Archive

Posts Tagged ‘സാങ്കേതികം’

എന്താണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍?

February 25th, 2009 ഞാന്‍||njaan 24 comments

[സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ (free software) എന്തെന്ന് മനസ്സിലാക്കുവാന്‍ ബുദ്ധിമുട്ടിയിട്ടുള്ളവര്‍ക്കും, ബുദ്ധിമുട്ടുന്നവര്‍ക്കും, സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ എന്ന് കേട്ടിട്ടില്ലാത്തവര്‍ക്കും മാത്രമാണ് ഈ ലേഖനം.]

ഉപഭോക്താവിന് ചില പ്രത്യേക സ്വാതന്ത്ര്യങ്ങള്‍ അനുവദിച്ചു കൊടുക്കുന്ന സോഫ്റ്റ്‌വെയറുകളെയാണ് സ്വതന്ത്ര സോഫ്‌റ്റ്‌വെയറുകള്‍ എന്ന് പറയുന്നത്. ആ സ്വാതന്ത്ര്യങ്ങള്‍ താഴെ പറയുന്നവയാണ്,

  • ആവശ്യാനുസരണം പ്രോഗ്രാം പ്രവര്‍ത്തിപ്പിയ്ക്കുന്നതിനുള്ള സ്വാതന്ത്ര്യം (സ്വാതന്ത്ര്യം 0)
  • പ്രോഗ്രാം എങ്ങനെ പ്രവര്‍ത്തിയ്ക്കുന്നു എന്നറിയുന്നതിനും സ്വന്തം ആവശ്യങ്ങള്‍ക്കനുസൃതമായി അതിനെ മാറ്റിയെടുക്കുന്നതിനുമുള്ള സ്വാതന്ത്ര്യം (സ്വാതന്ത്ര്യം 1). ഇതിനായി പ്രോഗ്രാമിന്റെ ഉറവിടം കിട്ടേണ്ട ആവശ്യമുണ്ട്.
  • നിങ്ങളുടെ സുഹൃത്തുക്കളെ സഹായിയ്ക്കുന്നതിനായി സോഫ്റ്റ്‌വെയര്‍ വിതരണം ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം (സ്വാതന്ത്ര്യം 2) .
  • പ്രോഗ്രാമിനെ മികവുറ്റതാക്കുന്നതിനും നിങ്ങളുടെ സംഭാവനകള്‍ പൊതുസമൂഹത്തിന്റെ നന്മയ്ക്കായി പ്രസിദ്ധപ്പെടുത്തുന്നതിനുമുള്ള സ്വാതന്ത്ര്യം (സ്വാതന്ത്ര്യം 3). ഇതിനായി പ്രോഗ്രാമിന്റെ ഉറവിടം കിട്ടേണ്ട ആവശ്യമുണ്ട്.

ഈ നിര്‍വ്വചനങ്ങള്‍ കുറച്ചു കൂടി വ്യക്തമായി മനസ്സിലാക്കുവാന്‍ സോഫ്‌റ്റ്‌വെയറിനെ ഒരു ബൈക്കുമായി താരത്മ്യപ്പെടുത്തി പഠിക്കാം.

പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയര്‍ (proprietary software)

നിങ്ങള്‍ കടയില്‍ പോയി ബൈക്ക് വാങ്ങിക്കുന്നു. ബൈക്കില്‍ നിങ്ങള്‍ക്കാവശ്യമില്ലാത്ത കുറെ ലൈറ്റുകളും, “സീറ്റ് ബെല്‍റ്റും” ഒക്കെയുണ്ട്. ബൈക്കിന്റെ മൊത്തവിലയില്‍ അതിന്റെ വില കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സീറ്റ് ബെല്‍റ്റില്ലാത്ത ബൈക്ക് വാങ്ങിക്കാനാണെങ്കില്‍ സാദ്ധ്യവുമല്ല. എന്നാല്‍ സീറ്റ് ബെല്‍റ്റിന്റെ കാശ് ഉള്‍പടെ കൊടുത്ത് വാങ്ങിക്കുന്ന ബൈക്കില്‍ നിന്നും പിന്നെ സീറ്റ് ബെല്‍റ്റ് നീക്കം ചെയ്യുവാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. വാങ്ങിക്കുമ്പോള്‍ തന്നെ നിങ്ങള്‍ EULA ഒപ്പിടുന്നു. ആ EULA പ്രകാരം,

  1. നിങ്ങള്‍ കാശ് കൊടുത്ത് വാങ്ങിച്ച ബൈക്ക് നിങ്ങളുടെ സ്വന്തമാകുന്നില്ല, ഇപ്പോഴും എപ്പോഴും കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബൈക്ക് ഉപയോഗിക്കുവാനുള്ള അവകാശം മാത്രമാണ് നിങ്ങള്‍ പണം മുടക്കി വാങ്ങിച്ചിട്ടുള്ളത്.
  2. നിങ്ങളുടെ ബൈക്ക് നിങ്ങളുടെ സുഹൃത്തിനോ ബന്ധുവിനോ അയല്‍ക്കാരനോ കൊടുത്ത് സഹായിക്കുവാന്‍ കഴിയില്ല.
  3. നിങ്ങളുടെ ബൈക്കിന്റെ കാര്‍ബുറേറ്റര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് അഴിച്ചു നോക്കി പഠിക്കുവാന്‍ കഴിയില്ല, അത് പഠിക്കുവാനുള്ള മാനുവല്‍ ബൈക്കിന്റെ കൂടെ തന്നിട്ടുണ്ടാകില്ല. മറ്റേതെങ്കിലും തരത്തിലത് പഠിക്കുവാന്‍ ശ്രമിക്കുന്നത് EULA-യുടെ ലംഘനമാകും.
  4. കമ്പനി തന്ന ബൈക്കിന്റെ കാര്‍ബുറേറ്ററില്‍ നിന്നും പെട്രോള്‍ ലീക്കായി പോകുന്നത് നിങ്ങള്‍ കണ്ടു പിടിച്ചു. അത് എങ്ങനെ ശരിയാക്കണമെന്ന് നിങ്ങള്‍ക്കറിയാമെങ്കിലും EULA-യിലെ കര്‍ശന നിയമങ്ങള്‍ കാരണം, കമ്പനി കാര്‍ബുറേറ്റര്‍ മാറ്റിത്തരുന്നത് വരെ അല്ലെങ്കില്‍ ശരിയാക്കി തരുന്നത് വരെ നിങ്ങള്‍ക്ക് കാത്തിരിക്കേണ്ടി വരുന്നു.
  5. വീട്ടാവശ്യത്തിന് വാങ്ങിച്ച ബൈക്ക്, നിങ്ങളുടെ ഓഫീസ്/വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുവാനുള്ള സ്വാതന്ത്ര്യം ലഭിച്ചില്ലായെന്ന് വരാം (തിരിച്ചും).
  6. ബൈക്കില്‍ ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കര്‍ ഇളക്കി മാറ്റി നിങ്ങള്‍ക്കിഷ്ടപ്പെട്ട പേര് വയ്ക്കുവാന്‍ പോലുമുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്ക് ലഭിക്കുന്നില്ല.

സൗജന്യ സോഫ്റ്റ്‌വെയര്‍ (freeware)

ഇവിടെ ബൈക്ക് നിങ്ങള്‍ പണം കൊടുത്തു വാങ്ങുന്നില്ല എന്നൊരു വ്യത്യാസം മാത്രമേയുള്ളൂ. ബാക്കി കാര്യങ്ങളെല്ലാം മുകളില്‍ പറഞ്ഞ പോലെ തന്നെ.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ (free software)

ബൈക്ക് വാങ്ങിക്കുവാന്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് പണം മുടക്കേണ്ടതായി വരുന്നു. എന്നാല്‍ ബൈക്ക് നിങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ സ്വന്തമാക്കുകയാണിവിടെ.

  1. ബൈക്കിന്റെ കൂടെ അല്ലെങ്കില്‍ മറ്റെവിടെ നിന്നെങ്കിലും ബൈക്കിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള മാനുവല്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. അത് പഠിച്ച് ബൈക്ക് നിങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ മെച്ചപ്പെടുത്തുവാന്‍ സാധിക്കുന്നു.
  2. നിങ്ങള്‍ക്കിഷ്ടമുള്ള കാര്യത്തിനായി ബൈക്കുപയോഗിക്കുവാന്‍ സാധിക്കുന്നു. വീട്ടാവശ്യത്തിനും, ഓഫീസില്‍ പോകുവാനും എന്തിനും.
  3. നിങ്ങള്‍ക്കിഷ്ടമുള്ളയാള്‍ക്ക് ഇഷ്ടമുള്ള കാര്യത്തിനുപയോഗിക്കുവാന്‍ ബൈക്ക് കൊടുത്ത് സഹായിക്കുവാന്‍ സാധിക്കുന്നു.
  4. ബൈക്കിലുണ്ടാകുവാന്‍ സാദ്ധ്യതയുള്ള കുറ്റങ്ങളും കുറവുകളും നികത്തുവാനും, അങ്ങനെ മെച്ചപ്പെടുത്തിയ ബൈക്ക് നിങ്ങളുടെ സ്വന്തം പേരില്‍ വില്‍ക്കുവാനുമുള്ള സ്വാതന്ത്ര്യം ലഭിക്കുന്നു.
  5. അങ്ങനെ ആരെങ്കിലും എന്തെങ്കിലും മെച്ചപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അത് എല്ലാവര്‍ക്കും ലഭ്യമാക്കുവാന്‍ സാധിക്കുന്ന രീതിയില്‍ ഒരു ഉപഭോക്തൃ സമൂഹം സഹകരണമനോഭാവത്തോടെ വളര്‍ന്ന് വരുന്നു.
  6. ഉപഭോക്താവും നിര്‍മ്മാതാവും തമ്മിലുള്ള വ്യത്യാസങ്ങള്‍ കുറഞ്ഞു വരുന്നു.

സോഫ്‌റ്റ്‌വെയര്‍ സാങ്കേതിക വിദ്യയും പരമ്പരാഗത സാങ്കേതിക വിദ്യയുടെ ഒരുല്പന്നമായ ഒരു യന്ത്രവും തമ്മിലുള്ള താരതമ്യ പഠനമാണ് ഇവിടെ നടത്തിയത്. എന്നാല്‍ പരമ്പരാഗത സാങ്കേതിക വിദ്യകള്‍ക്കില്ലാത്ത ഒരു മെച്ചം (but not limited to) സോഫ്റ്റ്‌വെയറുകളുടെ flexibility ആണ്. ഉദാഹരണത്തിന്, പ്ലാസ്റ്റിക്‍ കുപ്പികളുണ്ടാക്കുന്ന മൗള്‍ഡുകളുടെ കാര്യമെടുക്കാം. ഒരു മൗള്‍ഡ് കൊണ്ട് ഒരു പ്രത്യേക വലിപ്പത്തിലും ആകൃതിയിലുമുള്ള കുപ്പിയേ ഉണ്ടാക്കുവാന്‍ കഴിയൂ. മറ്റൊരു ആകൃതിയിലോ വലിപ്പത്തിലോ ഉള്ള കുപ്പിയുണ്ടാക്കുവാന്‍ എനിക്ക് അദ്ധ്വാനിക്കേണ്ടിയിരിക്കുന്നു.

എന്നാല്‍ സോഫ്റ്റ്‌വെയര്‍ സാങ്കേതിക വിദ്യയെ സംബന്ധിച്ചിടത്തോളം മാറ്റത്തിന് വേണ്ടിയുള്ള ഈ അദ്ധ്വാനം വളരെ കുറവാണ്. ഉദാഹരണത്തിന്, imperial യൂണിറ്റുകളില്‍ കണക്ക് ചെയ്യുന്ന ഒരു സോഫ്റ്റ്‌വെയര്‍ ഉണ്ടെന്നിരിക്കട്ടെ. ഇന്ത്യയില്‍ ജോലി ചെയ്യുന്ന/പഠിക്കുന്ന എന്നെ സംബന്ധിച്ചിടത്തോളം imperial യൂണിറ്റുകള്‍ മാത്രമറിയാവുന്ന ഒരു സോഫ്റ്റ്‌വെയര്‍ ഇരട്ടിപ്പണി ആയിരിക്കുമെനിക്ക് തരുന്നത്. സോഫ്‌റ്റ്‌വെയറിന്റെ സോഴ്സ്‌കോഡ് (ഉറവിടം) അറിയാമെങ്കില്‍ എനിക്ക് അത് എന്റെ ആവശ്യപ്രകാരം മാറ്റിയെടുക്കുക എന്നത് വെറും ക്ലിക്കുകളുടെയോ find & replace-ന്റെയോ അദ്ധ്വാനമേ ആവശ്യപ്പെടുന്നുള്ളൂ.

അതായത്, പരമ്പരാഗത സാങ്കേതിക വിദ്യകളെ അപേക്ഷിച്ച് flexibility കൂടിയ സാങ്കേതിക വിദ്യയായ സോഫ്റ്റ്‌വെയറിന്റെ ശക്തി പരിപൂര്‍ണ്ണമായി ചൂഷണം ചെയ്യണമെങ്കില്‍ അത് പൂര്‍ണ്ണമായും സ്വതന്ത്രമായിരിക്കണം. Non-free സോഫ്‌റ്റ്‌വെയറുകളുടെ ഉപയോഗം, നിര്‍മ്മാണം വിതരണം എന്നിവ സോഫ്റ്റ്‌വെയര്‍ സാങ്കേതികവിദ്യയുടെ ശക്തിയെ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുന്നതില്‍ നിന്നും മനുഷ്യരാശിയെ തടയുകയാണ് ചെയ്യുന്നത്.

Possibly Related Posts:


ആണവക്കരാറിനെ കുറിച്ചൊരു ലഘുലേഖ

October 16th, 2008 ഞാന്‍||njaan 7 comments

ഒപ്പിട്ടു കഴിഞ്ഞു ഇനിയെല്ലാം തീര്‍ന്നു എന്ന് വിശ്വസിക്കുന്നവര്‍ ഉണ്ടാകും. ഞാന്‍ ആ കൂട്ടത്തില്‍ പെടുന്നില്ല. ആണവക്കരാറില്‍ നിന്ന് രക്ഷപെടുവാന്‍ ഒരു കുഞ്ഞു അണുബോംബ് പൊട്ടിച്ചു നോക്കിയാല്‍ മതി. ;)

ആണവക്കരാറിനെ പറ്റി പല ലേഖനങ്ങള്‍ വന്ന് കഴിഞ്ഞു. ഒരെണ്ണം ഞാനുമെഴുതി. എന്നാല്‍ സാധാരണക്കാരന്‍ വായിച്ചു മനസ്സിലാക്കാവുന്ന രീതിയിലുള്ള വളരെ ലഘുവായിട്ടുള്ള ഭാഷയില്‍ എഴുതുവാനൊന്നും എനിക്ക് കഴിഞ്ഞിട്ടില്ല.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ആണവക്കരാറിനെ കുറിച്ചുള്ളൊരു ലഘുലേഖ രണ്ട്-മൂന്നാഴ്ച മുമ്പ് യുക്തിവാദി (ബലിതവിചാരം) ചെന്നൈയില്‍ വന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും “ചോദിച്ചു വാങ്ങിക്കുകയുണ്ടായി”. അതു ഞാനങ്ങ് കുത്തിയിരുന്ന് ടൈപ്പ് ചെയ്ത് ഡിജിറ്റലാക്കി (ശാസ്ത്ര സാഹിത്യ പരിഷത്തുകാര്‍ കോപ്പിറൈറ്റ് ലംഘനാരോപണവുമായി വരുമോ എന്നറിയില്ല, ആവസ്യത്തിന് ക്രെഡിറ്റുകള്‍ കൊടുക്കുവാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്). ആണവക്കരാറിന്റെ ദൂഷ്യങ്ങളെ പറ്റി മനസ്സിലാക്കുവാന്‍ ആത്മാര്‍ത്ഥമായ ആഗ്രഹമുള്ളവര്‍ ഉറപ്പായിട്ടും വായിച്ചിരിക്കേണ്ടതാണിത്. അക്ഷരാഭ്യാസമുള്ള ഏത് സാധാരണക്കാരനും ബുദ്ധിമുട്ടില്ലാതെ വായിച്ചു മനസ്സിലാക്കുവാന്‍ കഴിയുന്ന ഒരു ലേഖനമാണിത്.

അപ്പോള്‍ ഞാന്‍ ആദ്യം പറഞ്ഞ പോലെ, എല്ലാം അവസാനിച്ചിട്ടില്ല. തുടങ്ങിയിട്ടേ ഉള്ളൂ. ഇന്നലെ ദീപികയില്‍ കണ്ട ഒരു പോള്‍ “ആണവക്കരാര്‍ കോണ്ഗ്രസ്സിനെ തിരഞ്ഞെടുപ്പില്‍ സഹായിക്കുമോ?” എന്നായിരുന്നു. ഞാന്‍ വോട്ട് ചെയ്തപ്പോള്‍, സഹായിക്കും എന്ന് പറഞ്ഞവരുടെ ഒന്നോ രണ്ടോ വോട്ട് പിന്നിലായിരുന്നു സഹായിക്കില്ല എന്ന് പറഞ്ഞവരുടെ എണ്ണം. ദീപിക സൈറ്റിലെ ആ ഒരു റിസല്‍റ്റ് തന്നെ എനിക്ക് പ്രചോദനമാണ്. ആണവക്കരാറിനെതിരെ ഞാന്‍ പൊരുതും, അതേത് തലം വരെ പോവുകയാണെങ്കിലും.

എന്റെ കഴിഞ്ഞ പോസ്റ്റില് (കഴിഞ്ഞ പോസ്റ്റിനെ അഗ്രഗേറ്റര്‍ ചതിച്ചു. ഇതിന്റെ കാര്യം എന്താകുമെന്നറിയില്ല) ചിത്രകാരന്‍ അഭിപ്രായപ്പെട്ട പോലെ,

സുഹൃത്തേ,
34 വര്‍ഷമായി നിലനില്‍ക്കുന്ന ഇന്ത്യക്കെതിരെയുള്ള ശാസ്ത്ര സാങ്കേതിക രംഗത്തെ ഉപരോധം (?) അങ്ങു നീങ്ങികിട്ടട്ടെ. ഇനി അടിമത്തമായാലും കുഴപ്പമില്ല. 200 കൊല്ലം ബ്രിട്ടീഷുകാര്‍ ഭരിച്ചിട്ട് ഇന്ത്യ നന്നാവുകയേ ചെയ്തിട്ടുള്ളു. നമ്മള്‍ അത്ര ബുദ്ധിയില്ലാത്തവരായാലേ ഇനി അമേരിക്കപോലൊരു രാജ്യത്തിന് നമ്മേ വിധേയരാക്കാന്‍ കഴിയു.
തുമ്മിയാല്‍ തെറിക്കുന്ന സ്വതന്ത്ര്യമാണെങ്കില്‍ ചുമ്മ തെറിച്ചു പോട്ടെ ! :)

ഇന്ത്യാക്കാര്‍ അത്ര മന്ദബുദ്ധികളല്ല. അടിമത്തം നീങ്ങിക്കിട്ടുവാന്‍ ഒരു ഇരുന്നൂറ് വര്‍ഷം കാത്തിരിക്കാനോ, മറ്റൊരു ഗാന്ധിയും, ഭഗത് സിങ്ങും ജനിക്കുവാനോ അവര്‍ കാത്തിരിക്കില്ല. കുനിഞ്ഞ് നിന്ന് അമേരിക്കന് സായ്പിന്റെ ബൂട്ട് നക്കി പോളീഷ് ചെയ്യാനും, വിധേയനെ പോലെ ഭാര്യമാരില്‍ മുതലാളിയുടെ സെന്റിന്റെ മണക്കാനുമൊന്നും ആത്മാഭിനാമുള്ള ഇന്ത്യാക്കാരനിനി തയ്യാറാകില്ല. ഇന്ത്യക്കെതിരെ ഉള്ള ശാസ്ത്ര സാങ്കേതിക ഉപരോധമാണ് സ്വന്തം ബ്രീഡര്‍ റിയാക്ടറുകള്‍ ഉള്‍പടെയുള്ളവ വികസിപ്പിച്ചെടുക്കുവാന്‍ ഇന്ത്യക്ക് ചങ്കൂറ്റം നല്‍കിയത്. ഈ കരാര്‍ കൊണ്ട് ഇന്ത്യക്ക് ലഭിക്കുന്നത് അറുപഴഞ്ചന്‍ സാങ്കേതിക വിദ്യ ആയിരിക്കും. അമേരിക്കക്കാരനോ? ഇന്ത്യ കഷ്ടപ്പെട്ട് വികസിപ്പിച്ച ബ്രീഡര്‍ റിയാക്ടറുകളുടെ സാങ്കേതിക വിദ്യകള്‍, മറ്റ് നയതന്ത്രാനുകൂല്യങ്ങളും. ആണവക്കരാറിനെ അനുകൂലിച്ച് സംസാരിക്കുന്ന ചിത്രകാരന്‍ തന്നെ അതിനെ എതിര്‍ത്തെഴുതും. ചിത്രകാരന്‍ ദേശസ്നേഹമുണ്ടെന്നെനിക്കറിയാം, അതോടൊപ്പം കുറെയേറെ തെറ്റിധാരണകളും.

അതു പോലെ തന്നെ സരസന്‍ എന്ന ബ്ലോഗ്ഗര്‍ കഴിഞ്ഞ പോസ്റ്റിന് ഇങ്ങനെ പ്രതികരിച്ചു.

ഫ്രാന്‍സുമായും അതുപോലെ റഷ്യയുമായും ഉള്ള ആണവക്കരാറിനെപ്പറ്റി നിന്റെ അഭിപ്രായം എന്താണു?

ഒരു പരിചയവുമില്ലാത്ത ആളെ കേറി നീ എന്ന് വിളിക്കാന്‍ സരസന്‍ തിരുവിതാംകൂര്‍ രാജാവൊന്നുമല്ലല്ലോ. നമ്മള്‍ തമ്മിലെന്തെങ്കിലും പരിചയം കാണുമെന്ന് വിശ്വസിക്കുന്നു. ഫ്രാന്‍സുമായും റഷ്യയുമയുള്ള കരാറില്‍ ഇന്ധന പുനഃസംസ്കരണത്തിനുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നില്ല. ഇവിടെ സൂചിപ്പിക്കേണ്ട മറ്റൊരു കാര്യം അമേരിക്ക ജപ്പാനുമായും, കൊറിയയുമായും 123 കരാര്‍ ഒപ്പിട്ടിട്ടുണ്ട്. അവര്‍ക്കൊക്കെ ഇന്ധന പുനഃസംസകരണാവകാശങ്ങളുണ്ട്. ഇന്ത്യക്കെന്തുകൊണ്ടില്ല എന്ന് ചോദിക്കാന്‍ ചങ്കൂറ്റമുള്ള ഒറ്റ രാഷ്ട്രീയക്കാരനേയും ഞാനിതു വരെ കണ്ടില്ല.

പിന്നെ പുനഃസംസ്കരണാവകാശമുണ്ടെങ്കില്‍ പോലും ഞാന്‍ ആണവോര്‍ജ്ജമെന്ന, അമേരിക്കയും യൂറോപ്പും തഴഞ്ഞ സാങ്കേതിക വിദ്യയെ അനുകൂലിക്കുന്നില്ല… പണ്ടേ തന്നെ (പണ്ടേ എന്ന് പറയുമ്പോള്‍ ഒരു ബൂര്‍ഷ്വാ കുട്ടിപ്പാര്‍ട്ടിയുടെ പാവാടയുമിട്ട് നടന്നിരുന്നൊരു കാലമുണ്ടായിരുന്നു എനിക്ക്. പാവാട എന്ന് പറയുമ്പോള്‍ മനസ്സിലായിക്കാണുമല്ലോ പാര്‍ട്ടിയേതെന്ന്!).

പരിഷത്തിന്റെ ലഘുലേഖയുടെ ഡിജിറ്റല്‍ പതിപ്പ് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഈ ഡിജിറ്റല്‍ ലഘുലേഘ പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും (ഗ്നു/ലിനക്സ്, ഓപ്പണ്‍ ഓഫീസ് 2.4), സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വികസിപ്പിച്ചെടുത്ത സ്വനലേഖ, സ്വതന്ത്ര UNICODE ഫോണ്ടുകളായ മീര, രഘു മലയാളം മുതലായവ ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്.

(എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ ഒരു മെയ്‌ല്‍ അല്ലെങ്കില്‍ കമന്റിട്ടാല്‍ മതി. കോപ്പിറൈറ്റ് ലംഘനമാണെന്ന് അറിയാം. എന്നാലും അത് വായിച്ചപ്പോള്‍ പങ്ക് വെക്കണമെന്ന് തോന്നി.)

ഇത് വരെ ബുലോകത്തില്‍ ആണവക്കരാറിനെ കുറിച്ച് പ്രതികരിച്ച ലേഖനങ്ങള്‍. വായിക്കുക. പ്രതികരിക്കുക.

(1) ആണവകരാര്‍: 10 തെറ്റിദ്ധാരണകള്‍
(2) ആണവ മറിമായങ്ങള്‍
(3) ന്യൂക്ലിയര്‍വല്‍ക്കരിക്കപ്പെടുന്ന സ്വാതന്ത്ര്യം
(4) രാഹുല്‍, കലാവതിക്കു വേണ്ടത് അന്നമാണ്; ആണവോര്‍ജ്ജമല്ല
(5) ആണവകരാറും അവസരവാദവും
(6) ആണവക്കരാര്‍ ആര്‍ക്കുവേണ്ടി?
(7) ആണവ വികിരണമേല്‍ക്കുന്ന ഫ്രെഞ്ച് തൊഴിലാളികള്‍
(8) ആണവോര്‍ജ്ജത്തിനു ബദല്‍ മൈക്രോ ഉത്പാദനം
(9) ഫ്രഞ്ച് ആണവ ചോര്‍ച്ച: അധികാരികള്‍ വെള്ളത്തിന്റെ ഉപയോഗം നിരോധിച്ചു
(10) എന്തുകൊണ്ട് ആണവോര്‍ജ്ജം ഒരു പരിഹാരമല്ല
(11) ഇന്‍ഡോ-അമേരിക്കന്‍ ആണവ കരാര്‍ പിന്‍വലിക്കുക
(12) ആണവ നിലയങ്ങളേക്കുറിച്ചുള്ള ചില യാഥാര്‍ത്ഥ്യങ്ങള്‍
(13)പ്രതികരണം: ഇന്തോ-അമേരിക്കന്‍ ആണവ കരാര്‍, ഒരു പാര്‍ശ്വവീക്ഷണം
(14) ആണവക്കരാറിനെക്കുറിച്ചുള്ള പക്ഷപാതവീക്ഷണത്തിനൊരു എതിര്‍പക്ഷാഭിപ്രായം
(15) ആണവക്കരാര്‍ – ഓര്‍മ്മിക്കേണ്ട എട്ടുകാര്യങ്ങള്‍
(16) വരിയുടയ്ക്കപ്പെട്ടവന്റെ രതിമൂര്‍ച്ഛ
(17) ഭാസ്കരപട്ടേലരും വിധേയനും(രും)
(18) ആണവകരാര്‍ ഇപ്പോഴും കടലാസിലെ പശു തന്നെ
(19) ഒരു കരാറും ഇന്ത്യയുടെ ഭാവിയും
(20) അടിമത്തം വിലക്കു വാങ്ങുന്ന കാരാറില്‍ ഒപ്പുവെച്ചു
(21) കറുത്ത ശനി
(22) ആണവകരാറിന്റെ യഥാര്‍ഥ നിറം

Possibly Related Posts:


ഭാസ്കരപട്ടേലരും വിധേയനും(രും)

October 11th, 2008 ഞാന്‍||njaan 7 comments

“എന്താടീ നിനക്ക് മുതലാളീടെ സെന്റിന്റെ മണം” . വിധേയന്‍ എന്ന സിനിമയില്‍ ഗോപകുമാര്‍ അഭിനയിച്ച കഥാപാത്രം പ്രത്യേകിച്ച് വിഷമങ്ങളൊന്നുമില്ലാതെ ഭാര്യയോട് ചോദിച്ചു.

“ഇന്ത്യാക്കാര്‍ നിങ്ങളെ സ്നേഹിക്കുന്നു, ബുഷ്”
നമ്മുടെ രാജ്യത്തെ ഇദ്ദേഹം
പ്രത്യേകിച്ച് വിഷമങ്ങളൊന്നുമില്ലാതെ അമേരിയ്ക്കന്‍ സായ്പിന്റെ കാല്‍ക്കീഴില്‍ കാഴ്ച വെച്ചിരിക്കുന്നു….

നട്ടെല്ലും രാജ്യസ്നേഹവുമുള്ളവര്‍ക്ക് ഇനിയും സമയമുണ്ട്…. ഭാസ്കര പട്ടേലരുടെ മുന്നില്‍ വിനീതവിധേയനായി നില്‍ക്കേണ്ട കാര്യമുണ്ടോ ഇന്ത്യന്‍ ജനതയ്ക്ക്? പട്ടേലരുടെ മുന്നില്‍ അഭിമാനം പണയപ്പെടുത്തേണ്ട കാര്യമുണ്ടോ ഭാരതീയര്‍ക്ക്?

സ്വയം ചോദിച്ച് ഉത്തരം കണ്ടു പിടിക്കൂ, പ്രവര്‍ത്തിക്കൂ….

എത്തിക്കൂ ഈ സന്ദേശം ഏവര്‍ക്കും. രക്ഷിക്കൂ ഇന്ത്യന്‍ ജനതയെ, ഈ സംസ്കാരത്തെ… ഭാസ്കര പട്ടേലര്‍മാരെ തൂത്തെറിയുക…..

കൂടുതല്‍ വായനയ്ക്ക്

(1) അടിമത്തം വിലക്കു വാങ്ങുന്ന കാരാറില്‍ ഒപ്പുവെച്ചു
(2) കറുത്ത ശനി
(3) ആണവകരാറിന്റെ യഥാര്‍ഥ നിറം
(4) പ്രതികരണം: ഇന്തോ-അമേരിക്കന്‍ ആണവ കരാര്‍, ഒരു പാര്‍ശ്വവീക്ഷണം

ചിത്രങ്ങളുടെ നിയമപരമായ പകര്‍പ്പവകാശം അതത് ഉടമസ്ഥര്‍ക്ക്. ഈ ബ്ലോഗ്ഗ് വിതരണം ചെയ്തിരിക്കുന്ന Creative Commons അനുമതിപത്രം ഈ ചിത്രങ്ങള്‍ക്ക് ബാധകമല്ല. Courtesy to Adoor Gopalakrishnan for the screenshot from the movie Vidheyan (1993) and to daylife.com fot the Bush-Manmohan photograph.

(പഴയ പോസ്റ്റ് വായിക്കാത്തവര്‍ അതും വായിക്കണമെന്ന് അപേക്ഷിക്കുന്നു. അതിന് ആണവക്കരാറുമായി പുലബന്ധം പോലും ഇല്ല)

Possibly Related Posts:


പ്രതികരണം: ഇന്തോ-അമേരിക്കന്‍ ആണവ കരാര്‍, ഒരു പാര്‍ശ്വവീക്ഷണം

ആണവക്കരാറിനു് പ്രതികൂലമായും അനുകൂലമായും അനവധി ലേഖനങ്ങള്‍ ഇതിനകം വന്ന് കഴിഞ്ഞു. ഇതിനെ പറ്റി ഒരെണ്ണം എഴുതണം എന്ന് ഞാന്‍ വിചാരിച്ചിട്ട് കുറെ നാളായി. അപ്പോഴാണ് ഇന്ന് വൈകിട്ട് ഇഞ്ചിയുടെ ലേഖനം കണ്ണില്‍പെട്ടത്. ഇന്തോ-അമേരിക്കന്‍ ആണവക്കരാറിനെ അനുകൂലിച്ചു കൊണ്ട്, വളരെയധികം പഠിച്ചെഴുതിയ, വളരെ മികച്ച നിലവാരം പുലര്‍ത്തുന്ന ഒരു ലേഖനമാണ് ഇതെന്ന് പറയാം. ഇത്രയും പഠനം നടത്തി, ഇത്രയധികം റെഫറന്‍സുകള്‍ വായിച്ച് എഴുതിയ ഒരു ബ്ലോഗ്ഗ് പോസ്റ്റ് ഈയടുത്തൊന്നും കണ്ടിട്ടില്ല (ഒരു ഡോ. സൂരജോഫിക്കേഷന്‍). എന്നാലും, “ആണവക്കരാര്‍ നല്ലതാണ്, അതിനെ അനുകൂലിച്ചേ പറ്റൂ” എന്നൊരു മുന്‍വിധിയോട് കൂടി എഴുതിയ ഒരു ലേഖനമല്ലേ എന്ന് ചില ഭാഗങ്ങള്‍ വായിക്കുമ്പോള്‍ തോന്നിപ്പോകുന്നു.

ആണവക്കരാറിനോടു് രാഷ്ട്രീയപരമായും സാങ്കേതികമായും എനിക്ക് എതിര്‍പ്പുണ്ട്. “അപ്പപ്പോള്‍ കാണുന്നവരെ ഔസേപ്പേട്ടാ” എന്ന് വിളിക്കുന്ന ഒരു നയമായിരുന്നു ഇന്ത്യയുടേത്, ആയതിനാല്‍ അത് തുടര്‍ന്ന് പോകുന്നതിനും വലിയ പ്രശ്നമില്ല എന്ന് ഇഞ്ചിയുടെ ലേഖനത്തില്‍ കണ്ടു. ഇതിലെ രാഷ്ട്രീയവശങ്ങളെ കുറിച്ച് ആധികാരികമായി വിലയിരുത്തുവാനുള്ള വിവരമൊന്നും എനിക്കില്ല. എന്നാല്‍ ഹൈഡ് ആക്ട് വായിച്ചുള്ള അറിവ് വെച്ച് പറയുകയാണെങ്കില്‍,

(A) സെക്ഷന്‍ 103 (1) പറയുന്നത് ഇപ്രകാരമാണ് “Oppose the development of a capability to produce nuclear weapons by any non-nuclear weapon state, within or outside of the NPT.” അതായത് ആണവായുധ ശേഷിയില്ലാത്ത ഒരു രാജ്യത്തിനെ ആണവായുധങ്ങള്‍ വികസിപ്പിച്ചെടുക്കന്നത് തടയുക എന്ന്. ഇന്ത്യയെ ഒരു ആണവശക്തിയായിട്ട് ഇത് വരെ അമേരിക്ക അംഗീകരിച്ചിട്ടില്ല. അത് അംഗീകരിക്കുവാനും പോകുന്നില്ല. “പരോക്ഷമായി അംഗീകരിക്കും” എന്നൊക്കെ പറയുന്നത് സത്യത്തെ ബലാല്‍സംഗം ചെയ്യലാണ്.

(B) സെക്ഷന്‍ 103 (b) (1) “Achieve, at the earliest possible date, a moratorium on the production of fissile material for nuclear explosive purposes by India, Pakistan, and the People’s Republic of China.” ഹൈഡ് ആക്ട് അമേരിക്കക്കാരെ മാത്രം ബാധിക്കുന്ന അമേരിക്കയുടെ ആഭ്യന്തര നിയമമാണെന്നാണ് ഡോ. മന്‍മോഹന്‍ സിങ്ങും, പ്രണബ് മുഖര്‍ജ്ജിയുമൊക്കെ ആണയിടുന്നത്. എന്നാല്‍ അമേരിക്കയുടെ ഈ ആഭ്യന്തര നിയമത്തിന് അമേരിക്കന്‍ jurisdiction-നു് പുറത്തുള്ള ഒരു സ്ഥലത്തെ ജനങ്ങളും ഗവണ്‍മെന്റും എന്ത് ചെയ്യണം, എന്ത് ചെയ്യണ്ട എന്ന് പറയുവാനുള്ള അധികാരം ആരാണ് കൊടുത്തത്? അതൊക്കെ സമ്മതിച്ച് കൊടുക്കുവാനും, ഓച്ഛാനിച്ച് നില്‍ക്കുവാനും നാം ജയിപ്പിച്ച് വിട്ട കുറെ രാഷ്ട്രീയക്കാരും. ത്രിവര്‍ണ്ണ പതാക കാണുമ്പോഴും, ലക്ഷയ സിനിമ കാണുമ്പോഴും രോമാഞ്ചം കൊള്ളുന്നതല്ല ദേശാഭിമാനം. ഭരണാവര്‍ഗ്ഗത്തിന്റെ തെറ്റായ തീരുമാനങ്ങളെ, പ്രത്യേകിച്ചും ദേശത്തിന്റെ പരമാധികാരത്തെ തന്നെ പണയപ്പെടുത്തുന്ന പോലുള്ള തീരുമാനങ്ങളെ തിരുത്തുവാനുള്ള ഒരു ശക്തിയായി സംഘടിച്ച് വളരുക എന്നതാണ് ദേശാഭിമാനികളായ ഇന്ത്യാക്കാര്‍ ചെയ്യേണ്ടത്. ഈ കിളവന്‍ രാഷ്ട്രീയക്കാരുടെ തീരുമാനങ്ങള്‍ അവരെ ഒന്നുമല്ല, നമ്മളെയാണ് ബാധിക്കുവാന്‍ പോകുന്നത്. നിയോ-കൊളോണിയലിസം കൂടി എന്താണെന്ന് മനസ്സിലാക്കുന്നത് നല്ലതായിരിക്കും.

(C) സെക്ഷന്‍ 103 (b) (2) “Achieve, at the earliest possible date, the conclusion and implementation of a treaty banning the production of fissile material for nuclear weapons to which both the United States
and India become parties.” അതായത് അമേരിക്കയുടെ കയ്യിലുള്ള ആണവായുധങ്ങളൊക്കെ അവിടെയിരുന്ന് കൊള്ളട്ടെ. ഇന്ത്യ ഇതിനെ പറ്റിയൊന്നും സ്വപ്നം കൂടി കാണരുത് എന്ന്. സ്വദേശാഭിമാനികളൊക്കെ എവിടെപ്പോയി?

(D) സെക്ഷന്‍ 103 (b) (3) “Secure India’s full and active participation in United States efforts to dissuade, isolate, and, if necessary, sanction and contain Iran for its efforts to acquire weapons of mass
destruction, including a nuclear weapons capability and the capability to enrich uranium or reprocess nuclear fuel, and the means to deliver weapons of mass destruction.” ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെ ഒരു തരത്തിലും ബാധിക്കില്ല എന്നാണ് നമ്മുടെ നേതാക്കള്‍ പറയുന്നത്. ഇന്ത്യയുടെ വിദേശ നയത്തെ ബാധിച്ചാല്‍ തന്നെ അതൊന്നും പ്രശ്നമില്ല എന്ന് ഇഞ്ചി. ഈ പറഞ്ഞത് വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്ന കാര്യമാണ് ആണവക്കരാര്‍ ഹൈഡ് ആക്ട് വഴി ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയത്തെ ബാധിക്കുമെന്നത്. അത് ഇഞ്ചി മനസ്സിലാക്കിക്കഴിഞ്ഞു എന്നത് തന്നെ ഒരു വലിയ കാര്യം തന്നെയാണ്. ഇന്നലെ നെല്‍സണ്‍ മണ്ടേല,ഇന്ന് ഇറാന്‍, നാളെ നേപ്പാള്‍, മറ്റന്നാള്‍ ശ്രീലങ്ക, പിന്നീടൊരിക്കല്‍ ഇത് നമ്മുടെ നേരെ തന്നെ തിരിയും.പഴയ കവിത ഇപ്പോള്‍ വീണ്ടും ഓര്‍മ്മ വരുന്നു. കഴിഞ്ഞ തവണ അത് ഉപയോഗിച്ചതും!!!!

(E) (i) “assessment of whether India is fully and actively participating in United States and international efforts to dissuade, isolate, and, if necessary, sanction and contain Iran for its efforts to acquire weapons of mass destruction, including a nuclear weapons capability (including the capability to enrich uranium or reprocess nuclear fuel), and the means to deliver weapons of mass
destruction, including a description of the specific measures that India has taken in this regard.”

മൂര്‍ത്തിക്ക് നന്ദി ഈ പോയിന്റ് ചൂണ്ടിക്കാട്ടിയതിനു് :)

ആണവക്കരാറിന്റെ രാഷ്ട്രീയപരമായ പ്രശ്നങ്ങളെ കുറിച്ചുള്ള എന്റെ അറിവു് ഇത്രത്തോളമേ ഉള്ളു. ഇതിന്റെ അപ്പുറത്തേക്ക് വായിക്കുവാനുള്ള സമയം എനിക്ക് ലഭിച്ചില്ല.

ഇനി ആണവക്കരാറിന്റെ സാങ്കേതികവശങ്ങളിലേക്ക്. ഇഞ്ചി തന്റെ ലേഖനത്തില്‍ ഇപ്രകാരം പറഞ്ഞു,

“ഇന്ത്യയുടെ ഹൈ ആഷ് കണ്ടന്റുള്ള (high ash content) കല്‍ക്കരി വഴിയാണ് ഉല്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നതെങ്കില്‍ ഇന്ത്യയുടെ കാര്‍ബണ്‍ ഉദ്വമനം (emission) മാത്രം ലോകത്തിന്റെ അന്തരീക്ഷ സന്തുലിതാവസ്ഥയെ താറുമാറാക്കും.

ഇന്ത്യയുടെ വൈദ്യുതിയുടെ ഏകദേശം 60-70 ശതമാനത്തോളം കല്‍ക്കരി ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. ഈ കല്‍ക്കരി നാം ഇന്‍ഡോനേഷ്യയില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇന്ത്യയുടെ കയ്യില്‍ വളരെയധികം കല്‍ക്കരി reserve ഉണ്ട് (കൃത്യമായി ഓര്‍മ്മയില്ല). എന്നാല്‍ ഇതിന്‍ ചില കുറവുകളുണ്ട്. ഇന്ത്യന്‍ കല്‍ക്കരിയെ സാങ്കേതികമായി പറയുകയാണെങ്കില്‍ “High quality and low grade” കല്‍ക്കരി എന്നാണ് വിശേഷിപ്പിക്കുക. ഇതര കല്‍ക്കരികളെ അപേക്ഷിച്ച് നമ്മുടെ കല്‍ക്കരിയില്‍ സള്‍ഫറിന്റെ അംശം (ഏകദേശം 0.03%) കുറവാണ് (ആയതിനാല്‍ high quality), എന്നാല്‍ ഇഞ്ചി സൂചിപ്പിച്ച പോലെ ചാരം വളരെയധികം (ഏകദേശം 40%) ഉണ്ട്, അതിനാല്‍ കലോറിഫിക്‍ വാല്യു കുറവാണ് (അത് കൊണ്ട് low grade). പക്ഷെ അത് കൊണ്ട് കാര്‍ബണ്‍ എമിഷന്‍സ് കൂടുമെന്ന് പറയുന്നത് ശുദ്ധ മണ്ടത്തരമാണ്. ചാരാംശം കൂടുതലുള്ളത് കൊണ്ട് ഒരു യൂണിറ്റ് പവര്‍ ഉണ്ടാക്കുവാന്‍ കൂടുതല്‍ കല്‍ക്കരി വേണ്ടി വരുന്നെന്നേ ഉള്ളൂ, പക്ഷെ കത്തുന്ന കാര്‍ബണിന്റെ അളവ് ഒന്നായതിനാല്‍ കാര്‍ബണ്‍ എമിഷന്റെ അളവും അത് തന്നെ ആയിരിക്കും. FBC (Fluid Bed Combustion) എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യന്‍ കല്‍ക്കരിയെ സുഗമമായി ഉപയോഗിക്കാവുന്നതേയുള്ളൂ.

ഇഞ്ചി മറ്റൊരിടത്ത് ഇങ്ങനെ പറയുന്നു”ഇന്ത്യയുടെ ഊര്‍ജ്ജ പ്രതിസന്ധി ഒരു രാഷ്ട്രീയ ഗിമ്മിക്കല്ല. ഇന്ത്യയുടെ ഊര്‍ജ്ജാവശ്യങ്ങള്‍ ഒരു ദിവസം ഇന്ത്യയില്‍ താമസിച്ചിട്ടുണ്ടെങ്കില്‍ പോലും വ്യക്തമാവേണ്ടതാണ്. ഇന്ത്യയുടെ ഒരു പട്ടണം പോലും പരിപൂര്‍ണ്ണമായി ഊര്‍ജ്ജപ്രതിസന്ധിയില്‍ നിന്നു വിമുക്തമല്ല. ഏറ്റവുമധികം വ്യവസായവല്‍ക്കരിക്കപ്പെട്ട മഹാരാഷ്ട്രയില്‍ പോലും 30% ആണു പീക്ക് ടൈമില്‍ പവര്‍ ഡെഫിസിറ്റ്. എന്നാല്‍ അതേ സമയം ചൈനയിലെ കുഗ്രാമങ്ങളില്‍ പോലും 90% വരെ വൈദ്യുതി ലഭ്യമാണ്.

ഇന്ത്യയെ പത്തമ്പത് വര്‍ഷത്തോളം ഭരിച്ചി(മുടിച്ച്)ട്ടും ഇപ്പോഴാണോ ബോധോദയം ഉണ്ടായത്? യാതൊരു ദീര്‍ഘവീക്ഷണവുമില്ലാതെ തീരുമാനങ്ങള്‍ എടുത്ത മുന്‍സര്‍ക്കാരുകളെയാണ് ഇതിനു് കുറ്റം‌ പറയേണ്ടത്. മഹരാഷ്ട്രയിലെ വൈദ്യുത മേഖലയില്‍ എന്‍റോണ്‍ എന്ന കുപ്രസിദ്ധ കമ്പനിയെ തൊണ്ണൂറുകളില്‍ കൊണ്ട് വന്നതും ഈ വലത്‌പക്ഷ വിഢികളാണ്‍. അന്ന് അതിനെതിരെ സംസാരിച്ച ജനങ്ങളുടെയോ, ഇടത്‌പക്ഷ സംഘടനകളുടെയോ വാക്കുകള്‍ ചെവിക്കൊള്ളാതെ എടുത്ത നടപടിയുടെ ഫലമാണ് ഇന്ന് മുംബൈ നഗരം‌ അനുഭവിക്കുന്നത്.

ചൈനയില്‍ മാതൃകാപരമായ വൈദ്യുതി നിര്‍മ്മാണ-വിതരണമാണ് നടക്കുന്നത് എന്ന് പറഞ്ഞതും വളരെ നല്ല കാര്യം (ഇഞ്ചി കാര്യങ്ങളെല്ലാം മനസ്സിലാക്കുന്നു). ഈ പറഞ്ഞ ചൈനയില്‍ വെറും 2 ശതമാനമാണ് ആണവ വൈദ്യുതി. അവിടെ പ്രധാനമായും താപ വൈദ്യുതിയും ജലവൈദ്യുതിയുമാണ് ഉപയോഗിക്കുന്നത്. ചൈനയില്‍ ആവിഷ്കരിച്ച് വിജയിച്ച മൈക്രോ ഹൈഡല്‍ പവര്‍ പ്ലാന്റുകള്‍ ഇന്ത്യയുടെ ഗ്രാമീണ സാഹചര്യങ്ങള്‍ക്ക് വളരെ അനുയോജ്യമാണ്.

എന്താണ് ഇന്ത്യക്ക് വേണ്ടത്?

(1) Energy Sustainability – “Sustainability is the ability to use the resources in such a way to meet the daily demands without compromising the needs of future generations”. അതായത് നാളത്തെ തലമുറയുടെ ആവശ്യങ്ങള്‍ക്ക് ഹാനികരമാകാത്ത രീതിയില്‍ വിഭവങ്ങളെ ഉപയോഗിച്ച് ഇന്നിന്റെ ആവശ്യങ്ങളെ നേടുക. വെറും നാല്‍പ്പത് വര്‍ഷത്തേക്കുള്ള ഈ കരാറില്‍, നാല്‍പ്പത് വര്‍ഷം കഴിഞ്ഞ് റിയാക്ടറുകള്‍ ഓടിക്കുവാനുള്ള ഇന്ധനം ആരു് തരും?

(2) Energy Security അല്ലെങ്കില്‍ ഊര്‍ജ്ജ സുരക്ഷ – യാതൊരു വിദേശ ശക്തിക്കും അടിപ്പെടാതെ ഇന്ത്യയില്‍ നിന്നുള്ള വിഭവങ്ങള്‍ ഉപയോഗിച്ച്, പറ്റുമെങ്കില്‍ ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഊര്‍ജ്ജം നിര്‍മ്മിക്കുക. ഇന്ന് നമ്മുടെ ഊര്‍ജ്ജാവശ്യങ്ങള്‍ക്കായി നാം ഭിക്ഷ യാചിക്കുന്നത് ഓപെക്കിനോടാണ് അത് നാളെ എന്‍ എസ്സ് ജി-യോടായിരിക്കും. നമ്മുടെ വിദേശ നയം അമേരിക്കയുടെ താല്‍പര്യത്തിനനുസരിച്ച് മാറ്റിയില്ലെങ്കില്‍ ഏകപക്ഷീയമായി കരാറില്‍ നിന്ന് പിന്മാറാനുള്ള വകുപ്പൊക്കെ ഈ കൊട്ടിഘോഷിക്കപ്പെടുന്ന ആണവക്കരാറിലുണ്ട്. നാം ആണവപ്ലാന്റുകള്‍ നിര്‍മ്മിക്കുവാന്‍ ചിലവാക്കുന്ന ലക്ഷക്കണക്കിനു് കോടി ഡോളറിനെ പറ്റി മാത്രം ഒന്നും പറയുന്നില്ല.

ഞാന്‍ മന്‍മോഹനായിരുന്നുവെങ്കില്‍….. (അല്ലെങ്കില്‍ ആണവക്കരാറില്ലാതെയും ജീവിക്കാമോ?)

(1) ഈ ലക്ഷക്കണക്കിന് കോടി ഡോളര്‍ സോളിഡ് ക്യാഷ് ആയിട്ട് എന്റെ കയ്യില്‍ ഉണ്ടായിരുന്നെങ്കില്‍, അതില്‍ ഒരു ചെറിയേ ഭാഗമെടുത്ത് പൊതു ഗതാഗത സംവിധാനം മെച്ചപ്പെടുത്തുവാനുള്ള നടപടികള്‍ സ്വീകരിച്ചേനെ. സാധാരണ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ബസ്സുകള്‍ (വോള്‍വ്വോയും ഗരുഡായുമല്ല) കൂടുതല്‍ വാങ്ങിക്കും, കൂടുതല്‍ റൂട്ടുകള്‍ ദേശസാല്‍ക്കരിക്കും.
(2) ഓര്‍ഡിനറി ബസ്സിലെ ചാര്‍ജ്ജ് സാധാരണ സ്വകാര്യ ബസ്സിനേക്കാള്‍ കുറയ്ക്കുവാന്‍ നടപടികളെടുക്കും. അധികം വരുന്ന ആള്‍ക്കാര്‍ അധിക വരുമാനമാണെന്ന് പറയേണ്ടല്ലോ?
(3) പൊതുഗതാഗത സം‌വിധാനങ്ങള്‍ക്ക് ഇന്ധനത്തില്‍ നികുതിയിളവ് കൊടുക്കുന്നതായിരിക്കും. ഇവയുടെ ഇന്ധനം ഒരു സ്വകാര്യ വാഹനത്തിലുപയോഗിക്കുവാന്‍ പറ്റാത്ത തരത്തിലുള്ള സാങ്കേതികവിദ്യ (അതായത് എന്തെങ്കിലും ഇന്ധനത്തില്‍ കലര്‍ത്തിയോ, ഇന്ധന ടാങ്കിന്റെയും നികുതി കുറഞ്ഞ ഇന്ധന ടാങ്കറിന്റെ നോസ്സിലിന്റെ വലിപ്പം‌ കൂട്ടിയുമോ ഒക്കെ) വികസിപ്പിച്ച് നടപ്പാക്കും.

ഈ (1), (2) & (3) എന്ത് കൊണ്ടെന്ന് ചോദിക്കും. ഒരു സ്വകാര്യ വാഹനം ഉപയോഗിക്കുന്നതിനെ അപേക്ഷിച്ച് ചിലവും ആളോഹരി ഇന്ധനവും പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് കുറവാണ്, ആയതിനാല്‍ ഇന്ധനോപയോഗവും, ഇന്ധനം‌ മൂലമുള്ള മലിനീകരണവും, സാധാരണ ജനങ്ങളുടെ കീശയും നന്നാക്കാം ഇവ മൂലം.

(4) ഇന്ത്യയുടെ പൊതു-വൈദ്യുത-ഗ്രിഡിന്‍ മേലുള്ള burden കുറയ്ക്കുന്നതിനായിട്ട്, localized ആയിട്ടുള്ള ചെറുകിട വൈദ്യുത നിലയങ്ങള്‍(micro power plants) നിര്‍മ്മിക്കും. ഗ്രിഡിനു് എത്തിപെടാന്‍ സാധ്യതയില്ലാത്തിടത്തൊക്കെ (or less feasible), decentralized-standalone-systems മുഖേന തദ്ദേശ്ശീയമായി ലഭിക്കുന്ന അസംസ്കൃത വസ്തുക്കള്‍ കൊണ്ട് വൈദ്യുതി നിര്‍മ്മിക്കും. സൗരോര്‍ജ്ജ-പവനോര്‍ജ്ജ പദ്ധതികള്‍ ഈ burden കുറയ്ക്കുവാന്‍ സഹായകരമാണ്.
(5) തദ്ദേശീയമായി നിര്‍മ്മിച്ചുപയോഗിക്കുവാന്‍ കഴിയുന്ന രീതിയിലുള്ള ജൈവ‌ഇന്ധന നിര്‍മ്മാണ-ഉപഭോഗ സംവിധാനങ്ങള്‍ വികസിപ്പിക്കുവാന്‍ തുക ചിലവഴിക്കും.
(6) ഇന്ത്യയില്‍ സുലഭമായി ലഭിക്കുന്ന തോറിയം ഉപയോഗിക്കുന്ന റിയാക്ടറുകളുടെ വികസനം ത്വരിതപ്പെടുത്തുവാനായി കൂടുതല്‍ വിഭവങ്ങളെ (men, money and material) allocate (എന്താ ഇതിന്റെ മലയാളം) ചെയ്യും. ഇഞ്ചി പറയുന്നതനുസരിച്ച് പത്ത് വര്‍ഷത്തിനുള്ളില്‍ ഇത് ശരിയാകുമെന്നാണ്. ഇവിടെ എന്റെ ഹോസ്റ്റലില്‍ ഉള്ള ഒരു സുഹൃത്തിന്റെ (പുള്ളി കല്‍പ്പാക്കത്ത് ജോലി ചെയ്യുകയാണ്) മൊഴിയനുസരിച്ച് ആദ്യ തോറിയം റിയാക്ടറില്‍ നിന്നും വൈദ്യുതി ഉണ്ടാക്കുവാന്‍ ഒരു മുപ്പത് കൊല്ലം‌ എങ്കിലും എടുക്കുമെന്നാണ്.

ആണവ വൈദ്യുതി ക്ലീനാണോ?

ആണവനെ ഉണ്ടാക്കുവാനായിട്ട് തുടങ്ങുന്ന ഖനനത്തില്‍ തൊട്ട് അതവസാനം കൊണ്ട് പോയി കളയുമ്പോള്‍ വരെ പ്രശ്നമാണ്. ഇഞ്ചിയുടെ പോസ്റ്റില്‍ പറഞ്ഞ പോലെ
“പ്രധാനമായും ജംഷെഡ്പൂറിലെ ജഗുദാദയില്‍ നിന്നുമാണ് യുറേനിയം(യെല്ലോ കേക്ക്) ഖനനം ചെയ്തെടുക്കുന്നത്. പക്ഷെ ഈ ഖനികള്‍ പലതും ഖനിസുരക്ഷാ വീഴ്ചകള്‍ നിമിത്തം ചുറ്റും താമസിക്കുന്ന ജനങ്ങള്‍ക്ക് അസുഖങ്ങള്‍ വരുത്തിവെക്കുന്നു എന്ന ആരോപണങ്ങളും”, ഇതാരോപണമല്ല, ശരി തന്നെയാണ്. ഖനനം ചെയ്യുമ്പോഴും, enrich ചെയ്യുമ്പോഴും, കൈകാര്യം ചെയ്യുമ്പോഴുമെല്ലാം അപകടകാരിയാണ് ഈ യുറേനിയം. കല്‍പ്പാക്കത്തേക്കുള്ള ആണവ ഇന്ധനം നമ്മുടെ കേരളത്തില്‍ കൂടി അതീവ രഹസ്യമായിട്ടാണ് കൊണ്ട് പോയത്. ആണവ വൈദ്യുതി നിര്‍മ്മിക്കുമ്പോള്‍ ഉണ്ടാകുന്ന ആണവ മലിനീകരണം fission waste കൊണ്ട് മാത്രമല്ല ഉണ്ടാകുന്നത്. അവിടെ ഉപയോഗിക്കുന്ന അനുബന്ധ വസ്തുക്കളായ മോഡറേറ്ററുകള്‍, ഹീറ്റ് എക്സ്ചേഞ്ചറിലുപയോഗിക്കുന്ന ദ്രാവകങ്ങള്‍ എല്ലാം തന്നെ മലിനീകരിക്കപ്പെടുന്നു.

നമ്മുക്ക് കിട്ടുവാന്‍ പോകുന്ന സാങ്കേതിക വിദ്യ പഴഞ്ചനാണ്. അമേരിക്ക തന്നെ ഒരു ആണവ നിലയം സ്ഥാപിച്ചിട്ട് പന്ത്രണ്ട് വര്‍ഷത്തോളമായി. അമേരിക്കയ്ക്ക് വേണ്ടാത്ത ഗുണനിലവാരം കുറഞ്ഞ സാങ്കേതിക വിദ്യ എന്തിനാണ് ഇന്ത്യയുടെ മേല്‍ dump ചെയ്ത് ലാഭമുണ്ടാക്കുവാന്‍ ശ്രമിക്കുന്നത്?

ആണവ അപകടങ്ങള്‍ ഒന്നും തന്നെ പുറത്ത് പോകുന്നില്ല. ഈ പറഞ്ഞ ഫ്രാന്‍സില്‍ തന്നെ ഈയടുത്ത കാലത്ത് ഒരു ആണവ അപകടം ഉണ്ടായി. ആരറിഞ്ഞു? ഈ ലോകത്തുണ്ടായ ആണവ അപകടങ്ങളെ പറ്റി ഇവിടെ നിന്നും വായിക്കാം. വേണമോ നമ്മുടെ വീടിന്റെ അടുത്തൊരു ആണവ നിലയം?

ആണവ വൈദ്യുതി ചിലവു് കുറഞ്ഞതാണോ?

മനഃപൂര്‍വ്വമാണോ അല്ലെങ്കില്‍ മനസ്സില്ലാക്കാഞ്ഞത് കൊണ്ടോ അല്ലെങ്കില്‍ വാദം ശരിയെന്ന് തെളിയിക്കുവാനുള്ള ധൃതി കൊണ്ടോ ഇഞ്ചി ഒരു കാര്യം അതി വിദഗ്ധമായി തെറ്റിച്ചു. ഇഞ്ചി ഇങ്ങനെ പറയുകയുണ്ടായി

അതേ സമയം ആണവ പ്ലാന്റുകള്‍ നിര്‍മ്മിക്കാനുള്ള ചിലവുകള്‍ 50mn/Mwe രൂപയിലും, വൈദ്യുതി യൂണിറ്റ് ചിലവ് രൂപ 2.50/യൂണിറ്റ് ആയാണ് കണക്കുകൂട്ടപ്പെട്ടിരിക്കുന്നത്.

ആണവപ്ലാന്റുകളുടെ capital cost എന്ന് പറയുന്നത് കല്‍ക്കരി നിലയങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ആണവ പ്ലാന്റുകളുടെ operating cost കല്‍ക്കരി നിലയങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും ഒരു നിലയത്തിന്റെ cost/unit നിര്‍ണ്ണയിക്കുമ്പോള്‍ de-commissioning costs കൂടി പരിഗണിക്കേണ്ടതായിട്ടുണ്ട്. Life-extension എന്നത് ആണവപ്ലാന്റുകളില്‍ പ്രായോഗികമല്ല, മറ്റ് സാങ്കേതികവിദ്യകളെ അപേക്ഷിച്ച് നോക്കുമ്പോള്‍. ആയതിനാല്‍, ഒരി നിശ്ചിത കാലം കഴിയുമ്പോള്‍ ഇവ ഡീകമ്മീഷന്‍ ചെയ്യേണ്ടതായി വരുന്നു. ഈ ഡീ-കമ്മീഷനിങ്ങ് കോസ്റ്റ് ഉള്‍പടെ ആണവവൈദ്യുതിയുടെ ചിലവു് എന്ന് പറയുന്നത് ഏകദേശം Rs. 8-9/unit ആണ്. ഗ്രാമ പ്രദേശങ്ങളിലെ സാധാരണക്കാരന്‍ ഉപയോഗിക്കുവാന്‍ പറ്റിയ സാധനം!!!

മറ്റൊന്ന് പറയുവാനുള്ളത്, ആണവ‌ഇന്ധനത്തിന്റെ വില വര്‍ധന പെട്രോളിയം വിലവര്‍ദ്ധനയേക്കാള്‍ ഭീകരമത്രെ. അപ്പോള്‍ തീര്‍ച്ചയായും ചെലവു് കുറഞ്ഞ വൈദ്യുതി തന്നെ നമ്മുക്ക് പ്രതീക്ഷിക്കാം…

ഇന്ത്യക്ക് ആണവക്കരാര്‍ തോന്നുമ്പോള്‍ കാറ്റില്‍ പറത്താമോ?

ലക്ഷക്കണക്കിനു് കോടി ഡോളര്‍ ചിലവഴിച്ച് കുറെ ആണവനിലയങ്ങള്‍ സ്ഥാപിച്ച് കഴിഞ്ഞ് കുറെ തൊഴിലുകളും നല്‍കി പിന്നെ ഈ ആണവക്കരാറില്‍ നിന്നും പിന്മാറുവാന്‍ തലയില്‍ ഓളം വെട്ടണം. ഈ കരാറില്‍ നിന്ന് ആരു് പിന്മാറിയാലും നഷ്ടം ഇന്ത്യക്ക് തന്നെയാണ്. ഇനി പിന്മാറാനായിട്ടാണ് കരാറില്‍ ഒപ്പ് വയ്ക്കുന്നത് എങ്കില്‍ പിന്നെ ഊര്‍ജ്ജ സുരക്ഷയെ പറ്റിയും മറ്റും എന്തിനു് വാചാല(ന്‍/ര്‍)യാകുന്നു. ഇതിനെക്കാള്‍ നല്ല എത്രെയോ options നമ്മുടെ മുന്നിലുള്ളപ്പോള്‍ എന്തിന് ഇതിന് വേണ്ടി ഇവിടെ ചിലര്‍ നിര്‍ബന്ധം പിടിക്കുന്നു? അതിനുള്ള ഉത്തരം എന്നേക്കാള്‍ വിവരമുള്ളവര്‍ ഇവിടെ പറഞ്ഞു കഴിഞ്ഞു.

കൂടുതല്‍ വായനയ്ക്ക്:-

(1) ആണവകരാര്‍: 10 തെറ്റിദ്ധാരണകള്‍
(2) ആണവ മറിമായങ്ങള്‍
(3) ന്യൂക്ലിയര്‍വല്‍ക്കരിക്കപ്പെടുന്ന സ്വാതന്ത്ര്യം
(4) രാഹുല്‍, കലാവതിക്കു വേണ്ടത് അന്നമാണ്; ആണവോര്‍ജ്ജമല്ല
(5) ആണവകരാറും അവസരവാദവും
(6) ആണവക്കരാര്‍ ആര്‍ക്കുവേണ്ടി?
(7) ആണവ വികിരണമേല്‍ക്കുന്ന ഫ്രെഞ്ച് തൊഴിലാളികള്‍
(8) ആണവോര്‍ജ്ജത്തിനു ബദല്‍ മൈക്രോ ഉത്പാദനം
(9) ഫ്രഞ്ച് ആണവ ചോര്‍ച്ച: അധികാരികള്‍ വെള്ളത്തിന്റെ ഉപയോഗം നിരോധിച്ചു
(10) എന്തുകൊണ്ട് ആണവോര്‍ജ്ജം ഒരു പരിഹാരമല്ല
(11) ഇന്‍ഡോ-അമേരിക്കന്‍ ആണവ കരാര്‍ പിന്‍വലിക്കുക
(12) ആണവ നിലയങ്ങളേക്കുറിച്ചുള്ള ചില യാഥാര്‍ത്ഥ്യങ്ങള്‍
(13) ആണവക്കരാറിനെക്കുറിച്ചുള്ള പക്ഷപാതവീക്ഷണത്തിനൊരു എതിര്‍പക്ഷാഭിപ്രായം (A must read continuation for the reply in this post)
(14) ആണവക്കരാര്‍ – ഓര്‍മ്മിക്കേണ്ട എട്ടുകാര്യങ്ങള്‍
ഇതെല്ലാം വായിച്ച ശേഷം ചിന്തിക്കുക…. തീരുമാനിക്കുക…പ്രവര്‍ത്തിക്കുക!!!!! ഈ ഒരു അപകട-കരാര്‍ നമ്മുക്ക് വേണമോ? ഈ കരാറിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ആരാണ്?

പ്രതികരണങ്ങള്‍ക്ക് ചില മറുപടികള്‍:-

@N.J ജോജൂ

ലേഖനം വായിച്ചതിനും പ്രതികരിച്ചതിനും ആദ്യം തന്നെ നന്ദി പറഞ്ഞ് കൊള്ളട്ടെ. ആണവക്കരാറെന്നല്ല ആണവോര്‍ജ്ജമേ മനുഷ്യന്‍ ആപത്ത് എന്ന, ഇടത് പക്ഷത്തേക്കാള്‍ restrictive ആയ, ചിന്താഗതിക്കാരനാണ് ഞാന്‍. ഇടത്‌പക്ഷതത്വശാസ്ത്രങ്ങളിലൊക്കെ വിശ്വസിച്ച് തുടങ്ങും മുന്പേ ഈ ആണവക്കരാറിനു് എതിരായിരുന്നു ഞാന്‍. എന്റെ ആദ്യകാല പോസ്റ്റുകള്‍ വായിച്ചാല്‍ അത് മനസ്സിലാകും.

മറുപടി #1 (ref)

NPT-യില്‍ ഒപ്പ് വയ്ക്കാത്ത രാജ്യങ്ങളുമായി ആണവസഹകരണത്തിലേര്‍പ്പെടുവാന്‍ സാധാരണ ഗതിയില്‍ അമേരിക്കന്‍ പ്രസിഡന്റിനധികാരമില്ല. “ചില പ്രത്യേകസാഹചര്യങ്ങളില്‍” (അതെന്തെന്ന് ഇത് വരെ വ്യക്തമല്ല) ഇന്ത്യക്ക് വേണ്ടി ഈ കര്‍ശന വ്യവസ്ഥയില്‍ നിന്ന് അയഞ്ഞ് കൊടുക്കുവാന്‍ അല്ലെങ്കില്‍ ആണവസഹകരണത്തിലേര്‍പ്പെടുവാനുള്ള നിയമ ഭേദഗതിയാണ് ഹൈഡ് ആക്ട്. അതായത് ഹൈഡ് ആക്ടില്ലെങ്കില്‍ 123 കരാറില്ല. ഹൈഡ് ആക്ടിലെ കാര്യങ്ങള്‍ ശരിയായി നടത്തിക്കുവാന്‍ അമേരിക്കന് ഭരണകൂടം ബാധ്യസ്ഥരാണ്. ഇന്ത്യ പാലിക്കുകയില്ല എന്ന് എവിടെയും പ്രത്യക്ഷത്തില്‍ ഉറപ്പ് കൊടുത്തിട്ടില്ലെങ്കിലും ആണവസഹകരണക്കരാറില്‍ ഒപ്പ് വയ്ക്കുന്നത് ഈ ഹൈഡ് ആക്ടിനെ പരോക്ഷമായി അംഗീകരിക്കുന്നതിന് തുല്യമാണ്.

മറുപടി #2 (ref)

ആണവശക്തികളല്ലാത്ത ഒരു രാജ്യവും ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതിനും, നിര്‍മ്മിക്കുന്നതിനും സൂക്ഷിക്കുന്നതിനും ഉള്ള അധികാരങ്ങള്‍ അടിയറ വെച്ച് ആണവനിര്‍വ്യാപനം ആ രാജ്യങ്ങളില്‍ മാത്രമൊതുക്കുക എന്ന, പ്രത്യക്ഷത്തില്‍ തന്നെ വൃത്തികെട്ടതായ വ്യവസ്ഥയുള്ള ഒരു കരാറാണ് NPT. 1975 മുതല്‍ തന്നെ ആണവായുധം കൈവശമുണ്ടെങ്കിലും ഇന്ത്യയെ ഒരു ആണവശക്തിയായി (nuclear capable country) ഇത് വരെ അംഗീകരിച്ചിട്ടില്ല. അതേ സമയം നാറ്റോ രാജ്യങ്ങള്‍ക്ക് ആണവായുധം കൈമാറാനും സൂക്ഷിക്കുവാനുമൊക്കെ അമേരിക്കയ്ക്ക് ഒരു പ്രശ്നവുമില്ല. ഇതില്‍ നിന്നും ആണവായുധ നിര്‍വ്യാപനമല്ല അമേരിക്കയുടെ ലക്ഷ്യം എന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്.

മറുപടി #3 (ref)

വികസിത രാജ്യങ്ങള്‍ വികസ്വര രാജ്യങ്ങള്‍ക്കും അവികസിത രാജ്യങ്ങള്‍ക്കും എല്ലിന്‍ കഷ്ണങ്ങളും, മീന്‍ മുള്ളുമൊക്കെ കൊടുത്തിട്ട് നാളെ ഞാന്‍ വരുമ്പോള്‍ ഇവിടെ ഇങ്ങനെയൊക്കെ കാണരുത്, അവിടെ അങ്ങനെയൊക്കെ വേണം എന്ന് പറഞ്ഞ് അധികാരമുറപ്പിക്കുന്ന പ്രക്രിയയെ വിളിക്കുന്ന പേരാണ് നിയോ-കൊളോണിയലിസം. ആണവക്കരാര്‍ ഒപ്പിട്ട് കഴിഞ്ഞാല്‍ അമേരിക്കയുടെ താല്‍പര്യത്തിനനുസരിച്ച് തുള്ളേണ്ടതായി വരും. ലോക സമാധാനത്തിന് നൊബേല്‍ സമ്മാനം ലഭിച്ച നെല്‍സണ്‍ മണ്ടേല അമേരിക്കന്‍ തീവ്രവാദി പട്ടികയില്‍ പെട്ടിരുന്നു, വര്‍ണ്ണവിവേചനത്തിനെതിരെ പ്രതികരിച്ച ആന്റി-അപാര്‍ത്തീഡ് എന്ന സംഘടനയും ഈ തീവ്രവാദിപ്പട്ടികയില്‍ ഇടംപിടിച്ചിരുന്നു, WMD ഉണ്ടെന്നാരോപിച്ച് ഒരു ഭരണാധികാരിയെ വധിക്കുകയും അവിടുത്തെ ജനജീവിതം താറുമാറാക്കുകയും ചെയ്ത ഒരു രാജ്യവുമായിട്ട് ഒരിടപാട് വേണമോ? കാശ് തരാമെന്ന് പറഞ്ഞാല്‍ വേശ്യയുടെ കൂടെയും പോകുമോ?

മറുപടി #4 (ref1 and ref2)

അമേരിക്കയുടെ നയം പ്രത്യക്ഷത്തില്‍ ആണവനിര്‍വ്യാപനം ആയിരിക്കാം. ആണെങ്കില്‍ തന്നെ സ്വന്തം കയ്യിലുള്ള ആണവായുധങ്ങളെല്ലാം നശിപ്പിച്ചാണ് അമേരിക്ക മാതൃക കാട്ടേണ്ടിയിരുന്നത്. സ്വന്തം കയ്യിലുള്ള ആണവായുധങ്ങളില്‍ നാമമാത്രമായ കുറവു് വരുത്തുകയും, സഖ്യ‌കക്ഷികള്‍ക്ക് അവ കൈമാറുകയും ചെയ്യുന്നതിന് അമേരിക്ക ഒരു മടിയും കാണിക്കുന്നില്ല. ഇതോ ആണവനിര്‍വ്യാപനം?

മറുപടി #5 (ref)

ആണവോര്‍ജ്ജമില്ലാതെയും നമ്മുടെ ഊര്‍ജ്ജാവശ്യങ്ങള്‍ എങ്ങനെ നിറവേറ്റാമെന്ന് എന്റെ പോസ്റ്റില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. മൈക്രോ ഹൈഡല്‍ പ്രോജക്ടുകള്‍ പ്രകൃതിയെ വന്‍കിട ജലവൈദ്യുത പദ്ധതികളെ പോലെ ബാധിക്കുന്നില്ല എന്ന കാര്യം സൂചിപ്പിച്ച് കൊള്ളട്ടെ. ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മൈക്രോ ഹൈഡല്‍ പ്രോജക്ടുകള്‍ ഇപ്പോള്‍ തന്നെ വന്ന് തുടങ്ങിയിട്ടുണ്ട്. മൈക്രോ പവര്‍ പ്രോജെക്ട് എന്ന് പറയുന്നതാണ് കൂടുതല്‍ general ആയ വാക്ക് – ചെറുകിട ഊര്‍ജ്ജ പദ്ധതികള്‍. ഇവ ജലവൈദ്യുതി തന്നെ ആകണമെന്നില്ല. മുന്‍സിപ്പല്‍-ജൈവാവശിഷ്ടങ്ങളില്‍ നിന്നും ഉല്പാദിപ്പിക്കുന്ന ബയോഗ്യാസ് ഉപയോഗിച്ച് വൈദ്യുതി നിര്‍മ്മിക്കുക, പവനോര്‍ജ്ജം, സൗരോര്‍ജ്ജം ഇവയൊക്കെ മൈക്രോ പവര്‍ പ്രോജക്ടുകളിലൂടെ ഫലവത്താക്കാവുന്ന സാങ്കേതികവിദ്യകളാണ്. Energy security, Energy sustainability, low-cost-energy തുടങ്ങിയവയൊക്കെ വെച്ച് നോക്കുമ്പോള്‍ ഏത് ആണവനേക്കാളും മികച്ച് നിക്കുന്നവയാണ് ഇതൊക്കെ.

പരിസ്ഥിതിയെ മറന്ന് കൊണ്ട് ഒരു കാര്യവും ചെയ്യരുത് എന്ന് തന്നെയാണ് എന്റെ അഭിപ്രായവും. ഒരു വന്‍കിട ഡാം, അതിന്റെ കാലാവധി കഴിഞ്ഞാല്‍ മറ്റൊരിടത്ത് നിര്‍മ്മിച്ച് പഴയതിന്റെ കുറവു് നികത്തുവാന്‍ സാധിക്കും, എന്നാല്‍ പഴയ ഡാം വരുത്തി വെച്ച ജൈവ-നശീകരണത്തെ പൂര്‍വ്വസ്ഥിതിയിലാക്കുവാന്‍ ഒട്ടും തന്നെ സാധിക്കുന്നില്ല. പ്രകൃതിയില്ലെങ്കില്‍ മനുഷ്യനുമില്ല. ഈ ആണവനിലയം ഡീ-കമ്മീഷന്‍ ചെയ്ത സ്ഥലത്ത് പിന്നെ ആരെങ്കിലും വരുമോ?

മറുപടി #6 (ref)

ഇന്ത്യയുടെ 3 stage nuclear programme-ന്റെ ആദ്യ ഘട്ടത്തില്‍ സ്വാഭാവിക U-235 ഉപയോഗിച്ചുള്ള pressurized heavy water reactor-ലൂടെ പ്ലൂട്ടോണിയം നിര്‍മ്മിക്കുന്നു. രണ്ടാം ഘട്ടത്തില്‍ ഈ പ്ലൂട്ടോണിയം fast breeder reactor-ല്‍ ഉപയോഗിച്ച് തോറിയത്തില്‍ നിന്നും U-233 നിര്‍മ്മിക്കുന്നു. മൂന്നാമത്തെ ഘട്ടത്തില്‍ ഈ U-233 വൈദ്യുത നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു.

IAEA-യുടെ സുരക്ഷാമാനദണ്ഡങ്ങള്‍ അനുസരിച്ച് നമ്മുടെ പ്ലൂട്ടോണിയം നിര്‍മ്മാണ തോത് വര്‍ഷത്തില്‍ നൂറ് ഗ്രാമായി പരിമിതപ്പെടുത്തണം. സൂക്ഷിക്കുവാന്‍ പറ്റുന്ന കൂടിയ അളവ് എന്ന് പറയുന്ന ഒരു കിലോഗ്രാമും. ഇങ്ങനെ പോയാല്‍ നമ്മുടെ തോറിയം വൈദ്യുതി…. ഗോവിന്ദാ …. ഗോവിന്ദാ!!!

പിന്നെ ഒരു തരത്തിലുമുള്ള ആണവോര്‍ജ്ജത്തെയും ഞാന്‍ അനുകൂലിക്കുന്നില്ല (പോസ്റ്റില്‍ ഒരു ഒഴുക്കില്‍ അങ്ങ് എഴുതിപ്പോയതാണ്). നമ്മുക്ക് വേണ്ടത് renewable sources-നെ ആശ്രയിച്ച് കൊണ്ടുള്ള ഒരു ഊര്‍ജ്ജ സംസ്കാരമാണ്. ആണവോര്‍ജ്ജത്തെ renewable source ആയി അംഗീകരിക്കാന്‍ എനിക്ക് പറ്റില്ല, ഞാന്‍ അങ്ങനെയല്ല അതിനെ പറ്റി പഠിച്ചതും.

Possibly Related Posts:


HCCI – Homogeneous Charge Compression Ignition

പെട്രോള്‍ എഞ്ചിനുകളുടെയും ഡീസല്‍ എഞ്ചിനുകളുടെയും പ്രത്യേകതകള്‍ കൂടിയുള്ള ഒരു എഞ്ചിന്‍ സങ്കേതികവിദ്യയാണ് HCCI. പരമ്പരാഗത പെട്രോള്‍ എഞ്ചിനുകളിലെ പോലെ സിലിണ്ടറിലേക്ക് കടത്തും മുമ്പ് ഇന്ധനവും ഓക്സീകാരിയും കൂട്ടിക്കലര്‍ത്തുകയും, ഡീസല്‍ എഞ്ചിനുകളിലെ പോലെ സ്പാര്‍ക്‍പ്ലഗ്ഗ് ഉപയോഗിക്കാതെ, അവ കംപ്രഷന്‍ മൂലമുണ്ടാകുന്ന അതിമര്‍ദ്ദ-താപത്താല്‍ സ്വയം കത്തി പിടിക്കുകയും ചെയ്യുന്നു.

എന്നാല്‍ HCCI എഞ്ചിനുകള്‍ പെട്രോള്‍/ഡീസല്‍ സങ്കേതവുമായി പല തരത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ഒരു പെട്രോള്‍ എഞ്ചിനില്‍ സ്പാര്‍ക്ക് വഴിയാണ് ജ്വലനപ്രക്രിയ ആരംഭിക്കുന്നത്. സ്പാര്‍ക്‍പ്ലഗ്ഗിന്റെ അടുത്ത് നിന്നും തുടങ്ങുന്ന ജ്വാല പയ്യെ സിലിണ്ടറിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. ഈ പ്രക്രിയയെ ജ്വാലാ-പ്രയാണം (flame propagation) എന്ന് വിളിക്കാം. പെട്രോള്‍ എഞ്ചിന്റെ മാത്രം പ്രത്യേകതയാണത്. താഴെ കൊടുത്തിരിക്കുന്ന ചിത്രം ഒരു പെട്രോള്‍ എഞ്ചിനിലെ ജ്വാലാ-പ്രയാണത്തെയാണ് കാണിക്കുന്നത്.

പെട്രോള്‍ എഞ്ചിനിലെ ജ്വാലാ-പ്രയാണം (ഈ ചിത്രത്തിന് പകര്‍പ്പവകാശം ഉള്ളതാണ്, ഈ ബ്ലോഗ്ഗിനുള്ള ക്രിയേറ്റീവ് കോമണ്‍സ് അനുമതി പത്രം ഈ ചിത്രത്തിന് ബാധകമല്ല)

എന്നാല്‍ ഡീസല്‍ എഞ്ചിനിലാകട്ടെ അത്തരമൊരു ജ്വാലാ-പ്രയാണം ഉണ്ടാകുന്നില്ല. ഡീസല്‍ എന്‍ജിനില്‍ ഇന്ധനം സിലിണ്ടറിനുള്ളിലേക്ക് കടത്തിവിടുന്നത് ഇന്‍ജെക്ടര്‍ വഴിയാണല്ലോ. ഇത് നടക്കുന്നതും യഥാര്‍ത്ത കത്തല്‍ നടക്കുന്നതും തമ്മിലുള്ള ഇടവേള ചെറുതായതിനാല്‍ ഇന്ധനവും വായുവും പൂര്‍ണ്ണമായി കലരുവാനുള്ള സമയം ലഭിക്കുകയില്ല. അതിനാല്‍ തന്നെ പെട്രോള്‍ എഞ്ചിനിലെ പോലെ ഒരു ഫ്ലെയിം പ്രൊപ്പോഗേഷന്‍ ഇവിടെ നടക്കുന്നില്ല. എന്നാല്‌ ഇന്ധന-വായു മിശ്രിതം അനുകൂലമായ സ്ഥലങ്ങളില്‍ (അതായത് combustibility range-ന് ഉള്ളില്‍, ഡീസലിന് ഇത് ഏകദേശം 17-80 വായു-ഇന്ധന അനുപാതം വരെയാണ്) മാത്രം ജ്വലനം നടക്കുന്നു. ഡീസല്‍ എഞ്ചിനില്‍ ഇന്ധനം ഇന്‍ജെക്ട് ചെയ്യുമ്പോഴുണ്ടാകുന്ന ജ്വലനത്തെയാണ് താഴെ കാണിച്ചിരിക്കുന്ന ചിത്രം കാണിക്കുന്നത്.

ഡീസല്‍ എഞ്ചിനിലെ ജ്വലന പ്രക്രിയ (ഈ ചിത്രത്തിന് പകര്‍പ്പവകാശം ഉള്ളതാണ്, ഈ ബ്ലോഗ്ഗിനുള്ള ക്രിയേറ്റീവ് കോമണ്‍സ് അനുമതി പത്രം ഈ ചിത്രത്തിന് ബാധകമല്ല)

HCCI എഞ്ചിനുകളില്‍ പെട്രോള്‍ എഞ്ചിനുകളിലെ പോലെ homogeneous ആയ, എന്നാല്‍ വളരെ കട്ടി കുറഞ്ഞ (lean, വായു-ഇന്ധന മിശ്രിതം വളരെ കൂടിയ) ആണ് പോകുന്നത്, അവിടെയും ജ്വലനം പല പല ബിന്ദുക്കളിലായി ഏകദേശം ഒരേ സമയത്തായാണ് നടക്കുന്നത്. ഇതിനാല്‍ തന്നെ ജ്വലനത്തെ (പ്രത്യേകിച്ച് ജ്വലനത്തിന്റെ തുടക്കത്തെ) കൃത്യതയോടെ നിയന്ത്രിക്കുവാന്‍ നമ്മുക്ക് കഴിയുന്നില്ല. ഒരു HCCI എഞ്ചിനിലെ ജ്വലനപ്രക്രിയയെ ആണ് താഴെ കാണിച്ചിരിക്കുന്നത്.

HCCI എഞ്ചിനിലെ ജ്വലന പ്രക്രിയ
(ഈ ചിത്രത്തിന് പകര്‍പ്പവകാശം ഉള്ളതാണ്, ഈ ബ്ലോഗ്ഗിനുള്ള ക്രിയേറ്റീവ് കോമണ്‍സ് അനുമതി പത്രം ഈ ചിത്രത്തിന് ബാധകമല്ല)

ഈ ചിത്രം കണ്ടാല്‍ മേല്‍ പറഞ്ഞ പ്രക്രിയകള്‍ കുറച്ച് കൂടി നന്നായി മനസ്സിലാകും.

ഒന്നാമത്തെ ചിത്രത്തില്‍ ഒരു ഡീസല്‍ എഞ്ചിന്റെ ചിത്രമാണുള്ളത്. ഇന്‍ഞ്ചക്ടറിന്റെ അടുത്തുള്ള അനുകൂലമയാ അവസ്ഥകളില്‍ ജ്വലനം സംഭവിക്കുന്നു. രണ്ടാമത്തെ ചിത്രത്തില്‍ സ്പാര്‍ക്‍പ്ല്ഗ്ഗില്‍ നിന്നും ജ്വലന പ്രയാണം ആരംഭിക്കുന്നു. മൂന്നമത്തേതിലാകട്ടെ പല ബിന്ദുക്കളില്‍ ഒരേ സമയത്തായി ജ്വലനം നടക്കുകയാണ്.
(ചിത്രത്തിന് കടപ്പാട്: New Scientist magazine (January 2006), ഈ ചിത്രത്തിന് പകര്‍പ്പവകാശം ഉള്ളതാണ്, ഈ ബ്ലോഗ്ഗിനുള്ള ക്രിയേറ്റീവ് കോമണ്‍സ് അനുമതി പത്രം ഈ ചിത്രത്തിന് ബാധകമല്ല)

പരമ്പരാഗത ഡീസല്‍ എഞ്ചിനുകളില്‍ സിലിണ്ടറിനുള്ളിലേക്ക് ഡീസല്‍ ഇന്‍ജക്ട് ചെയ്യകയാണ് ചെയ്യുന്നത് (സിലിണ്ടറിനുള്ളില്‍ പിസ്റ്റണിന്റെ മുകളിലോട്ടുള്ള സഞ്ചാരത്തിന്റെ അവസാനത്തോടടുക്കുമ്പോഴാണ് സാധാരണ ഗതിയില്‍ ഇന്‍ജക്ഷന്‍ പ്രക്രിയ നടക്കുന്നത്). പെട്രോള്‍ എഞ്ചിനുകളിലാകട്ടെ കാര്‍ബുറേറ്ററോ അല്ലെങ്കില്‍ പോര്‍ട്ട് ഇന്‍ജെക്ഷനോ, മാനിഫോള്‍ഡ് ഇന്‍ജെക്ഷനോ വഴി ആയിരിക്കും. അതായത് സിലിണ്ടറിനുള്ളില്‍ ഉള്ളത് ഏകദേശം homogeneous ആയിട്ടുള്ള ഒരു മിശ്രിതം ആയിരിക്കും. സിലിണ്ടറിനുള്ളിലേക്ക് നേരിട്ട് പെട്രോള്‍ ഇന്‍ജക്ട് ചെയ്യുന്ന GDI-യെ (Gasoline Direct Injection) പറ്റിയും (ഇവിടെ പ്രസക്തിയില്ലെങ്കിലും) പറഞ്ഞു കൊള്ളട്ടെ. HCCI എഞ്ചിനുകളിലാണെങ്കില്‍ മുമ്പ് പറഞ്ഞ പോലെ സിലിണ്ടറിനുള്ളിലേക്ക് കടത്തി വിടുന്നതിന് മുമ്പ്, വായുവുമായി കലര്‍ത്തുന്നു (പെട്രോള്‍ എഞ്ചിനുകളിലെ പോലെ). അങ്ങനെ ചെയ്യുന്നതിന്റെ പ്രയോജനം എന്തെന്ന് വെച്ചാല്‍ ഒരു ഏകദേശം homogenous ആയിട്ടുള്ള ഒരു ഇന്ധന-വായു മിശ്രിതം ഉണ്ടാക്കുവാനുള്ള സമയം കിട്ടുന്നു (ഡീസല്‍ എഞ്ചിനില്‍ ഇതിനുള്ള സമയം വളരെ കുറവാണ് എന്ന് നേരത്തെ പറഞ്ഞത് ഇതുമായി കൂട്ടിവായിക്കേണ്ടതാണ്)

HCCI സാങ്കേതികവിദ്യ കൊണ്ട് പല പ്രയോജനങ്ങളുണ്ട്. സാധരണ രീതികളില്‍ കൂടി NOx-ഉം soot-ഉം (കരി) ഒരുമിച്ച് കുറയ്ക്കുവാനാകില്ല. എന്നാല്‍ HCCI സാങ്കേതിക വിദ്യയിലൂടെ ഇവ രണ്ടും കുറയ്ക്കുവാന്‍ കഴിയും. സാധാരണ വണ്ടികളെ അപേക്ഷിച്ച് അവ കുറവായിരിക്കും എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ? കട്ടി കുറഞ്ഞ ഇന്ധന-വായു മിശ്രിതം ഉപയോഗിക്കുന്നത് മൂലം ഇന്ധനക്ഷമതയും താരതമ്യേനെ കൂടുതലായിരിക്കും.

പെട്രോള്‍, ബയോഗ്യാസ്, എല്‍ പി ജി, സി എന്‍ ജി, ഡീസല്‍, ബയോഡീസല്‍, ആല്‍ക്കഹോള്‍, ഹൈഡ്രജന്‍ തുടങ്ങി ഏത് തരം ഇന്ധനവും ഇതില്‍ ഉപയോഗിക്കാം. എന്നാല്‍ പൊതുവെ ഒക്ടേന്‍ സൂചകം (Octane Number*) കൂടുതല്‍ ഉള്ള ഇന്ധനങ്ങള്‍ക്ക് (പെട്രോള്‍, ബയോഗ്യാസ്, ആല്‍ക്കഹോള്‍ മുതലായവ) ആണ് പെര്‍ഫോമന്‍സ് കൂടുതല്‍. ഇത്തരം ഇന്ധനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സമ്മര്‍ദ്ദം (compression) കൊണ്ട് മാത്രം ആ ഇന്ധനത്തിന്റെ self ignition temperature എത്തുവാന്‍ പറ്റിയെന്നു വരില്ല (കൌതുകകരമായ ഒരു കാര്യം, പെട്രോള്‍ ഡീസലിനേക്കാള്‍ പെട്ടെന്ന് ആവിയാകുമെങ്കില്ലും പെട്രോളിന്റെ self ignition temperature എന്നത് ഡീസലിനേക്കാള്‍ കൂടുതലാണ്, അതായത് പെട്രോള്‍ കത്തണമെങ്കില്‍ ഡീസലിനേക്കാള്‍ ഉയര്‍ന്ന താപനില വേണ്ടിവരും). ഇത് പലതരം പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നു, പ്രത്യേകിച്ചും സ്റ്റാര്‍ട്ടിങ്ങില്‍. എഞ്ചിന്‍ തണുത്തിരിക്കുന്ന അവസ്ഥയില്‍ ഇന്ധനം കത്തിക്കുവാന്‍ സാധാരണ ഗതിയില്‍ തന്നെ ബുദ്ധിമുട്ടാണ്, പിന്നെ കത്തുവാന്‍ പ്രയാസമുള്ള ഇന്ധനങ്ങള്‍ കൂടി ഉപയോഗിച്ചാലുള്ള കാര്യം പറയണമോ. അത്തരം അവസരങ്ങളില്‍ നമ്മള്‍ അകത്തേക്ക് കടത്തി വിടുന്ന മിശ്രിതത്തെയോ ഇന്‍ജക്ട് ചെയ്യുന്നതിനു മുമ്പ് വായുവിനെയോ ചൂടാക്കി വിടുന്നു. സ്റ്റാര്‍ട്ടാക്കല്‍ എന്നാലും ഒരു പ്രശ്നം തന്നെയാണ് HCCI എഞ്ചിനുകളില്‍. അതിന് പരിഹാരമായി സ്റ്റാര്‍ട്ടാക്കുന്ന സമയത്ത് മാത്രം സ്പാര്‍ക്‍ നല്‍കുകയും, എഞ്ചിന്‍ ഒന്ന് ചൂടായ ശേഷം ഒരു പ്രത്യേക സ്പീഡില്‍ എത്തിയ ശേഷം HCCI ആക്കുകയും (അതായത് ആ സമയത്ത് സ്പാര്‍ക്‍ പ്ലഗ്ഗ് ഓഫാക്കും**).

സ്റ്റാര്‍ട്ടിങ്ങ് അവസ്ഥയിലുള്ള എഞ്ചിനെ “low load” എന്നും ഏറ്റവും ഉച്ചത്തിലുള്ള അവസ്ഥയെ (ഉദാഹരണത്തിന് ഒരു കയറ്റം കയറുമ്പോഴൊക്കെ, എഞ്ചിന്‍ അതിന്റെ കഴിവിന്റെ പരമാവധി ജോലി ചെയ്യുന്ന അവസ്ഥയെ) “high load” എന്നും അതിന്റെ ഇടയ്ക്കുള്ള അവസ്ഥയെ “part load” എന്നുമാണ് സാങ്കേതിക ഭാഷയില്‍ പറയുന്നത്. HCCI എഞ്ചിനുകള്‍ “high load” അവസ്ഥകളില്‍ നന്നായി perform ചെയ്യുന്നില്ല. അതിനാല്‍ തുടക്കത്തിലും പിന്നെ ഉച്ചസ്ഥായിയിലും HCCI മോഡ് ഉപയോഗിക്കാറില്ല. ഇപ്പോഴൊക്കെ ഇത് ഇലക്ട്രോണിക്കലായ നിയന്ത്രിക്കാമെന്നത് കൊണ്ട് നമ്മുക്ക് വലിയ തലവേദനകളില്ല. എഞ്ചിന്റെ “ECU” (Engine Control Unit), പുതിയതായി ഇറങ്ങുന്ന എല്ലാ വണ്ടികള്‍ക്കും ഇതുണ്ട്, ഈ ജോലി മുമ്പ് പറഞ്ഞ് വച്ചിരിക്കുന്ന പോലെ (programmed) ചെയ്തു കൊള്ളും.

ഇനി HCCI എഞ്ചിനുകള്‍ നേരിടുന്ന വെല്ലുവിളികള്‍ (ദോഷങ്ങള്‍ എന്ന് ഞാന്‍ പറയില്ല, കാരണം അവയെല്ലാം ഒഴിവാക്കാവുന്നതാണ്) എന്തെന്ന് നോക്കാം. നേരത്തെ പറഞ്ഞത് പോലെ തുടക്കത്തിലും ഒടുക്കത്തിലുമുള്ള പ്രശ്നങ്ങളാണൊന്ന്. അതിന്റെ പരിഹാരങ്ങള്‍ നേരത്തെ പറഞ്ഞ് കഴിഞ്ഞു. പിന്നെയുള്ളത് ജ്വലനത്തിന്റെ തുടക്കത്തെ പറ്റിയുള്ള “ഉറപ്പില്ലായ്മയാണ്” (uncertainity). ജ്വലനം ഇന്ന സമയത്ത് തുടങ്ങിയാല്‍ എഞ്ചിന്റെ പരമാവധി ക്ഷമതയില്‍ നമ്മുക്ക് അതിനെ ജോലിയെടുപ്പിക്കുവാന്‍ കഴിയും എന്നുള്ളത് കൊണ്ട് ഇത് വളരെ വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്. മള്‍ട്ടിപ്പ്‍ള്‍ ഇന്‍ജെക്ഷന്‍, റീഫോമിങ്ങ്, ഹൈഡ്രജന്‍ ഇന്‍ജെക്ഷന്‍ മുതലായ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കുവാന്‍ കഴിയും. അതിന്റെ വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. നേരത്തെ പറഞ്ഞ പോലെ HCCI എഞ്ചിനുകള്‍ കട്ടി കുറഞ്ഞ ഇന്ധന-വായു മിശ്രിതം ആണ് ഉപയോഗിക്കുന്നത്. ആയതിനാല്‍ കത്തുമ്പോഴുണ്ടാകുന്ന താപനില പരമ്പരാഗത എഞ്ചിനുകളിലുള്ളതിനേക്കാള്‍ കുറവായിരിക്കും. ഈയൊരു പ്രത്യേകയുള്ളത് കൊണ്ട് ഇതിനെ “cool flame” എന്ന് വിളിക്കാറുണ്ട്. ഇത് കാരണം crevice volume (സിലിണ്ടറിനുള്ളിലെ പെട്ടെന്ന് എത്തിപ്പെടാനാകാത്ത സ്ഥലങ്ങള്‍, ഉദാ: പിസ്റ്റണ്‍ റിങ്ങിന്റെ ഇടയ്ക്കുള്ള സ്ഥലം, സ്പാര്‍ക്‍പ്ലഗ്ഗിനും സിലിണ്ടറില്‍ അത് പിടിപ്പിച്ചതിനും ഇടയ്ക്കുമുള്ള സ്ഥലം), cylinder wall-നോട് ചേര്‍ന്നുള്ള ഭാഗത്തൊക്കെ ജ്വലനം നന്നായി നടക്കുകയില്ല. ഇത് ഹൈഡ്രോകാര്‍ബണ്‍, കാര്‍ബണ്‍ മോണോക്സൈഡ് എമിഷനുകള്‍ക്ക് കാരണമാകുന്നു. അനിയന്ത്രിതമായ ജ്വലനം മൂലം താപ-മര്‍ദ്ദങ്ങള്‍ പെട്ടെന്ന് കൂടുന്നു. ഇവ എഞ്ചിന്‍ ശബ്ദങ്ങള്‍ കൂട്ടുന്നു, എഞ്ചിന്റെ ക്ഷമത കുറയ്ക്കുന്നു അങ്ങനെ പല പല പ്രശ്നങ്ങളുണ്ടാക്കുന്നു. സമ്മര്‍ദ്ദാനുപാതം (compression ratio), ഇന്ധന-വായു മിശ്രാനുപാതം, മിശ്ര-താപനില, EGR (Exhaust Gas Recirculation) മുതലായവ വഴി ജ്വലന പ്രക്രിയയെ നിയന്ത്രിക്കാവുന്നതാണ്.

നമ്മുടെ ടൊയോട്ട ഇന്നോവയില്‍ ചെറിയൊരു സമയത്ത് HCCI മോഡ് ആക്ടീവ് ആകുന്നുണ്ട്. Toyota, General Motors, Mercedes മുതലായ കമ്പനികള്‍ HCCI-യുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍ ഐ ഐ ടി മദ്രാസിലും ഡെല്‍ഹിയിലും ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ തകൃതിയായി നടക്കുന്നു.

Mercedes Benz ഈ സാങ്കേതിക വിദ്യയെ ഡീസോട്ടോ (Diese-Otto) എന്നാണ് പേരിട്ടിരിക്കുന്നത്. ചിലയിടങ്ങളില്‍ ഇതിനെ PCCI (Premixed Charge Compression Igninition) എന്നും വിളിക്കാറുണ്ട്.
HCCI എഞ്ചിനുകളെ പറ്റിയുള്ള ഒരു ലേഖനം ഇംഗ്ലിഷ് വിക്കിപ്പീഡിയയില്‍ വായിക്കാം.
മറ്റൊരു ലേഖനം ഇവിടെയുമുണ്ട്.
ഇതാ വേറൊരു ലേഖനം.
*ഒക്ടേന്‍ നമ്പറിനെ വളരെ ലളിതമായി ഇങ്ങനെ വ്യാഖ്യാനിക്കാം “പതുക്കെ തീ കത്തിപ്പിടിക്കുവാനുള്ള ഒരു ഇന്ധനത്തിന്റെ സൂചകമാണ് ഒക്ടേന്‍ നമ്പര്‍”. പെട്രോള്‍/HCCI എഞ്ചിനുകളില്‍ പതുക്കെ കത്തിപ്പിടിക്കുന്ന ഇന്ധനങ്ങളാണ് വേണ്ടത്. പെട്ടെന്ന് കത്തിപ്പിടിക്കുകയാണെങ്കില്‍ knocking മുതലായ പ്രശ്നങ്ങളുണ്ടാകും.

**ചില നേരത്ത് നമ്മുടെ പെട്രോള്‍ വണ്ടികള്‍ ഓടിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ ഇഗ്നിഷന്‍ കീ ഓഫാക്കിയാലും പ്രവര്‍ത്തിക്കുന്നത് കാണാം, പ്രത്യേകിച്ചും ചൂട് കാലാവസ്ഥയില്‍. എഞ്ചിന്‍ ചുമ്മാതെ കറങ്ങുന്നതിനെയല്ല, പക്ഷെ സാധാരണ പോലെ വര്‍ക്ക് ചെയ്യുന്നതിനെ പറ്റിയാണ് ഞാന്‍ പറഞ്ഞത്. “Dieseling of petrol engines” എന്നാണ് ഈ “സാധാരണഗതിയില്‍ ഗുണകരമല്ലാത്ത” പ്രതിഭാസത്തെ പറയുന്നത്. എന്നാല്‍ HCCI എഞ്ചിനുകളില്‍ സമാനമായ പ്രവര്‍ത്തനമാണ് നടക്കുന്നത്, “സ്പാര്‍ക്‍ ഇല്ലാതെയുള്ള പെട്രോള്‍ എഞ്ചിന്‍ പ്രവര്‍ത്തനം”

Possibly Related Posts:


പ്രതികരണം: വര്‍ക്കേഴ്സ് ഫോറം: “ജൈവ ഇന്ധനം” ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

വര്‍ക്കേഴ്സ് ഫോറം: “ജൈവ ഇന്ധനം” ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ എന്ന പോസ്റ്റിനുള്ള പ്രതികരണം:

(Last updated: 22/04/2008 1:45 PM)

1) ജൈവ ഇന്ധനം എന്ന് പറഞ്ഞാല്‍ ’എത്തനോള്‍’ മാത്രമാണ് എന്ന് പറയുന്നത് ഒരു തെറ്റിധാരണയാണ്. സസ്യത്തില്‍ നിന്ന് (സസ്യേതര ജൈവ-ഇന്ധനങ്ങള്‍ക്ക് പ്രായോഗികതയില്ല) ഉല്പാദിപ്പിക്കപ്പെടുന്ന ഏത് ഇന്ധനത്തെയും ജൈവ ഇന്ധനം എന്ന് വിളിക്കാം. rice bran oil ഉണ്ടാക്കുന്നത് ഉമിയില്‍ നിന്നുമാണ്. ഇന്ത്യയില്‍ അത് ഒരു ഭക്ഷ്യ എണ്ണ ആയി ഉപയോഗിക്കുന്നില്ല (അത് പോലെ തന്നെ വെളിച്ചെണ്ണ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭക്ഷ്യ എണ്ണ ആയി ഉപയോഗിക്കുന്നില്ല). റൈസ് ബ്രാന്‍ എണ്ണയുടെ ഉല്പാദനം കൊണ്ട് ഭക്ഷ്യ ക്ഷാമം ഉണ്ടാകുന്നില്ല. അതേ സമയം നെല്‍ കര്‍ഷകന് കൂടുതല്‍ വരുമാനം ഉണ്ടാകുന്നു (കൂടുതല്‍ ഒന്നും ഉല്‍പാദിപ്പിക്കുകയോ, മുതല്‍മുടക്കാതെയോ തന്നെ)

2) നേരത്തെ സൂചിപ്പിച്ച കണക്കുകള്‍ യന്ത്രവല്‍ക്കരിച്ച അമേരിക്കന്‍ ഫാമുകളില്‍ നടത്തിയ പഠനങ്ങളാണ്. സ്വാഭാവികമായും യന്ത്രവല്‍കൃത പാടങ്ങളില്‍ ഊര്‍ജ്ജം കൂടുതല്‍ നല്‍കേണ്ടതായി വരും (അവയ്ക്ക് വേണ്ടി വരുന്ന ഇന്ധനങ്ങള്‍, അവയുടെ transportation ചെലവുകള്‍). ഇന്ത്യന്‍ സാഹചര്യങ്ങളിലുള്ള പഠനങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു.

3)രാസ-കീടനാശിനികളും രാസ-വളങ്ങളുമില്ലാതെ കൃശി ചെയ്യാന്‍ പറ്റില്ലേ? ഫുക്കൂവോക്കയുടെ ’ഒറ്റ വൈക്കോല്‍ വിപ്ലവത്തെ’ [ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം] കുറിച്ച് ഞാന്‍ പറയേണ്ട കാര്യമില്ലല്ലോ. രാസ-കീടാനാശിനി/വള പ്രയോഗങ്ങളില്ലാതെ ഉള്ള കൃഷി കര്‍ഷകന്റെ മേലുള്ള സാമ്പത്തികഭാരം കുറയ്ക്കും എന്നൊരു ഗുണം കൂടിയുണ്ട്.

4) ശുദ്ധ സസ്യ എണ്ണ മാത്രമല്ല, ഉപയോഗിച്ച ഭക്ഷ്യ എണ്ണകള്‍ വരെ ’ജൈവ ഇന്ധനങ്ങളില്‍’ പെടും. അതും ഒരു വലിയ ’ചെലവ് ചുരുക്കലിന്’ കാരണമാകും. (ഹോട്ടലുകളിലെ ചെലവുകള്‍ അധികമൊന്നുമില്ലെങ്കിലും, ഒരു പരിധി വരെ കുറയും)

5) സസ്യ എണ്ണകള്‍ ഇന്ന് ഉപയോഗിക്കുന്നത് പരമ്പതാഗത ഡീസല്‍ വാഹനങ്ങളിലാണ്. അതിന്റേതായ പല ന്യൂനതകളും ഉണ്ട് (ഉദാ: viscosity കൂടിയ സസ്യ എണ്ണകള്‍, ഡീസല്‍ ഇന്‍ജെക്ടറുകളില്‍ (hole injector) ഉപയോഗിക്കുവാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ സസ്യ എണ്ണകള്‍ സുഖമായി ഇജെക്ട് ചെയ്യാവുന്ന pintle nozzle-ഉകളെ {പിന്റില്‍ നോസ്സില്‍ പഴയ സാങ്കേതിക വിദ്യ ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ നോക്കുക} കുറിച്ചൊക്കെ പഠനം നടന്ന് വരുന്നതേ ഉള്ളു).

ഐ സി എന്‍ജിനുകളിലെ പുതിയ സങ്കേതമായ HCCI എന്‍ജിനുകളില്‍ സസ്യ എണ്ണകള്‍ അനുയോജ്യമാകും എന്ന് ഞാന്‍ കരുതുന്നു (personal opinion, no scientific proofs yet).

ഇതൊന്നും പഠിക്കാതെ മനസ്സിലാക്കാതെ ജൈവ ഇന്ധനം ഭക്ഷ്യക്ഷാമം വരുത്തി വെയ്ക്കും എന്ന് ആരൊക്കെയോ പറഞ്ഞത് കേട്ട് കൂടെ പറയുന്നത് പണ്ട് കമ്പ്യൂട്ടറിനെ തള്ളിപ്പറഞ്ഞിട്ട് ഇപ്പോള്‍ പാര്‍ട്ടി വെബ്ബ്‍സൈറ്റ് ഉദ്ഘാടനം ചെയ്തത് പോലെ ആകും.

ഇതിന് ’വര്‍ക്കേഴ്‍സ് ഫോറം’ ഇങ്ങനെ പ്രതികരിച്ചൂ

പ്രിയ ഞാന്‍,

1. ലേഖനത്തില്‍ എവിടെയാണ് ജൈവ ഇന്ധനം എന്നു പറഞ്ഞാല്‍ എത്തനോള്‍ മാത്രമാണെന്ന് പറഞ്ഞിട്ടുള്ളത്?

“ജൈവ വസ്തുക്കളില്‍ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന ഇന്ധനത്തെയാണ് ജൈവ ഇന്ധനം എന്നു വിളിക്കുന്നത്. ഇതിനുപയോഗിക്കുന്ന ജൈവ വസ്തുക്കള്‍ കച്ചി, മരം, മരത്തിന്റെ അവശിഷ്ടങ്ങള്‍, ചപ്പുചവറുകള്‍ തുടങ്ങി ഗോതമ്പ്, മെയ്‌സ് ചോളം, കരിമ്പ് തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും ഒക്കെയാവാം. പഞ്ചസാരയും (sugar) അന്നജവും (starch) കൂടിയ അളവില്‍ അടങ്ങിയ വസ്തുക്കളാണ് ഇന്ധനം ഉല്പാദിപ്പിക്കാന്‍ കൂടുതല്‍ ഉപയുക്തം. ഇപ്പോള്‍ പൊതുവായി ഉപയോഗിക്കുന്ന ജൈവ ഇന്ധനത്തിന്റെ പ്രധാന ഘടകം എഥനോള്‍ (Ethanol) ആണ്.“ എന്നാണതില്‍ പറഞ്ഞിട്ടുള്ളത്.

2. ഇതിനകം നടന്ന പഠനങ്ങളിലെ കണക്കുകളാണവ. ഇന്ത്യന്‍ ഫാമുകളില്‍ പഠനം നടക്കട്ടെ. ഫാമുകള്‍ മുഴുവന്‍ യന്ത്രവല്‍ക്കരിക്കണം എന്ന് വേനല്‍ മഴ വിവാദത്തില്‍ വാദമുയര്‍ന്നിരുന്നു എന്നതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കുക.

3. രാസവളങ്ങളും കീടനാശിനികളും ഇല്ലാതെയാണോ ഇന്ന് മുഖ്യമായും കൃഷി നടക്കുന്നത്? വിത്ത്, വളം, കീടനാശിനി എന്നിവ ചേര്‍ന്നത് സഹസ്ര കോടികള്‍ മറിയുന്ന വ്യവസായമല്ലേ? അതിന്റെ അടിസ്ഥാനത്തിലുള്ള കണക്കുകളാണ് പോസ്റ്റില്‍ ഉള്ളത്.

4. ഉപയോഗിച്ച ഭക്ഷ്യ എണ്ണയല്ലല്ലോ ഇന്നു പ്രധാനമായും ജൈവ ഇന്ധനമായി ഉപയോഗിക്കപ്പെടുന്നത്. ഇപ്പോഴുള്ള പോക്കനുസരിച്ച് അങ്ങിനെയല്ല നീക്കങ്ങള്‍ നടക്കുന്നതും. മാത്രമല്ല ഉപയോഗിച്ച ഭക്ഷ്യ എണ്ണയൊക്കെ മൊത്തം ജൈവ ഇന്ധനത്തിന്റെ വളരെ ചെറിയൊരു അംശം മാത്രമേ വരൂ. ഒരു കാര്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ജൈവ ഇന്ധനം വലിയ തോതില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ താങ്കള്‍ സൂചിപ്പിക്കുന്ന “ഉമി”മതിയാവുമെന്ന് തോന്നുന്നില്ല.കൂടുതല്‍ കൂടുതല്‍ ആളുകളെ പട്ടിണിക്കിട്ടുകൊണ്ട് ഭക്ഷ്യധാന്യങ്ങള്‍ വഴിതിരിച്ചുവിടേണ്ടി വരില്ലേ? ഇതിനര്‍ത്ഥം ഉപയോഗശൂന്യമായി ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കളുടെ റീ സൈക്ലിംഗും മറ്റും വേണ്ട എന്നല്ല.

5. താങ്കള്‍ തന്ന ലിങ്ക് നോക്കി. പഠനങ്ങള്‍ നടക്കട്ടെ. എല്ലാ‍ തരം പഠനങ്ങളും സ്വാഗതം ചെയ്യുന്നു. പോസ്റ്റിലെ കണക്കുകള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വിദഗ്ദര്‍ തന്നെ പുറത്ത് വിട്ടിട്ടുള്ളതാണ്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ അതിലില്ല. കൂടുതല്‍ പഠനങ്ങള്‍ സ്വാഗതം ചെയ്യുന്നു.

6. ഭക്ഷ്യരംഗത്ത് ഇന്ന് നിലനില്‍ക്കുന്ന പ്രതിസന്ധി ഒരു നല്ല ശതമാനം രാജ്യങ്ങളില്‍ രാഷ്ട്രീയ പ്രതിസന്ധി ആയി മാറാനിടയുണ്ട് എന്ന് മുന്നറിയിപ്പ് നല്‍കുന്നത് അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളാണ്.

ഈ പോസ്റ്റ് കൊണ്ട് മുഖ്യമായും ഉദ്ദേശിച്ചത് ജൈവ ഇന്ധനത്തിന്റെ പിന്നിലെ രാഷ്ട്രീയമാണ്. അത് മനസ്സിലായിക്കാണുമെന്നു വിശ്വസിക്കുന്നു. poor diners, rich drivers എന്നതിലേക്ക് അതിനെ ചുരുക്കാം എന്ന് തോന്നുന്നു. ജൈവ ഇന്ധനത്തിലേക്ക് മാറുമ്പോഴുള്ള പ്രത്യാഘാതങ്ങള്‍ ശരിയായ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും ജൈവ ഇന്ധനത്തിനായി വാദിക്കുന്നവര്‍(biofuel apologists) പറയുന്നതുപോലെ ലളിതമല്ല കാര്യങ്ങള്‍ എന്നത് എന്തായാലും ഒരു വസ്തുതയാണ്. പോസ്റ്റിനോടൊപ്പം അധിക വായനക്കായി നല്‍കിയിട്ടുള്ള ലിങ്കുകളും നോക്കുമല്ലോ.

ഓ ടോ. കമ്പ്യൂട്ടറൈസേഷനെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞല്ലോ ? ഈ ബ്ലോഗിലും ബൂലോഗത്തെ മറ്റു പല പോസ്റ്റുകളിലും. അതിന്റെ സാരം ഇത്ര മാത്രം..കമ്പ്യൂട്ടര്‍ മനുഷ്യനുവേണ്ടിയാവണം..ഒരു എനേബിളിംഗ് ടൂള്‍..അല്ലാതെ മനുഷ്യന്‍ കമ്പ്യൂട്ടറിനു വേണ്ടി എന്നതാകരുത്.

വായനക്കും അഭിപ്രായത്തിനും നന്ദി..

അതിന് മറുപടി ആയിട്ട് ഞാന്‍ ഇങ്ങനെ ഒരു മറുപടി കൊടുത്തു:

വ്യക്തമായ മറുപടികള്‍ തന്നതിന് നന്ദി. പക്ഷെ ഇടയ്ക്ക് ചില കാര്യങ്ങളോട് ഭാഗികമായും മറ്റ് ചിലതിനോട് പൂര്‍ണ്ണമായും വിയോജിപ്പ് രേഖപ്പെടുത്താതെ വയ്യ.

1.രാസവളങ്ങളും കീടനാശിനികളും ഇല്ലാതെയാണോ ഇന്ന് മുഖ്യമായും കൃഷി നടക്കുന്നത്? വിത്ത്, വളം, കീടനാശിനി എന്നിവ ചേര്‍ന്നത് സഹസ്ര കോടികള്‍ മറിയുന്ന വ്യവസായമല്ലേ? അതിന്റെ അടിസ്ഥാനത്തിലുള്ള കണക്കുകളാണ് പോസ്റ്റില്‍ ഉള്ളത്.

ആയിരിക്കാം. ആണെന്ന് വെച്ച് നമ്മളും അങ്ങനെ ചെയ്യണം എന്ന് പറഞ്ഞ് കൊണ്ടിരുന്നാല്‍ ഇവിടെ വിപ്ലവം ഉണ്ടാകുമോ? മാറ്റങ്ങള്‍ക്ക് തുടക്കമിടേണ്ടത് നമ്മളാണ് (അതെ ഞാനും). രാസ-കീടനാശിനികളും, വളങ്ങളുമില്ലാതെ കൃഷി ചെയ്യാം എന്നത് അസാദ്ധ്യമായ കാര്യമല്ല, പിന്നെ എന്ത് കൊണ്ട് അത് നടക്കുന്നില്ല എന്ന കാര്യം കൂടി പഠനവിധേയമാക്കേണ്ടതാണ്.

2.ഉപയോഗിച്ച ഭക്ഷ്യ എണ്ണയല്ലല്ലോ ഇന്നു പ്രധാനമായും ജൈവ ഇന്ധനമായി ഉപയോഗിക്കപ്പെടുന്നത്. ഇപ്പോഴുള്ള പോക്കനുസരിച്ച് അങ്ങിനെയല്ല നീക്കങ്ങള്‍ നടക്കുന്നതും. മാത്രമല്ല ഉപയോഗിച്ച ഭക്ഷ്യ എണ്ണയൊക്കെ മൊത്തം ജൈവ ഇന്ധനത്തിന്റെ വളരെ ചെറിയൊരു അംശം മാത്രമേ വരൂ. ഒരു കാര്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ജൈവ ഇന്ധനം വലിയ തോതില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ താങ്കള്‍ സൂചിപ്പിക്കുന്ന “ഉമി”മതിയാവുമെന്ന് തോന്നുന്നില്ല.കൂടുതല്‍ കൂടുതല്‍ ആളുകളെ പട്ടിണിക്കിട്ടുകൊണ്ട് ഭക്ഷ്യധാന്യങ്ങള്‍ വഴിതിരിച്ചുവിടേണ്ടി വരില്ലേ? ഇതിനര്‍ത്ഥം ഉപയോഗശൂന്യമായി ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കളുടെ റീ സൈക്ലിംഗും മറ്റും വേണ്ട എന്നല്ല.

ഈ അഭിപ്രായത്തോട് പൂര്‍ണ്ണമായും വിയോജിക്കുന്നു. Waste vegetable Oil അല്ലെങ്കില്‍ Waste Frying Oil എന്ന് തിരഞ്ഞാല്‍ ഈ മേഖലയില്‍ നടക്കുന്ന ഗവേഷണങ്ങളെ കുറിച്ച് മനസ്സിലാകും. ഇവ മാത്രമല്ല, ഭക്ഷ്യ-യോഗ്യമല്ലാത്ത മറ്റ് എണ്ണകള്‍ മുമ്പ് പറഞ്ഞ, ഭക്ഷ്യ-ഉപ‍ഉല്‍പ്പന്നമായ റൈസ് ബ്രാന്‍ എണ്ണയ്ക്ക് പുറമെ,കാര്‍ഷികോപ‍ഉല്‍പന്നമായ റബര്‍കുരു എണ്ണ, അങ്ങനെ എന്തെണ്ണയും വാഹന ഇന്ധനമായി ഉപയോഗിക്കാം. ഈ ഗവേഷണ പ്രബന്ധം കൂടി വായിച്ച് നോക്കുക (ഇതിവിടെ പോസ്റ്റി എന്നറിഞ്ഞാല്‍ എന്റെ കട്ടയും പടവും മടങ്ങും, പബ്ലിഷ് ചെയ്ത പ്രബന്ധം ആണെങ്കിലും ഡൌണ്‍ലോഡിങ്ങ് അവകാശങ്ങള്‍ എല്ലാവര്‍ക്കുമില്ല). അവിടെ ഇന്ത്യയിലയൂം ലോകത്തിലേയും സസ്യ എണ്ണ ഉല്‍പാദനത്തിനെ കുറിച്ച് ഒരു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട് (ആ പട്ടിക മുഴുവനല്ല എന്ന് കൂടി ഓര്‍ക്കണേ). ഇനി ഇന്ത്യയുടെ ഡീസല്‍ ഉപഭോഗം എത്ര എന്ന് കണ്ട്‍പിടിക്കുക (ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സൈറ്റില്‍ ഒക്കെ ഞാന്‍ തപ്പി, കിട്ടിയില്ല). എന്നിട്ടൊന്ന് താരതമ്യപ്പെടുത്തി നോക്കൂ….

3. ഇന്ധനങ്ങളുടെ വിലയും സാധാരണക്കാരന്റെ ജീവിതവും വളരെ ബന്ധപ്പെട്ട് കിടക്കുന്നു. എണ്ണ വില കൂടിയാല്‍ വാഹനമുള്ളവന്റെ മാത്രമല്ല, ഇല്ലാത്തവനും കഷ്ടപ്പെടും. അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുന്നു. കയ്യില്‍ പുത്തനുള്ളവന് ഇതൊന്നം വലിയ പ്രശ്നമുണ്ടാകില്ല, എന്നാല്‍ സാധരണക്കാരന്‍ ഇത് വലിയ ഒരു പ്രശ്നം തന്നെയാണ്. ആണവോര്‍ജ്ജം (നേരിട്ടല്ലെങ്കിലും അവ വാഹനമോടിക്കുന്നതിന് ഉപയോഗിക്കാം) ഈ പ്രശ്നത്തിന് ഒരു പരിഹാരം ആണ് എന്ന് എനിക്കഭിപ്രായമില്ല, എന്ന് മാത്രമല്ല അതിന് ഞാനെതിരുമാണ്. ഇവിടെയുള്ള മറ്റൊരു പ്രശ്നം ഇന്ത്യയിലെ ആഭ്യന്തരവിപണിയിലെ കയറ്റിറക്കങ്ങള്‍ ഇറാഖ് യുദ്ധത്തെയും ഇറാന്‍ ഉപരോധത്തെയും പോലെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന നിസ്സഹായതയിലാണ്. ഒരു പക്ഷെ ആണവകരാര്‍ പ്രാബല്യത്തിലാവുകയാണെങ്കില്‍ ഓപെക്ക്-ന്റെ സ്ഥാനത്ത് മറ്റ് ആണവ-ഇന്ധന-സപ്ലയര്‍ രാജ്യങ്ങള്‍ വരും. എന്തായാലും ഇന്ത്യ മറ്റൊരു രാജ്യത്തെ ആശ്രയിക്കേണ്ട അവസ്ഥ. ഇതിനൊരു പരിഹാരമേയുള്ളു, ജൈവ ഇന്ധനങ്ങള്‍! മലിനീകരണം ഇതിനില്ല എന്ന് പറയുന്നില്ല, ഉണ്ട്… പക്ഷെ അതൊക്കെ ഒഴിവാക്കുവാന്‍ കഴിയുന്നതുമാണ്.

4. പെട്രോളിയം ഇന്ധനങ്ങള്‍ക്ക് ഗവണ്‍മെന്റ് സബ്സിഡിയുണ്ട്, വാഹനോപയോഗത്തിനുള്ള സസ്യ എണ്ണകള്‍ക്ക് അതില്ല. അത് കിട്ടുകയാണെങ്കില്‍ വെറും ’ചില്ലിക്കാശിന്’നമുക്കു ഡീസല്‍ കിട്ടും (ഞാന്‍ exaggerate ചെയ്തതല്ല, നേരത്തെ പറഞ്ഞ പേപ്പര്‍ വായിക്കുക, അതില്‍ ലിന്‍സീഡ് എണ്ണയില്‍ നിന്ന് ’ബയോഡീസല്‍’ ഉണ്ടാക്കുവാന്‍ ഏകദേശം 13 രൂപ ആകുമെന്നാണ് കണ്ടത്. എന്നാല്‍ ഈ ലിന്‍സീഡ് എന്ന ബയോഡീസല്‍ ആക്കാതെ നേരിട്ട് ഉപയോഗിക്കുകയാണെങ്കില്‍ [straight vegetable oils], 13 എന്നത് വീണ്ടും കുറയും. അതായത് ഡീസലിനേക്കാള്‍ ചിലവ് കുറച്ച് നമ്മുക്ക് ഇന്ധനം ഉണ്ടാക്കുവാന്‍ കഴിയും. ലിന്‍സീഡ് ഒരുദാഹരണം ആയിട്ടെടുത്തു എന്നേയുള്ളു. ഇതിന്റെ കൂടെ സര്‍ക്കാര്‍ സബ്സിഡി കൂടി കിട്ടുകയാണെങ്കില്‍ വില ഇനിയും കുറയും). മാത്രമല്ല, ഈ സബ്‍സിഡിയുടെ ആനുകൂല്യങ്ങളുടെ ഒരംശമെങ്കിലും കര്‍ഷകന് കിട്ടുകയും ചെയ്യും. ഇന്ധനവില കുറയുന്നതോടെ ആവശ്യസാധനവിലയും കുറയും.

എന്നാല്‍ ഇതൊന്നും പഠിക്കാതെ, മനസ്സിലാക്കാതെ ഒരു അമേരിക്കന്‍ സാഹചര്യത്തില്‍ നടത്തിയ പഠനത്തില്‍ കണ്ടത് അവസാനവിധിയായി എടുക്കരുത് എന്ന് മാത്രമേ പറയുവാനുള്ളു.

ഇതിന് വര്‍ക്കേഴ്സ് ഫോറം ഇങ്ങനെ മറുപടി പറഞ്ഞു…

പ്രിയ ഞാന്‍, താങ്കളുടെ വിയോജനക്കുറിപ്പ് ലേഖകന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മറുപടി പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു.

അതിന് മറുപടിയായി ഞാന്‍ ഇങ്ങനെ പറഞ്ഞു…

വളരെ നന്ദി ’വര്‍ക്കേഴ്സ് ഫോറം’. ഒന്ന് രണ്ട് വര്‍ഷം മുമ്പേ ഫിഡല്‍ കാസ്ട്രോ ജൈവ ഇന്ധനങ്ങള്‍ക്ക് എതിരെ ഇറക്കിയ ഒരു പ്രസ്താവന ഞാന്‍ കണ്ടിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ എന്തെ ജൈവ-ഇന്ധനങ്ങള്‍ക്ക് എതിര് എന്ന് ഞാന്‍ അത്ഭുതപ്പെടുകയും ചെയ്തു. ജൈവ-ഇന്ധനങ്ങള്‍ coupled with ജൈവകൃഷി കാര്‍ഷിക ചിലവുകളും മറ്റ് അനുബന്ധ ചിലവുകളും കുറയ്ക്കുകയേ ഉള്ളു. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ജൈവ ഇന്ധനം കൊണ്ട് ഗുണമേ ഉണ്ടാകുന്നുള്ളൂ, വിദേശ-ഇന്ധനത്തെ ആശ്രയിക്കുന്നതും കുറയ്ക്കാം….

രണ്ട് ദിവസങ്ങാള്‍ക്ക് ശേഷം “വര്‍ക്കേഴ്സ് ഫോറം” ഇങ്ങനെ പ്രതികരിച്ചു….
പ്രിയ ഞാന്‍,

ഇന്ന് ഇത്തരത്തിലുള്ള സാങ്കേതികവിദ്യ വ്യാപകമായി പ്രയോഗിക്കപ്പെടുന്നത് അമേരിക്കയിലാണ് എന്നത് കൊണ്ടും ഇന്ത്യയില്‍ അത് പ്രാരംഭദശയിലാണ് എന്നത് കൊണ്ടും വിദേശ ഡാറ്റ മാത്രമേ നമുക്ക് ഉപയോഗിക്കുവാന്‍ സാധിക്കൂ. ഇന്ത്യയിലോ വിദേശത്തോ എവിടെയാണെങ്കിലും ജൈവ ഇന്ധനത്തിന്റെ കാര്യത്തില്‍ തികച്ചും പോസിറ്റീവ് ആയ എന്ത് തന്നെ ഉണ്ടായാലും അതിനെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമേയുള്ളൂ. കമ്പ്യൂട്ടറിന്റെ കാര്യത്തിലെന്നപോലെത്തന്നെ സാങ്കേതിക വിദ്യയെ എതിര്‍ക്കുന്നില്ല. മറിച്ച് അതിന്റെ പ്രയോഗത്തില്‍ തീര്‍ച്ചയായും പാലിക്കപ്പെടേണ്ട ചില സാമൂഹിക നീതികള്‍ ഉണ്ട് .അത് പാലിക്കപ്പെടുന്നുണ്ടോ എന്നതാണ് പ്രധാനപ്രശ്നം. കോടിക്കണക്കിനു ജനങ്ങള്‍ പട്ടിണികിടക്കുമ്പോള്‍ ഭക്ഷണമായി ഉപയോഗിക്കേണ്ടവ ഇന്ധനാ‍വശ്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ അത് ബാധിക്കുക ആരെയാണന്നതാണ് കണ്‍സേണ്‍. അതാണീ പോസ്റ്റിലെ പ്രധാന വസ്തുതയും.

We are also for efficient sources of engergy. കൂടുതല്‍ efficient ആയ രീതിയില്‍ ജൈവ ഇന്ധനം ഉല്പാദിപ്പിക്കാന്‍ പറ്റും എങ്കില്‍ അത്രയും നല്ലത്. പോസ്റ്റില്‍ സൂചിപ്പിച്ച കണക്കുകളും നിലനില്‍ക്കുന്ന സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അത് വിദഗ്ദര്‍ തന്നെ തയ്യാറാക്കിയതാണെന്നും ഒന്നു കൂടി ആവര്‍ത്തിക്കട്ടെ.

ജൈവകൃഷി വ്യാപകമാകുകയും കീടനാശിനി, വളം എന്നിവയില്‍ നിന്നുമൊക്കെ വിടുതല്‍ നേടാന്‍ കഴിയുകയും ചെയ്യുമെങ്കില്‍ നല്ലത്. അതിനെ പിന്താങ്ങുന്നുമുണ്ട്. പക്ഷെ, അതിനനുഗുണമായ രാഷ്ടീയ സാമ്പത്തിക സാഹചര്യങ്ങള്‍ ഇന്നുണ്ടോ എന്നു കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. കോര്‍പ്പറേറ്റ് കൃഷിയുടെ പക്ഷത്തേക്കാണ് പുത്തന്‍ നയങ്ങള്‍ ചായുന്നത് എന്ന് ചൂണ്ടിക്കാണിക്കാതെ വയ്യ. ആ നയങ്ങള്‍ക്കെതിരായും പക്ഷം പിടിക്കുവാന്‍ നമുക്ക് ബാദ്ധ്യതയുണ്ട്.

പെട്രോളിയം ഇന്ധനങ്ങള്‍ക്ക് സബ്‌സിഡിയുടെ കാര്യത്തില്‍ ഞാന്‍ പറഞ്ഞത് അത്ര വ്യക്തമായില്ല. ഏറ്റവും കൂടുതല്‍ നികുതി ചുമത്തപ്പെടുന്ന ഒന്നല്ലേ പെട്രോളിയം ഉല്പന്നങ്ങള്‍?

ടോമി,

അഭിപ്രായങ്ങള്‍ക്ക് നന്ദി..തുടര്‍ന്നും സന്ദര്‍ശിക്കുമല്ലോ.”

അതിനും അതിന് മുന്നെ പ്രതികരിച്ച ടോമിയുമോടും ഇങ്ങനെ ഞാന്‍ ‘അരുളി’ :

ആദ്യം തന്നെ ഞാന്‍ പെട്രോളിയം‌ ഉല്പന്നങ്ങളുടെ സബ്സിഡിയെ കുറിച്ചുള്ള സംശയം തീര്‍ക്കട്ടെ.
പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് സബ്‌സിഡി ഉണ്ട്. (ടോമിയുടെ കമന്റ് കാണാഞ്ഞതല്ല, എനിക്കല്പം തിരക്കായതാണ്) ഈ ലിങ്ക് നോക്കുക.. ഈ സബ്‌സിഡി മൂലമുണ്ടാകുന്ന ബാധ്യതയെ പറ്റി ഇവിടെയുമുണ്ടി. ഇതും ഒന്ന് നോക്കിയേക്കുക..

ജൈവ ഇന്ധനങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ പ്രാരംഭദിശയിലാണ് എന്നതിനെ മുഴുവനായിട്ട് ഉള്‍ക്കൊള്ളുവാനാകില്ല. ഐ ഐ ടി മദ്രാസില്‍ ഇതിനെ കുറിച്ചുള്ള പഠനം തുടങ്ങിയിട്ട് ഒരു ദശാബ്ദത്തിലേറെ ആയി. ഒരു പക്ഷെ “straight vegetable oils” നെ കുറിച്ചുള്ള പഠനം അധികം‌ നടന്നിട്ടില്ല (എന്‍ ഐ ടി കാലിക്കററ്റില്‍ ഇതിനെ പറ്റി ഒരു പഠനം നടന്നതായി വായിച്ചിരുന്നു, അത് പോലെ തന്നെ ഐ ഐ ടി കാണ്‍പൂരിലും കുറെ പഠനങ്ങള്‍ നടന്നിട്ടുണ്ട്). സസ്യ എണ്ണകളില്‍ നിന്ന് ബയോഡീസലുണ്ടാക്കി അവ ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലതാണ് അവ നേരിട്ട് ഉപയോഗിക്കുന്നത്. ജൈവൈന്ധനങ്ങളുടെ നിര്‍മ്മാണം, വിതരണം, സംഭരണം, ഉപയോഗം തുടങ്ങി എല്ലാ മേഖലകളിലും ഒരു optimization വരേമണ്ഠതായുണ്ട് എന്നാലേ അവയുടെ സര്‍വ്വഗുണങ്ങളും നമ്മുക്ക് ചൂഷണം ചെയ്യുവാന്‍ സാധിക്കൂ.

ഈ ലേഖനത്തിലെ മറ്റൊരു വസ്ടുതയോടും എനിക്ക് യോജിക്കാന്‍ അല്പം ബുദ്ധിമുട്ടുണ്ട്. (നേരത്തെ പെട്ടെന്നുള്ള എന്റെ വായനയില്‍ എനിക്കത് ശ്രദ്ധിക്കുവാനായില്ല). എത്തനോള്‍ ഉല്പാദിപ്പിക്കുമ്പോഴുണ്ടാകുന്ന മലിനജലം എന്ന് പറഞ്ഞിരുന്നു. ഈ മലിനജലം എന്ന് പറയുന്നത് എന്തെങ്കിലും രാസവസ്തു കലര്‍ന്ന വിഷജലമല്ല. ഒരു പക്ഷെ യീസ്റ്റ് വളരുവാന്‍ വേണ്ടി എന്തെങ്കിലും നൈട്രേറ്റുകള്‍ ചേര്‍ത്തിരിക്കും.. അതും കൂടിയ അളവുകളിലാകണെമെന്നില്ല, ആയാല്‍ തന്നെ ദോഷവുമല്ല. ഈ സോ കോള്‍ഡ് മലിനജലത്തെ കന്നുകാലിത്തീറ്റ ആയിട്ട് ഉപയോഗിക്കുന്നതിനെ പറ്റിയുള്ള പഠനങ്ങള്‍ നടക്കുന്നു. ഇനി അവറ്റകളെ ഈ മലിനജലം കുടിപ്പിക്കുവാന്‍ ബുദ്ധിമുട്ടാണെങ്കില്‍, ബയോഗ്യാസ് നിര്‍മ്മാണത്തിന് ഇതൊരു ഒന്നാംതരം അസംസ്കൃതവസ്തു ആണ്. ബയൊഗ്യാസ് നിര്‍മ്മിച്ച ശേഷമുള്ള സ്ളറി നൈട്രജനും മറ്റ് അവശ്യ പോഷകങ്ങളുമുള്ള ഒരു വളമാണ്. മുമ്പ് നമ്മള്‍ പറഞ്ഞിരുന്നുവല്ലോ രാസവളങ്ങളില്ലാതെ കൃഷി ചെയ്യുവാന്‍ പറ്റുമോ എന്ന്? ഇപ്പോള്‍ പറ്റിയില്ലേ….

Possibly Related Posts:


വൈറസ്സോ ഫയര്‍വാളുണ്ടല്ലോ….

എന്താണ് ഫയര്‍വാള്‍?
ഇന്റര്‍നെറ്റിനും സ്വകാര്യ നെറ്റ്‍വര്‍ക്ക്, അല്ലെങ്കില്‍ പിസി-ക്കുമിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സോഫ്‍ട്‍വെയര്‍ അല്ലെങ്കില്‍ ഹാര്‍ഡ്‍വെയര്‍ സങ്കേതമാണ് ഫയര്‍വാള്‍. കംപ്യൂട്ടറും അല്ലെങ്കില്‍ സ്വകാര്യ നെറ്റ്‍വര്‍ക്കും ഇന്റര്‍നെറ്റുമായിട്ടുള്ള വാര്‍ത്താവിനിമയങ്ങളെ നിയന്ത്രിക്കുകയാണ് ഫയര്‍വാളിന്റെ ജോലി. അതായത്, പുറത്ത് നിന്നുള്ള ഒരാള്‍ക്ക് നമ്മുടെ കംപ്യൂട്ടര്‍ അല്ലെങ്കില്‍ നമ്മുടെ സ്വകാര്യ നെറ്റ്‍വര്‍ക്കിലെ ഒരു കംപ്യൂട്ടറുമായി ബന്ധം സ്ഥാപിക്കണമെങ്കില്‍ (അല്ലെങ്കില്‍ തിരിച്ചോ) അത് ഫയര്‍വാള്‍ സോഫ്‍ട്‍വെയര്‍/ഹാര്‍ഡ്‍വെയര്‍ define ചെയ്തിട്ടുള്ള നിയമങ്ങള്‍ (filter rules) അനുസരിച്ചായിരിക്കണം.

എപ്പോഴൊക്കെയാണ് ഫയര്‍വാള്‍ എന്റെ കംപ്യൂട്ടറിനെ സഹായിക്കുന്നത്?
ഇന്റര്‍നെറ്റിലേക്കോ ബാഹ്യ നെറ്റ്‍വര്‍ക്കുകളിലേക്കോ ബന്ധിച്ചു കിടക്കുന്ന ഏത് അവസ്ഥയിലും ഫയര്‍വാള്‍ നമ്മെ സഹായിക്കുന്നു. പുറത്ത് നിന്ന് അകത്തേക്കും തിരിച്ചുമുള്ള വാതിലില്‍ ഒരു ഗേറ്റ്‍കീപ്പറുടെ സ്ഥാനമാണ് ഫയര്‍വാളിന്. ഉദാഹരണത്തിന്, പുറത്ത് നിന്നും ഒരു നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് ഒരു സൈബര്‍ ക്രിമിനല്‍ ആക്രമണം(ഉദാ:) നടത്തിയെന്നിരിക്കട്ടെ, ഒരു ഫയര്‍വാളുണ്ടെങ്കില്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ സുരക്ഷിതമായിരിക്കും. അത് പുറത്ത് നിന്ന് അകത്തേക്കുള്ള ആക്രമണം. ഇനി അകത്ത് നിന്ന് പുറത്തേക്കുള്ള, നമുക്ക് ഹാനികരമായ ചില വിനിമയങ്ങളെയും ഫയര്‍വാള്‍ തടുക്കാറുണ്ട്. ഉദാഹരണത്തിന്, നിങ്ങളുടെ കമ്പ്യൂട്ടറില്‍ എന്തെങ്കിലും കാരണം കൊണ്ട് ആന്റിവൈറസുകളെ കബളിപ്പിച്ച് ഒരു കീലോഗ്ഗറോ, ട്രോജനോ ഉണ്ടെങ്കില്‍ അത് പുറംലോകവുമായി ബന്ധം സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നു. കീലോഗ്ഗുകള്‍ റിപ്പോര്‍ട്ട് ചെയ്യുവാനോ, സ്വയം അപ്‍ഡേറ്റ് ചെയ്യുവാനോ, മറ്റ് കമ്പ്യുട്ടറുകളില്‍ ആക്രമണം അഴിച്ച് വിടാനോ ആയിരിക്കും ഇത്തരം ബന്ധം സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നത്. ഫയര്‍വാളുകള്‍ ഒന്നുകില്‍ നേരത്തെ പറഞ്ഞുവച്ചിട്ടുള്ള നിയമങ്ങള്‍ക്കനുസരിച്ച് നടപടിയെടുക്കുകയോ അല്ലെങ്കില്‍ കംപ്യൂട്ടര്‍ ഉപയോക്താവിനെ (അല്ലെങ്കില്‍ അഡ്മിനിസ്ട്രേറ്റര്‍) ഇത്തരമൊരു ആശയ വിനിമയത്തെ പറ്റി ബോധവാനാക്കുകയും തീരുമാനമെടുക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.

പോണ്‍ സൈറ്റുകള്‍, മറ്റ് നിരോധിത സൈറ്റുകള്‍ സ്വന്തം കംപ്യൂട്ടറോ, സ്വകാര്യ നെറ്റ്‍വര്‍ക്കിനുള്ളിലെ കംപ്യൂട്ടറുകളുപയോഗിച്ചോ കാണുന്നത് തടയുവാനും ഫയര്‍വാള് കൊണ്ട് സാധിക്കുന്നു.

ഫയര്‍വാളിനെ കൊണ്ട് സാധിക്കാത്തതെന്ത്?
ഫയര്‍വാള്‍ കൊണ്ട് വൈറസുകളെ തടയാനാകുമെന്ന് പറയുന്നത് പമ്പരവിഢ്ഡിത്തരമാണ്. ഫയര്‍വാള്‍ ഒരിക്കലും വൈറസുകളെ കണ്ട്‍പിടിക്കുന്നില്ല, എന്നാല്‍ ചില വൈറസുകളുടെ ചില പ്രവര്‍ത്തനങ്ങളെ (പുറംലോകവുമായി ബന്ധം സ്ഥാപിക്കുവാന്‍ ശ്രമിക്കുന്ന പോലുള്ള) ഫയര്‍വാള്‍ കൊണ്ട് മനസ്സിലാക്കുവാനോ, തടയുവാനോ കഴിയുന്നു. ചിലതരം worms ഫയര്‍വാളുകളുടെയോ ഓപറേറ്റിങ്ങ് സിസ്റ്റങ്ങളുടെയോ ദൌര്‍ബല്യങ്ങളെ (flaws) മുതലെടുത്ത് (exploit) കൊണ്ടാണ് ഇവ കംപ്യൂട്ടറുകളെ ബാധിക്കുന്നത്. രണ്ട് മൂന്ന് വര്‍ഷം മുമ്പ് വിന്‍ഡോസ് 2000 മുതല്‍ XP SP1 വരെയുള്ള കംപ്യൂട്ടറുകളെ ബാധിച്ചിരുന്ന ബ്ലാസ്റ്റര്‍ വേംആണ് ഒരു ഉദാഹരണം.

ഈ പറഞ്ഞത് കൊണ്ട് തന്നെ ഫയര്‍വാള്‍ എന്ന വേലി കെട്ടിയത് കൊണ്ട് ചില കുഞ്ഞിക്കുരങ്ങന്മാര്‍ വേലി ചാടി വരില്ലാ എങ്കിലും ശക്തിയും ബുദ്ധിയുമുള്ള കുരങ്ങന്മാര്‍ വേലി പൊളിച്ച് വരുമെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു….. പലരും!

എന്താണ് ആന്റിവൈറസ്?
വൈറസുകള്‍, വേമുകള്‍ (worms), ട്രോജനുകള്‍ (trojans), മറ്റ് ഹാനികരമായ സ്ക്രിപ്റ്റുകള്‍ (ജാവസ്ക്രിപ്റ്റ്, വിബി സ്ക്രിപ്റ്റ്) മുതലായവരെ തിരിച്ചറിയുവാനും നീക്കം ചെയ്യുവാനുമുള്ള ഒരു സോഫ്ട്‍വെയര്‍ ഉപാധിയാണ് ആന്റിവൈറസ്.

ആന്റിവൈറസുകള്‍ ഇന്‍സ്റ്റോള്‍ ചെയ്താല്‍ പിന്നെ ഒന്നും പേടിക്കേണ്ട എന്നാണോ?
ഉപയോഗിക്കുവാനുള്ള അവകാശം’ കാശുകൊടുത്ത് വാങ്ങി നമ്മള്‍ ഉപയോഗിക്കുന്ന ആന്റിവൈറസുകള്‍ക്ക് ഒരിക്കലും പിഴയ്ക്കില്ല എന്ന് പറയുന്നത് ശുദ്ധമണ്ടത്തരം ആണ്. എന്നുമെന്നും അപ്‍ഡേറ്റ് ചെയ്താലും നൂറു ശതമാനം സുരക്ഷിതം എന്ന് പറയുവാന്‍ കഴിയുകയില്ല, മെച്ചപ്പെട്ട സുരക്ഷിതത്വം നല്‍കുമെങ്കിലും. മിക്കവാറുമുള്ള വൈറസുകള്‍ കംപ്യൂട്ടറില്‍ ബാധിച്ചു കഴിഞ്ഞാല്‍ ആദ്യം ചെയ്യുന്നത് ആന്‍റിവൈറസുകളുടെ പ്രവര്‍ത്തനത്തെ മരവിപ്പിക്കുക എന്നതാണ്.
മിക്കവാറുമുള്ള ആളുകള്‍ , ഈ സോഫ്‍ട്‍വെയറുകളുടെ ’ഉപയോഗിക്കുവാനുള്ള അവകാശം’ കാശ് കൊടുത്ത് വാങ്ങിക്കാതെ നെറ്റില്‍ നിന്നും ക്രാക്കുകളോ മറ്റ് പാച്ചുകളോ തപ്പിയെടുത്ത് പ്രവര്‍ത്തനയോഗ്യമാക്കുകയാണ് ചെയ്യുന്നത്. ഇവര്‍ ആണ് ഭൂലോക മണ്ടന്മാര്‍. ഈ ക്രാക്കുകള്‍/പാച്ചുകള്‍, ആന്റിവൈറസുകളുടെ പ്രധാന എക്സിക്ക്യൂട്ടബള്‍ ഫയലില്‍ മാറ്റം വരുത്തിയാണ് അവ ഫുള്‍ വെര്‍ഷന്‍/പ്രവര്‍ത്തനയോഗ്യം ആക്കുന്നത്. ഈ ക്രാക്കുകള്‍/പാച്ചുകള്‍ ഉപയോഗിക്കുന്നത് ആന്റിവൈറസ് പ്രവര്‍ത്തനം തുടങ്ങുന്നതിന് മുന്പാണെന്നതിനാലും, അവ വരുത്തുന്ന മാറ്റം എന്താണെന്ന് നമ്മുക്കറിവില്ലാത്തിനാലും (ഒരു പക്ഷെ ആ മാറ്റം ആന്റിവൈറസിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുന്ന രീതിയിലുള്ളതോ, അല്ലെങ്കില്‍ ക്രാക്ക് ചെയ്ത ആളിന്റെ വൈറസുകളെ ഡിറ്റെക്ട് ചെയ്യാന്‍ കഴിവില്ലാത്ത രീതിയില്‍ വൈകല്യം നടത്താന്‍ കെല്പുള്ളതാണെങ്കില്‍), അവയ്ക്കുള്ള അപകട സാധ്യത എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്. അത് കൊണ്ട് ആന്റിവൈറസുകള്‍ക്ക് ഒരിക്കലും ക്രാക്ക് തേടി പോകരുത്. (ഞാന്‍ reccommend ചെയ്യുന്നത് Avast! എന്ന സൌജന്യ (സ്വതന്ത്രമല്ല, വീട്ടാവശ്യത്തിന് മാത്രമാണ് സൌജന്യം) ആന്റിവൈറസാണ്. PC Cillin, AVG തുടങ്ങിയവ ഉപയോഗിച്ച് അസംതൃപ്തനായ ശേഷമാണ് ഇവനെ ഉപയോഗിച്ചത്. AVG-യും PC Cillin-ഉം ക്ലീന്‍ സെര്‍ട്ടിഫിക്കറ്റ് തന്ന സിസ്റ്റത്തില്‍ ഞാന്‍ കണ്ടത് ഇരുപതോളം വൈറസ് occurance-ഉകളാണ്)

അപ്പോള്‍ ആന്റിവൈറസും ഫയര്‍വാളും ഇട്ടാല്‍ എന്റെ സുരക്ഷാ പ്രശ്നങ്ങളെല്ലാം തീരുമോ?
ഇല്ല. ഓപറേറ്റിങ്ങ് സിസ്റ്റങ്ങള്‍ അവയുടെ അപ്‍ഡേറ്റുകള്‍ (പുതുക്കലുകള്‍) കാലാകാലങ്ങളില്‍ പുറത്തിറക്കാറുണ്ട്. അവ അപ്പപ്പോള്‍ ഇന്‍സ്റ്റോള്‍ ചെയ്യുക. ’ഉപയോഗിക്കുവാനുള്ള അവകാശം’ കാശ് കൊടുത്ത് വാങ്ങിച്ചവര്‍ക്ക് മാത്രമേ അത് കിട്ടുകയുള്ളൂ. ഇത് ചെയ്താലും നൂറ് ശതമാനം സുരക്ഷ അത് ഉറപ്പാക്കുന്നില്ല. എന്നാല്‍ കുറച്ച് കൂടി മെച്ചപ്പെട്ട സുരക്ഷ അവ നല്കുന്നു എന്ന് മാത്രം. മനുഷ്യനിര്‍മ്മിതമായ ഒന്നും നൂറ് ശതമാനം perfect അല്ല.

ആന്റിവൈറസും ഇടുന്നത് കൊണ്ടെന്തെങ്കിലും ദൂഷ്യങ്ങള്‍?
ഹാര്‍ഡ് ഡിസ്കിലെ സ്ഥലം, RAM, കമ്പ്യൂട്ടര്‍ പ്രോസ്സസ്സിങ്ങ് പവര്‍ എല്ലാം കുറേയേറെ കവര്‍ന്നെടുക്കുന്നൂ ഈ ആന്റിവൈറസ് സങ്കേതങ്ങള്‍. അതിനാല്‍ തന്നെ കമ്പ്യൂട്ടറിന്റെ മുഴുവന്‍ ശേഷിയില്‍ അവ ഉപയോഗികുവാന്‍ കഴിയുന്നില്ല. (Norton ഉപയോഗിച്ചവര്‍ക്കെല്ലാം ഇത് അനുഭവമുള്ളതാണ്)

GNU/Linux ഉപയോഗിച്ചാല്‍ വൈറസ് പിടിക്കില്ല എന്ന് പറയുന്നത് ശരിയാണോ?
തെറ്റാണ്. ലിനക്സ് വൈറസുകളും ഈ ലോകത്ത് ഉണ്ട്. ഇവിടെ നോക്കിയാല്‍ ലിനക്സ് വൈറസുകളെ പറ്റി ഒരു അറിവ് കിട്ടും. കയ്യിലേയും കാലിലേയും വിരലുകളില്‍ എണ്ണാവുന്നതില്‍ ഒതുങ്ങുന്നു അവയുടെ ആകെയുള്ള എണ്ണം. അതില്‍ നിന്ന് തന്നെ സുരക്ഷയുടെ കാര്യത്തില്‍ GNU/Linux-ഉം വിന്‍ഡോസും തമ്മിലുള്ള വ്യത്യാസം വ്യക്തമാണ് . മാത്രവുമല്ല അതുണ്ടാക്കുന്ന ’തൊല്ലകളും’ വിന്‍ഡോസ് വൈറസുകളെ അപേക്ഷിച്ച് കുറവാണ്. വിന്‍ഡോസ് വൈറസുകളെ പോലെ പെട്ടെന്ന് പടരുന്നുമില്ല. ലിനക്സില്‍ ഉപയോഗിക്കുവാന്‍ ക്ലാം ആന്റിവൈറസ് എന്ന സ്വതന്ത്ര സോഫ്ട്‍വെയറും ഉണ്ട്. വീട്ടാവാശ്യങ്ങള്‍ക്കായുള്ള GNU/Linux കമ്പ്യൂട്ടറുകളില്‍ ആന്റിവൈറസിന്റെ ആവശ്യം വേണ്ടി വരുന്നില്ല. അഥവാ, നിങ്ങള്‍ക്ക് ആവശ്യത്തിലധികം കമ്പ്യൂട്ടര്‍ റിസോഴ്സ് ഉണ്ടെങ്കില്‍, അത് ചെലവാക്കണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ SETI@home മുതലായ distributed computing project-ഉകള്‍ക്കായി കൊടുക്കുക. പുണ്യമെങ്കിലും കിട്ടും.

Update: ഫയര്‍വോളുകളെ പറ്റി വളരെ വിശദമായൊരു ലേഖനം വഴിപോക്കന്‍ ഇവിടെ ഇട്ടിട്ടുണ്ട്.

അശരീരി:
(1) വര്‍ഷങ്ങള്‍ക്ക് മുമ്പ്, അധികമൊന്നുമില്ല, 2003-04 കാലഘട്ടത്തില്‍ എന്റെ കമ്പ്യൂട്ടര്‍ ശരിയാകുവാന്‍ സെര്‍വീസ്മാന്‍ വന്നു. അന്നൊക്കെ ഹാര്‍ഡ്‍എയ്ര്‍ പ്രോബ്ലം വന്നാല്‍ മാത്രമേ ഞാന്‍ ആളെ വിളിക്കൂ, സോഫ്ട്‍വെയറൊക്കെ ഞാന്‍ സ്വയം ശരിയാക്കറാണ് പതിവ്. അങ്ങനെ കമ്പ്യൂട്ടര്‍ ശരിയാക്കി ഓണ്‍ ചെയ്തപ്പോള്‍ ആന്റിവൈറസ് ഓടുന്നത് കണ്ടപ്പോ പുള്ളി, “എന്തിനാ ഈ ആന്റി വൈറസ്, വിന്‍ഡോസ് എക്സ്പിയില്‍ ആന്റി വൈറസിന്റെ ആവശ്യമേയില്ല………….” . ഞാന്‍ ഞെട്ടി. ”യെവനെക്കൊണ്ടൊക്കെ എന്റെ കമ്പ്യൂട്ടര്‍ തൊടീപ്പിച്ചല്ലോ..ഭാഗ്യം കൊണ്ട് സാധനം തിരികെ കിട്ടി”
(2) ഒന്നൊന്നര മാസം മുമ്പ് (2008 Jan-Feb) ഇവിടെ എന്റെ ഒരു സുഹൃത്തിന്റെ കമ്പ്യൂട്ടര്‍ ശരിയാക്കിയിട്ട് ഞാന്‍ ആന്റിവൈറസ് ഇന്‍സ്റ്റാള്‍ ചെയ്യുവാന്‍ ഒരുങ്ങുക ആയിരുന്നു. പെട്ടെന്ന് അവന്‍ പറഞ്ഞു “വിസ്റ്റയില്‍ എന്തിനാണ് ആന്റിവൈറസ്, ഫയര്‍വാളില്ലേ, ‘malicious codes’എല്ലാം അത് പിടിച്ചോളുമല്ലോ”. വീണ്ടും ഞാന്‍ ഞെട്ടി “കോപ്പാണ്!…. ഫയര്‍വാള്‍ ….പീ…..പീ…പീ…..പീ… പിടിക്കും”

Possibly Related Posts:


സസ്യ എണ്ണകള്‍ – നാളത്തെ ഇന്ധനം

ദിനം തോറും കൂടികൊണ്ടിരിക്കുന്ന എണ്ണ വിലയും പാരിസ്ഥിതിക മാലിന്യ പ്രശ്നങ്ങളും വറ്റിക്കൊണ്ടിരിക്കുന്ന പാരമ്പര്യ ഊര്‍ജ്ജ സ്രോതസ്സുകളും പുതിയൊരു ഇന്ധനത്തെ പറ്റി ചിന്തിക്കുവാന്‍ നമ്മെ നിര്‍ബന്ധിതരാക്കുന്നു. പുതിയ ഇന്ധനങ്ങളെ പറ്റി ചിന്തിക്കുമ്പോള്‍ ഒന്നല്ല ഒരായിരം ഉത്തരങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.

ഇന്ന് നമ്മുടെ നിരത്തിലൂടെ ഓടുന്ന വാഹനങ്ങളെ എഞ്ജിനീയര്‍മാരുടെ ഭാഷയില്‍ രണ്ടായി തരം തിരിക്കാം. CI (Compression Ignition) എഞ്ജിനും SI (Spark Ignition) എഞ്ജിനും. സിലിണ്ടറിനുള്ളില്‍ പിസ്റ്റണിന്റെ മുകളിലോട്ടുള്ള ചലനത്താലുള്ള അതിമര്‍ദ്ദം മൂലം ചൂടാകുന്ന വായുവിലേക്ക് ഇന്ധനം സ്പ്രേ ചെയ്യുകയും അങ്ങനെ ഇന്ധനം കത്തിക്കുകയും അത് വഴി ജോലി (work) ചെയ്യുകയും ചെയ്യുന്ന എന്‍ജിനുകളെ CI എന്‍ജിനുകള്‍ എന്ന് വിളിക്കുന്നു. SI എന്‍ജിനുകളിലാകട്ടെ, പിസ്റ്റണ്‍ ചലനം മൂലം ഉല്‍പാദിപ്പിക്കപ്പെടുന്ന മര്‍ദ്ദം ഇന്ധനം കത്താന്‍ ഉതകുന്നില്ല, ആയതിനാല്‍ ഒരു സ്പാര്‍ക്ക് പ്ലഗ്ഗിന്റെ സഹായത്താലാണ് ഇവയില്‍ കത്തല്‍ തുടങ്ങുന്നത്.

CI എന്‍ജിനുകളില്‍ സാധാരണയായി ഡീസല്‍, സിഎന്‍ജി തുടങ്ങിയ ഇന്ധനങ്ങളാണ് ഉപയോഗിക്കുന്നത്. SI എന്‍ജിനുകളിലാകട്ടെ പെട്രോളും, ആല്‍ക്കഹോളും മറ്റും. ബാഷ്പീകരണ ശേഷി (volatility) കുറഞ്ഞ സസ്യ എണ്ണകള്‍ ഡീസല്‍ എന്‍ജിനുകളില്‍ ഉപയോഗിക്കാവുന്നതേ ഉള്ളു. ഡീസല്‍ എന്‍ജിന്‍ കണ്ടുപിടിച്ച സര്‍.റുഡോള്‍ഫ് ഡീസല്‍ ഇത് പണ്ട് തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ്.

CI എന്‍ജിന്‍ ഇന്ധനങ്ങള്‍ക്ക് വേണ്ട ഗുണങ്ങള്‍ താഴെ പറയുന്നവയാണ് ( പ്രധാനമായവ മാത്രമെ ചേര്‍ത്തിട്ടുള്ളു)

(1) സീറ്റേയ്‍ന്‍ സൂചകം ( Cetane number) – സിലിണ്ടറിലെ അതിമര്‍ദ്ദത്താല്‍ ഉണ്ടാകുന്ന ചൂടില്‍ സ്വയം കത്തുവാനുള്ള ശേഷിയെ ആണ് ഇത് സൂചിപ്പിക്കുന്നത്. കൂടുതല്‍ സീറ്റേയ്‍ന്‍ സൂചകം ഉള്ള ഇന്ധനം കൂടുതല്‍ നല്ല CI എന്‍ജിന്‍ ഇന്ധനം ആണെന്ന് പറയാം. മിക്ക സസ്യ എണ്ണകളുടേയും സീറ്റേയ്‍ന്‍ സൂചകം ഡീസലിനേക്കാള്‍ കുറവാണ് (എന്നാലും comparable എന്ന് പറയാം). പക്ഷെ ജൈവഡീസലുകളുടെ (biodiesel) സീറ്റേയ്‍ന്‍ സൂചകം ഡീസലിനേക്കാള്‍ കൂടുതലാണ്.

(2) Viscosity – (ഇതിന്റെ മലയാളം പദം എനിക്കറിയില്ല. “വഴുവഴുപ്പ്” എന്നത് ശരിയായ പരിഭാഷയാണോ?). ഒഴുക്കിനെതിരെ പ്രവര്‍ത്തിക്കുവാനുള്ള ദ്രാവകങ്ങളുടെ കഴിവിനെ അളക്കുന്ന മാനകം (scale എന്നല്ലേ മാനകത്തിന്റെ അര്‍ത്ഥം? എനിക്ക് തെറ്റിയോ…) ആണ് viscosity. ഇത് കൂടുതലാകുന്നത് CI എന്‍ജിനുകളെ സംബന്ധിച്ചിടത്തോളം ഗുണകരമായ ഒരു കാര്യമല്ല. CI എന്‍ജിനുകളില്‍ ഇന്ധനം സിലിണ്ടറിനുള്ളില്‍ നേരിട്ട് സ്പ്രേ ചെയ്യുകയാണ് ചെയ്യാറ്. ഇങ്ങനെ സ്പ്രേ ചെയ്യുമ്പോള്‍ അവ ചെറിയ ചെറിയ തുള്ളികളാകുന്നു. തുള്ളികളുടെ എണ്ണവും വലിപ്പവും inversely related ആണ്. അതായത് തുള്ളി വലിപ്പം കുറഞ്ഞാല്‍ തുള്ളികളുടെ എണ്ണം കൂടുന്നു, മാത്രവുമല്ല അവയുടെ പ്രതല വിസ്തീര്‍ണ്ണവും കൂടുന്നു. അങ്ങനെ പ്രതല വിസ്തീര്‍ണ്ണം കൂടുമ്പോള്‍ അവിടെ നടക്കുന്ന രാസപ്രവര്‍ത്തനങ്ങളും (അതായത് കത്തല്‍ പ്രക്രിയ) ത്വരിതമാകും.‍ സസ്യ എണ്ണകള്‍ക്ക് സാധാരണ ഡീസലിനേക്കാള്‍ viscosity കൂടുതലാണ്. പാരമ്പര്യമായി ഉപയോഗിച്ച് വരുന്ന ഡീസല്‍ ഇന്‍ജെക്ടറുകള്‍ക്ക് അതിനാല്‍ തന്നെ അവയെ ഫലപ്രദമായി atomize (തുള്ളിവല്‍ക്കരണം എന്ന് പറഞ്ഞാ ശരിയാകുമോ?) ചെയ്യുവാന്‍ സാധിക്കില്ല. ഒന്നുകില്‍ സസ്യ എണ്ണകള്‍ക്ക് അനുയോജ്യമായ ഇന്‍ജെക്ടറുകള്‍ ഉപയോഗിക്കുക, അല്ലെങ്കില്‍ അവയെ പല പല പ്രക്രിയകള്‍ക്ക് (Transesterification, blending, pre-heating, emulsification ഇവയൊക്കെ പല വഴികളാണ്, അവയെ പറ്റി പിന്നീടൊരിക്കല്‍ വിശദമായിട്ടെഴുതാം) വിധേയമാക്കി viscosity കുറയ്ക്കുക എന്ന രണ്ടു വഴികളാണ് ഉള്ളത്.

(3) താപോര്‍ജ്ജ നിലവാരം (heating value) – സസ്യ എണ്ണകള്‍ക്ക് ഭാരത്തിന്റെ അടിസ്ഥാനത്തില്‍ താപോര്‍ജ്ജ നിലവാരം (heating value on basis of mass or per unit mass) ഡീസലിനെ അപേക്ഷിച്ച് കുറവാണ്. എന്നാല്‍ അവയുടെ സാന്ദ്രത (density) ഡീസലിനേക്കാള്‍ കൂടിയതായത് കൊണ്ട് വ്യാപ്തത്തിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ താപോര്‍ജ്ജ നിലവാരം (heating value on basis of volume or per unit volume), പലപ്പോഴും ഡീസലിനേക്കാള്‍ ഉയര്‍ന്നോ അതിനോടൊപ്പൊമോ നില്‍ക്കുന്നു. ഇന്ത്യയിലും മിക്കവാറും എല്ലാ രാജ്യങ്ങളിലും ഇന്ധനം വ്യാപ്താടിസ്ഥാനത്തില്‍ കൊടുക്കുന്നതിനാല്‍ സസ്യ എണ്ണകളുടെ കുറഞ്ഞ താപോര്‍ജ്ജ നിലവാരം ഒരു പ്രശ്നമാകുന്നില്ല.

സസ്യ എണ്ണകളില്‍ ഡീസലുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഓക്സിജന്‍ ശതമാനം കൂടുതലാണ്. അത്‍കൊണ്ട് ഗുണവും ദോഷവും ഉണ്ട്. ഗുണം എന്തെന്ന് വെച്ചാല്‍ ഹൈഡ്രോകാര്‍ബണ്‍, കാര്‍ബണ്‍ മോണോക്സൈഡ് emissions കുറവായിരിക്കും. പക്ഷെ, ആല്‍ഡിഹൈഡ് emissions താരതമ്യേനെ കൂടുതലായിരിക്കും, NOx emissions-ഉം ചില സമയങ്ങളില്‍ കൂടുതലായി കണ്ടു വരുന്നു. പരമ്പരാഗത ഡീസല്‍ എന്‍ജിനുകളുടെ കംബസ്റ്റന്‍ ചേമ്പറിന്റെയും ഫ്യൂല്‍ ഇന്‍ജക്ടറിന്റെയും ഡിസൈന്‍ സസ്യ എണ്ണകള്‍ക്ക് വേണ്ടി നിര്‍മ്മിച്ചിരിക്കുന്നതല്ലാത്തത് കൊണ്ടുള്ള പ്രശ്നങ്ങളാണ്.

പെട്രോളിയം ഡീസലില്‍ കണ്ടുവരുന്ന സള്‍ഫര്‍, സസ്യ എണ്ണകളില്‍ ഇല്ല എന്നതും ഗുണകരമായ ഒരു സംഗതിയാണ്.

(തുടരും)

Possibly Related Posts: