Archive

Posts Tagged ‘യുക്തിവാദം’

മദകടാനന്ദ സ്വാമികളുമായിട്ടൊരു അഭിമുഖം

ളരെ യാദൃശ്ചികമായിട്ടായിരുന്നു സ്വാമി മദകടാനന്ദനെ എന്റെ സുഹൃത്ത് (ഞാനല്ല) കണ്ടുമുട്ടിയത്. അഭിമുഖത്തിന്റെ കാര്യം പറഞ്ഞപ്പോഴെ മദകടന്‍ ഉത്സാഹമതിയായി. ശാസ്ത്രത്തിലും മതത്തിലും അതിഫയങ്കരമായ ജ്ഞാനമുള്ള സ്വാമികള്‍, തന്റെ അമ്പലം നിരങ്ങലുകളുടെ ഇടയ്ക്ക് കിട്ടിയ ചെറിയ ഇടവേളയില്‍, സുഹൃത്തിന്റെ ചോദ്യങ്ങള്‍ക്ക് ശക്തവും വ്യക്തവും കൃത്യവുമായ ഉത്തരങ്ങള്‍ നല്‍കി സുഹൃത്തിന്റെ വായടപ്പിക്കുകയാണവസാനമുണ്ടായത്. അധികം നീട്ടുന്നില്ല. അഭിമുഖത്തിലേക്ക് കടക്കാം.

സുഹൃത്ത്: ഒരു നൂറ്റമ്പത് വര്‍ഷം മുമ്പ് വരെയെങ്കിലും വളരെ പ്രകടമായിട്ട് ജാതീയമായ ഉച്ചനീചത്വങ്ങള്‍ നമ്മുടെ കേരള സമൂഹത്തിലും നിലനിന്നിരുന്നു. വര്‍ണ്ണ വ്യവസ്ഥയില്‍ താഴെ നിന്നവര്‍ക്കും, അവര്‍ണ്ണര്‍ക്കുമെല്ലാം വിദ്യാഭ്യാസം ലഭിച്ചിട്ടും മലയാളി ഹിന്ദുവിന്റെ ഉള്ളിന്റെ ഉള്ളില്‍ ജാതിക്കറയുടെ പാടുകള്‍ മായുന്നില്ല. “ഈഴവരെല്ലാം പന്നിക്ക് പിറന്നവരാണെന്നും”, “താഴ്ന്ന ജാതിക്കാരന്‍ റോക്കറ്റ് പറത്തില്‍ സെക്രട്ടേറിയേറ്റിന്റെ മുകളില്‍ വീഴുമെന്നും” ഒക്കെ സവര്‍ണ്ണ പ്രഭുക്കള്‍ പറഞ്ഞത് വാസ്കോഡിഗാമാ കപ്പലിറങ്ങിയ സമയത്തല്ല. ഈ കാലഘടത്തില്‍ തന്നെ. ഈയിടെ ഒരു ഈഴവ പൂജാരിയെ അമ്പലത്തില്‍ പൂജ ചെയ്യുവാന്‍ സമ്മതിച്ചില്ലായെന്നും കേട്ടു. ഈഴവനായ ശ്രീ. വയലാര്‍ രവി എന്നൊക്കെ ഗുരുവായൂര്‍ പോയാലും, അന്നൊക്കെ അവിടെ പുണ്യാഹം തളിക്കപ്പെടുന്നു. എന്റെ ആദ്യ ചോദ്യം ജാതി വ്യവസ്ഥയെക്കുറിച്ചാണ്, ജാതി വ്യവസ്ഥയില്ലാതെ ഹിന്ദു മതത്തിന് നിലനില്‍പ്പില്ലേ?

സ്വാമി: ഹരി ഓം. കേരളത്തിലെ അതിസമ്പന്നമായ ഒരു തീയ്യ/ഈഴവ തറവാട്ടിലാണ് ഞാന്‍ ജനിച്ചത്. അതുകൊണ്ടു തന്നെ ജാതിയില്‍ താണ ഒരീഴവന്റെ വികാരമെനിക്ക് മനസ്സിലാകും. ജാതിയില്ലാതെ ഹിന്ദു മതത്തിന് നിലനില്പ്പില്ലായെന്ന് പറയുന്നത് വൈദേശിക-മത-വക്താക്കളുടെ പ്രചാരണമാണ്. ഹിന്ദു മതത്തില്‍ ജാതിയുണ്ടായിരുന്നു എന്ന് പറയുന്നത് പൂര്‍ണ്ണമായും ശരിയാണ്. എന്നാല്‍ ഇന്നത്തെ ഹിന്ദു സമൂഹത്തില്‍ ജാതിക്കൊരു പ്രസക്തിയുമില്ല. ജാതിഭേദമില്ലാതെ ഹിന്ദുക്കളെല്ലാം ഒത്ത് ചേര്‍ന്ന് ഹിന്ദു രാഷ്ട്രനിര്‍മ്മാണത്തിനായി പരിശ്രമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഹിന്ദു എവിടെയും എപ്പോഴും ആക്രമിക്കപ്പെടുകയാണ്. ഞങ്ങളുടെ തറവാട്ടിലെ അടിച്ചുതളിക്കാരി ഒരു നായര്‍ സ്ത്രീ ആയിരുന്നു. പുലയ/പറയന്മാരെ ഒന്നും വീട്ടില്‍ കയറ്റില്ലായിരുന്നു. അത്രയ്ക്ക് ആഢ്യരായിരുന്നു എന്റെ കാരണവന്മാര്‍. എന്നാല്‍ ഞാന്‍ അവരുമായിട്ട് കളിക്കുവാനും ഭക്ഷണം കഴിക്കുവാനുമൊന്നും അന്നുമിന്നും മടി കാട്ടിയിരുന്നില്ല. ഇന്നലെയെന്റെ അനിയനൊരു പുലയത്തിയെ കെട്ടിക്കൊണ്ടു വന്നു, വീട്ടുകാരവനെ പുറത്താക്കി. അതില്‍ നിന്നും മനസ്സിലാക്കാം ഞാന്‍ എന്ന വ്യക്തിയുടെ മഹാമനസ്കത. ഇന്നും ഞാനീ പറയ-പുലയ്ന്മാരുടെ കൂടെ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. “സര്‍വ്വ ജാതി ഹിന്ദുക്കളെ, സംഘടിക്കുവിന്‍” എന്നാണ് ഞാനുയര്‍ത്തുന്ന മുദ്രാവാക്യവും.

സുഹൃത്ത്: സ്വാമിജി ഞാന്‍ ചോദിച്ചതിനൊന്നുമല്ല ഉത്തരം നല്‍കിയത്. എന്നാലും പോട്ടെ, കുഴപ്പമില്ല. എന്റെ രണ്ടാമത്തെ ചോദ്യത്തിലേക്ക് കടക്കാം. വേദോപനിഷത്തുകളിലും, പുണ്യ പുരാണങ്ങളിലുമൊക്കെ ശൂദ്രര്‍ക്ക് പശുവിന്റെ പോലും വില കല്പ്പിച്ചിരുന്നില്ലല്ലോ? പണ്ടൊരു കഥ കേട്ടിട്ടുണ്ട്, ശ്രീ രാമന്‍ ശംഭൂകന്‍ എന്നൊരു ശൂദ്രന്‍ തപസ്സനുഷ്ഠിച്ചപ്പോള്‍ പോയി വെട്ടിക്കൊന്നു രാജ്യത്തെ രക്ഷിച്ച കഥ. ഇന്നും സ്ഥിതി വ്യത്യാസമൊന്നുമല്ലല്ലോ? പുരോഗമന പ്രസ്ഥാനങ്ങള്‍ വേരുപിടിക്കാത്ത നാടുകളില്‍ പൊതു ടാപ്പില്‍ നിന്ന് വെള്ളം കുടിക്കുന്ന ദളിതനെ ചുട്ടു തിന്നുകയല്ലേ ജാതി-ഹിന്ദുക്കള്‍?

സ്വാമി:നീതിമാനായ ശ്രീ രാമനെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം ഹേ! നീയാദ്യം പോയി രാമായണം വായിച്ചിട്ട് വലിയ വായില്‍ സംസാരിക്ക്. ശൂദ്രനായിരുന്ന ശംഭൂകന്‍ അഥര്‍വ്വ വേദത്തിലെ ചില മന്ത്രതന്ത്രങ്ങള്‍ നടത്തുകയായിരുന്നു. അഥര്‍വ്വ വേദത്തിലെ ചില ക്രിയകള്‍ മറ്റുള്ളവര്‍ക്ക് ദോഷം വരുത്തുന്നതാണെന്ന് നിനക്കറിയാമായിരിക്കുമല്ലോ സംസ്കാര രഹിതാ. ശ്രീ രാമന്‍ തന്റെ പ്രവൃത്തിയിലൂടെ ശംഭൂകനെ സ്വര്‍ഗ്ഗത്തിലെത്തിക്കുകയാണ് ചെയ്തത്. നിനക്കോര്‍മ്മയുണ്ടോയെന്നറിയില്ല. പണ്ടൊരിക്കല്‍ ത്രിശങ്കുവിനെ സ്വര്‍ഗ്ഗത്തിലോട്ട് കടത്തി വിടാന്‍ വിശ്വാമിത്രന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല. ഇപ്പോ ശ്രീ രാമന്‍ എന്ത് സിമ്പിളായിട്ടാണ് ശംഭൂകനെന്ന ശൂദ്രനെ സ്വര്‍ഗ്ഗത്തിലേക്ക് വിട്ടതെന്ന് നോക്കൂ. ദളിതര്‍ക്കും മുസ്ലിംങ്ങള്‍ക്കും കൃസ്ത്യാനികള്‍ക്കുമൊന്നും സ്വര്‍ഗ്ഗം വേണ്ടെന്നാണോ നീ പറയുന്നത്?

സുഹൃത്ത്: ക്ഷമിക്കണം സ്വാമിജീ. എനിക്കങ്ങയുടെ അത്രയും വിവരമൊന്നുമില്ല. പക്ഷെ, വേദോപനിഷത്തുകളില്‍ പലയിടത്തുമുണ്ടല്ലോ വിദ്യ അഭ്യസിക്കുന്ന ശൂദ്രനെ കൈകാര്യം ചെയ്യുന്ന രീതികള്‍. നീതിമാനായ ശ്രീ രാമനെ പറ്റി പറഞ്ഞപ്പോഴാണ് മറ്റൊരു കാര്യം ഓര്‍ത്തത്. ബാലി എന്ന വാനര രാജാവിനെ വധിച്ച് അവന്റെ രാജ്യത്തെയും ഭാര്യയേയും മകനേയും, അനിയനായ സുഗ്രീവന് കൈമാറിയ കഥ. നീതിമാനായ ശ്രീരാമന്‍ എന്തുകൊണ്ടങ്ങനെ ചെയ്തു?

സ്വാമി:കൂപമണ്ഡൂകമേ! റൈറ്റ് സഹോദരന്മാര്‍ വിമാനം കണ്ടുപിടിക്കുന്നതിനു മുമ്പേ ഈ മഹാരാജ്യത്ത് വിമാനങ്ങള്‍ പറന്നിരുന്നു. ലോകത്തിലെല്ലാവരും പുകഴ്ത്തിയ ഐതിഹ്യത്തെ നീ ഇങ്ങനെ സംശയിക്കരുത്, വിമര്‍ശിക്കരുത്. സുഗ്രീവനെ രാജ്യത്ത് നിന്നുമോടിച്ച് വിട്ട്, സുഗ്രീവന്റെ ഭാര്യയായിരുന്ന രുമയെ പ്രാപിച്ചത് മൂലമാണ് ബാലിയെ ശ്രീരാമചന്ദ്രന്‍ ഒളിഞ്ഞിരുന്നു വധിച്ചത്. അല്ലാതെ സുഗ്രീവനെ സോപ്പിട്ട് അവന്റെ വാനര സൈന്യത്തിന്റെ പിന്തുണ കിട്ടാനൊന്നുമായിരുന്നില്ല. വീട്ടുകാരൊക്കെ നിന്നെ വളര്‍ത്തിയതിന്റെ കുഴപ്പമാ നിന്നില്‍ കാണുന്നത്.

സുഹൃത്ത്: അല്ല സ്വാമീ. രാമന്റെ കൂടെ നിന്നാലപ്പോള്‍ ആരുടെ ഭാര്യയെ പ്രാപിക്കുന്നതിനും, ആരുടെ രാജ്യം കൈക്കലാക്കുന്നതിനും പ്രശ്നമില്ലെന്നാണോ? (അമേരിക്കയുടെ പൃഷ്ഠം താങ്ങിയാല്‍ എന്ത് തന്തയില്ലായ്മത്തരവും കാണിക്കാമെന്നത് പോലെ)

സ്വാമി:ബബ്ബ..ബബ്ബ..ബബ്ബ! അത്.. അത്…. സുഗ്രീവന്‍ താരയെ പ്രാപിച്ചു എന്നാര് പറഞ്ഞു. സംസ്കാരമില്ലാത്തവനേ. നിന്റെ അത്രയും തറ സംസ്കാരമില്ലാത്തത് കൊണ്ട് അതിനു ഞാന്‍ മറുപടി പറയുന്നില്ല. വളര്‍ത്തു ദോഷം എന്നല്ലാതെ എന്ത് പറയുവാനാ? ഹിന്ദു മതത്തിന്റെ ശാസ്ത്രീയതയെക്കുറിച്ച് നിനക്കെന്തറിയാം. ഋഗ്വേദത്തിലെ മന്ത്രങ്ങള് കമ്പ്ലീറ്റ് ശാസ്ത്രമല്ലേ. ഞാനതൊക്കെ വായിച്ചിട്ടുണ്ട്. അതില് പറയാത്ത കാര്യങ്ങളില്ല. ഇന്നത്തെ പടിഞ്ഞാറന്‍ ശാസ്ത്രജ്ഞര്‍, പണ്ട് നമ്മള് കണ്ടുപിടിച്ചതൊക്കെ വീണ്ടും കണ്ടുപിടിക്കുകയാണ് ചെയ്യുന്നത്. കലികാലം എന്നല്ലാതെ എന്ത് പറയാനാ?

സുഹൃത്ത്:വേദോപനിഷത്തുകളില്‍ ശാസ്ത്രസത്യങ്ങളുണ്ടെന്ന്പറയുന്നത് ശരിയെങ്കില്‍ നല്ലത് തന്നെ.പക്ഷെ സ്വാമീ എന്റെ സംശയം വര്‍ദ്ധിക്കുകയാണ്. വിമാനവും, അണുവിസ്ഫോടനവും, ഇലക്ട്രോണും, ന്യൂട്രോണുമൊക്കെ വേദോപനിഷത്തുകളിലുണ്ടെങ്കില്‍ നാമെന്തിനാണ് പാശ്ചാത്യര്‍ കണ്ടുപിടിക്കുംവരെ കാത്തിരിക്കുന്നത്? നേരത്തെ തന്നെ ഏതെങ്കിലും പീര്‍ റിവ്യൂഡ് ജേണലുകളില്‍ പബ്ലിഷ് ചെയ്താല്‍ മതിയായിരുന്നുവല്ലോ? ഇനിയുമേറെ കണ്ടുപിടിക്കാത്ത കുറെ കണ്ടുപിടുത്തങ്ങള്‍ കാണില്ലേ നമ്മുടെ വേദങ്ങളില്‍. നമ്മുക്കതങ്ങ് പബ്ലിഷ് ചെയ്താലോ?

സ്വാമി:പ്രിയ സുഹൃത്തേ. നിങ്ങള്‍ക്ക് തെറ്റി. നിങ്ങളിതിനെയെല്ലാം ഒരു ഭൗതിക തലത്തിലാണ് കാണുവാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഹൈന്ദവ ഗ്രന്ഥങ്ങളില്‍ എല്ലാം തന്നെ ആത്മീയമായൊരു തലത്തിലാണ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ശാസ്ത്രത്തിനെ ഭൗതികമായ കാര്യങ്ങളെ കൈകാര്യം ചെയ്യുവാനുള്ള ശേഷിയേയുള്ളൂ. ശാസ്ത്രത്തിന് ഉത്തരം കിട്ടാത്തെ കാര്യങ്ങളൊക്കെ മെറ്റാ-ഫിസിക്സില്‍ ഉള്‍പെടുത്തി ഒഴിവാക്കുകയാണ് പതിവ്. എന്നാല്‍ വേദത്തില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങളില്ല. ഭൗതികയേയും ആത്മീയതേയും പറ്റി നീ പഠിക്കുവാന്‍ ശ്രമിക്ക്. യഥാര്‍ത്ഥ ശാസ്ത്രമെന്തെന്ന് ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ? അല്ലേ? നീ നേരത്തെ ജേണലെന്നോ, പീര റിവ്യൂ എന്നോ മറ്റോ പറഞ്ഞല്ലോ. എന്തരാടേയത്? ഞാന്‍ ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കാത്തത് കൊണ്ട് പുതിയ ഐസ്ക്രീമുകളുടെ പേരൊന്നും അറിയത്തില്ലാന്നേ. നിനക്ക് ഞാനൊരു ഉപദേശം ഫ്രീ ആയിട്ട് തരാം. “ഒരു കാര്യത്തെക്കുറിച്ച് പഠിക്കാതെ, അതിനെ പറ്റി ആധികാരികമായി അഭിപ്രായം പറയരുത്.

സുഹൃത്ത്:പീര റിവ്യൂ അല്ല സ്വാമീ. പീര്‍ റിവ്യൂ. ഉത്തരം മുട്ടുമ്പോള്‍ ഞാന്‍ സാധാരണ കേള്‍ക്കാറുള്ള കാര്യമാണ് ഈ ആല്‍മീയതയും, പോസിറ്റീവ് എനര്‍ജിയുമൊക്കെ. ശ്രീ രാമനെക്കുറിച്ച് ഞാനൊരു ചോദ്യം കൂടി ചോദിച്ചോട്ടെ. പൂര്‍ണ്ണ ഗര്‍ഭിണിയായ സീതാദേവിയെ, കൊടുംകാട്ടില്‍ കൊണ്ടു പോയി ഉപേക്ഷിച്ചത് എന്ത് നീതിയുടെ അടിസ്ഥാനത്തിലാണ്?

സ്വാമി:ഹിന്ദു മതം എത്ര tolerant ആണെന്ന് നിനക്കറിയുമോ കുഞ്ഞേ? നീ ഇപ്പറഞ്ഞത് മുസ്ലീമിനെ പറ്റിയോ, കൃസ്ത്യാനിയെ പറ്റിയോ ആയിരുന്നെങ്കില്‍ ഇപ്പോ കാണാമായിരുന്നു. ചേകന്നൂര്‍ മൗലവിയെ പറ്റി കേട്ടിട്ടുണ്ടോ? ഞങ്ങളൊക്കെ എല്ലാം കേട്ടും സഹിച്ചും കഴിയുന്ന സാധാരണക്കാര്‍. സമാധാനത്തെ പറ്റിയല്ലാതെ ഹിന്ദു മതം സംസാരിക്കുന്നില്ല. അറിയുവോ കുട്ടിക്ക്. അതെങ്ങനെ താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പെന്ന് പറയുന്ന നിന്നെ പോലുള്ളവരാണ് ഈ മതത്തിന്റെ പ്രശ്നം. നീയേതാ ജാതി?

സുഹൃത്ത്: എന്റെ അച്ഛനും അമ്മയും ഹിന്ദു ഈഴവരാണ് സ്വാമീ. സിഖ് മതക്കാരായിരുന്നു എന്റെ അച്ഛനുമമ്മയുമെങ്കില്‍ ഞാന്‍ സിഖുകാരനാകുമായിരുന്നു.  എനിക്കീ ജാതിയിലും മതത്തിലുമൊന്നും ഇപ്പോള്‍ വിശ്വാസമില്ല. സ്വാമീ ഞാന്‍ ചോദ്യത്തിലേക്ക് തിരികെ വരാം. എം. എഫ്. ഹുസൈന്‍ എന്ന ചിത്രകാരനോടും, ചിത്രകാരന്‍ എന്ന ബ്ലോഗ്ഗറോടും ഹിന്ദു മതം കാണിച്ച സഹിഷ്ണുതയെ പറ്റി പറയാതിരിക്കുയാകും ഭേദം.

സ്വാമി:അപ്പോ നമ്മളെല്ലാം ഒരു ടീമാണല്ലേ. അനിയാ ഞാനൊന്ന് ചോദിക്കട്ടെ, നിന്റെ അമ്മയുടെയോ പെങ്ങളുടെയോ നഗ്ന ചിത്രം വരച്ചാല്‍ നീയതങ്ങ് കണ്ടാസ്വദിച്ച് നില്‍ക്കുമോ? ഇവിടെ ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയാല്‍ അവന്റെ ശവം വീഴ്ത്തും ഞങ്ങള്‍. ഏത് പട്ടിക്കഴുവേറി മകനാണെടാ ഹിന്ദുക്കളെ തൊടുവാന്‍ ധൈര്യം? എം. എഫ്. ഹുസൈന് ഞങ്ങള്‍ കൊടുത്ത ഒരു ആനുകൂല്യമാണ് അവന്റെ ജീവന്‍. ചിത്രകാരന്റെ ബ്ലോഗ്ഗ് വായിച്ചിട്ടുണ്ട്. ചിത്രകാരന്റെ നായര്‍ bashing പോസ്റ്റുകള്‍ കണ്ടെനിക്ക് രതിമൂര്‍ച്ഛ വരെ വന്നിട്ടുണ്ട്. പക്ഷെ അവന്‍ ഹിന്ദു ദൈവങ്ങളെ തെറി പറഞ്ഞെഴുതിയത് ചെറ്റത്തരമായിപ്പോയി. നമ്മുടെ മഹത്തായ ഗ്രന്ഥങ്ങളെ ആ ഒരു സംശയത്തിന്റെ കണ്ണുകളിലൂടെ നോക്കിക്കാണരുത്. ഒരു ഭാരതീയനില്‍ നിന്നുമൊരിക്കലുമത് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. നമ്മുടെ ഐതിഹ്യങ്ങളെക്കുറിച്ച് നാം എപ്പോഴും അഭിമാനത്തോട് കൂടിയേ സംസാരിക്കാവൂ.

സുഹൃത്ത്: അല്ല സ്വാമീ. രാമായണവും മഹാഭാരതവുമൊക്കെ മഹത്തായ കാവ്യങ്ങള്‍ എന്ന രീതിയില്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. എന്നാലതിനെയൊക്കെ ഇത്രയും വികാരത്തോടെ കണ്ട്, അതിലെ കഥാപാത്രങ്ങളെയൊക്കെ ആരാധിക്കേണ്ടുന്ന കാര്യമുണ്ടോ? അങ്ങനെയെങ്കില്‍ കുറച്ചു കൂടി ആധുനികവും വിശ്വാസയോഗ്യവുമായത് മായാവിയും ടിന്‍ടിനുമൊക്കെയല്ലേ? സ്വന്തം ഭാര്യയെ കാട്ടിലുപേക്ഷിച്ച ശ്രീരാമനെയൊക്കെ വെച്ച് നോക്കുമ്പോള്‍ കുട്ടൂസനൊക്കെ എന്ത് ഡീസന്റാണ്? ആ ഡാകിനിയെ ഒക്കെ എത്ര നാളായി കൂടെ കൂട്ടിയിരിക്കുന്നു? നാം ജീവിക്കുന്ന ആധുനിക ലോകത്തില്‍ വിമര്‍ശനങ്ങള്‍ക്ക് അതിന്റേതായ സ്ഥാനമുണ്ടെന്നാണ് സ്വാമീ ഞാന്‍ വിശ്വസിക്കുന്നത്. ഏത് ശാസ്ത്ര തത്ത്വവും evolve ചെയ്ത് വരുന്നത് വിമര്‍ശങ്ങളിലൂടെയും, ചോദ്യം ചെയ്യലുകളിലൂടെയും ആ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നതിലൂടെയുമാണ്. വിമര്‍ശനാതീതമായ ഒന്നിനെ ശാസ്ത്രമെന്ന് വിളിക്കുവാന്‍ കഴിയുമോ സ്വാമീ?

കാവ്യാത്മകമായി എഴുതുന്നതെന്തും മനുഷ്യന്‍ തോന്നുന്ന രീതിയില്‍ വ്യാഖ്യാനിക്കാമെന്നൊരു ഗുണമുണ്ട്. ആ ഒരു ഗുണം വെച്ചു തന്നെയാണ് വളരുന്ന ശാസ്ത്ര തത്ത്വങ്ങളെ സ്വന്തം കവിതകളും കഥകളും കൊണ്ട് വിവരിക്കുവാന്‍ കഴിയുന്നതും. രാമായണവും, മഹാഭാരതവും, ഗീതയും, വേദോപനിഷത്തുക്കളുമെല്ലാം ഒരു വിമര്‍ശനബുദ്ധിയോടെ വായിക്കേണ്ട ആവശ്യമില്ലേ? ആധുനികതയും ശാസ്ത്രീയതും അവകാശപ്പെടുമ്പൊള്‍ അത് നടത്തേണ്ട ആവശ്യമുയരുന്നില്ലേ?

സ്വാമി: നീ എന്റെയടുത്ത് ഇങ്ങനെ പറഞ്ഞത് കൊള്ളാം. ഇത് വേറെയാരുടെ അടുത്തെങ്കിലും പറഞ്ഞാല്‍ നിന്റെ ശവമെടുപ്പായിരിക്കും നടക്കുക. ഒള്ള കാര്യം പറഞ്ഞേക്കാം. ശാസ്ത്രമെന്ന് പറയുന്നത് “സത്യമാണ്”, ആ സത്യത്തെ പറ്റിയാണ് വേദങ്ങളില്‍ പറഞ്ഞിട്ടുള്ളത്. അന്തിമമായ സത്യമെന്ന് പറയുന്നത് ഒന്നേയുള്ളൂ. അത് ഗീതയിലാണുള്ളത്. അത് വിമര്‍ശനാതീതമാണ്. പിന്നെ സ്വന്തം മുഖത്ത് ചെളിവാരിത്തേച്ചുള്ള വിമര്‍ശനത്തിലൊന്നും താല്‍പര്യമില്ലെനിക്ക്. ഹിന്ദു മതം സത്യമാണ്, ഹിന്ദു മതം മാത്രമാണ് സത്യം. മാത്രോമല്ല ഞാന്‍ ചെയ്തതെല്ലാം ശരിയുമാണ്.

സുഹൃത്ത്: ജീവിച്ചിരുന്ന സമയത്ത് തന്നെ ഒരു ദൈവമായി ആരും ആരാധിക്കരുത് എന്ന് ആഗ്രഹിച്ച ഒരു മനുഷ്യനാണ് ശ്രീ നാരായണ ഗുരു. എന്നാലിന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ ഗുരുവിനെ ചില്ലുകൂട്ടിലടച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയല്ലേ ചെയ്യുന്നത്? നാരായണ ഗുരുവിന്റെ പിന്‍ഗാമികളുടെ ഈ പ്രവൃത്തിയും അദ്ദേഹത്തെ സിമന്റ് നാണു എന്ന് വിളിക്കുന്നവരുടെ പ്രവൃത്തികളും തമ്മിലെന്തെങ്കിലുമന്തരമുണ്ടോ? ഒരു സാമൂഹിക പര്‍ഷ്കര്‍ത്താവ് എന്ന നിലയില്ലാതെ അദ്ദേഹത്തെ, അദ്ദേഹത്തിന് പോലുമിഷ്ടമില്ലാത്ത രീതിയില്‍ കാണുന്നത് അക്ഷന്തവ്യമായ തെറ്റല്ലേ?

സ്വാമി:നാരായണ ഗുരു ദൈവമല്ലെന്ന് നിന്റെയടുത്ത് ആരാണ് പറഞ്ഞത്? അദ്ദേഹത്തിന്റെ കാലത്ത് നടന്ന ദിവ്യാദ്ഭുതങ്ങളെക്കുറിച്ച് നിനക്കെന്തറിയാം? അദ്ദേഹമൊരു ദിവ്യനായിരുന്നു. മഹാവിഷ്ണുവിന്റെ അവതാരമായിരുന്നു നാരായണ ഗുരു എന്നും പറയപ്പെടുന്നുണ്ടത്രേ. നാരായണ ഗുരു “ഈഴവ ശിവനെ” പ്രതിഷ്ഠിച്ചത് തന്നെ അദ്ദേഹത്തിന് ഹിന്ദുത്വത്തില്‍ ആകൃഷ്ടനായത് കൊണ്ടല്ലേ? അല്ലെങ്കിലദ്ദേഹമെന്തു കൊണ്ട് ഈഴവ ബുദ്ധനേയോ, ഈഴവ ഉണ്ണീശോനേയോ പ്രതിഷ്ഠിച്ചില്ല? പറ പറ…

സുഹൃത്ത്: അന്നത്തെ ഹിന്ദു ദുഷ്‌പ്രഭുത്വത്തിനെതിരെ പ്രതികരിക്കുവാന്‍ ഏറ്റവും നല്ല ആയുധം ഈഴവ ശിവനായിരുന്നുവോ എന്ന കാര്യത്തില്‍ എനിക്ക് സന്ദേഹമുണ്ട് സ്വാമീ. ഈഴവ ശിവനെ ഗുരു പ്രതിഷ്ഠിച്ചത് 1888-ലാണ്. അത് കഴിഞ്ഞിട്ടും 1896-ലെ ഈഴവ മെമ്മോറിയല്‍ കഴിഞ്ഞിട്ടും ഈഴവന്റെ സാമൂഹിക സ്ഥിതി മെച്ചപ്പെട്ടിരുന്നുവോ? ഈഴവ ശിവനെ ഈഴവരും, ഹിന്ദു ശിവനെ ഹിന്ദുക്കളും ആരാധിച്ചു കൊണ്ടിരുന്നു. എന്നാല്‍ ഹിന്ദു ഭരണാധികാരികള്‍ക്ക് വ്യക്തമായ സന്ദേശം കൊടുക്കുവാന്‍ “ഈഴവ ശിവ പ്രതിഷ്ഠയ്ക്ക്” എന്ത് മാത്രം കഴിഞ്ഞു? കഴിഞ്ഞിട്ടില്ല എന്നാണ് എന്റെ വിനീതമായ അഭിപ്രായം. 1901-ല്‍ വെറും ആറ് ലക്ഷമായിരുന്ന കൃസ്ത്യാനികള്‍ 1932-ല്‍ 17 ലക്ഷമാക്കിയതാണ് തിരുവിതാംകൂര്‍ മഹാരാജാവിനെ ക്ഷേത്രപ്രവേശന വിളമ്പരത്തിന് ശരിക്കും പ്രേരിപ്പിച്ചത്. ഇന്നത്തെ അവസ്ഥയില്‍ ഈഴവര്‍, മതം മാറണമെന്നൊന്നും ഞാന്‍ പറയില്ല. അല്പം വിവേകത്തോടെ മതത്തെയും ഐതിഹ്യങ്ങളെയുമൊക്കെ സമീപിച്ചാല്‍ തീരുന്നതേയുള്ളൂ ഈഴവന്റെയും മറ്റ് പിന്നോക്ക വിഭാഗക്കാരുടെയും സാമൂഹിക പ്രശ്നങ്ങള്‍. ഒരിക്കലപമാനിച്ചു വിട്ട സ്ഥലത്ത് വീണ്ടുമെന്തിന് പോകുന്നു എന്ന് നാരായണ പണിക്കര്‍ (അതോ സുകുമാരന്‍ നായരായിരുന്നോ അത് പറഞ്ഞത്) വയലാര്‍ രവിയൊട് പറഞ്ഞതിനെ ഞാന്‍ പിന്താങ്ങുന്നു.

ഹിന്ദു മതം വന്നിട്ട് അയ്യായിരത്തിലേറെ വര്‍ഷമായെന്ന് പറയപ്പെടുന്നു. ഇത്രയ്ക്ക് ശാസ്ത്രീയവും ഉല്‍കൃഷ്ടവുമായ മതം നമ്മുക്കുണ്ടായിട്ടും നാമിന്നും സാമ്പത്തിക-സാമൂഹിക ഉച്ചനീചത്വങ്ങളുടെ നടുവിലാണ്. ഹൃദ്രോഗവും പട്ടിണി മരണങ്ങളുടേയും കാര്യത്തില്‍ പോലും വ്യത്യസ്തമായൊരു ഏകത്വം കാണിക്കുകയാണ് നമ്മുടെ നാട്. ഇതൊക്കെ നമ്മുടെ പൊതു വിശ്വാസമായ മതത്തിന്റെ പ്രശ്നമോ, അതോ സര്‍വ്വ ശക്തനായ ദൈവത്തിന്റെ കഴിവുകേടോ?

സ്വാമി:എല്ലാവരും ഭയഭക്തി ബഹുമാനിക്കുന്ന നാരായണ ഗുരുവിനെ എതിര്‍ത്ത് പറയുന്നത് ശരിയാണോ?

സുഹൃത്ത്:“ഒരു ജാതി, ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന ഗുരു വചനം (എത്ര ചോന്മാര്‍ അതനുസരിക്കുന്നുണ്ട്?) “ജാതി വേണ്ട, മതം വേണ്ട ദൈവം വേണ്ട മനുഷ്യന്” എന്ന് തിരുത്തിയ സഹോദരന്‍ അയ്യപ്പനെ ശരി വയ്ക്കുകയാണ് ഗുരു ചെയ്തത്, ദേഷ്യപ്പെടുകയായിരുന്നില്ല. ആ ഗുരു ഇന്ന് ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍ ഞാന്‍ പറഞ്ഞത് അദ്ദേഹത്തിനൊരിക്കലും അപമാനമായിരുന്നില്ല എന്ന് അദ്ദേഹം പറയുമായിരുന്നു. മാത്രവുമല്ല വേദോപനിഷത്തുകളില്‍ ശാസ്ത്ര തത്ത്വങ്ങള്‍ തേടുന്ന പമ്പരവിഡ്ഢികളുടെയും, നിന്നെ പോലുള്ള വിവേകരഹിതരായ അമ്പലംനിരങ്ങികളുടെയുമൊക്കെ മുഖത്ത് അദ്ദേഹം കാര്‍ക്കിച്ച് തുപ്പുമായിരുന്നു.

ചില കുറിപ്പുകള്‍: (1) ഇങ്ങനെ ഒരു സ്വാമിയോ വ്യക്തിയോ ജീവിച്ചിരുപ്പുണ്ടെന്നോ ജീവിച്ചിരുന്നെന്നോ എനിക്കറിയില്ല.

(2) ചിത്രകാരന്റെ കുറിപ്പുകള്‍ ജാത്യാഭിമാനം വെടിഞ്ഞിട്ടില്ലാത്ത ജാതിക്കോമരങ്ങളുടെ ദുരഭിമാനത്തിന് മേലൊരു വെള്ളിടി ആയിരുന്നു എന്ന് സമ്മതിക്കാതെ വയ്യ. ആഢ്യനായ ബാലകൃഷ്ണപ്പിള്ളയുടെ നാക്കും വാക്കുകളും ചര്‍ച്ചാ വിഷയമാകാത്തത് കൊണ്ട് തന്നെ, ചിത്രകാരന്റെ ഭാഷ ഒരു പരിധി വരെ ന്യായീകരിക്കപ്പെടുന്നു. എന്നാല്‍ ചിത്രകാരന്റെ ജാതി-വിരുദ്ധ കുറിപ്പുകള്‍ ഒരു തുണ്ടു പടം കാണുന്ന ആര്‍ത്തിയോടെ കാണുകയും അവസാനം രതിമൂര്‍ച്ഛയിലെത്തുകയും ചെയ്യുന്ന, ജാതി വിഷം തുപ്പുന്ന സവര്‍ണ്ണരേക്കാള്‍ വിഷമുള്ള, തറവാടികളായ, സംസ്കാര സമ്പന്നരായ, വന്ന വഴി മറന്ന, “ഹിന്ദു-ഈഴവരും” ഈ സമൂഹത്തിലുണ്ടെന്നും, ആ ന്യൂനവിഭാഗം പോകുന്ന ദിശ ഈഴവരുള്‍പടെയുള്ളവര്‍ക്ക് അപകടം ചെയ്യുന്നതാണെന്നും (ജനിച്ച ജാതി കൊണ്ട് ഈഴവനായ) എനിക്ക് അഭിപ്രായമുണ്ട്.

(3) മതം മനുഷ്യനെ മയക്കുന്ന കറപ്പാണ്. മനുഷ്യന്റെ വികാര-പ്രശ്നങ്ങള്‍ക്ക്, അതിനൊരു പരിഹാരം നല്‍കുവാന്‍ സാധിക്കുമെങ്കിലും, നിര്‍ഭാഗ്യവശാല്‍ അത് താല്‍ക്കാലികം മാത്രമാകുന്നു. കറപ്പിന്റെ ലഹരി വിട്ടെഴുന്നേല്‍ക്കുന്ന മനുഷ്യന്റെ മുന്നില്‍ പ്രശ്നങ്ങള്‍ പഴയ പോലെ അല്ലെങ്കില്‍ അതിനേക്കാളും ഗുരുതരമായി തുടരുന്നു. മനുഷ്യന്റെ പ്രശ്നങ്ങള്‍ക്ക് മതമൊരിക്കലും ശാശ്വത പരിഹാരമല്ല.

(4) ഹൈന്ദവ വര്‍ഗ്ഗീയത ഇനി മുഖം കാണിക്കുവാന്‍ പോകുന്നത് സവര്‍ണ്ണരിലൂടെ ആയിരിക്കില്ല. ഈഴവരുടെയും മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും “രക്ഷകനായിട്ടാണ്” ഹൈന്ദവ ഭീകരത അവതാരമെടുത്തിരിക്കുന്നത്.

(5) ഈ ലേഖനത്തിലുള്ള അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ഇത് എഴുതിയ എനിക്ക് മാത്രമായിരിക്കും.

[ഭാഗം 1 ഇവിടെ അവസാനിക്കുന്നു.]

Possibly Related Posts:


ചില സ്ഥിതിവിവരക്കണക്കുകള്‍…

February 28th, 2009 ഞാന്‍||njaan 5 comments
  1. വിവരം-വിദ്യാഭ്യാസം

    വിവരം - വിദ്യാഭ്യാസം പ്ലോട്ട്

    വിവരം - വിദ്യാഭ്യാസം പ്ലോട്ട്

    മനുഷ്യരുടെ വിദ്യാഭ്യാസത്തിന്റെ നിലവാരവും അവരുടെ ചിന്താഗതികളുടെ നിലവാരവും തമ്മിലൊരു താരതമ്യ പഠനം നടത്തിയതിന്റെ പ്ലോട്ടാണ് മുകളില്‍. വളരെയധികം ചിതറിക്കിടക്കുന്ന കുറെ ബിന്ദുക്കള്‍ കിട്ടിയതിനെയൊക്കെ ബന്ധപ്പെടുത്തി കഷ്ടപ്പെട്ട് ഒരു trend line വരച്ചു. അവസാനം മനസ്സിലായി വിദ്യാഭ്യാസവും വിവരവും തമ്മില്‍ വലിയ ബന്ധമൊന്നുമില്ലായെന്ന്. എത്ര വിദ്യ അഭ്യസിച്ചാലും പൊട്ടക്കിണറ്റില്‍ നിന്ന് നമ്മള്‍ മലയാളിത്തവളകള്‍ക്ക് മോചനമില്ല.

  2. വിമര്‍ശനബുദ്ധി – മതബോധം

    മതബോധം - വിമര്‍ശന ബുദ്ധി

    മതബോധം - വിമര്‍ശന ബുദ്ധി

    അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല ഈ ഗ്രാഫ് വരയ്ക്കുവാനായിട്ട്. മതബോധം പൂജ്യമാകുമ്പോള്‍ വിമര്‍ശന ബുദ്ധിയുടെ സ്ഥാനം പൂജ്യത്തിന് മുകളിലാണ്. എന്നാല്‍ ഒരിറ്റ് മതബോധം വന്നപ്പോ അത് പൂജ്യമായി.

Possibly Related Posts:


വെളിപാടുകള്‍… (movie review)

February 16th, 2009 ഞാന്‍||njaan 6 comments

ഏകദേശം ഒരു മാസത്തോളമാകുന്നു വെളിപാടുകള്‍ – biography of a sacred cow, എന്ന ചിത്രം കണ്ടിട്ട്. ഹരീയുടെ ചിത്രവിശേഷത്തില്‍ നിന്നുമാണ്, അല്പം താമസിച്ചെങ്കിലും ഈ സിനിമയെപ്പറ്റി അറിയുവാനിടയായത്. പുതുമുഖമായ ഷാഹുല്‍ അമീനാണ് ഇതിന്റെ കഥ-തിരക്കഥ-സംവിധാനം-നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. സിനിമയുടെ ഔദ്യോഗിക സൈറ്റില്‍ നിന്നും ഈ സിനിമയുടെ ഡി.വി.ഡി ഓര്‍ഡര്‍ ചെയ്യുവാനുള്ള സൗകര്യമുണ്ട്.

എനിക്കിഷ്ടപ്പെടാഞ്ഞത്

ആദ്യം തന്നെ ഇഷ്ടപ്പെടാഞ്ഞ കാര്യം പറയാം, പിന്നെ ഇഷ്ടപ്പെട്ടതും. ഒരു സിനിമ എന്ന് പറയുമ്പോള്‍ ഞാനാഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. ഒന്ന് വൈരുദ്ധ്യങ്ങളില്ലാത്ത കഥ, സാങ്കേതികത്തികവു്. ഈ രണ്ടു വിഭാഗത്തിലും, പ്രത്യേകിച്ച് സാങ്കേതികത്തികവില്‍ ഈ സിനിമ വളരെ പിന്നോക്കമാണ്. ഭാവിയിലെ ഒരു കാല്പനിക സമൂഹത്തിന്റെ ജീവിതത്തെപ്പറ്റിയാണ് കഥ. എന്നാല്‍, വസ്ത്രധാരണത്തിലോ, വാഹനങ്ങളിലോ, ഉപയോഗിക്കുന്ന gadgets-ലോ ഒരു തരത്തിലുള്ള ആധുനികതയും ദര്‍ശിക്കുവാനാകുന്നില്ല. എന്റെ അഭിപ്രായത്തില്‍, കാല്പനിക സമൂഹത്തിന്റെ കഥ പറയുവാന്‍ ഭാവിയെ ഉപയോഗിക്കേണ്ട ആവശ്യമിവിടെ ഉണ്ടായിരുന്നില്ലായെന്നാണ്. ഈ കാലഘട്ടത്തില്‍ ഒരു അജ്ഞാതമായ രാജ്യത്ത് നടക്കുന്ന കഥ എന്ന് പറഞ്ഞാലും കഥ ശക്തമായി തന്നെ നിലനില്‍ക്കും.

ഈ സമൂഹത്തിലെ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷിധമാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസം തീരെയില്ല. ചിത്രത്തിന്റെ ആദ്യത്തെ സീനുകളിലൊന്നില്‍ ഇത് വളരെ വ്യക്തമായി പറയുന്നുണ്ടു്. എന്നാല്‍ ഏകദേശമവസാനത്തോടടുക്കുമ്പോള്‍, ഇതേ സ്ത്രീകള്‍ ഒരു ഇംഗ്ലീഷ് പുസ്തകത്തിന്റെ പാരായണം ടേപ്പ് റെക്കോര്‍ഡറില്‍ നിന്നും ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുന്നൊരു സീനുണ്ട്.

അഭിനയത്തിന്റെ കാര്യത്തില്‍ പ്രധാന നടനും, മറ്റ് ഒന്നോ രണ്ടോ പേരുമൊഴികെ ബാക്കിയുള്ളവരാരും തന്നെ ശരാശരി നിലവാരം പോലും പുലര്‍ത്തിയിട്ടില്ല.

എനിക്കിഷ്ടപ്പെട്ടവ

എന്തൊക്കെ പറഞ്ഞാലും ചിത്രത്തിന്റെ പ്രമേയം നാം ഇതുവരെ കണ്ടുവന്ന സിനിമകളില്‍ നിന്നുമേറെ വ്യത്യാസപ്പെട്ടിരിക്കുന്നു. വിശ്വാസങ്ങളെ യാതൊരു യുക്തിയുമില്ലാതെ കണ്ണുമടച്ച് പിന്തുടരുന്ന ഒരു ജനതയെ – അക്കൂട്ടര്‍ ഈ കാലഘട്ടത്തില്‍ തന്നെ നമ്മുക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്, എല്ലാ മതത്തിലും – ആണ് ഈ ചിത്രത്തിലൂടെ സംവിധായകന്‍ വരച്ചുകാട്ടുന്നത്. അന്ധമായ ആരാധന അല്ലെങ്കില്‍ വിശ്വാസങ്ങള്‍ മനുഷ്യന്റെ വിമര്‍ശനബുദ്ധിയെയാണ് ബാധിക്കുന്നത്. വിമര്‍ശന ബുദ്ധിയില്ലിത്താവര്‍ക്ക് സ്വന്ത വിശ്വാസങ്ങളില്‍ താല്പര്യമില്ലാത്തവരോട് പുച്ഛവും, അതിനെ ചോദ്യം ചെയ്യുന്നവരോട് കൊല്ലുവാനുള്ള അരിശവുമുണ്ടായിരിക്കും.

സ്വന്ത വിശ്വാസങ്ങളെ ശരിയെന്ന് തെളിയിക്കുവാന്‍ മാത്രം ശാസ്ത്രത്തെ ഉപയോഗിക്കുകയും, അല്ലാത്ത സമയത്ത് അതിനെ തള്ളിപ്പറയുകയും ചെയ്യുന്നവര്‍ ശാസ്ത്രമെന്തെന്നോ ശാസ്ത്രീയ രീതികളെന്തെന്നോ മനസ്സിലാക്കുവാന്‍ ശ്രമിക്കാറില്ല. ആത്മവിമര്‍ശനവും, കൂടുതല്‍ ശരിയായ ശരിയെ കണ്ടെത്തുന്നതുമൊക്കെയാണ് ശാസ്ത്ര ഗവേഷണത്തിന്റെ അടിസ്ഥാനം. എന്നെന്നും നിലനില്‍ക്കുന്നത് എന്നൊന്നുണ്ടെങ്കിലതിനെ ശാസ്ത്രമെന്ന് വിളിക്കുവാനാകില്ല.

ആത്മവിമര്‍ശനം മുഖത്ത് ചെളിവാരിയെറിയലാണെന്ന് വിശ്വസിക്കുകയും, വിമര്‍ശനങ്ങളെ ഭ്രാന്തന്‍ പട്ടിയെപ്പോലെ കടന്നാക്രമിക്കുകയും, വര്‍ഷങ്ങളായി താന്‍ ശരിയെന്ന് വിചാരിച്ച് ചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകള്‍ തിരുത്തുവാനുള്ള അവസരങ്ങള്‍ നശിപ്പിക്കുകയുമാണ് വിമര്‍ശന-വിരുദ്ധര്‍ നടത്തുന്നത്. അങ്ങനെയുള്ള ഒരു വിമര്‍ശന-വിരുദ്ധ സമൂഹത്തിന്റെ കഥ ശക്തമായും വ്യക്തമായും പറയുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. ഒന്ന് കണ്ണ് തുറന്നാല്‍ നാട്ടിലും വീട്ടിലും ചിലപ്പോള്‍ കണ്ണാടിയിലുമൊക്കെ ഈ സിനിമയിലെ കഥാപാത്രങ്ങളെ കാണുവാന്‍ കഴിഞ്ഞേക്കും.

കഥ, എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍, ഇന്ന് നിലനില്‍ക്കുന്ന ഒരു പ്രത്യേക മതത്തിനെ വിമര്‍ശിച്ചു കൊണ്ടാണെടുത്തിരിക്കുന്നത് (എന്റെ മാത്രം തോന്നലാണ്). സിനിമയിലെ ചില സന്ദര്‍ഭങ്ങള്‍ അങ്ങനെ ഒരു തോന്നലുണ്ടാക്കുന്നു. പക്ഷെ, അതു മാറ്റി നിര്‍ത്തുകയാണെങ്കില്‍ ഈ കാല്പനിക-ജനത, നമ്മുക്ക് ജാതി-മത ഭേദമില്ലാതെ സാമാന്യവല്‍ക്കരിക്കാവുന്ന, മതത്തോട് അപകടകരമായ താല്‍പര്യം/വിധേയത്വം കാണിക്കുന്ന ഇന്നത്തെ മദ്ധ്യവര്‍ഗ്ഗത്തിനെയാണ് – അത് ഡോക്ടറാകട്ടെ, എഞ്ചിനീയറാകട്ടെ, പോലീസുകാരനാകട്ടെ – പ്രതിനിധീകരിക്കുന്നത് എന്ന് പറയാം. പഠിക്കുവാനുള്ള കഴിവിലും മറ്റ് കാര്യങ്ങളില്‍ മുന്നിട്ട് നിന്നാലും, ചോദ്യങ്ങളുന്നയിക്കുന്നതില്‍ നമ്മളെല്ലാം വളരെ പിന്നിലാണെന്ന കാര്യം പറയുമ്പോള്‍ ഏഴാം ക്ലാസ്സ് പാഠ പുസ്തകവും വിമര്‍ശനാത്മക ബോധനശാസ്ത്രവുമൊക്കെ എന്റെ മനസ്സില്‍ വരുന്നത് ചിലപ്പോളെന്റെ ഇടതുപക്ഷപാതിത്വം കൊണ്ടായിരിക്കാം. എന്നാല്‍ ആ പാഠ പുസ്തകത്തെ എതിര്‍ത്ത ബഹുഭൂരിപക്ഷത്തിന്റെ ചില common-factors പരിശോധിക്കുകയാണെങ്കില്‍ മനസ്സിലാക്കാവുന്നൊരു കാര്യം അവരെല്ലാം ചോദ്യങ്ങളെ ഭയക്കുന്നു എന്നതാണ്.

ബാക്ക്‍ഗ്രൗണ്ട് സ്കോറിനെപ്പറ്റിയും, ഛായാഗ്രഹണത്തെപ്പറ്റിയൊന്നുമൊരു വിവരമില്ലാത്തോണ്ട് ആ മേഖലകളിലേക്ക് കടക്കുന്നില്ല. എല്ലാവരും കാണേണ്ട സിനിമയാണെന്നൊന്നും പറയില്ല. ആത്മവിമര്‍ശനത്തെ നിങ്ങള്‍ അംഗീകരിക്കുന്നെങ്കില്‍, ഈ സിനിമ കണ്ടിരിക്കണം. ഗുണപരമായ എന്തെങ്കിലുമൊക്കെ മാറ്റം നിങ്ങളിലിതുണ്ടാക്കും.

Possibly Related Posts:


ചില പന്നി വിശേഷങ്ങള്‍…

February 6th, 2009 ഞാന്‍||njaan 6 comments

പൊതുവെ പന്നികള്‍ ഒരു വൃത്തിയുമില്ലാത്ത ജന്തുക്കളാണ്. കുറഞ്ഞപക്ഷം ഞാന്‍ നേരിട്ടു കണ്ടിട്ടുള്ള പന്നികളൊക്കെ വൃത്തിയില്ലാത്തവരായിരുന്നു. വൃത്തിയില്ലാതെ നടക്കുന്നവരെ നാം പന്നിയെന്നും, പന്നീന്റെ മോനെ എന്നുമൊക്കെ വിളിക്കാറുണ്ട്. പ്രശസ്ത അര്‍ജന്റീനിയന്‍ വിപ്ലവകാരിയായിരുന്ന ചെ ഗെവാരെയുടെ ചെറുപ്പകാലത്ത് അദ്ദേഹത്തിന്റെ വൃത്തിയില്ലായ്മ കാരണം പന്നി എന്നാണത്രെ അദ്ദേഹത്തിനു കൂട്ടുകാരിട്ട ഇരട്ടപ്പേര്[1].

പൊതുവെ ശ്രദ്ധയില്ലാതെ വളരുന്ന (വളര്‍ത്തുന്ന) എന്തും, അത് പന്നിയാകട്ടെ, പട്ടിയാകട്ടെ, കോഴിയാകട്ടെ, വൃത്തിയില്‍ പിന്നോക്കമായിരിക്കും. സ്വാഭാവികമായും അവയുടെ ശരീരത്തില്‍ വളരുന്ന പരാന്നജീവികളുടെ എണ്ണം മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതലുമായിരിക്കും. എന്നാല്‍ ഭക്ഷണമാക്കുവാന്‍ വേണ്ടി വളര്‍ത്തുന്ന മൃഗങ്ങളെ, അവയേത് രാജ്യത്താണെങ്കിലും വൃത്തിയുള്ള സാഹചര്യങ്ങളിലേ വളര്‍ത്താറുള്ളൂ, കൊല്ലാറുള്ളൂ. അതൊക്കെ നിയമം മൂലം നിയന്ത്രിക്കുന്ന കാര്യങ്ങളാണ്[2][3].

അതായത് നല്ല ഫാമില്‍ നിന്ന് വാങ്ങിക്കുന്ന പന്നിയിറച്ചിയില്‍ രോഗാണുക്കളും വിരകളുമൊക്കെ കുറവായിരിക്കുമെന്നര്‍ത്ഥം. ഇനി അഥവാ അണുക്കളുണ്ടായാല്‍ തന്നെ (സ്വാഭാവികമായും എല്ലാത്തരം ഇറച്ചികളിലും, ഭക്ഷണങ്ങളിലും അണുക്കള്‍ കാണും), നല്ല രീതിയില്‍ വേവിച്ചെടുത്താല്‍ ഈ അണുക്കളെല്ലാം നശിക്കും. വിരകള്‍ പകരുന്നത് പന്നിയിറച്ചിയിലൂടെ മാത്രമല്ല, വിര മുട്ടകളുടെ സാന്നിദ്ധ്യമുള്ള പച്ചക്കറികളിലൂടെയും[4][5], വളര്‍ത്തു മൃഗങ്ങളുമായുള്ള സാമീപ്യത്തിലൂടെയും[5], വൃത്തിയില്ലാതെ വേവിക്കുന്ന ഇറച്ചിയിലൂടെയുമൊക്കെയാണ് (ഏതിറച്ചി ആയാലും). അതിന് പന്നിയെ മാത്രം പ്രതിക്കൂട്ടില്‍ കയറ്റിയിട്ട് കാര്യമില്ല.

പിന്നെ പന്നിയുടെ സ്വഭാവം. പന്നി തന്റെ ഇണയെ മറ്റൊരു പന്നിക്ക് ഭോഗിക്കാന്‍ വിട്ടുകൊടുത്തിട്ട് അതു കണ്ടു രസിക്കും എന്നൊരു ശാസ്ത്രീയ പഠനത്തില്‍ നടന്നതായി യാതൊരു തെളിവുമില്ല. അതു കൊണ്ടു തന്നെ പന്നി അങ്ങനെ ചെയ്യുമെന്നോ ചെയ്യില്ലെന്നോ അങ്ങനെയൊരു തെളിവ് ലഭ്യമാക്കും വരെ പറയുന്നതില്‍ അര്‍ത്ഥമില്ല. ഇനി അഥവാ അങ്ങനെ ചെയ്താല്‍ തന്നെയും പന്നിയെ കഴിച്ചത് കൊണ്ട് മനുഷ്യര്‍ക്ക് “ആ അസുഖം” പകരുമെന്ന് പറയുന്നത് ശുദ്ധ വിഡ്ഢിത്തരമാണ്. പണ്ടൊരിക്കല്‍ ഒരു ഇ-മെയ്‌ലില്‍ വന്നതോര്‍ക്കുന്നു, പന്നിക്ക് രതിമൂര്‍ച്ഛ 30 മിനുട്ടോളം അനുഭവപ്പെടുമത്രെ. അങ്ങനെയെങ്കില്‍ സസ്യാഹാരിയായ ഞാന്‍ അതിനു വേണ്ടി പന്നിയിറച്ചി കഴിക്കുന്നതായിരിക്കും.

ഞാന്‍ മനസ്സിലാക്കിയിടത്തോളം, പന്നിയിറച്ചി ദഹനം വഴി ശരീരത്തിലാഗിരണം ചെയ്യപ്പെടുന്നത് പന്നിയിറച്ചി ആയിട്ടല്ല. പിന്നെയോ, അമിനോ ആസിഡുകളും, മോണോഗ്ലിസറൈഡുകളും, ഫാറ്റി ആസിഡുകളുമൊക്കെ ആയിട്ടാണ്[6]. അതായത് ആമാശയത്തിന് പന്നിയെന്നോ പട്ടിയെന്നോ ഭേദമില്ല – എന്തും പോകും!

പിന്നെ ഒരു വാദത്തിനു വേണ്ടി പന്നി അങ്ങനെ ചെയ്യുന്നത് കൊണ്ടു കഴിച്ചു കൂടാ എന്ന് സമ്മതിച്ചാല്‍ തന്നെയും പ്രശ്നങ്ങള്‍ തീരുന്നില്ല. ഈ പറഞ്ഞ സിദ്ധാന്തമനുസരിച്ച് ആടുകളെ ഭക്ഷിച്ചാല്‍ സ്വവര്‍ഗ്ഗരതിക്കാരുടെ എണ്ണം കൂടുകയും[7], താറാവിനെ ഭക്ഷിച്ചാല്‍ ബലാല്‍സംഗം, സ്വവര്‍ഗ്ഗരതി, ശവരതി മുതലായവ കൂടും[8][9], പെന്‍ഗ്വിനുകളെ ഭക്ഷിച്ചാല്‍ വേശ്യാവൃത്തി, സ്വവര്‍ഗ്ഗരതി – പിന്നെ കൂടുതലൊന്നും [10][11] മനുഷ്യരാശിക്ക് വരുവാനില്ല (ഹിമക്കരടികളുടെയും എസ്കിമോകളുടെയുമൊക്കെ കാര്യം പോക്കാ). മൃഗങ്ങളിലും പക്ഷികളിലുമൊക്കെ കൂടുതലായിക്കാണുന്ന ബഹുഭാര്യാത്വം/ഭര്‍തൃത്വമൊക്കെ[12] മനുഷ്യരിലേക്ക് പടര്‍ന്നത് ഈ ഇറച്ചി തീറ്റ കൊണ്ടായിരിക്കാമല്ലേ? അതായത് നിങ്ങളീ പറഞ്ഞ സിദ്ധാന്തമനുസരിച്ച് മനുഷ്യന്‍ മാംസം ഒഴിവാക്കുകയാണെങ്കില്‍ പിന്നെ ലോകസമാധാനത്തിന് കസേരേന്റെ അപ്പുറോം ഇപ്പുറോം ഇരുന്നു സംസാരിച്ച് നേരം പോക്കണ്ടായെന്നാണോ?

2006-ലെ കണക്ക് വെച്ച് നോക്കുമ്പോള്‍ ലോകത്ത് പന്നിയിറച്ചി ഏറ്റവും കൂടുതല്‍ കഴിക്കുന്നത് ചൈനക്കാരാണ് [13] (ഫിലിപ്പൈന്‍കാരല്ല). ഇനി നമ്മുക്ക് ചൈനാക്കരന്റെ ഭാര്യയുടെ ജാരന്മാരെ കണ്ടുപിടിക്കാം.

ചില ഫക്‍-കള്‍ (FAQ)

  1. ഇതെന്താപ്പോ പന്നി പുരാണം?

    ഇവിടെയും പിന്നെ ഇവിടെയും നോക്കുക.

  2. നിങ്ങള് മാംസം കഴിക്കുമോ?

    ഞാന്‍ മാംസ “ഫക്ഷണം” നിറുത്തിയിട്ട് വര്‍ഷം ആറാകുന്നു. എന്റെ പൂര്‍വ്വാശ്രമത്തിലെ മതവിശ്വാസങ്ങള്‍ മാംസം ഭക്ഷിക്കുന്നതിനെ എതിര്‍ക്കുന്നില്ലായെങ്കിലും, ഞാനൊരു സുപ്രഭാതത്തിലങ്ങു നിര്‍ത്തി. മോളീ പറഞ്ഞ സിദ്ധാന്തമനുസരിച്ച് ഞാനൊരു നിര്‍ഗുണപരബ്രഹ്മമാകേണ്ടതാണ്. എനിക്കു തന്നെയത് തോന്നിയിട്ടില്ല.

  3. നിങ്ങള്‍ ഏതെങ്കിലും മതത്തിനെതിരാണോ?

    ഞാനെല്ലാത്തരം മതവിശ്വാസങ്ങള്‍ക്കുമെതിരാണ്. മതത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വിശ്വസിക്കുന്നതും ആചരിക്കുന്നതും നിങ്ങളുടെ ഇഷ്ടം. എന്നാല്‍ അതിനെ ന്യായീകരിക്കുവാന്‍ ശാസ്ത്രത്തെ വളച്ചൊടിക്കുന്നതും തെറ്റായി വ്യാഖ്യാനിക്കുന്നതുമൊക്കെ കണ്ടാല്‍ എനിക്കിടപെടേണ്ടി വരും (ഇടപെടുവാന്‍ സമയം ആവശ്യം പോലെയുണ്ടെങ്കില്‍).

അവലംമ്പം

[1] Che Guevara – Wikipedia Article.
[2] Animal Slaughter.
[3] Slaughter House.
[4] Trichuriasis
[5] Ascariasis
[6] Human Digestion
[7] Homosexuality in Sheeps
[8] Necrophiliac Mallards.
[9] Coercive Sex in Ducks.
[10] Sexuality in Birds.
[11] Prostitution in Penguins.
[12] Polygamy in Animals.
[13] Pork Consumption Pattern in World.

Possibly Related Posts:


ദൈവമേ….

September 3rd, 2007 ഞാന്‍||njaan 15 comments
പശു ചാവുകയും ചെയ്തു, മോരിലെ പുളിയും പോയി എന്ന പോലെ ആണ് ഈ പോസ്റ്റ്. ഒരു ഒന്നൊന്നര മാസം മുമ്പ് ബ്ലോഗുലകത്തില്‍ കത്തി നിന്ന യുക്തിവാദ-ഈശ്വരവാദ-നിരീശ്വരവാദ യുദ്ധങ്ങള്‍ പുറത്ത് നിന്ന് കണ്ട് രസിച്ചെങ്കിലും കമന്റ് ചെയ്യുവാന്‍ ശ്രമിച്ചില്ല. എന്തെങ്കിലും മണ്ടത്തരം അവിടെ പറഞ്ഞ് പോയാല്‍ പിന്നെ…….
അത് കൊണ്ട് ഓളങ്ങളൊക്കെ ഒന്നടങ്ങിയിട്ട് എന്റെ തോന്നലുകള്‍ ഇവിടെ തന്നെ പോസ്റ്റാം എന്ന് തീരുമാനിച്ചു. അപ്പോഴാണ് നെറ്റ് കണക്ഷന്‍ പണി മുടക്കിയത്. പിന്നെയും കുറെ നാള്‍ പെട്ടിയിലിരുന്ന ശേഷം ഇന്നാണ് റിലീസ് ചെയ്യുവാന്‍ പറ്റിയത്.

Disclaimers :-( 1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ മാത്രം അഭിപ്രായമാകുന്നു. ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.

(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ ‘നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ’ മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല.

(3)താഴെ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എന്റെ മാത്രം ചിന്തകളാണ്. അത് മൂലം എന്തെങ്കിലും ബുദ്ധിമുട്ട് നിങ്ങള്‍ക്കുണ്ടായിട്ടുങ്കില്‍ ലേഖകനൊഴിച്ച് മറ്റൊരു വ്യക്തിയോ പ്രസ്ഥാനമോ ബാദ്ധ്യസ്ഥരായിരിക്കില്ല. (ലേഖകന് ഭ്രാന്തുള്ളതായി ലേഖകന്‍ തന്നെ സമ്മതിച്ചിട്ടുള്ളതിനാല്‍ നിയമപരിരക്ഷയും ഉണ്ട്…ബുഹഹഹഹഹ)

ചിന്താവിഷ്ടയായ ശ്യാമള” എന്ന ചിത്രത്തിലെ ശ്രീനിവാസന്റെ കഥാപാത്രവും ഞാനും തമ്മില്‍ വളരെ വളരെ സാമ്യം ഉണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെനിക്ക്. ഓര്‍മ്മ വെച്ച കാലം മുതല്‍ അമ്പലങ്ങളില്‍ പോകുമായിരുന്നു, പിന്നെ കുറെ കാലം കഴിഞ്ഞ് ഹൈസ്കൂളിലൊക്കെ എത്തിയപ്പോള്‍ കടുത്ത നിരീശ്വരവാദിയായി. “ദൈവം ഉണ്ടെങ്കില്‍ എവിടെ?“, “ദൈവം ഉണ്ടായിട്ടും എന്തു കൊണ്ട് കൊല്ലും കൊലയും അക്രമവും നടക്കുന്നു” എന്ന സ്ഥിരം നിരീശ്വരവാദ ചോദ്യങ്ങള്‍ ഞാന്‍ സ്വയം ചോദിക്കുകയും, മറ്റ് ഈശ്വരവാദികളുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ശാസ്ത്രം ഇത്രയും പുരോഗമിച്ച വേളയില്‍ ഈശ്വരനെ കുറിച്ച് ചിന്തിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും മറ്റും വെറും സമയം കൊല്ലല്‍ മാത്രമാണ് എന്ന് ഞാന്‍ വിശ്വസിച്ചിരുന്നു.

കുറെ കാലം കഴിഞ്ഞു, എന്‍ജിനീയറിങ്ങ് ഒക്കെ കഴിഞ്ഞു നില്‍ക്കുന്ന സമയം. ഇപ്പോഴും (ഇപ്പോള്‍ അല്ല, അപ്പോള്‍) ഞാന്‍ നിരീശ്വരവാദിയാണ്, വീട്ടില്‍ വെറുതെ കുത്തിയിരുന്നു സമയം കളയുകയാണ് (വേറെ പണിയില്ലേ). അങ്ങനെ നെറ്റും ബ്രൌസ് ചെയ്തിരിക്കുന്ന ഈ സമയത്താണ് ഞാന്‍ ആത്മീയതയിലേക്ക് കാലെടുത്ത് വെയ്ക്കുന്നത്. മറ്റ് മതങ്ങളെ പറ്റി അത്ര(ഒട്ടും) ആഴത്തിലല്ലെങ്കിലും പഠിക്കുവാന്‍ പറ്റി. ശാസ്ത്രം എവിടം വരെ പുരോഗമിച്ചു, ശാസ്ത്രം എവിടെയൊക്കെ പിഴയ്ക്കുന്നു എന്നൊക്കെ അറിയുവാന്‍ പറ്റി. എന്റെ അറിവുകള്‍ പൂര്‍ണ്ണമെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല. ഇപ്പോള്‍ ഉള്ള അറിവുകളും എന്റെ logic-ഉം വെച്ച് എന്റെ ദൈവ-മത സങ്കല്പത്തെ പറ്റിയാണ് ഞാന്‍ എഴുതുവാന്‍ ശ്രമിക്കുന്നത്.
ദൈവ സങ്കല്‍പം എങ്ങനെ ഉണ്ടായി എന്ന് ചോദിച്ചാല്‍, എനിക്ക് തോന്നുന്നത് പ്രകൃതിയിലുണ്ടാകുന്ന പ്രതിഭാസങ്ങളെ (ഇടിമിന്നല്‍, മഴ, ഭൂമികുലുക്കം) തന്റെ വിജ്ഞാനം/logic കൊണ്ട് വിശദീകരിക്കുവാന്‍ ബുദ്ധിമുട്ടിയ ആദിമമനുഷ്യന്‍ കണ്ടെത്തിയ ഒരു excuse/ആശ്രയം ആണ് ദൈവം. ആധുനിക മനുഷ്യന്‍ തന്റെ മുന്‍ഗാമികളുടെ ഈ ശീലം മറന്നിട്ടില്ല. ഇപ്പോഴും നമ്മളില്‍ പലരും (ഞാനുള്‍പടെ) എല്ലാ വഴിയും മുട്ടുമ്പോള്‍ ദൈവത്തെ വിളിക്കാറില്ലേ? പയ്യെ പയ്യെ ശാസ്ത്രം വളര്‍ന്നപ്പോഴും മനുഷ്യന് വിവരം കൂടി വന്നപ്പോഴും ഈ ദൈവത്തെ, super human power-നെ, കൈവിടുവാന്‍ കഴിഞ്ഞില്ല കാരണം പലപ്പോഴും ശാസ്ത്രത്തിന് പല പുതിയ പ്രതിസന്ധികളെയും തരണം ചെയ്യുവാനുള്ള വളര്‍ച്ച നേടിയിരുന്നില്ല.
മഴ പെയ്യിക്കുന്ന, പ്രപഞ്ച സ്രഷ്ടാവായ, പരീക്ഷകളില്‍ ജയിപ്പിക്കുന്ന, ശത്രു സംഹാരിയായ, പാലു കുടിക്കുന്ന, moral police ആയ അങ്ങനെ പല പല രൂപങ്ങളില്‍ കൂടി ദൈവത്തെ നമുക്ക് പലര്‍ക്കും പരിചയമുണ്ട്. ദൈവം എന്നത് ഒരു വ്യക്തിയല്ല, ഒരു വസ്തുവല്ല എന്നാല്‍ ഒരു ശക്തിയാണ് എന്നാണ് എന്റെ വിശ്വാസം. പ്രകാശം പോലെ, ശബ്ദം പോലെ നമുക്കൊന്നും സാധാരണ ഇന്ദ്രിയങ്ങള്‍ കൊണ്ട് അനുഭവിച്ചറിയുവാന്‍ കഴിയാത്തൊരുതരം ഊര്‍ജ്ജം. പണ്ടൊരിക്കല്‍ ഞാന്‍ ഇതിനെ പറ്റി ഒരു പോസ്റ്റ് ഇട്ടിരുന്നു. ഈ ഊര്‍ജ്ജം എന്ന് പറയുന്നത് പ്രപഞ്ചത്തിലാകമാനമുണ്ട്. ദൈവവും അങ്ങനെ തന്നെ, തൂണിലും തുരുമ്പിലും, പുല്ലിലും പുല്‍ചാടിയിലും എന്തിന് മനുഷ്യന്റെ ഉള്ളില്‍ വരെ ദൈവമുണ്ട്. എന്ന് വച്ചാല്‍ ദൈവം എല്ലാത്തിലുമുണ്ട്, എല്ലാം ദൈവത്തിലും ഉണ്ടെന്ന് സാരം. അദ്വൈത സിദ്ധാന്തം ഇത് തന്നെയാണ് പറയുന്നത്. രണ്ടെന്നൊന്നില്ല, എല്ലാം ഒന്നു തന്നെയാണ്.
മനുഷ്യന്റെ ശരീരമെടുക്കുക. അവ കോശങ്ങളാല്‍ നിര്‍മ്മിതമാണ്. കോശങ്ങളാകട്ടെ മോളിക്യൂളുകള്‍ (Molecules) കൊണ്ടും, മോളിക്യൂളുകളോ അണുക്കള്‍ (Atoms) കൊണ്ടും, അണുക്കളോ ന്യൂട്രോണ്‍സ്, പ്രോട്ടോണ്‍സ്, ഇലക്ട്രോണ്‍സ് മുതലായവ കൊണ്ടും. ഇലക്ട്രോണുകളും പ്രോട്ടോണുകളും മറ്റൊന്നുമല്ല, ചാര്‍ജുകള്‍, അല്ലെങ്കില്‍ ഊര്‍ജ്ജ കണികകള്‍. എന്നു വെച്ചാല്‍ നമ്മള്‍ മനുഷ്യര്‍ ഈ ഊര്‍ജ്ജ കണികകളുടെ ഒരു കൂട്ടമാണ്. മനുഷ്യന്‍ മാത്രമല്ല പ്രപഞ്ചത്തിലാകമാനമുള്ള ദ്രവ്യവും ഇങ്ങനെ ചാര്‍ജുകളാല്‍ (ഊര്‍ജ്ജ കണികകളാല്‍) നിര്‍മ്മിതമാണ്.
Einstein-ന്റെ Mass-Energy equivalence-ഉം മറ്റൊന്നല്ല പറയുന്നത്. ഊര്‍ജ്ജവും ദ്രവ്യവും ( mass-ന്റെ മലയാളം ‘ദ്രവ്യം’ ആണോ?) ഒന്ന് തന്നെ എന്നാണ്. അതിനാല്‍ അദ്വൈത സിദ്ധാന്തത്തില്‍ പറയുന്ന പോലെ, ഒന്നായ രണ്ട് കാര്യങ്ങളാണ് ഊര്‍ജ്ജവും ദ്രവ്യവും. കൊതുകും കൂത്താടിയും പോലെ, ചിത്രശലഭവും പ്യൂപയും പോലെ പോലെ രണ്ട് ഭാവങ്ങളുള്ള ഒന്ന്. ദൈവത്തിന്റെ കാര്യത്തിലാണെങ്കില്‍ അതിന് രണ്ടല്ല അനന്തകോടി ഭാവങ്ങളുണ്ട്. ദൈവ ഭാവങ്ങള്‍ എല്ലാം ഒരു Universal set ആണെങ്കില്‍, ഈ കൊതുകും കൂത്താടിയും, ചിത്രശലഭവും പ്യൂപയും, പുല്ലും പുല്‍ചാടിയുമൊക്കെ ആ പല ദൈവ ഭാവങ്ങളുടെ subset-ഉകളാകുന്നു.
ഇടയ്ക്കെവിടെയോ മതവും ശാസ്ത്രവും കൂട്ടികുഴയ്ക്കരുത് എന്ന് കേട്ടു. മണ്ടത്തരമല്ലേ??? ലോകത്തൊരു മതവും ദൈവനിര്‍മ്മിതമല്ല, മനുഷ്യനിര്‍മ്മിതമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിനാല്‍ തന്നെ അതുണ്ടാക്കിയ മനുഷ്യന്‍ എത്ര നല്ല ആളെങ്കിലും സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുവാന്‍ ചില കവചങ്ങള്‍ അവയ്ക്ക് (മത ഗ്രന്ഥങ്ങള്‍ക്ക്) നല്കിയിട്ടുണ്ട്. ആ കവചങ്ങള്‍ മൂലമാണ് ശാസ്ത്രത്തോടുള്ള കടുത്ത എതിര്‍പ്പുകള്‍ ഉണ്ടാകുന്നത്. ഈ കവചങ്ങള്‍ക്ക് ഒരു പക്ഷെ മതത്തെ സംരക്ഷിക്കുവാനാകും, എന്നാല്‍ കോടാനുകോടി വരുന്ന വിശ്വാസികളെ മണ്ടന്മാരാക്കുകയല്ലേ ഈ കവചങ്ങള്‍? മനുഷ്യനു തലച്ചോര്‍ കിട്ടിയിട്ടുള്ളത് ചിന്തിക്കുവാനാണ്, ആ ചിന്താശക്തി ഉപയോഗിക്കുവാനുള്ള അവകാശം ആ കഴിവുള്ള ഏതൊരു ജീവിക്കുമുണ്ട്. അതിനാല്‍ മതഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ശരിയാണോ തെറ്റാണോ എന്ന് ചിന്തിക്കുവാനും അതനുസരിച്ച് പ്രവര്‍ത്തിക്കുവാനും ഉള്ള അവകാശം എല്ല്ലാവര്‍ക്കുമുണ്ട്. ഈ ദൈവീകമായ കഴിവ് ഉപയോഗിക്കാതെ മതഗ്രന്ഥങ്ങളില്‍ കണ്ണുമടച്ച് വിശ്വസിക്കുകയും മറ്റുള്ളവരെ ഈ കവചങ്ങള്‍ ഉപയോഗിച്ച് ഭയപ്പെടുത്തി/നയത്തില്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നവനാണ് യഥാര്‍ത്ഥ ദൈവ നിഷേധി.
ശാസ്ത്രത്തിന് തെറ്റ് പറ്റില്ലേ എന്ന് ചോദിച്ചാല്‍ തെറ്റ് പറ്റും, പറ്റിയിട്ടുണ്ട് അത് യാതൊരു വിമ്മിഷ്ടവും കൂടാതെ തിരുത്തിയിട്ടുമുണ്ട്. അതിന് പല പല ഉദാഹരണങ്ങളുമുണ്ട് ചരിത്രത്തില്‍. ശരി, തെറ്റ് തുടങ്ങിയ കാര്യങ്ങള്‍ ആപേക്ഷികമാണ് എന്ന് കൂടി ഞാന്‍ വിശ്വസിക്കുന്നു. ഞാനിപ്പോള്‍ ജീവിക്കുന്ന കാലഘട്ടത്തിലെ ശരി ആയിരിക്കില്ല മറ്റൊരിക്കല്‍. ഇന്ത്യയിലെ ശരി ആയിരിക്കില്ല പാക്കിസ്ഥാനിലെ ശരി. അതിനാല്‍ absolute right അല്ലെങ്കില്‍ absolute wrong എന്ന് പറയുന്നത് ഒരു അര്‍ഥമില്ലാത്ത പ്രയോഗമാണ് എന്നാണ് എനിക്ക് തോന്നുന്നത്.
ശാസ്ത്രത്തിന് പരിമിതികളില്ലേ?
ഉണ്ട് എന്നാണ് എന്റെ ചിന്തകള്‍ എന്നോട് പറയുന്നത്. അവ ശാസ്ത്രത്തിന്റെ പരിമിതികള്‍ എന്ന് പറയുന്നതിനേക്കാള്‍ മനുഷ്യന്റെ പരിമിതികള്‍ എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി. ഈ കാലഘട്ടത്തിലും മനുഷ്യന് infinity എന്താണെന്ന് മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടില്ല. infinity/infinity, zero/zero, infinity x zero തുടങ്ങിയവയെ ‘indeterminate quantities’ എന്ന് മുദ്രകുത്തി മാറ്റി വെച്ചിരിക്കുകയാണ്. അവിടെ ശാസ്ത്രം തല്‍ക്കാലത്തേക്കെങ്കിലും പരാജയപ്പെട്ടിരിക്കുന്നു. ഇതിനെ പറ്റി കുറച്ചു കൂടുതല്‍ പറയുവാനുണ്ട്. അത് മറ്റൊരിക്കലാകട്ടെ.
മനുഷ്യന് ജീവിക്കുവാന്‍ മതത്തിന്റെ ആവശ്യമുണ്ടോ?
എനിക്ക് തോന്നുന്നില്ല. എന്റെ കാലഘട്ടത്തിലെ തെറ്റും ശരിയും ഏതൊക്കെ എന്ന് തിരിച്ചറിയുവാന്‍ നമുക്ക് പല പല സഹായികളുണ്ട് (പത്രം, ടിവി, ഇന്‍റ്റര്‍നെറ്റ്), അതിനാല്‍ പ്രാചീന കാലഘട്ടത്തില്‍ അന്നത്തെ വ്യവസ്ഥിതികള്‍ക്കനുസരിച്ചെഴുതിയ, വളരെ പക്ഷപാതപരമായ ചില മണ്ടത്തരങ്ങള്‍ക്കനുസരിച്ച് മനുഷ്യന്‍ ഇന്നും എന്നും ജീവിക്കണം എന്ന് പറയുന്നത് അതിക്രൂരമല്ലേ? പ്രത്യേകിച്ചും മറ്റ് ചില മനുഷ്യര്‍ മാറിയ വ്യവസ്ഥിതികളില്‍ തങ്ങളുടെ ചിന്താശക്തി പൂര്‍ണ്ണമായും വിനിയോഗിച്ച് ഉയര്‍ന്ന നിലയില്‍ ജീവിക്കുമ്പോള്‍ (അവരില്‍ പലരും അവിശ്വാസികള്‍ മാത്രമല്ല കപടവിശ്വാസികളും ഉള്‍പെടുന്നു) എണ്ണത്തില്‍ വളരെ ചെറുതായ, മതത്തിന്റെ ചട്ടക്കൂടുകളില്‍ ജീവിക്കുന്ന ഒരു കൂട്ടര്‍ മരണശേഷം തങ്ങള്‍ക്ക് കിട്ടാന്‍ പോകുന്ന സൌഭാഗ്യങ്ങളെ കുറിച്ച് സ്വപ്നം കാണുന്നു, നരകിച്ചു മരിക്കുന്നു.
ദൈവം എന്നത് ഏതെങ്കിലും മതത്തിന്റെ സ്വന്തമാണോ അല്ലെങ്കില്‍ ഞാനേതെങ്കിലും മത വിഭാഗക്കാരനാണെങ്കില്‍ മാത്രമേ എനിക്ക് ദൈവത്തെ പറ്റി സംസാരിക്കുവാന്‍ യോഗ്യതയുള്ളോ?
ഇന്നത്തെ മതങ്ങളുടെയെല്ലാം പ്രശ്നം ദൈവത്തിനേക്കാളും മനുഷ്യനേക്കാളുമുപരി അവര്‍ തങ്ങളുടെ വിശ്വാസങ്ങളേയും ആചാരങ്ങളേയും കാണുന്നു. ദൈവമില്ല എന്ന് പറയുന്നവനെ കൊല്ലുവാന്‍ ഉപദേശിക്കുന്നയാള്‍ തന്നെ അബോര്‍ഷന്‍ ദൈവവിരുധമാണ് എന്ന് പറയുന്നതിന്റെ യുക്തി എന്താണ്? മതത്തിന്റെ പേരില്‍ മറ്റൊരാളെ കൊല്ലുവാന്‍ മതം അനുവാദം നല്കുന്നു, ഏതെങ്കിലും മതം മറ്റൊരു മതത്തില്‍ പെട്ടൊരാളെ, അയാളെ മതം മാറ്റാതെ വിവാഹം കഴിക്കുവാന്‍ അനുവാദം നല്കുന്നുവോ? മതാനുയായികളുടെ എണ്ണം കുറയാതിരിക്കുവാനുള്ള കവചമായിട്ട് മാത്രമല്ല മറ്റ് മതസ്ഥരുടെ എണ്ണം കുറയ്ക്കുവാനുള്ള ഒരു ആയുധം കൂടിയാണ് ഇത്. സ്നേഹം സ്നേഹം എന്ന് നാഴികയ്ക്ക് നാല്പത് വട്ടം അലമുറയിടുന്ന മതസ്ഥര്‍ വരെ വിവാഹക്കാര്യത്തില്‍ മനുഷ്യനേക്കാളുപരി മതത്തിന് പ്രസക്തി നല്കുമ്പോള്‍ പൊടിഞ്ഞില്ലാതാകുന്നത് ആ മതം എടുത്തണിഞ്ഞിരിക്കുന്ന മുഖംമൂടി തന്നെയാണ്.ഒരേ മതത്തിലുള്ളവര്‍, ഒരേ ദൈവങ്ങളില്‍ (?????) വിശ്വസിക്കുന്നവര്‍, അവര്‍ക്കിടയില്‍ പോലും വ്യത്യാസം. ജാതി അവര്‍ക്കും അയോഗ്യതയാണ് വിവാഹക്കാര്യത്തില്‍. പെണ്ണിന്റെയും ചെറുക്കന്റെയും മനസ്സിനേക്കാളേറെ അവര്‍ക്ക് താല്‍പര്യം ചൊവ്വയും വ്യാഴവും എങ്ങനെ നില്കുന്നു, എങ്ങനെ കിടക്കുന്നു എന്നാണ്.
പ്രപഞ്ചം തന്നെ ദൈവത്തിന്റെ സൃഷ്ടിയാണെന്ന് പറയുന്നവര്‍, “മനുഷ്യന്‍ ദൈവത്തിന്റെ ഏറ്റവും ഉത്തമ സൃഷ്ടിയാണ് അതിനാല്‍ മനുഷ്യന് കണ്ണില്‍ കണ്ടതിനെയെല്ലാം കൊന്ന് തിന്നുന്നതിന് യാതൊരു തടസ്സവുമില്ല” എന്ന് പറയുമ്പോള്‍ എനിക്കവരോട് തോന്നുന്നത് സഹതാപമാണ്. “WITH GREAT POWER THERE MUST ALSO COME – - GREAT RESPONSIBILITY! ” എന്ന് ഞാന്‍ വിശ്വസിക്കുന്നു. മനുഷ്യന്‍ ദൈവത്തിന്റെ ഉത്തമ സൃഷ്ടിയെങ്കില്‍ ആ ഒരു ഉത്തരവാദിത്തം തന്റെ ചിന്തയിലും പ്രവൃത്തിയിലും മനുഷ്യന്‍ കാണിക്കേണ്ടതായിട്ടുണ്ട്. തങ്ങളുടെ മതവിശ്വാസങ്ങളെ എതിര്‍ക്കുന്ന ശാസ്ത്ര സത്യങ്ങളെ മതപണ്ഡിതന്മാര്‍ക്ക് പുഛമാണ്. ശാസ്ത്രം കണ്ടുപിടിച്ചത് തെറ്റെന്ന് തെളിയിക്കാന്‍ അവര്‍ പറയുന്ന വാദഗതികളും ഒരു നല്ല കോമഡി ചിത്രം കാണുന്ന സുഖം തരുന്നു. പണ്ടൊരിക്കല്‍ ജനറ്റിക് അല്‍ഗോരിതങ്ങളെ കുറിച്ച് തിരഞ്ഞ് കൊണ്ടിരുന്നപ്പോള്‍, ഒരു സൈറ്റ് കിട്ടി. പരിണാമ സിദ്ധാന്തം അപ്പാടെ തെറ്റാണ് എന്ന് പറയുന്ന ഒരു സൈറ്റ്. അവിടെ ഒരു FAQ-ഉം കണ്ടു. അതിലെ ഒരു ചോദ്യം-ഉത്തരം ഇപ്രകാരമാണ്.

ചോ: പരിണാമം സത്യമാണെന്നത് തെളിയിക്കുവാന്‍ തക്കതായ തെളിവുകള്‍ (ഫോസ്സിലുകള്‍) പലതും കിട്ടിയിട്ടുണ്ടല്ലോ?

ഉ: ഈ പ്രപഞ്ചം ഉണ്ടായിട്ട് കേവലം 5000 വര്‍ഷങ്ങളേ ആയിട്ടുള്ളൂ. അപ്പോള്‍ മുതല്‍ മനുഷ്യനുമുണ്ട്. മനുഷ്യനെ വഴി തെറ്റിക്കുവാന്‍ ‘സാത്താന്‍’ (അതോ സേറ്റനോ) കൊണ്ട് വന്നിട്ടതാണ് ആ തെളിവുകള്‍ (ഫോസിലുകള്‍)‍.

സൈറ്റ് ഏതെന്ന് ഓര്‍മ്മയില്ല. “genetics +exceptions +limitations” എന്നൊക്കെ search ചെയ്താല്‍ ചിലപ്പോള്‍ കിട്ടുമായിരിക്കും.ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് കൊണ്ട് ഒരു പക്ഷെ മതവിശ്വസങ്ങള്‍ സംരക്ഷിക്കപ്പെട്ടെന്നിരിക്കും. പക്ഷെ, മത വിശ്വാസികള്‍ക്കെന്തു നേട്ടമാണ് ഇതു കൊണ്ട് ഉണ്ടാകുന്നത്? 1987-ലോ മറ്റോ ഇത് പോലെയൊരു തെറ്റ് തിരുത്തല്‍ (ചന്ദ്രനെ സംബന്ധിച്ചാണ്, എന്താണെന്ന് കൃത്യമായി ഓര്‍മ്മ വരുന്നില്ല) നടത്തിയിട്ടുണ്ടെന്ന് തോന്നുന്നു. ഏറ്റവും രസകരമായി തോന്നുന്നത് ശാസ്ത്രത്തെ തള്ളി പറയുന്ന ഇവര്‍ മറ്റ് മത വിഭാഗക്കാരുടെ മതാചാരങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുവാന്‍ ശാസ്ത്രത്തെ കൂട്ട് പിടിക്കുമ്പോഴാണ്.
ഇതില്‍ നിന്ന് തന്നെ മതം എന്നത് ദൈവത്തിന്റെയും സ്നേഹത്തിന്റെയുമല്ല പക്ഷെ ആചാരങ്ങളേയും വിശ്വാസങ്ങളുടേയും ഒരു അഡ്വര്‍ടൈസിങ്ങ് കമ്പനി മാത്രമാണ് എന്ന് മനസ്സിലാക്കുവാന്‍ സാധിക്കും. നേരായ കാര്യങ്ങള്‍ നേരെ അറിയുവാന്‍ കഴിയാത്ത കാലത്ത് (പത്രവും മറ്റ് മാധ്യമങ്ങളും ഇല്ലാതിരുന്ന കാലത്ത്) മതത്തിന് പ്രസക്തിയുണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ കാലഘട്ടത്തിലെ തെറ്റും ശരിയും തിരിച്ചറിയുവാന്‍ പ്രത്യേകിച്ച് പാടൊന്നുമില്ലാത്ത ഇക്കാലത്ത് മതത്തെ കൊണ്ട് മനുഷ്യനോ മറ്റ് ചരാചരങ്ങള്‍ക്കോ പത്ത് പൈസയുടെ ഗുണമില്ല എന്ന് മാത്രമല്ല മതത്തെ പുണര്‍ന്നിങ്ങനെ അധിക കാലം നില്കുന്നത് മനുഷ്യരാശിക്ക് തന്നെ ദോഷവുമാണ് (ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള, ആണവയുദ്ധത്തിലേക്ക് വരെ എത്തിയേക്കാവുന്ന സംഘര്‍ഷം, അത് മതത്തിന്റെ പേരിലാണ് തുടങ്ങിയത്). ദൈവത്തെ കാണുവാനും അനുഭവിക്കാനും മതത്തിന്റെയും മതപുരോഹിതന്റെയും സഹായം തേടുന്നത് വെറും കാട്ട് താറാവ് പിടുത്തം (wild goose chase) മാത്രമാണ്. സ്വന്തം ശരീരത്തിലും, ചുറ്റുപാടുമുള്ള ദൈവത്തെ കണ്ടുപിടിക്കുവാന്‍ എന്തിനാണ് മറ്റൊരാളുടെ സഹായം? ആചാരങ്ങളും അനുഷ്ടാനങ്ങളും അണുവിട തെറ്റിക്കാതെ ചെയ്തത് കൊണ്ട് ദൈവത്തെ കാണുവാന്‍ പറ്റുമെന്നും മറ്റും വിശ്വസിക്കുന്നത് മൌഢ്യമാണ്.
മഴ പെയ്യിക്കുന്നതോ, പരീക്ഷകളില്‍ ജയിപ്പിക്കുന്നതോ, ശത്രുവിനെ കൊല്ലാന്‍ സഹായിക്കുന്നതോ, നിങ്ങള്‍ വ്യഭിചരിക്കുന്നുവോ അന്യന്റെ ഭാര്യയെ മോഹിക്കുന്നുവോ എന്ന് ദൂരദര്‍ശിനി വെച്ച് ഒളിഞ്ഞ് നോക്കുന്നതോ ഒന്നുമല്ല ദൈവത്തിന്റെ ജോലി. മനുഷ്യന്റെ വളരെ ചെറിയ വീക്ഷണ കോണിലൂടെ (Infinitesimally smaller angle of vision) നോക്കുമ്പോള്‍, ഇപ്പോള്‍ ലഭ്യമായ വിവരവും മനുഷ്യന്റെ ഇപ്പോഴത്തെ logic-ഉം വെച്ച് നോക്കുമ്പോള്‍ ദൈവം എന്താണ്, ദൈവത്തിന്റെ ജോലി എന്താണ് , ദൈവം ആരാണ് എന്നൊക്കെ കണ്ടുപിടിക്കുവാന്‍/അറിയുവാന്‍/മനസ്സിലാക്കുവാന്‍ ബുദ്ധിമുട്ടാണ്. അത്രയും നാള്‍ ദൈവത്തെ അറിയുവാന്‍ ‍, സ്വാഭാവികമായും, അന്തരീക്ഷത്തില്‍ നിന്നും വിഭൂതിയുണ്ടാക്കുന്ന ബാബാമാരെയും, ദൈവത്തെ വിളിച്ച് മഴ പെയ്യിക്കുന്ന, രോഗശാന്തി വരുത്തുന്ന, എന്നെ സാത്താന്‍ എന്ന് വിളിക്കുന്ന പുരോഹിതന്മാരെയും, കരുണാമയനായ ദൈവത്തിനു വേണ്ടി ആരെയും/എന്തിനേയും നശിപ്പിക്കുവാന്‍ മടിക്കാത്ത ഫത്‍വാകള്‍ പുറപ്പെടുവിക്കുന്ന പുരോഹിതന്മാരേയും ഒക്കെ മനുഷ്യന്‍ ആശ്രയിക്കും. കാരണം ചിന്തിക്കുന്നതിനേക്കാള്‍ എത്രയോ എളുപ്പമാണ് മറ്റൊരാള്‍ പറയുന്ന കാര്യം മണ്ടത്തരമാണോ അല്ലയോ എന്ന് ചിന്തിക്കാതെ അനുസരിക്കുന്നത്.
ഒരു പക്ഷെ പുരാണങ്ങളില്‍ പറയുന്ന മഹാപ്രളയം/Judgement day/doomsday ഒക്കെ മനുഷ്യന്‍ ദൈവത്തെ മനസ്സിലാക്കുന്ന ആ ദിവസത്തെ ആയിരിക്കും സൂചിപ്പിക്കുന്നത്………മതങ്ങളുടെ അവസാന ദിവസം. അന്തിമ സത്യം അറിയുന്ന ആ ദിവസത്തിനു ശേഷം ഒരൊറ്റ മതമേ കാണൂ….. മനുഷ്യമതം!!!

Possibly Related Posts: