പ്രത്യക്ഷത്തില്‍ തന്നെ മനസ്സിലായതാണല്ലോ? അത്തരമൊരു ക്രിമിനല്‍ കമ്പനിയുടെ കുഴലൂത്തുകാരന്‍ അധികരത്തിലേറിയാലുള്ള ഭവിഷ്യത്തുക്കള്‍ അറിയാതെയാണോ നിങ്ങളത്തരത്തിലുള്ള സമീപനം സ്വീകരിച്ചത്? തരൂരിന്റെ തുറന്ന മറുപടിക്കുള്ള തുറന്ന മറുമറുപടിയും വായിക്കേണ്ടതാണ്. പിന്നെ ഇതും.
  8. എണ്ണയ്ക്ക് പകരം ഭക്ഷണം പദ്ധതിയില്‍ നടന്ന അഴിമതിയില്‍ തരൂരിന്റെ ദുരൂഹമായ പങ്കിനെ പറ്റിയും മാദ്ധ്യമങ്ങളും ബ്ലോഗ്ഗേഴ്സ് ഫോര്‍ തരൂരും മൗനം പാലിക്കുകയാണ്.
  9. ഈ വാര്‍ത്ത കണ്ടാല്‍ മനസ്സിലാക്കാം, ബ്ലോഗ്ഗേഴ്സ് ഫോര്‍ തരൂര്‍ എന്ത് പ്രതീക്ഷിച്ചായിരിക്കും ഈ അത്യുത്സാഹം കാണിക്കുന്നതെന്ന്.
  10. അര്‍ഹതയില്ലാഞ്ഞിട്ട് കൂടി, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഇന്ത്യന്‍ ഗവണ്‍മെന്റിനെ, യു.എന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരെഞ്ഞെടുപ്പില്‍ ഉപയോഗിച്ചുവെന്ന് പ്രസിദ്ധ പത്ര പ്രവര്‍ത്തകനായ ബി.ആര്‍.പി ഭാസ്കര്‍ എഴുതിയത് ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കേണ്ടതാണ്.

തരൂര്‍ തരംഗത്തിന്റെ മനഃശാസ്ത്രം

ഒബാമ അമേരിക്കയിലെ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ പ്രയോഗിച്ച നമ്പറുകള്‍ കണ്ട പാവം മലയാളി ഇവിടെയും ഇങ്ങനെയൊക്കെ ആയിരുന്നെങ്കില്‍ എന്ന് കോംപ്ലെക്സടിച്ചു. തരൂര്‍ ആ കോംപ്ലക്സിനെ ചൂഷണം ചെയ്തു. തരൂരിന്റെ തിളക്കത്തില്‍ ജാതി-മത-പ്രായ-വിവര-വിദ്യാഭ്യാസ-തൊഴില്‍ ഭേദമില്ലാതെ കോംപ്ലക്സടിച്ച എല്ലാ ലോലഹൃദയരും വീണു പോയി. തരൂര് ജയിച്ചാല്‍ കേന്ദ്ര മന്ത്രിയാകുമെന്നാ പറയുന്നത്? എവിടുന്ന് – കോണ്‍ഗ്രസ്സ് അധികാരത്തില്‍ കയറണ്ടേ?

പ്രിയ ബ്ലോഗ്ഗേഴ്സ് ഫോര്‍ തരൂരുകളേ, അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യം മാറ്റൊലി കൊണ്ട നാടാണിത് – തിരുവിതാംകൂര്‍. അവിടെയീ അമേരിക്കന്‍ മോഡല്‍ ഗിമ്മിക്കുകളൊന്നും കൊണ്ടു കാര്യമില്ല. ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുവാന്‍  2008 ഒക്ടോബറില്‍ ഇന്ത്യയില്‍ താമസമാക്കിയ NRI-ക്ക് എങ്ങനെ സാധിക്കുമെന്നാണ് നിങ്ങള്‍ കരുതുന്നത്?

(ഞാന്‍ മേല്‍ പറഞ്ഞതില്‍ അസത്യങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ അത് source അടക്കം ചൂണ്ടിക്കാട്ടൂ)

Possibly Related Posts:


മദകടാനന്ദ സ്വാമികളുമായിട്ടൊരു അഭിമുഖം

ളരെ യാദൃശ്ചികമായിട്ടായിരുന്നു സ്വാമി മദകടാനന്ദനെ എന്റെ സുഹൃത്ത് (ഞാനല്ല) കണ്ടുമുട്ടിയത്. അഭിമുഖത്തിന്റെ കാര്യം പറഞ്ഞപ്പോഴെ മദകടന്‍ ഉത്സാഹമതിയായി. ശാസ്ത്രത്തിലും മതത്തിലും അതിഫയങ്കരമായ ജ്ഞാനമുള്ള സ്വാമികള്‍, തന്റെ അമ്പലം നിരങ്ങലുകളുടെ ഇടയ്ക്ക് കിട്ടിയ ചെറിയ ഇടവേളയില്‍, സുഹൃത്തിന്റെ ചോദ്യങ്ങള്‍ക്ക് ശക്തവും വ്യക്തവും കൃത്യവുമായ ഉത്തരങ്ങള്‍ നല്‍കി സുഹൃത്തിന്റെ വായടപ്പിക്കുകയാണവസാനമുണ്ടായത്. അധികം നീട്ടുന്നില്ല. അഭിമുഖത്തിലേക്ക് കടക്കാം.

സുഹൃത്ത്: ഒരു നൂറ്റമ്പത് വര്‍ഷം മുമ്പ് വരെയെങ്കിലും വളരെ പ്രകടമായിട്ട് ജാതീയമായ ഉച്ചനീചത്വങ്ങള്‍ നമ്മുടെ കേരള സമൂഹത്തിലും നിലനിന്നിരുന്നു. വര്‍ണ്ണ വ്യവസ്ഥയില്‍ താഴെ നിന്നവര്‍ക്കും, അവര്‍ണ്ണര്‍ക്കുമെല്ലാം വിദ്യാഭ്യാസം ലഭിച്ചിട്ടും മലയാളി ഹിന്ദുവിന്റെ ഉള്ളിന്റെ ഉള്ളില്‍ ജാതിക്കറയുടെ പാടുകള്‍ മായുന്നില്ല. “ഈഴവരെല്ലാം പന്നിക്ക് പിറന്നവരാണെന്നും”, “താഴ്ന്ന ജാതിക്കാരന്‍ റോക്കറ്റ് പറത്തില്‍ സെക്രട്ടേറിയേറ്റിന്റെ മുകളില്‍ വീഴുമെന്നും” ഒക്കെ സവര്‍ണ്ണ പ്രഭുക്കള്‍ പറഞ്ഞത് വാസ്കോഡിഗാമാ കപ്പലിറങ്ങിയ സമയത്തല്ല. ഈ കാലഘടത്തില്‍ തന്നെ. ഈയിടെ ഒരു ഈഴവ പൂജാരിയെ അമ്പലത്തില്‍ പൂജ ചെയ്യുവാന്‍ സമ്മതിച്ചില്ലായെന്നും കേട്ടു. ഈഴവനായ ശ്രീ. വയലാര്‍ രവി എന്നൊക്കെ ഗുരുവായൂര്‍ പോയാലും, അന്നൊക്കെ അവിടെ പുണ്യാഹം തളിക്കപ്പെടുന്നു. എന്റെ ആദ്യ ചോദ്യം ജാതി വ്യവസ്ഥയെക്കുറിച്ചാണ്, ജാതി വ്യവസ്ഥയില്ലാതെ ഹിന്ദു മതത്തിന് നിലനില്‍പ്പില്ലേ?

സ്വാമി: ഹരി ഓം. കേരളത്തിലെ അതിസമ്പന്നമായ ഒരു തീയ്യ/ഈഴവ തറവാട്ടിലാണ് ഞാന്‍ ജനിച്ചത്. അതുകൊണ്ടു തന്നെ ജാതിയില്‍ താണ ഒരീഴവന്റെ വികാരമെനിക്ക് മനസ്സിലാകും. ജാതിയില്ലാതെ ഹിന്ദു മതത്തിന് നിലനില്പ്പില്ലായെന്ന് പറയുന്നത് വൈദേശിക-മത-വക്താക്കളുടെ പ്രചാരണമാണ്. ഹിന്ദു മതത്തില്‍ ജാതിയുണ്ടായിരുന്നു എന്ന് പറയുന്നത് പൂര്‍ണ്ണമായും ശരിയാണ്. എന്നാല്‍ ഇന്നത്തെ ഹിന്ദു സമൂഹത്തില്‍ ജാതിക്കൊരു പ്രസക്തിയുമില്ല. ജാതിഭേദമില്ലാതെ ഹിന്ദുക്കളെല്ലാം ഒത്ത് ചേര്‍ന്ന് ഹിന്ദു രാഷ്ട്രനിര്‍മ്മാണത്തിനായി പരിശ്രമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഹിന്ദു എവിടെയും എപ്പോഴും ആക്രമിക്കപ്പെടുകയാണ്. ഞങ്ങളുടെ തറവാട്ടിലെ അടിച്ചുതളിക്കാരി ഒരു നായര്‍ സ്ത്രീ ആയിരുന്നു. പുലയ/പറയന്മാരെ ഒന്നും വീട്ടില്‍ കയറ്റില്ലായിരുന്നു. അത്രയ്ക്ക് ആഢ്യരായിരുന്നു എന്റെ കാരണവന്മാര്‍. എന്നാല്‍ ഞാന്‍ അവരുമായിട്ട് കളിക്കുവാനും ഭക്ഷണം കഴിക്കുവാനുമൊന്നും അന്നുമിന്നും മടി കാട്ടിയിരുന്നില്ല. ഇന്നലെയെന്റെ അനിയനൊരു പുലയത്തിയെ കെട്ടിക്കൊണ്ടു വന്നു, വീട്ടുകാരവനെ പുറത്താക്കി. അതില്‍ നിന്നും മനസ്സിലാക്കാം ഞാന്‍ എന്ന വ്യക്തിയുടെ മഹാമനസ്കത. ഇന്നും ഞാനീ പറയ-പുലയ്ന്മാരുടെ കൂടെ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. “സര്‍വ്വ ജാതി ഹിന്ദുക്കളെ, സംഘടിക്കുവിന്‍” എന്നാണ് ഞാനുയര്‍ത്തുന്ന മുദ്രാവാക്യവും.

സുഹൃത്ത്: സ്വാമിജി ഞാന്‍ ചോദിച്ചതിനൊന്നുമല്ല ഉത്തരം നല്‍കിയത്. എന്നാലും പോട്ടെ, കുഴപ്പമില്ല. എന്റെ രണ്ടാമത്തെ ചോദ്യത്തിലേക്ക് കടക്കാം. വേദോപനിഷത്തുകളിലും, പുണ്യ പുരാണങ്ങളിലുമൊക്കെ ശൂദ്രര്‍ക്ക് പശുവിന്റെ പോലും വില കല്പ്പിച്ചിരുന്നില്ലല്ലോ? പണ്ടൊരു കഥ കേട്ടിട്ടുണ്ട്, ശ്രീ രാമന്‍ ശംഭൂകന്‍ എന്നൊരു ശൂദ്രന്‍ തപസ്സനുഷ്ഠിച്ചപ്പോള്‍ പോയി വെട്ടിക്കൊന്നു രാജ്യത്തെ രക്ഷിച്ച കഥ. ഇന്നും സ്ഥിതി വ്യത്യാസമൊന്നുമല്ലല്ലോ? പുരോഗമന പ്രസ്ഥാനങ്ങള്‍ വേരുപിടിക്കാത്ത നാടുകളില്‍ പൊതു ടാപ്പില്‍ നിന്ന് വെള്ളം കുടിക്കുന്ന ദളിതനെ ചുട്ടു തിന്നുകയല്ലേ ജാതി-ഹിന്ദുക്കള്‍?

സ്വാമി:നീതിമാനായ ശ്രീ രാമനെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം ഹേ! നീയാദ്യം പോയി രാമായണം വായിച്ചിട്ട് വലിയ വായില്‍ സംസാരിക്ക്. ശൂദ്രനായിരുന്ന ശംഭൂകന്‍ അഥര്‍വ്വ വേദത്തിലെ ചില മന്ത്രതന്ത്രങ്ങള്‍ നടത്തുകയായിരുന്നു. അഥര്‍വ്വ വേദത്തിലെ ചില ക്രിയകള്‍ മറ്റുള്ളവര്‍ക്ക് ദോഷം വരുത്തുന്നതാണെന്ന് നിനക്കറിയാമായിരിക്കുമല്ലോ സംസ്കാര രഹിതാ. ശ്രീ രാമന്‍ തന്റെ പ്രവൃത്തിയിലൂടെ ശംഭൂകനെ സ്വര്‍ഗ്ഗത്തിലെത്തിക്കുകയാണ് ചെയ്തത്. നിനക്കോര്‍മ്മയുണ്ടോയെന്നറിയില്ല. പണ്ടൊരിക്കല്‍ ത്രിശങ്കുവിനെ സ്വര്‍ഗ്ഗത്തിലോട്ട് കടത്തി വിടാന്‍ വിശ്വാമിത്രന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല. ഇപ്പോ ശ്രീ രാമന്‍ എന്ത് സിമ്പിളായിട്ടാണ് ശംഭൂകനെന്ന ശൂദ്രനെ സ്വര്‍ഗ്ഗത്തിലേക്ക് വിട്ടതെന്ന് നോക്കൂ. ദളിതര്‍ക്കും മുസ്ലിംങ്ങള്‍ക്കും കൃസ്ത്യാനികള്‍ക്കുമൊന്നും സ്വര്‍ഗ്ഗം വേണ്ടെന്നാണോ നീ പറയുന്നത്?

സുഹൃത്ത്: ക്ഷമിക്കണം സ്വാമിജീ. എനിക്കങ്ങയുടെ അത്രയും വിവരമൊന്നുമില്ല. പക്ഷെ, വേദോപനിഷത്തുകളില്‍ പലയിടത്തുമുണ്ടല്ലോ വിദ്യ അഭ്യസിക്കുന്ന ശൂദ്രനെ കൈകാര്യം ചെയ്യുന്ന രീതികള്‍. നീതിമാനായ ശ്രീ രാമനെ പറ്റി പറഞ്ഞപ്പോഴാണ് മറ്റൊരു കാര്യം ഓര്‍ത്തത്. ബാലി എന്ന വാനര രാജാവിനെ വധിച്ച് അവന്റെ രാജ്യത്തെയും ഭാര്യയേയും മകനേയും, അനിയനായ സുഗ്രീവന് കൈമാറിയ കഥ. നീതിമാനായ ശ്രീരാമന്‍ എന്തുകൊണ്ടങ്ങനെ ചെയ്തു?

സ്വാമി:കൂപമണ്ഡൂകമേ! റൈറ്റ് സഹോദരന്മാര്‍ വിമാനം കണ്ടുപിടിക്കുന്നതിനു മുമ്പേ ഈ മഹാരാജ്യത്ത് വിമാനങ്ങള്‍ പറന്നിരുന്നു. ലോകത്തിലെല്ലാവരും പുകഴ്ത്തിയ ഐതിഹ്യത്തെ നീ ഇങ്ങനെ സംശയിക്കരുത്, വിമര്‍ശിക്കരുത്. സുഗ്രീവനെ രാജ്യത്ത് നിന്നുമോടിച്ച് വിട്ട്, സുഗ്രീവന്റെ ഭാര്യയായിരുന്ന രുമയെ പ്രാപിച്ചത് മൂലമാണ് ബാലിയെ ശ്രീരാമചന്ദ്രന്‍ ഒളിഞ്ഞിരുന്നു വധിച്ചത്. അല്ലാതെ സുഗ്രീവനെ സോപ്പിട്ട് അവന്റെ വാനര സൈന്യത്തിന്റെ പിന്തുണ കിട്ടാനൊന്നുമായിരുന്നില്ല. വീട്ടുകാരൊക്കെ നിന്നെ വളര്‍ത്തിയതിന്റെ കുഴപ്പമാ നിന്നില്‍ കാണുന്നത്.

സുഹൃത്ത്: അല്ല സ്വാമീ. രാമന്റെ കൂടെ നിന്നാലപ്പോള്‍ ആരുടെ ഭാര്യയെ പ്രാപിക്കുന്നതിനും, ആരുടെ രാജ്യം കൈക്കലാക്കുന്നതിനും പ്രശ്നമില്ലെന്നാണോ? (അമേരിക്കയുടെ പൃഷ്ഠം താങ്ങിയാല്‍ എന്ത് തന്തയില്ലായ്മത്തരവും കാണിക്കാമെന്നത് പോലെ)

സ്വാമി:ബബ്ബ..ബബ്ബ..ബബ്ബ! അത്.. അത്…. സുഗ്രീവന്‍ താരയെ പ്രാപിച്ചു എന്നാര് പറഞ്ഞു. സംസ്കാരമില്ലാത്തവനേ. നിന്റെ അത്രയും തറ സംസ്കാരമില്ലാത്തത് കൊണ്ട് അതിനു ഞാന്‍ മറുപടി പറയുന്നില്ല. വളര്‍ത്തു ദോഷം എന്നല്ലാതെ എന്ത് പറയുവാനാ? ഹിന്ദു മതത്തിന്റെ ശാസ്ത്രീയതയെക്കുറിച്ച് നിനക്കെന്തറിയാം. ഋഗ്വേദത്തിലെ മന്ത്രങ്ങള് കമ്പ്ലീറ്റ് ശാസ്ത്രമല്ലേ. ഞാനതൊക്കെ വായിച്ചിട്ടുണ്ട്. അതില് പറയാത്ത കാര്യങ്ങളില്ല. ഇന്നത്തെ പടിഞ്ഞാറന്‍ ശാസ്ത്രജ്ഞര്‍, പണ്ട് നമ്മള് കണ്ടുപിടിച്ചതൊക്കെ വീണ്ടും കണ്ടുപിടിക്കുകയാണ് ചെയ്യുന്നത്. കലികാലം എന്നല്ലാതെ എന്ത് പറയാനാ?

സുഹൃത്ത്:വേദോപനിഷത്തുകളില്‍ ശാസ്ത്രസത്യങ്ങളുണ്ടെന്ന്പറയുന്നത് ശരിയെങ്കില്‍ നല്ലത് തന്നെ.പക്ഷെ സ്വാമീ എന്റെ സംശയം വര്‍ദ്ധിക്കുകയാണ്. വിമാനവും, അണുവിസ്ഫോടനവും, ഇലക്ട്രോണും, ന്യൂട്രോണുമൊക്കെ വേദോപനിഷത്തുകളിലുണ്ടെങ്കില്‍ നാമെന്തിനാണ് പാശ്ചാത്യര്‍ കണ്ടുപിടിക്കുംവരെ കാത്തിരിക്കുന്നത്? നേരത്തെ തന്നെ ഏതെങ്കിലും പീര്‍ റിവ്യൂഡ് ജേണലുകളില്‍ പബ്ലിഷ് ചെയ്താല്‍ മതിയായിരുന്നുവല്ലോ? ഇനിയുമേറെ കണ്ടുപിടിക്കാത്ത കുറെ കണ്ടുപിടുത്തങ്ങള്‍ കാണില്ലേ നമ്മുടെ വേദങ്ങളില്‍. നമ്മുക്കതങ്ങ് പബ്ലിഷ് ചെയ്താലോ?

സ്വാമി:പ്രിയ സുഹൃത്തേ. നിങ്ങള്‍ക്ക് തെറ്റി. നിങ്ങളിതിനെയെല്ലാം ഒരു ഭൗതിക തലത്തിലാണ് കാണുവാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഹൈന്ദവ ഗ്രന്ഥങ്ങളില്‍ എല്ലാം തന്നെ ആത്മീയമായൊരു തലത്തിലാണ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ശാസ്ത്രത്തിനെ ഭൗതികമായ കാര്യങ്ങളെ കൈകാര്യം ചെയ്യുവാനുള്ള ശേഷിയേയുള്ളൂ. ശാസ്ത്രത്തിന് ഉത്തരം കിട്ടാത്തെ കാര്യങ്ങളൊക്കെ മെറ്റാ-ഫിസിക്സില്‍ ഉള്‍പെടുത്തി ഒഴിവാക്കുകയാണ് പതിവ്. എന്നാല്‍ വേദത്തില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങളില്ല. ഭൗതികയേയും ആത്മീയതേയും പറ്റി നീ പഠിക്കുവാന്‍ ശ്രമിക്ക്. യഥാര്‍ത്ഥ ശാസ്ത്രമെന്തെന്ന് ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ? അല്ലേ? നീ നേരത്തെ ജേണലെന്നോ, പീര റിവ്യൂ എന്നോ മറ്റോ പറഞ്ഞല്ലോ. എന്തരാടേയത്? ഞാന്‍ ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കാത്തത് കൊണ്ട് പുതിയ ഐസ്ക്രീമുകളുടെ പേരൊന്നും അറിയത്തില്ലാന്നേ. നിനക്ക് ഞാനൊരു ഉപദേശം ഫ്രീ ആയിട്ട് തരാം. “ഒരു കാര്യത്തെക്കുറിച്ച് പഠിക്കാതെ, അതിനെ പറ്റി ആധികാരികമായി അഭിപ്രായം പറയരുത്.

സുഹൃത്ത്:പീര റിവ്യൂ അല്ല സ്വാമീ. പീര്‍ റിവ്യൂ. ഉത്തരം മുട്ടുമ്പോള്‍ ഞാന്‍ സാധാരണ കേള്‍ക്കാറുള്ള കാര്യമാണ് ഈ ആല്‍മീയതയും, പോസിറ്റീവ് എനര്‍ജിയുമൊക്കെ. ശ്രീ രാമനെക്കുറിച്ച് ഞാനൊരു ചോദ്യം കൂടി ചോദിച്ചോട്ടെ. പൂര്‍ണ്ണ ഗര്‍ഭിണിയായ സീതാദേവിയെ, കൊടുംകാട്ടില്‍ കൊണ്ടു പോയി ഉപേക്ഷിച്ചത് എന്ത് നീതിയുടെ അടിസ്ഥാനത്തിലാണ്?

സ്വാമി:ഹിന്ദു മതം എത്ര tolerant ആണെന്ന് നിനക്കറിയുമോ കുഞ്ഞേ? നീ ഇപ്പറഞ്ഞത് മുസ്ലീമിനെ പറ്റിയോ, കൃസ്ത്യാനിയെ പറ്റിയോ ആയിരുന്നെങ്കില്‍ ഇപ്പോ കാണാമായിരുന്നു. ചേകന്നൂര്‍ മൗലവിയെ പറ്റി കേട്ടിട്ടുണ്ടോ? ഞങ്ങളൊക്കെ എല്ലാം കേട്ടും സഹിച്ചും കഴിയുന്ന സാധാരണക്കാര്‍. സമാധാനത്തെ പറ്റിയല്ലാതെ ഹിന്ദു മതം സംസാരിക്കുന്നില്ല. അറിയുവോ കുട്ടിക്ക്. അതെങ്ങനെ താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പെന്ന് പറയുന്ന നിന്നെ പോലുള്ളവരാണ് ഈ മതത്തിന്റെ പ്രശ്നം. നീയേതാ ജാതി?

സുഹൃത്ത്: എന്റെ അച്ഛനും അമ്മയും ഹിന്ദു ഈഴവരാണ് സ്വാമീ. സിഖ് മതക്കാരായിരുന്നു എന്റെ അച്ഛനുമമ്മയുമെങ്കില്‍ ഞാന്‍ സിഖുകാരനാകുമായിരുന്നു.  എനിക്കീ ജാതിയിലും മതത്തിലുമൊന്നും ഇപ്പോള്‍ വിശ്വാസമില്ല. സ്വാമീ ഞാന്‍ ചോദ്യത്തിലേക്ക് തിരികെ വരാം. എം. എഫ്. ഹുസൈന്‍ എന്ന ചിത്രകാരനോടും, ചിത്രകാരന്‍ എന്ന ബ്ലോഗ്ഗറോടും ഹിന്ദു മതം കാണിച്ച സഹിഷ്ണുതയെ പറ്റി പറയാതിരിക്കുയാകും ഭേദം.

സ്വാമി:അപ്പോ നമ്മളെല്ലാം ഒരു ടീമാണല്ലേ. അനിയാ ഞാനൊന്ന് ചോദിക്കട്ടെ, നിന്റെ അമ്മയുടെയോ പെങ്ങളുടെയോ നഗ്ന ചിത്രം വരച്ചാല്‍ നീയതങ്ങ് കണ്ടാസ്വദിച്ച് നില്‍ക്കുമോ? ഇവിടെ ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയാല്‍ അവന്റെ ശവം വീഴ്ത്തും ഞങ്ങള്‍. ഏത് പട്ടിക്കഴുവേറി മകനാണെടാ ഹിന്ദുക്കളെ തൊടുവാന്‍ ധൈര്യം? എം. എഫ്. ഹുസൈന് ഞങ്ങള്‍ കൊടുത്ത ഒരു ആനുകൂല്യമാണ് അവന്റെ ജീവന്‍. ചിത്രകാരന്റെ ബ്ലോഗ്ഗ് വായിച്ചിട്ടുണ്ട്. ചിത്രകാരന്റെ നായര്‍ bashing പോസ്റ്റുകള്‍ കണ്ടെനിക്ക് രതിമൂര്‍ച്ഛ വരെ വന്നിട്ടുണ്ട്. പക്ഷെ അവന്‍ ഹിന്ദു ദൈവങ്ങളെ തെറി പറഞ്ഞെഴുതിയത് ചെറ്റത്തരമായിപ്പോയി. നമ്മുടെ മഹത്തായ ഗ്രന്ഥങ്ങളെ ആ ഒരു സംശയത്തിന്റെ കണ്ണുകളിലൂടെ നോക്കിക്കാണരുത്. ഒരു ഭാരതീയനില്‍ നിന്നുമൊരിക്കലുമത് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. നമ്മുടെ ഐതിഹ്യങ്ങളെക്കുറിച്ച് നാം എപ്പോഴും അഭിമാനത്തോട് കൂടിയേ സംസാരിക്കാവൂ.

സുഹൃത്ത്: അല്ല സ്വാമീ. രാമായണവും മഹാഭാരതവുമൊക്കെ മഹത്തായ കാവ്യങ്ങള്‍ എന്ന രീതിയില്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. എന്നാലതിനെയൊക്കെ ഇത്രയും വികാരത്തോടെ കണ്ട്, അതിലെ കഥാപാത്രങ്ങളെയൊക്കെ ആരാധിക്കേണ്ടുന്ന കാര്യമുണ്ടോ? അങ്ങനെയെങ്കില്‍ കുറച്ചു കൂടി ആധുനികവും വിശ്വാസയോഗ്യവുമായത് മായാവിയും ടിന്‍ടിനുമൊക്കെയല്ലേ? സ്വന്തം ഭാര്യയെ കാട്ടിലുപേക്ഷിച്ച ശ്രീരാമനെയൊക്കെ വെച്ച് നോക്കുമ്പോള്‍ കുട്ടൂസനൊക്കെ എന്ത് ഡീസന്റാണ്? ആ ഡാകിനിയെ ഒക്കെ എത്ര നാളായി കൂടെ കൂട്ടിയിരിക്കുന്നു? നാം ജീവിക്കുന്ന ആധുനിക ലോകത്തില്‍ വിമര്‍ശനങ്ങള്‍ക്ക് അതിന്റേതായ സ്ഥാനമുണ്ടെന്നാണ് സ്വാമീ ഞാന്‍ വിശ്വസിക്കുന്നത്. ഏത് ശാസ്ത്ര തത്ത്വവും evolve ചെയ്ത് വരുന്നത് വിമര്‍ശങ്ങളിലൂടെയും, ചോദ്യം ചെയ്യലുകളിലൂടെയും ആ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നതിലൂടെയുമാണ്. വിമര്‍ശനാതീതമായ ഒന്നിനെ ശാസ്ത്രമെന്ന് വിളിക്കുവാന്‍ കഴിയുമോ സ്വാമീ?

കാവ്യാത്മകമായി എഴുതുന്നതെന്തും മനുഷ്യന്‍ തോന്നുന്ന രീതിയില്‍ വ്യാഖ്യാനിക്കാമെന്നൊരു ഗുണമുണ്ട്. ആ ഒരു ഗുണം വെച്ചു തന്നെയാണ് വളരുന്ന ശാസ്ത്ര തത്ത്വങ്ങളെ സ്വന്തം കവിതകളും കഥകളും കൊണ്ട് വിവരിക്കുവാന്‍ കഴിയുന്നതും. രാമായണവും, മഹാഭാരതവും, ഗീതയും, വേദോപനിഷത്തുക്കളുമെല്ലാം ഒരു വിമര്‍ശനബുദ്ധിയോടെ വായിക്കേണ്ട ആവശ്യമില്ലേ? ആധുനികതയും ശാസ്ത്രീയതും അവകാശപ്പെടുമ്പൊള്‍ അത് നടത്തേണ്ട ആവശ്യമുയരുന്നില്ലേ?

സ്വാമി: നീ എന്റെയടുത്ത് ഇങ്ങനെ പറഞ്ഞത് കൊള്ളാം. ഇത് വേറെയാരുടെ അടുത്തെങ്കിലും പറഞ്ഞാല്‍ നിന്റെ ശവമെടുപ്പായിരിക്കും നടക്കുക. ഒള്ള കാര്യം പറഞ്ഞേക്കാം. ശാസ്ത്രമെന്ന് പറയുന്നത് “സത്യമാണ്”, ആ സത്യത്തെ പറ്റിയാണ് വേദങ്ങളില്‍ പറഞ്ഞിട്ടുള്ളത്. അന്തിമമായ സത്യമെന്ന് പറയുന്നത് ഒന്നേയുള്ളൂ. അത് ഗീതയിലാണുള്ളത്. അത് വിമര്‍ശനാതീതമാണ്. പിന്നെ സ്വന്തം മുഖത്ത് ചെളിവാരിത്തേച്ചുള്ള വിമര്‍ശനത്തിലൊന്നും താല്‍പര്യമില്ലെനിക്ക്. ഹിന്ദു മതം സത്യമാണ്, ഹിന്ദു മതം മാത്രമാണ് സത്യം. മാത്രോമല്ല ഞാന്‍ ചെയ്തതെല്ലാം ശരിയുമാണ്.

സുഹൃത്ത്: ജീവിച്ചിരുന്ന സമയത്ത് തന്നെ ഒരു ദൈവമായി ആരും ആരാധിക്കരുത് എന്ന് ആഗ്രഹിച്ച ഒരു മനുഷ്യനാണ് ശ്രീ നാരായണ ഗുരു. എന്നാലിന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ ഗുരുവിനെ ചില്ലുകൂട്ടിലടച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയല്ലേ ചെയ്യുന്നത്? നാരായണ ഗുരുവിന്റെ പിന്‍ഗാമികളുടെ ഈ പ്രവൃത്തിയും അദ്ദേഹത്തെ സിമന്റ് നാണു എന്ന് വിളിക്കുന്നവരുടെ പ്രവൃത്തികളും തമ്മിലെന്തെങ്കിലുമന്തരമുണ്ടോ? ഒരു സാമൂഹിക പര്‍ഷ്കര്‍ത്താവ് എന്ന നിലയില്ലാതെ അദ്ദേഹത്തെ, അദ്ദേഹത്തിന് പോലുമിഷ്ടമില്ലാത്ത രീതിയില്‍ കാണുന്നത് അക്ഷന്തവ്യമായ തെറ്റല്ലേ?

സ്വാമി:നാരായണ ഗുരു ദൈവമല്ലെന്ന് നിന്റെയടുത്ത് ആരാണ് പറഞ്ഞത്? അദ്ദേഹത്തിന്റെ കാലത്ത് നടന്ന ദിവ്യാദ്ഭുതങ്ങളെക്കുറിച്ച് നിനക്കെന്തറിയാം? അദ്ദേഹമൊരു ദിവ്യനായിരുന്നു. മഹാവിഷ്ണുവിന്റെ അവതാരമായിരുന്നു നാരായണ ഗുരു എന്നും പറയപ്പെടുന്നുണ്ടത്രേ. നാരായണ ഗുരു “ഈഴവ ശിവനെ” പ്രതിഷ്ഠിച്ചത് തന്നെ അദ്ദേഹത്തിന് ഹിന്ദുത്വത്തില്‍ ആകൃഷ്ടനായത് കൊണ്ടല്ലേ? അല്ലെങ്കിലദ്ദേഹമെന്തു കൊണ്ട് ഈഴവ ബുദ്ധനേയോ, ഈഴവ ഉണ്ണീശോനേയോ പ്രതിഷ്ഠിച്ചില്ല? പറ പറ…

സുഹൃത്ത്: അന്നത്തെ ഹിന്ദു ദുഷ്‌പ്രഭുത്വത്തിനെതിരെ പ്രതികരിക്കുവാന്‍ ഏറ്റവും നല്ല ആയുധം ഈഴവ ശിവനായിരുന്നുവോ എന്ന കാര്യത്തില്‍ എനിക്ക് സന്ദേഹമുണ്ട് സ്വാമീ. ഈഴവ ശിവനെ ഗുരു പ്രതിഷ്ഠിച്ചത് 1888-ലാണ്. അത് കഴിഞ്ഞിട്ടും 1896-ലെ ഈഴവ മെമ്മോറിയല്‍ കഴിഞ്ഞിട്ടും ഈഴവന്റെ സാമൂഹിക സ്ഥിതി മെച്ചപ്പെട്ടിരുന്നുവോ? ഈഴവ ശിവനെ ഈഴവരും, ഹിന്ദു ശിവനെ ഹിന്ദുക്കളും ആരാധിച്ചു കൊണ്ടിരുന്നു. എന്നാല്‍ ഹിന്ദു ഭരണാധികാരികള്‍ക്ക് വ്യക്തമായ സന്ദേശം കൊടുക്കുവാന്‍ “ഈഴവ ശിവ പ്രതിഷ്ഠയ്ക്ക്” എന്ത് മാത്രം കഴിഞ്ഞു? കഴിഞ്ഞിട്ടില്ല എന്നാണ് എന്റെ വിനീതമായ അഭിപ്രായം. 1901-ല്‍ വെറും ആറ് ലക്ഷമായിരുന്ന കൃസ്ത്യാനികള്‍ 1932-ല്‍ 17 ലക്ഷമാക്കിയതാണ് തിരുവിതാംകൂര്‍ മഹാരാജാവിനെ ക്ഷേത്രപ്രവേശന വിളമ്പരത്തിന് ശരിക്കും പ്രേരിപ്പിച്ചത്. ഇന്നത്തെ അവസ്ഥയില്‍ ഈഴവര്‍, മതം മാറണമെന്നൊന്നും ഞാന്‍ പറയില്ല. അല്പം വിവേകത്തോടെ മതത്തെയും ഐതിഹ്യങ്ങളെയുമൊക്കെ സമീപിച്ചാല്‍ തീരുന്നതേയുള്ളൂ ഈഴവന്റെയും മറ്റ് പിന്നോക്ക വിഭാഗക്കാരുടെയും സാമൂഹിക പ്രശ്നങ്ങള്‍. ഒരിക്കലപമാനിച്ചു വിട്ട സ്ഥലത്ത് വീണ്ടുമെന്തിന് പോകുന്നു എന്ന് നാരായണ പണിക്കര്‍ (അതോ സുകുമാരന്‍ നായരായിരുന്നോ അത് പറഞ്ഞത്) വയലാര്‍ രവിയൊട് പറഞ്ഞതിനെ ഞാന്‍ പിന്താങ്ങുന്നു.

ഹിന്ദു മതം വന്നിട്ട് അയ്യായിരത്തിലേറെ വര്‍ഷമായെന്ന് പറയപ്പെടുന്നു. ഇത്രയ്ക്ക് ശാസ്ത്രീയവും ഉല്‍കൃഷ്ടവുമായ മതം നമ്മുക്കുണ്ടായിട്ടും നാമിന്നും സാമ്പത്തിക-സാമൂഹിക ഉച്ചനീചത്വങ്ങളുടെ നടുവിലാണ്. ഹൃദ്രോഗവും പട്ടിണി മരണങ്ങളുടേയും കാര്യത്തില്‍ പോലും വ്യത്യസ്തമായൊരു ഏകത്വം കാണിക്കുകയാണ് നമ്മുടെ നാട്. ഇതൊക്കെ നമ്മുടെ പൊതു വിശ്വാസമായ മതത്തിന്റെ പ്രശ്നമോ, അതോ സര്‍വ്വ ശക്തനായ ദൈവത്തിന്റെ കഴിവുകേടോ?

സ്വാമി:എല്ലാവരും ഭയഭക്തി ബഹുമാനിക്കുന്ന നാരായണ ഗുരുവിനെ എതിര്‍ത്ത് പറയുന്നത് ശരിയാണോ?

സുഹൃത്ത്:“ഒരു ജാതി, ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന ഗുരു വചനം (എത്ര ചോന്മാര്‍ അതനുസരിക്കുന്നുണ്ട്?) “ജാതി വേണ്ട, മതം വേണ്ട ദൈവം വേണ്ട മനുഷ്യന്” എന്ന് തിരുത്തിയ സഹോദരന്‍ അയ്യപ്പനെ ശരി വയ്ക്കുകയാണ് ഗുരു ചെയ്തത്, ദേഷ്യപ്പെടുകയായിരുന്നില്ല. ആ ഗുരു ഇന്ന് ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍ ഞാന്‍ പറഞ്ഞത് അദ്ദേഹത്തിനൊരിക്കലും അപമാനമായിരുന്നില്ല എന്ന് അദ്ദേഹം പറയുമായിരുന്നു. മാത്രവുമല്ല വേദോപനിഷത്തുകളില്‍ ശാസ്ത്ര തത്ത്വങ്ങള്‍ തേടുന്ന പമ്പരവിഡ്ഢികളുടെയും, നിന്നെ പോലുള്ള വിവേകരഹിതരായ അമ്പലംനിരങ്ങികളുടെയുമൊക്കെ മുഖത്ത് അദ്ദേഹം കാര്‍ക്കിച്ച് തുപ്പുമായിരുന്നു.

ചില കുറിപ്പുകള്‍: (1) ഇങ്ങനെ ഒരു സ്വാമിയോ വ്യക്തിയോ ജീവിച്ചിരുപ്പുണ്ടെന്നോ ജീവിച്ചിരുന്നെന്നോ എനിക്കറിയില്ല.

(2) ചിത്രകാരന്റെ കുറിപ്പുകള്‍ ജാത്യാഭിമാനം വെടിഞ്ഞിട്ടില്ലാത്ത ജാതിക്കോമരങ്ങളുടെ ദുരഭിമാനത്തിന് മേലൊരു വെള്ളിടി ആയിരുന്നു എന്ന് സമ്മതിക്കാതെ വയ്യ. ആഢ്യനായ ബാലകൃഷ്ണപ്പിള്ളയുടെ നാക്കും വാക്കുകളും ചര്‍ച്ചാ വിഷയമാകാത്തത് കൊണ്ട് തന്നെ, ചിത്രകാരന്റെ ഭാഷ ഒരു പരിധി വരെ ന്യായീകരിക്കപ്പെടുന്നു. എന്നാല്‍ ചിത്രകാരന്റെ ജാതി-വിരുദ്ധ കുറിപ്പുകള്‍ ഒരു തുണ്ടു പടം കാണുന്ന ആര്‍ത്തിയോടെ കാണുകയും അവസാനം രതിമൂര്‍ച്ഛയിലെത്തുകയും ചെയ്യുന്ന, ജാതി വിഷം തുപ്പുന്ന സവര്‍ണ്ണരേക്കാള്‍ വിഷമുള്ള, തറവാടികളായ, സംസ്കാര സമ്പന്നരായ, വന്ന വഴി മറന്ന, “ഹിന്ദു-ഈഴവരും” ഈ സമൂഹത്തിലുണ്ടെന്നും, ആ ന്യൂനവിഭാഗം പോകുന്ന ദിശ ഈഴവരുള്‍പടെയുള്ളവര്‍ക്ക് അപകടം ചെയ്യുന്നതാണെന്നും (ജനിച്ച ജാതി കൊണ്ട് ഈഴവനായ) എനിക്ക് അഭിപ്രായമുണ്ട്.

(3) മതം മനുഷ്യനെ മയക്കുന്ന കറപ്പാണ്. മനുഷ്യന്റെ വികാര-പ്രശ്നങ്ങള്‍ക്ക്, അതിനൊരു പരിഹാരം നല്‍കുവാന്‍ സാധിക്കുമെങ്കിലും, നിര്‍ഭാഗ്യവശാല്‍ അത് താല്‍ക്കാലികം മാത്രമാകുന്നു. കറപ്പിന്റെ ലഹരി വിട്ടെഴുന്നേല്‍ക്കുന്ന മനുഷ്യന്റെ മുന്നില്‍ പ്രശ്നങ്ങള്‍ പഴയ പോലെ അല്ലെങ്കില്‍ അതിനേക്കാളും ഗുരുതരമായി തുടരുന്നു. മനുഷ്യന്റെ പ്രശ്നങ്ങള്‍ക്ക് മതമൊരിക്കലും ശാശ്വത പരിഹാരമല്ല.

(4) ഹൈന്ദവ വര്‍ഗ്ഗീയത ഇനി മുഖം കാണിക്കുവാന്‍ പോകുന്നത് സവര്‍ണ്ണരിലൂടെ ആയിരിക്കില്ല. ഈഴവരുടെയും മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും “രക്ഷകനായിട്ടാണ്” ഹൈന്ദവ ഭീകരത അവതാരമെടുത്തിരിക്കുന്നത്.

(5) ഈ ലേഖനത്തിലുള്ള അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ഇത് എഴുതിയ എനിക്ക് മാത്രമായിരിക്കും.

[ഭാഗം 1 ഇവിടെ അവസാനിക്കുന്നു.]

Possibly Related Posts:


നമ്മുടെ ചിഹ്നം അരിവാള്‍ ചുറ്റിക നക്ഷത്രം

ഇലക്ഷന്‍ അടുത്ത് വരികയല്ലേ. ഇരിക്കട്ടെ ഒരു അരിവാള്‍ ചുറ്റിക നക്ഷത്രം. യൂണിക്കോഡ് കാരക്ടര്‍ ☭ (U+262D, ☭) ഉപയോഗിച്ച് ചെയ്തത്. യൂണിക്കോഡ് കാരക്ടറിനെ പറ്റി അറിവില്ലാതിരുന്ന സമയത്ത് കൈ കൊണ്ടായിരുന്നു അരിവാള്‍-ചുറ്റിക വരച്ചിരുന്നത്. അന്ന് വരച്ച അരിവാളിന് ഒരു പ്രത്യേക ഭംഗി തന്നെ ഉണ്ടായിരുന്നു.
നമ്മുടെ ചിഹ്നം അരിവാള്‍ ചുറ്റിക നക്ഷത്രം

ഇവിടെ നിന്നുമിതിന്റെ XCF ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ പറ്റും. ഗ്നു/ലിനക്സ് ഓടുന്ന സിസ്റ്റത്തില്‍ ദ ഗിമ്പ് ഉപയോഗിച്ചാണിത് നിര്‍മ്മിച്ചത്.

Possibly Related Posts:


ചില സ്ഥിതിവിവരക്കണക്കുകള്‍…

February 28th, 2009 ഞാന്‍||njaan 5 comments
  1. വിവരം-വിദ്യാഭ്യാസം

    വിവരം - വിദ്യാഭ്യാസം പ്ലോട്ട്

    വിവരം - വിദ്യാഭ്യാസം പ്ലോട്ട്

    മനുഷ്യരുടെ വിദ്യാഭ്യാസത്തിന്റെ നിലവാരവും അവരുടെ ചിന്താഗതികളുടെ നിലവാരവും തമ്മിലൊരു താരതമ്യ പഠനം നടത്തിയതിന്റെ പ്ലോട്ടാണ് മുകളില്‍. വളരെയധികം ചിതറിക്കിടക്കുന്ന കുറെ ബിന്ദുക്കള്‍ കിട്ടിയതിനെയൊക്കെ ബന്ധപ്പെടുത്തി കഷ്ടപ്പെട്ട് ഒരു trend line വരച്ചു. അവസാനം മനസ്സിലായി വിദ്യാഭ്യാസവും വിവരവും തമ്മില്‍ വലിയ ബന്ധമൊന്നുമില്ലായെന്ന്. എത്ര വിദ്യ അഭ്യസിച്ചാലും പൊട്ടക്കിണറ്റില്‍ നിന്ന് നമ്മള്‍ മലയാളിത്തവളകള്‍ക്ക് മോചനമില്ല.

  2. വിമര്‍ശനബുദ്ധി – മതബോധം

    മതബോധം - വിമര്‍ശന ബുദ്ധി

    മതബോധം - വിമര്‍ശന ബുദ്ധി

    അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല ഈ ഗ്രാഫ് വരയ്ക്കുവാനായിട്ട്. മതബോധം പൂജ്യമാകുമ്പോള്‍ വിമര്‍ശന ബുദ്ധിയുടെ സ്ഥാനം പൂജ്യത്തിന് മുകളിലാണ്. എന്നാല്‍ ഒരിറ്റ് മതബോധം വന്നപ്പോ അത് പൂജ്യമായി.

Possibly Related Posts:


എന്താണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍?

February 25th, 2009 ഞാന്‍||njaan 24 comments

[സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ (free software) എന്തെന്ന് മനസ്സിലാക്കുവാന്‍ ബുദ്ധിമുട്ടിയിട്ടുള്ളവര്‍ക്കും, ബുദ്ധിമുട്ടുന്നവര്‍ക്കും, സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ എന്ന് കേട്ടിട്ടില്ലാത്തവര്‍ക്കും മാത്രമാണ് ഈ ലേഖനം.]

ഉപഭോക്താവിന് ചില പ്രത്യേക സ്വാതന്ത്ര്യങ്ങള്‍ അനുവദിച്ചു കൊടുക്കുന്ന സോഫ്റ്റ്‌വെയറുകളെയാണ് സ്വതന്ത്ര സോഫ്‌റ്റ്‌വെയറുകള്‍ എന്ന് പറയുന്നത്. ആ സ്വാതന്ത്ര്യങ്ങള്‍ താഴെ പറയുന്നവയാണ്,

  • ആവശ്യാനുസരണം പ്രോഗ്രാം പ്രവര്‍ത്തിപ്പിയ്ക്കുന്നതിനുള്ള സ്വാതന്ത്ര്യം (സ്വാതന്ത്ര്യം 0)
  • പ്രോഗ്രാം എങ്ങനെ പ്രവര്‍ത്തിയ്ക്കുന്നു എന്നറിയുന്നതിനും സ്വന്തം ആവശ്യങ്ങള്‍ക്കനുസൃതമായി അതിനെ മാറ്റിയെടുക്കുന്നതിനുമുള്ള സ്വാതന്ത്ര്യം (സ്വാതന്ത്ര്യം 1). ഇതിനായി പ്രോഗ്രാമിന്റെ ഉറവിടം കിട്ടേണ്ട ആവശ്യമുണ്ട്.
  • നിങ്ങളുടെ സുഹൃത്തുക്കളെ സഹായിയ്ക്കുന്നതിനായി സോഫ്റ്റ്‌വെയര്‍ വിതരണം ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം (സ്വാതന്ത്ര്യം 2) .
  • പ്രോഗ്രാമിനെ മികവുറ്റതാക്കുന്നതിനും നിങ്ങളുടെ സംഭാവനകള്‍ പൊതുസമൂഹത്തിന്റെ നന്മയ്ക്കായി പ്രസിദ്ധപ്പെടുത്തുന്നതിനുമുള്ള സ്വാതന്ത്ര്യം (സ്വാതന്ത്ര്യം 3). ഇതിനായി പ്രോഗ്രാമിന്റെ ഉറവിടം കിട്ടേണ്ട ആവശ്യമുണ്ട്.

ഈ നിര്‍വ്വചനങ്ങള്‍ കുറച്ചു കൂടി വ്യക്തമായി മനസ്സിലാക്കുവാന്‍ സോഫ്‌റ്റ്‌വെയറിനെ ഒരു ബൈക്കുമായി താരത്മ്യപ്പെടുത്തി പഠിക്കാം.

പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയര്‍ (proprietary software)

നിങ്ങള്‍ കടയില്‍ പോയി ബൈക്ക് വാങ്ങിക്കുന്നു. ബൈക്കില്‍ നിങ്ങള്‍ക്കാവശ്യമില്ലാത്ത കുറെ ലൈറ്റുകളും, “സീറ്റ് ബെല്‍റ്റും” ഒക്കെയുണ്ട്. ബൈക്കിന്റെ മൊത്തവിലയില്‍ അതിന്റെ വില കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സീറ്റ് ബെല്‍റ്റില്ലാത്ത ബൈക്ക് വാങ്ങിക്കാനാണെങ്കില്‍ സാദ്ധ്യവുമല്ല. എന്നാല്‍ സീറ്റ് ബെല്‍റ്റിന്റെ കാശ് ഉള്‍പടെ കൊടുത്ത് വാങ്ങിക്കുന്ന ബൈക്കില്‍ നിന്നും പിന്നെ സീറ്റ് ബെല്‍റ്റ് നീക്കം ചെയ്യുവാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. വാങ്ങിക്കുമ്പോള്‍ തന്നെ നിങ്ങള്‍ EULA ഒപ്പിടുന്നു. ആ EULA പ്രകാരം,

  1. നിങ്ങള്‍ കാശ് കൊടുത്ത് വാങ്ങിച്ച ബൈക്ക് നിങ്ങളുടെ സ്വന്തമാകുന്നില്ല, ഇപ്പോഴും എപ്പോഴും കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബൈക്ക് ഉപയോഗിക്കുവാനുള്ള അവകാശം മാത്രമാണ് നിങ്ങള്‍ പണം മുടക്കി വാങ്ങിച്ചിട്ടുള്ളത്.
  2. നിങ്ങളുടെ ബൈക്ക് നിങ്ങളുടെ സുഹൃത്തിനോ ബന്ധുവിനോ അയല്‍ക്കാരനോ കൊടുത്ത് സഹായിക്കുവാന്‍ കഴിയില്ല.
  3. നിങ്ങളുടെ ബൈക്കിന്റെ കാര്‍ബുറേറ്റര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് അഴിച്ചു നോക്കി പഠിക്കുവാന്‍ കഴിയില്ല, അത് പഠിക്കുവാനുള്ള മാനുവല്‍ ബൈക്കിന്റെ കൂടെ തന്നിട്ടുണ്ടാകില്ല. മറ്റേതെങ്കിലും തരത്തിലത് പഠിക്കുവാന്‍ ശ്രമിക്കുന്നത് EULA-യുടെ ലംഘനമാകും.
  4. കമ്പനി തന്ന ബൈക്കിന്റെ കാര്‍ബുറേറ്ററില്‍ നിന്നും പെട്രോള്‍ ലീക്കായി പോകുന്നത് നിങ്ങള്‍ കണ്ടു പിടിച്ചു. അത് എങ്ങനെ ശരിയാക്കണമെന്ന് നിങ്ങള്‍ക്കറിയാമെങ്കിലും EULA-യിലെ കര്‍ശന നിയമങ്ങള്‍ കാരണം, കമ്പനി കാര്‍ബുറേറ്റര്‍ മാറ്റിത്തരുന്നത് വരെ അല്ലെങ്കില്‍ ശരിയാക്കി തരുന്നത് വരെ നിങ്ങള്‍ക്ക് കാത്തിരിക്കേണ്ടി വരുന്നു.
  5. വീട്ടാവശ്യത്തിന് വാങ്ങിച്ച ബൈക്ക്, നിങ്ങളുടെ ഓഫീസ്/വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുവാനുള്ള സ്വാതന്ത്ര്യം ലഭിച്ചില്ലായെന്ന് വരാം (തിരിച്ചും).
  6. ബൈക്കില്‍ ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കര്‍ ഇളക്കി മാറ്റി നിങ്ങള്‍ക്കിഷ്ടപ്പെട്ട പേര് വയ്ക്കുവാന്‍ പോലുമുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്ക് ലഭിക്കുന്നില്ല.

സൗജന്യ സോഫ്റ്റ്‌വെയര്‍ (freeware)

ഇവിടെ ബൈക്ക് നിങ്ങള്‍ പണം കൊടുത്തു വാങ്ങുന്നില്ല എന്നൊരു വ്യത്യാസം മാത്രമേയുള്ളൂ. ബാക്കി കാര്യങ്ങളെല്ലാം മുകളില്‍ പറഞ്ഞ പോലെ തന്നെ.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ (free software)

ബൈക്ക് വാങ്ങിക്കുവാന്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് പണം മുടക്കേണ്ടതായി വരുന്നു. എന്നാല്‍ ബൈക്ക് നിങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ സ്വന്തമാക്കുകയാണിവിടെ.

  1. ബൈക്കിന്റെ കൂടെ അല്ലെങ്കില്‍ മറ്റെവിടെ നിന്നെങ്കിലും ബൈക്കിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള മാനുവല്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. അത് പഠിച്ച് ബൈക്ക് നിങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ മെച്ചപ്പെടുത്തുവാന്‍ സാധിക്കുന്നു.
  2. നിങ്ങള്‍ക്കിഷ്ടമുള്ള കാര്യത്തിനായി ബൈക്കുപയോഗിക്കുവാന്‍ സാധിക്കുന്നു. വീട്ടാവശ്യത്തിനും, ഓഫീസില്‍ പോകുവാനും എന്തിനും.
  3. നിങ്ങള്‍ക്കിഷ്ടമുള്ളയാള്‍ക്ക് ഇഷ്ടമുള്ള കാര്യത്തിനുപയോഗിക്കുവാന്‍ ബൈക്ക് കൊടുത്ത് സഹായിക്കുവാന്‍ സാധിക്കുന്നു.
  4. ബൈക്കിലുണ്ടാകുവാന്‍ സാദ്ധ്യതയുള്ള കുറ്റങ്ങളും കുറവുകളും നികത്തുവാനും, അങ്ങനെ മെച്ചപ്പെടുത്തിയ ബൈക്ക് നിങ്ങളുടെ സ്വന്തം പേരില്‍ വില്‍ക്കുവാനുമുള്ള സ്വാതന്ത്ര്യം ലഭിക്കുന്നു.
  5. അങ്ങനെ ആരെങ്കിലും എന്തെങ്കിലും മെച്ചപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അത് എല്ലാവര്‍ക്കും ലഭ്യമാക്കുവാന്‍ സാധിക്കുന്ന രീതിയില്‍ ഒരു ഉപഭോക്തൃ സമൂഹം സഹകരണമനോഭാവത്തോടെ വളര്‍ന്ന് വരുന്നു.
  6. ഉപഭോക്താവും നിര്‍മ്മാതാവും തമ്മിലുള്ള വ്യത്യാസങ്ങള്‍ കുറഞ്ഞു വരുന്നു.

സോഫ്‌റ്റ്‌വെയര്‍ സാങ്കേതിക വിദ്യയും പരമ്പരാഗത സാങ്കേതിക വിദ്യയുടെ ഒരുല്പന്നമായ ഒരു യന്ത്രവും തമ്മിലുള്ള താരതമ്യ പഠനമാണ് ഇവിടെ നടത്തിയത്. എന്നാല്‍ പരമ്പരാഗത സാങ്കേതിക വിദ്യകള്‍ക്കില്ലാത്ത ഒരു മെച്ചം (but not limited to) സോഫ്റ്റ്‌വെയറുകളുടെ flexibility ആണ്. ഉദാഹരണത്തിന്, പ്ലാസ്റ്റിക്‍ കുപ്പികളുണ്ടാക്കുന്ന മൗള്‍ഡുകളുടെ കാര്യമെടുക്കാം. ഒരു മൗള്‍ഡ് കൊണ്ട് ഒരു പ്രത്യേക വലിപ്പത്തിലും ആകൃതിയിലുമുള്ള കുപ്പിയേ ഉണ്ടാക്കുവാന്‍ കഴിയൂ. മറ്റൊരു ആകൃതിയിലോ വലിപ്പത്തിലോ ഉള്ള കുപ്പിയുണ്ടാക്കുവാന്‍ എനിക്ക് അദ്ധ്വാനിക്കേണ്ടിയിരിക്കുന്നു.

എന്നാല്‍ സോഫ്റ്റ്‌വെയര്‍ സാങ്കേതിക വിദ്യയെ സംബന്ധിച്ചിടത്തോളം മാറ്റത്തിന് വേണ്ടിയുള്ള ഈ അദ്ധ്വാനം വളരെ കുറവാണ്. ഉദാഹരണത്തിന്, imperial യൂണിറ്റുകളില്‍ കണക്ക് ചെയ്യുന്ന ഒരു സോഫ്റ്റ്‌വെയര്‍ ഉണ്ടെന്നിരിക്കട്ടെ. ഇന്ത്യയില്‍ ജോലി ചെയ്യുന്ന/പഠിക്കുന്ന എന്നെ സംബന്ധിച്ചിടത്തോളം imperial യൂണിറ്റുകള്‍ മാത്രമറിയാവുന്ന ഒരു സോഫ്റ്റ്‌വെയര്‍ ഇരട്ടിപ്പണി ആയിരിക്കുമെനിക്ക് തരുന്നത്. സോഫ്‌റ്റ്‌വെയറിന്റെ സോഴ്സ്‌കോഡ് (ഉറവിടം) അറിയാമെങ്കില്‍ എനിക്ക് അത് എന്റെ ആവശ്യപ്രകാരം മാറ്റിയെടുക്കുക എന്നത് വെറും ക്ലിക്കുകളുടെയോ find & replace-ന്റെയോ അദ്ധ്വാനമേ ആവശ്യപ്പെടുന്നുള്ളൂ.

അതായത്, പരമ്പരാഗത സാങ്കേതിക വിദ്യകളെ അപേക്ഷിച്ച് flexibility കൂടിയ സാങ്കേതിക വിദ്യയായ സോഫ്റ്റ്‌വെയറിന്റെ ശക്തി പരിപൂര്‍ണ്ണമായി ചൂഷണം ചെയ്യണമെങ്കില്‍ അത് പൂര്‍ണ്ണമായും സ്വതന്ത്രമായിരിക്കണം. Non-free സോഫ്‌റ്റ്‌വെയറുകളുടെ ഉപയോഗം, നിര്‍മ്മാണം വിതരണം എന്നിവ സോഫ്റ്റ്‌വെയര്‍ സാങ്കേതികവിദ്യയുടെ ശക്തിയെ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുന്നതില്‍ നിന്നും മനുഷ്യരാശിയെ തടയുകയാണ് ചെയ്യുന്നത്.

Possibly Related Posts:


എന്തു കൊണ്ട് അദ്വാനി പരസ്യങ്ങളില്‍ നാം ക്ലിക്ക് ചെയ്യണം?

February 21st, 2009 ഞാന്‍||njaan 8 comments

അങ്ങനെയെങ്കിലും അദ്ദേഹത്തെ കൊണ്ട് ഇന്ത്യാക്കാരന് എന്തെങ്കിലുമൊക്കെ ഗുണമുണ്ടാകട്ടെ.

ഗുണങ്ങളെന്തൊക്കെ?

രാഷ്ട്രീയ ഉള്ളടക്കമുള്ള ഒരു സൈറ്റില്‍ (അതൊരു ഇന്ത്യാക്കാരന്‍ നിര്‍മ്മിച്ചതെന്ന് assume ചെയ്യാം) ആയിരിക്കും അദ്വാദിനിയുടെ പരസ്യങ്ങള്‍ വരുവാനുള്ള സാദ്ധ്യത കൂടുതല്‍. ഇന്ത്യയില്‍ നിന്ന് ആ സൈറ്റ് കാണുന്നവരെ ആയിരിക്കും ഈ പരസ്യം ലക്ഷ്യം വയ്ക്കുന്നത്. അത് കൊണ്ടു തന്നെ ഇന്ത്യയില്‍ നിന്നുള്ള ക്ലിക്കുകള്‍ക്കായിരിക്കും വില കൂടുതല്‍. അങ്ങനെ ജാതി-മത ഭേദമന്യെ അദ്വാനിപ്പരസ്യങ്ങള്‍ കൊണ്ട് സൈറ്റുടമയ്ക്ക് ഗുണമുണ്ടാകുന്നു. അദ്വാനിക്ക് അധികം അദ്ധ്വാനിക്കാതെയും ഇന്ത്യാക്കാരായ വെബ്ബ് സൈറ്റുടമയെ സഹായിക്കാം. യേത്?

Possibly Related Posts:


വെളിപാടുകള്‍… (movie review)

February 16th, 2009 ഞാന്‍||njaan 6 comments

ഏകദേശം ഒരു മാസത്തോളമാകുന്നു വെളിപാടുകള്‍ – biography of a sacred cow, എന്ന ചിത്രം കണ്ടിട്ട്. ഹരീയുടെ ചിത്രവിശേഷത്തില്‍ നിന്നുമാണ്, അല്പം താമസിച്ചെങ്കിലും ഈ സിനിമയെപ്പറ്റി അറിയുവാനിടയായത്. പുതുമുഖമായ ഷാഹുല്‍ അമീനാണ് ഇതിന്റെ കഥ-തിരക്കഥ-സംവിധാനം-നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. സിനിമയുടെ ഔദ്യോഗിക സൈറ്റില്‍ നിന്നും ഈ സിനിമയുടെ ഡി.വി.ഡി ഓര്‍ഡര്‍ ചെയ്യുവാനുള്ള സൗകര്യമുണ്ട്.

എനിക്കിഷ്ടപ്പെടാഞ്ഞത്

ആദ്യം തന്നെ ഇഷ്ടപ്പെടാഞ്ഞ കാര്യം പറയാം, പിന്നെ ഇഷ്ടപ്പെട്ടതും. ഒരു സിനിമ എന്ന് പറയുമ്പോള്‍ ഞാനാഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. ഒന്ന് വൈരുദ്ധ്യങ്ങളില്ലാത്ത കഥ, സാങ്കേതികത്തികവു്. ഈ രണ്ടു വിഭാഗത്തിലും, പ്രത്യേകിച്ച് സാങ്കേതികത്തികവില്‍ ഈ സിനിമ വളരെ പിന്നോക്കമാണ്. ഭാവിയിലെ ഒരു കാല്പനിക സമൂഹത്തിന്റെ ജീവിതത്തെപ്പറ്റിയാണ് കഥ. എന്നാല്‍, വസ്ത്രധാരണത്തിലോ, വാഹനങ്ങളിലോ, ഉപയോഗിക്കുന്ന gadgets-ലോ ഒരു തരത്തിലുള്ള ആധുനികതയും ദര്‍ശിക്കുവാനാകുന്നില്ല. എന്റെ അഭിപ്രായത്തില്‍, കാല്പനിക സമൂഹത്തിന്റെ കഥ പറയുവാന്‍ ഭാവിയെ ഉപയോഗിക്കേണ്ട ആവശ്യമിവിടെ ഉണ്ടായിരുന്നില്ലായെന്നാണ്. ഈ കാലഘട്ടത്തില്‍ ഒരു അജ്ഞാതമായ രാജ്യത്ത് നടക്കുന്ന കഥ എന്ന് പറഞ്ഞാലും കഥ ശക്തമായി തന്നെ നിലനില്‍ക്കും.

ഈ സമൂഹത്തിലെ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷിധമാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസം തീരെയില്ല. ചിത്രത്തിന്റെ ആദ്യത്തെ സീനുകളിലൊന്നില്‍ ഇത് വളരെ വ്യക്തമായി പറയുന്നുണ്ടു്. എന്നാല്‍ ഏകദേശമവസാനത്തോടടുക്കുമ്പോള്‍, ഇതേ സ്ത്രീകള്‍ ഒരു ഇംഗ്ലീഷ് പുസ്തകത്തിന്റെ പാരായണം ടേപ്പ് റെക്കോര്‍ഡറില്‍ നിന്നും ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുന്നൊരു സീനുണ്ട്.

അഭിനയത്തിന്റെ കാര്യത്തില്‍ പ്രധാന നടനും, മറ്റ് ഒന്നോ രണ്ടോ പേരുമൊഴികെ ബാക്കിയുള്ളവരാരും തന്നെ ശരാശരി നിലവാരം പോലും പുലര്‍ത്തിയിട്ടില്ല.

എനിക്കിഷ്ടപ്പെട്ടവ

എന്തൊക്കെ പറഞ്ഞാലും ചിത്രത്തിന്റെ പ്രമേയം നാം ഇതുവരെ കണ്ടുവന്ന സിനിമകളില്‍ നിന്നുമേറെ വ്യത്യാസപ്പെട്ടിരിക്കുന്നു. വിശ്വാസങ്ങളെ യാതൊരു യുക്തിയുമില്ലാതെ കണ്ണുമടച്ച് പിന്തുടരുന്ന ഒരു ജനതയെ – അക്കൂട്ടര്‍ ഈ കാലഘട്ടത്തില്‍ തന്നെ നമ്മുക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്, എല്ലാ മതത്തിലും – ആണ് ഈ ചിത്രത്തിലൂടെ സംവിധായകന്‍ വരച്ചുകാട്ടുന്നത്. അന്ധമായ ആരാധന അല്ലെങ്കില്‍ വിശ്വാസങ്ങള്‍ മനുഷ്യന്റെ വിമര്‍ശനബുദ്ധിയെയാണ് ബാധിക്കുന്നത്. വിമര്‍ശന ബുദ്ധിയില്ലിത്താവര്‍ക്ക് സ്വന്ത വിശ്വാസങ്ങളില്‍ താല്പര്യമില്ലാത്തവരോട് പുച്ഛവും, അതിനെ ചോദ്യം ചെയ്യുന്നവരോട് കൊല്ലുവാനുള്ള അരിശവുമുണ്ടായിരിക്കും.

സ്വന്ത വിശ്വാസങ്ങളെ ശരിയെന്ന് തെളിയിക്കുവാന്‍ മാത്രം ശാസ്ത്രത്തെ ഉപയോഗിക്കുകയും, അല്ലാത്ത സമയത്ത് അതിനെ തള്ളിപ്പറയുകയും ചെയ്യുന്നവര്‍ ശാസ്ത്രമെന്തെന്നോ ശാസ്ത്രീയ രീതികളെന്തെന്നോ മനസ്സിലാക്കുവാന്‍ ശ്രമിക്കാറില്ല. ആത്മവിമര്‍ശനവും, കൂടുതല്‍ ശരിയായ ശരിയെ കണ്ടെത്തുന്നതുമൊക്കെയാണ് ശാസ്ത്ര ഗവേഷണത്തിന്റെ അടിസ്ഥാനം. എന്നെന്നും നിലനില്‍ക്കുന്നത് എന്നൊന്നുണ്ടെങ്കിലതിനെ ശാസ്ത്രമെന്ന് വിളിക്കുവാനാകില്ല.

ആത്മവിമര്‍ശനം മുഖത്ത് ചെളിവാരിയെറിയലാണെന്ന് വിശ്വസിക്കുകയും, വിമര്‍ശനങ്ങളെ ഭ്രാന്തന്‍ പട്ടിയെപ്പോലെ കടന്നാക്രമിക്കുകയും, വര്‍ഷങ്ങളായി താന്‍ ശരിയെന്ന് വിചാരിച്ച് ചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകള്‍ തിരുത്തുവാനുള്ള അവസരങ്ങള്‍ നശിപ്പിക്കുകയുമാണ് വിമര്‍ശന-വിരുദ്ധര്‍ നടത്തുന്നത്. അങ്ങനെയുള്ള ഒരു വിമര്‍ശന-വിരുദ്ധ സമൂഹത്തിന്റെ കഥ ശക്തമായും വ്യക്തമായും പറയുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. ഒന്ന് കണ്ണ് തുറന്നാല്‍ നാട്ടിലും വീട്ടിലും ചിലപ്പോള്‍ കണ്ണാടിയിലുമൊക്കെ ഈ സിനിമയിലെ കഥാപാത്രങ്ങളെ കാണുവാന്‍ കഴിഞ്ഞേക്കും.

കഥ, എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍, ഇന്ന് നിലനില്‍ക്കുന്ന ഒരു പ്രത്യേക മതത്തിനെ വിമര്‍ശിച്ചു കൊണ്ടാണെടുത്തിരിക്കുന്നത് (എന്റെ മാത്രം തോന്നലാണ്). സിനിമയിലെ ചില സന്ദര്‍ഭങ്ങള്‍ അങ്ങനെ ഒരു തോന്നലുണ്ടാക്കുന്നു. പക്ഷെ, അതു മാറ്റി നിര്‍ത്തുകയാണെങ്കില്‍ ഈ കാല്പനിക-ജനത, നമ്മുക്ക് ജാതി-മത ഭേദമില്ലാതെ സാമാന്യവല്‍ക്കരിക്കാവുന്ന, മതത്തോട് അപകടകരമായ താല്‍പര്യം/വിധേയത്വം കാണിക്കുന്ന ഇന്നത്തെ മദ്ധ്യവര്‍ഗ്ഗത്തിനെയാണ് – അത് ഡോക്ടറാകട്ടെ, എഞ്ചിനീയറാകട്ടെ, പോലീസുകാരനാകട്ടെ – പ്രതിനിധീകരിക്കുന്നത് എന്ന് പറയാം. പഠിക്കുവാനുള്ള കഴിവിലും മറ്റ് കാര്യങ്ങളില്‍ മുന്നിട്ട് നിന്നാലും, ചോദ്യങ്ങളുന്നയിക്കുന്നതില്‍ നമ്മളെല്ലാം വളരെ പിന്നിലാണെന്ന കാര്യം പറയുമ്പോള്‍ ഏഴാം ക്ലാസ്സ് പാഠ പുസ്തകവും വിമര്‍ശനാത്മക ബോധനശാസ്ത്രവുമൊക്കെ എന്റെ മനസ്സില്‍ വരുന്നത് ചിലപ്പോളെന്റെ ഇടതുപക്ഷപാതിത്വം കൊണ്ടായിരിക്കാം. എന്നാല്‍ ആ പാഠ പുസ്തകത്തെ എതിര്‍ത്ത ബഹുഭൂരിപക്ഷത്തിന്റെ ചില common-factors പരിശോധിക്കുകയാണെങ്കില്‍ മനസ്സിലാക്കാവുന്നൊരു കാര്യം അവരെല്ലാം ചോദ്യങ്ങളെ ഭയക്കുന്നു എന്നതാണ്.

ബാക്ക്‍ഗ്രൗണ്ട് സ്കോറിനെപ്പറ്റിയും, ഛായാഗ്രഹണത്തെപ്പറ്റിയൊന്നുമൊരു വിവരമില്ലാത്തോണ്ട് ആ മേഖലകളിലേക്ക് കടക്കുന്നില്ല. എല്ലാവരും കാണേണ്ട സിനിമയാണെന്നൊന്നും പറയില്ല. ആത്മവിമര്‍ശനത്തെ നിങ്ങള്‍ അംഗീകരിക്കുന്നെങ്കില്‍, ഈ സിനിമ കണ്ടിരിക്കണം. ഗുണപരമായ എന്തെങ്കിലുമൊക്കെ മാറ്റം നിങ്ങളിലിതുണ്ടാക്കും.

Possibly Related Posts:


ചില പന്നി വിശേഷങ്ങള്‍…

February 6th, 2009 ഞാന്‍||njaan 6 comments

പൊതുവെ പന്നികള്‍ ഒരു വൃത്തിയുമില്ലാത്ത ജന്തുക്കളാണ്. കുറഞ്ഞപക്ഷം ഞാന്‍ നേരിട്ടു കണ്ടിട്ടുള്ള പന്നികളൊക്കെ വൃത്തിയില്ലാത്തവരായിരുന്നു. വൃത്തിയില്ലാതെ നടക്കുന്നവരെ നാം പന്നിയെന്നും, പന്നീന്റെ മോനെ എന്നുമൊക്കെ വിളിക്കാറുണ്ട്. പ്രശസ്ത അര്‍ജന്റീനിയന്‍ വിപ്ലവകാരിയായിരുന്ന ചെ ഗെവാരെയുടെ ചെറുപ്പകാലത്ത് അദ്ദേഹത്തിന്റെ വൃത്തിയില്ലായ്മ കാരണം പന്നി എന്നാണത്രെ അദ്ദേഹത്തിനു കൂട്ടുകാരിട്ട ഇരട്ടപ്പേര്[1].

പൊതുവെ ശ്രദ്ധയില്ലാതെ വളരുന്ന (വളര്‍ത്തുന്ന) എന്തും, അത് പന്നിയാകട്ടെ, പട്ടിയാകട്ടെ, കോഴിയാകട്ടെ, വൃത്തിയില്‍ പിന്നോക്കമായിരിക്കും. സ്വാഭാവികമായും അവയുടെ ശരീരത്തില്‍ വളരുന്ന പരാന്നജീവികളുടെ എണ്ണം മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതലുമായിരിക്കും. എന്നാല്‍ ഭക്ഷണമാക്കുവാന്‍ വേണ്ടി വളര്‍ത്തുന്ന മൃഗങ്ങളെ, അവയേത് രാജ്യത്താണെങ്കിലും വൃത്തിയുള്ള സാഹചര്യങ്ങളിലേ വളര്‍ത്താറുള്ളൂ, കൊല്ലാറുള്ളൂ. അതൊക്കെ നിയമം മൂലം നിയന്ത്രിക്കുന്ന കാര്യങ്ങളാണ്[2][3].

അതായത് നല്ല ഫാമില്‍ നിന്ന് വാങ്ങിക്കുന്ന പന്നിയിറച്ചിയില്‍ രോഗാണുക്കളും വിരകളുമൊക്കെ കുറവായിരിക്കുമെന്നര്‍ത്ഥം. ഇനി അഥവാ അണുക്കളുണ്ടായാല്‍ തന്നെ (സ്വാഭാവികമായും എല്ലാത്തരം ഇറച്ചികളിലും, ഭക്ഷണങ്ങളിലും അണുക്കള്‍ കാണും), നല്ല രീതിയില്‍ വേവിച്ചെടുത്താല്‍ ഈ അണുക്കളെല്ലാം നശിക്കും. വിരകള്‍ പകരുന്നത് പന്നിയിറച്ചിയിലൂടെ മാത്രമല്ല, വിര മുട്ടകളുടെ സാന്നിദ്ധ്യമുള്ള പച്ചക്കറികളിലൂടെയും[4][5], വളര്‍ത്തു മൃഗങ്ങളുമായുള്ള സാമീപ്യത്തിലൂടെയും[5], വൃത്തിയില്ലാതെ വേവിക്കുന്ന ഇറച്ചിയിലൂടെയുമൊക്കെയാണ് (ഏതിറച്ചി ആയാലും). അതിന് പന്നിയെ മാത്രം പ്രതിക്കൂട്ടില്‍ കയറ്റിയിട്ട് കാര്യമില്ല.

പിന്നെ പന്നിയുടെ സ്വഭാവം. പന്നി തന്റെ ഇണയെ മറ്റൊരു പന്നിക്ക് ഭോഗിക്കാന്‍ വിട്ടുകൊടുത്തിട്ട് അതു കണ്ടു രസിക്കും എന്നൊരു ശാസ്ത്രീയ പഠനത്തില്‍ നടന്നതായി യാതൊരു തെളിവുമില്ല. അതു കൊണ്ടു തന്നെ പന്നി അങ്ങനെ ചെയ്യുമെന്നോ ചെയ്യില്ലെന്നോ അങ്ങനെയൊരു തെളിവ് ലഭ്യമാക്കും വരെ പറയുന്നതില്‍ അര്‍ത്ഥമില്ല. ഇനി അഥവാ അങ്ങനെ ചെയ്താല്‍ തന്നെയും പന്നിയെ കഴിച്ചത് കൊണ്ട് മനുഷ്യര്‍ക്ക് “ആ അസുഖം” പകരുമെന്ന് പറയുന്നത് ശുദ്ധ വിഡ്ഢിത്തരമാണ്. പണ്ടൊരിക്കല്‍ ഒരു ഇ-മെയ്‌ലില്‍ വന്നതോര്‍ക്കുന്നു, പന്നിക്ക് രതിമൂര്‍ച്ഛ 30 മിനുട്ടോളം അനുഭവപ്പെടുമത്രെ. അങ്ങനെയെങ്കില്‍ സസ്യാഹാരിയായ ഞാന്‍ അതിനു വേണ്ടി പന്നിയിറച്ചി കഴിക്കുന്നതായിരിക്കും.

ഞാന്‍ മനസ്സിലാക്കിയിടത്തോളം, പന്നിയിറച്ചി ദഹനം വഴി ശരീരത്തിലാഗിരണം ചെയ്യപ്പെടുന്നത് പന്നിയിറച്ചി ആയിട്ടല്ല. പിന്നെയോ, അമിനോ ആസിഡുകളും, മോണോഗ്ലിസറൈഡുകളും, ഫാറ്റി ആസിഡുകളുമൊക്കെ ആയിട്ടാണ്[6]. അതായത് ആമാശയത്തിന് പന്നിയെന്നോ പട്ടിയെന്നോ ഭേദമില്ല – എന്തും പോകും!

പിന്നെ ഒരു വാദത്തിനു വേണ്ടി പന്നി അങ്ങനെ ചെയ്യുന്നത് കൊണ്ടു കഴിച്ചു കൂടാ എന്ന് സമ്മതിച്ചാല്‍ തന്നെയും പ്രശ്നങ്ങള്‍ തീരുന്നില്ല. ഈ പറഞ്ഞ സിദ്ധാന്തമനുസരിച്ച് ആടുകളെ ഭക്ഷിച്ചാല്‍ സ്വവര്‍ഗ്ഗരതിക്കാരുടെ എണ്ണം കൂടുകയും[7], താറാവിനെ ഭക്ഷിച്ചാല്‍ ബലാല്‍സംഗം, സ്വവര്‍ഗ്ഗരതി, ശവരതി മുതലായവ കൂടും[8][9], പെന്‍ഗ്വിനുകളെ ഭക്ഷിച്ചാല്‍ വേശ്യാവൃത്തി, സ്വവര്‍ഗ്ഗരതി – പിന്നെ കൂടുതലൊന്നും [10][11] മനുഷ്യരാശിക്ക് വരുവാനില്ല (ഹിമക്കരടികളുടെയും എസ്കിമോകളുടെയുമൊക്കെ കാര്യം പോക്കാ). മൃഗങ്ങളിലും പക്ഷികളിലുമൊക്കെ കൂടുതലായിക്കാണുന്ന ബഹുഭാര്യാത്വം/ഭര്‍തൃത്വമൊക്കെ[12] മനുഷ്യരിലേക്ക് പടര്‍ന്നത് ഈ ഇറച്ചി തീറ്റ കൊണ്ടായിരിക്കാമല്ലേ? അതായത് നിങ്ങളീ പറഞ്ഞ സിദ്ധാന്തമനുസരിച്ച് മനുഷ്യന്‍ മാംസം ഒഴിവാക്കുകയാണെങ്കില്‍ പിന്നെ ലോകസമാധാനത്തിന് കസേരേന്റെ അപ്പുറോം ഇപ്പുറോം ഇരുന്നു സംസാരിച്ച് നേരം പോക്കണ്ടായെന്നാണോ?

2006-ലെ കണക്ക് വെച്ച് നോക്കുമ്പോള്‍ ലോകത്ത് പന്നിയിറച്ചി ഏറ്റവും കൂടുതല്‍ കഴിക്കുന്നത് ചൈനക്കാരാണ് [13] (ഫിലിപ്പൈന്‍കാരല്ല). ഇനി നമ്മുക്ക് ചൈനാക്കരന്റെ ഭാര്യയുടെ ജാരന്മാരെ കണ്ടുപിടിക്കാം.

ചില ഫക്‍-കള്‍ (FAQ)

  1. ഇതെന്താപ്പോ പന്നി പുരാണം?

    ഇവിടെയും പിന്നെ ഇവിടെയും നോക്കുക.

  2. നിങ്ങള് മാംസം കഴിക്കുമോ?

    ഞാന്‍ മാംസ “ഫക്ഷണം” നിറുത്തിയിട്ട് വര്‍ഷം ആറാകുന്നു. എന്റെ പൂര്‍വ്വാശ്രമത്തിലെ മതവിശ്വാസങ്ങള്‍ മാംസം ഭക്ഷിക്കുന്നതിനെ എതിര്‍ക്കുന്നില്ലായെങ്കിലും, ഞാനൊരു സുപ്രഭാതത്തിലങ്ങു നിര്‍ത്തി. മോളീ പറഞ്ഞ സിദ്ധാന്തമനുസരിച്ച് ഞാനൊരു നിര്‍ഗുണപരബ്രഹ്മമാകേണ്ടതാണ്. എനിക്കു തന്നെയത് തോന്നിയിട്ടില്ല.

  3. നിങ്ങള്‍ ഏതെങ്കിലും മതത്തിനെതിരാണോ?

    ഞാനെല്ലാത്തരം മതവിശ്വാസങ്ങള്‍ക്കുമെതിരാണ്. മതത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വിശ്വസിക്കുന്നതും ആചരിക്കുന്നതും നിങ്ങളുടെ ഇഷ്ടം. എന്നാല്‍ അതിനെ ന്യായീകരിക്കുവാന്‍ ശാസ്ത്രത്തെ വളച്ചൊടിക്കുന്നതും തെറ്റായി വ്യാഖ്യാനിക്കുന്നതുമൊക്കെ കണ്ടാല്‍ എനിക്കിടപെടേണ്ടി വരും (ഇടപെടുവാന്‍ സമയം ആവശ്യം പോലെയുണ്ടെങ്കില്‍).

അവലംമ്പം

[1] Che Guevara – Wikipedia Article.
[2] Animal Slaughter.
[3] Slaughter House.
[4] Trichuriasis
[5] Ascariasis
[6] Human Digestion
[7] Homosexuality in Sheeps
[8] Necrophiliac Mallards.
[9] Coercive Sex in Ducks.
[10] Sexuality in Birds.
[11] Prostitution in Penguins.
[12] Polygamy in Animals.
[13] Pork Consumption Pattern in World.

Possibly Related Posts:


ആണവക്കരാറിനെ കുറിച്ചൊരു ലഘുലേഖ

October 16th, 2008 ഞാന്‍||njaan 7 comments

ഒപ്പിട്ടു കഴിഞ്ഞു ഇനിയെല്ലാം തീര്‍ന്നു എന്ന് വിശ്വസിക്കുന്നവര്‍ ഉണ്ടാകും. ഞാന്‍ ആ കൂട്ടത്തില്‍ പെടുന്നില്ല. ആണവക്കരാറില്‍ നിന്ന് രക്ഷപെടുവാന്‍ ഒരു കുഞ്ഞു അണുബോംബ് പൊട്ടിച്ചു നോക്കിയാല്‍ മതി. ;)

ആണവക്കരാറിനെ പറ്റി പല ലേഖനങ്ങള്‍ വന്ന് കഴിഞ്ഞു. ഒരെണ്ണം ഞാനുമെഴുതി. എന്നാല്‍ സാധാരണക്കാരന്‍ വായിച്ചു മനസ്സിലാക്കാവുന്ന രീതിയിലുള്ള വളരെ ലഘുവായിട്ടുള്ള ഭാഷയില്‍ എഴുതുവാനൊന്നും എനിക്ക് കഴിഞ്ഞിട്ടില്ല.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ആണവക്കരാറിനെ കുറിച്ചുള്ളൊരു ലഘുലേഖ രണ്ട്-മൂന്നാഴ്ച മുമ്പ് യുക്തിവാദി (ബലിതവിചാരം) ചെന്നൈയില്‍ വന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും “ചോദിച്ചു വാങ്ങിക്കുകയുണ്ടായി”. അതു ഞാനങ്ങ് കുത്തിയിരുന്ന് ടൈപ്പ് ചെയ്ത് ഡിജിറ്റലാക്കി (ശാസ്ത്ര സാഹിത്യ പരിഷത്തുകാര്‍ കോപ്പിറൈറ്റ് ലംഘനാരോപണവുമായി വരുമോ എന്നറിയില്ല, ആവസ്യത്തിന് ക്രെഡിറ്റുകള്‍ കൊടുക്കുവാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്). ആണവക്കരാറിന്റെ ദൂഷ്യങ്ങളെ പറ്റി മനസ്സിലാക്കുവാന്‍ ആത്മാര്‍ത്ഥമായ ആഗ്രഹമുള്ളവര്‍ ഉറപ്പായിട്ടും വായിച്ചിരിക്കേണ്ടതാണിത്. അക്ഷരാഭ്യാസമുള്ള ഏത് സാധാരണക്കാരനും ബുദ്ധിമുട്ടില്ലാതെ വായിച്ചു മനസ്സിലാക്കുവാന്‍ കഴിയുന്ന ഒരു ലേഖനമാണിത്.

അപ്പോള്‍ ഞാന്‍ ആദ്യം പറഞ്ഞ പോലെ, എല്ലാം അവസാനിച്ചിട്ടില്ല. തുടങ്ങിയിട്ടേ ഉള്ളൂ. ഇന്നലെ ദീപികയില്‍ കണ്ട ഒരു പോള്‍ “ആണവക്കരാര്‍ കോണ്ഗ്രസ്സിനെ തിരഞ്ഞെടുപ്പില്‍ സഹായിക്കുമോ?” എന്നായിരുന്നു. ഞാന്‍ വോട്ട് ചെയ്തപ്പോള്‍, സഹായിക്കും എന്ന് പറഞ്ഞവരുടെ ഒന്നോ രണ്ടോ വോട്ട് പിന്നിലായിരുന്നു സഹായിക്കില്ല എന്ന് പറഞ്ഞവരുടെ എണ്ണം. ദീപിക സൈറ്റിലെ ആ ഒരു റിസല്‍റ്റ് തന്നെ എനിക്ക് പ്രചോദനമാണ്. ആണവക്കരാറിനെതിരെ ഞാന്‍ പൊരുതും, അതേത് തലം വരെ പോവുകയാണെങ്കിലും.

എന്റെ കഴിഞ്ഞ പോസ്റ്റില് (കഴിഞ്ഞ പോസ്റ്റിനെ അഗ്രഗേറ്റര്‍ ചതിച്ചു. ഇതിന്റെ കാര്യം എന്താകുമെന്നറിയില്ല) ചിത്രകാരന്‍ അഭിപ്രായപ്പെട്ട പോലെ,

സുഹൃത്തേ,
34 വര്‍ഷമായി നിലനില്‍ക്കുന്ന ഇന്ത്യക്കെതിരെയുള്ള ശാസ്ത്ര സാങ്കേതിക രംഗത്തെ ഉപരോധം (?) അങ്ങു നീങ്ങികിട്ടട്ടെ. ഇനി അടിമത്തമായാലും കുഴപ്പമില്ല. 200 കൊല്ലം ബ്രിട്ടീഷുകാര്‍ ഭരിച്ചിട്ട് ഇന്ത്യ നന്നാവുകയേ ചെയ്തിട്ടുള്ളു. നമ്മള്‍ അത്ര ബുദ്ധിയില്ലാത്തവരായാലേ ഇനി അമേരിക്കപോലൊരു രാജ്യത്തിന് നമ്മേ വിധേയരാക്കാന്‍ കഴിയു.
തുമ്മിയാല്‍ തെറിക്കുന്ന സ്വതന്ത്ര്യമാണെങ്കില്‍ ചുമ്മ തെറിച്ചു പോട്ടെ ! :)

ഇന്ത്യാക്കാര്‍ അത്ര മന്ദബുദ്ധികളല്ല. അടിമത്തം നീങ്ങിക്കിട്ടുവാന്‍ ഒരു ഇരുന്നൂറ് വര്‍ഷം കാത്തിരിക്കാനോ, മറ്റൊരു ഗാന്ധിയും, ഭഗത് സിങ്ങും ജനിക്കുവാനോ അവര്‍ കാത്തിരിക്കില്ല. കുനിഞ്ഞ് നിന്ന് അമേരിക്കന് സായ്പിന്റെ ബൂട്ട് നക്കി പോളീഷ് ചെയ്യാനും, വിധേയനെ പോലെ ഭാര്യമാരില്‍ മുതലാളിയുടെ സെന്റിന്റെ മണക്കാനുമൊന്നും ആത്മാഭിനാമുള്ള ഇന്ത്യാക്കാരനിനി തയ്യാറാകില്ല. ഇന്ത്യക്കെതിരെ ഉള്ള ശാസ്ത്ര സാങ്കേതിക ഉപരോധമാണ് സ്വന്തം ബ്രീഡര്‍ റിയാക്ടറുകള്‍ ഉള്‍പടെയുള്ളവ വികസിപ്പിച്ചെടുക്കുവാന്‍ ഇന്ത്യക്ക് ചങ്കൂറ്റം നല്‍കിയത്. ഈ കരാര്‍ കൊണ്ട് ഇന്ത്യക്ക് ലഭിക്കുന്നത് അറുപഴഞ്ചന്‍ സാങ്കേതിക വിദ്യ ആയിരിക്കും. അമേരിക്കക്കാരനോ? ഇന്ത്യ കഷ്ടപ്പെട്ട് വികസിപ്പിച്ച ബ്രീഡര്‍ റിയാക്ടറുകളുടെ സാങ്കേതിക വിദ്യകള്‍, മറ്റ് നയതന്ത്രാനുകൂല്യങ്ങളും. ആണവക്കരാറിനെ അനുകൂലിച്ച് സംസാരിക്കുന്ന ചിത്രകാരന്‍ തന്നെ അതിനെ എതിര്‍ത്തെഴുതും. ചിത്രകാരന്‍ ദേശസ്നേഹമുണ്ടെന്നെനിക്കറിയാം, അതോടൊപ്പം കുറെയേറെ തെറ്റിധാരണകളും.

അതു പോലെ തന്നെ സരസന്‍ എന്ന ബ്ലോഗ്ഗര്‍ കഴിഞ്ഞ പോസ്റ്റിന് ഇങ്ങനെ പ്രതികരിച്ചു.

ഫ്രാന്‍സുമായും അതുപോലെ റഷ്യയുമായും ഉള്ള ആണവക്കരാറിനെപ്പറ്റി നിന്റെ അഭിപ്രായം എന്താണു?

ഒരു പരിചയവുമില്ലാത്ത ആളെ കേറി നീ എന്ന് വിളിക്കാന്‍ സരസന്‍ തിരുവിതാംകൂര്‍ രാജാവൊന്നുമല്ലല്ലോ. നമ്മള്‍ തമ്മിലെന്തെങ്കിലും പരിചയം കാണുമെന്ന് വിശ്വസിക്കുന്നു. ഫ്രാന്‍സുമായും റഷ്യയുമയുള്ള കരാറില്‍ ഇന്ധന പുനഃസംസ്കരണത്തിനുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നില്ല. ഇവിടെ സൂചിപ്പിക്കേണ്ട മറ്റൊരു കാര്യം അമേരിക്ക ജപ്പാനുമായും, കൊറിയയുമായും 123 കരാര്‍ ഒപ്പിട്ടിട്ടുണ്ട്. അവര്‍ക്കൊക്കെ ഇന്ധന പുനഃസംസകരണാവകാശങ്ങളുണ്ട്. ഇന്ത്യക്കെന്തുകൊണ്ടില്ല എന്ന് ചോദിക്കാന്‍ ചങ്കൂറ്റമുള്ള ഒറ്റ രാഷ്ട്രീയക്കാരനേയും ഞാനിതു വരെ കണ്ടില്ല.

പിന്നെ പുനഃസംസ്കരണാവകാശമുണ്ടെങ്കില്‍ പോലും ഞാന്‍ ആണവോര്‍ജ്ജമെന്ന, അമേരിക്കയും യൂറോപ്പും തഴഞ്ഞ സാങ്കേതിക വിദ്യയെ അനുകൂലിക്കുന്നില്ല… പണ്ടേ തന്നെ (പണ്ടേ എന്ന് പറയുമ്പോള്‍ ഒരു ബൂര്‍ഷ്വാ കുട്ടിപ്പാര്‍ട്ടിയുടെ പാവാടയുമിട്ട് നടന്നിരുന്നൊരു കാലമുണ്ടായിരുന്നു എനിക്ക്. പാവാട എന്ന് പറയുമ്പോള്‍ മനസ്സിലായിക്കാണുമല്ലോ പാര്‍ട്ടിയേതെന്ന്!).

പരിഷത്തിന്റെ ലഘുലേഖയുടെ ഡിജിറ്റല്‍ പതിപ്പ് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഈ ഡിജിറ്റല്‍ ലഘുലേഘ പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും (ഗ്നു/ലിനക്സ്, ഓപ്പണ്‍ ഓഫീസ് 2.4), സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വികസിപ്പിച്ചെടുത്ത സ്വനലേഖ, സ്വതന്ത്ര UNICODE ഫോണ്ടുകളായ മീര, രഘു മലയാളം മുതലായവ ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്.

(എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ ഒരു മെയ്‌ല്‍ അല്ലെങ്കില്‍ കമന്റിട്ടാല്‍ മതി. കോപ്പിറൈറ്റ് ലംഘനമാണെന്ന് അറിയാം. എന്നാലും അത് വായിച്ചപ്പോള്‍ പങ്ക് വെക്കണമെന്ന് തോന്നി.)

ഇത് വരെ ബുലോകത്തില്‍ ആണവക്കരാറിനെ കുറിച്ച് പ്രതികരിച്ച ലേഖനങ്ങള്‍. വായിക്കുക. പ്രതികരിക്കുക.

(1) ആണവകരാര്‍: 10 തെറ്റിദ്ധാരണകള്‍
(2) ആണവ മറിമായങ്ങള്‍
(3) ന്യൂക്ലിയര്‍വല്‍ക്കരിക്കപ്പെടുന്ന സ്വാതന്ത്ര്യം
(4) രാഹുല്‍, കലാവതിക്കു വേണ്ടത് അന്നമാണ്; ആണവോര്‍ജ്ജമല്ല
(5) ആണവകരാറും അവസരവാദവും
(6) ആണവക്കരാര്‍ ആര്‍ക്കുവേണ്ടി?
(7) ആണവ വികിരണമേല്‍ക്കുന്ന ഫ്രെഞ്ച് തൊഴിലാളികള്‍
(8) ആണവോര്‍ജ്ജത്തിനു ബദല്‍ മൈക്രോ ഉത്പാദനം
(9) ഫ്രഞ്ച് ആണവ ചോര്‍ച്ച: അധികാരികള്‍ വെള്ളത്തിന്റെ ഉപയോഗം നിരോധിച്ചു
(10) എന്തുകൊണ്ട് ആണവോര്‍ജ്ജം ഒരു പരിഹാരമല്ല
(11) ഇന്‍ഡോ-അമേരിക്കന്‍ ആണവ കരാര്‍ പിന്‍വലിക്കുക
(12) ആണവ നിലയങ്ങളേക്കുറിച്ചുള്ള ചില യാഥാര്‍ത്ഥ്യങ്ങള്‍
(13)പ്രതികരണം: ഇന്തോ-അമേരിക്കന്‍ ആണവ കരാര്‍, ഒരു പാര്‍ശ്വവീക്ഷണം
(14) ആണവക്കരാറിനെക്കുറിച്ചുള്ള പക്ഷപാതവീക്ഷണത്തിനൊരു എതിര്‍പക്ഷാഭിപ്രായം
(15) ആണവക്കരാര്‍ – ഓര്‍മ്മിക്കേണ്ട എട്ടുകാര്യങ്ങള്‍
(16) വരിയുടയ്ക്കപ്പെട്ടവന്റെ രതിമൂര്‍ച്ഛ
(17) ഭാസ്കരപട്ടേലരും വിധേയനും(രും)
(18) ആണവകരാര്‍ ഇപ്പോഴും കടലാസിലെ പശു തന്നെ
(19) ഒരു കരാറും ഇന്ത്യയുടെ ഭാവിയും
(20) അടിമത്തം വിലക്കു വാങ്ങുന്ന കാരാറില്‍ ഒപ്പുവെച്ചു
(21) കറുത്ത ശനി
(22) ആണവകരാറിന്റെ യഥാര്‍ഥ നിറം

Possibly Related Posts: