അമേരിക്കന്‍ ഭരണകൂടം എതിര്‍ത്തതു കൊണ്ടുമാത്രം യു എന്‍ തെരെഞ്ഞെടുപ്പില്‍ തോറ്റ താന്‍ എങ്ങനെ അമേരിക്കന്‍ ഏജന്റാകുമെന്ന് ചോദിച്ചു കൊണ്ട് ശശി തരൂര്‍ തനിക്കെതിരെയുള്ള ഒരാരോപണത്തെ നേരിട്ടതായി കഴിഞ്ഞ ദിവസത്തെ (27 മാര്‍ച്ച്) ഒരു ദിനപത്രം (മലയാള മനോരമ) റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനുള്ള ഇത്തരമൊരു പ്രസ്താവനെ തീര്‍ച്ചയായും ഒരു മുന്‍ യു എന്‍ പ്രൊഫഷണലിനു ചേര്‍ന്നതല്ല. യു എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്കു മത്സരിക്കുവാന്‍ രംഗത്തുണ്ടായിരുന്ന ഏഴു പേരില്‍ ശ്രീലങ്കയുടെ ജയന്ത ധനപാല ഒഴികെയുള്ളവരെല്ലാം തന്നെ അമേരിക്കന്‍ പക്ഷപാതികളായിരുന്നു. അമേരിക്കന്‍ ആജ്ഞാനുവര്‍ത്തികളായ ജോര്‍ദ്ദാന്റെ മുന്‍ യു എന്‍ പ്രതിനിധി സെയ്ദ് അല്‍ഹുസൈനും അഫ്ഗാനിസ്ഥാന്റെ അഷ്റഫ് ഘാനിയ്ക്കുമെതിരെ വരെ അമേരിക്ക വോട്ടു ചെയ്തിരുന്നു. അമേരിക്കന്‍ സൈനികത്താവളങ്ങളുള്ള, ഏഷ്യയിലാണെങ്കിലും യു എന്നിലെ വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-77ല്‍ പങ്കെടുക്കാത്ത ചെറിയ രാജ്യമായ ദക്ഷിണ കൊറിയയിലായിരുന്നു, ജവര്‍ഹര്‍ലാല്‍ നെഹ്രുവിന്റെ ചേരിചേരാ നയത്തിന്റെ അംശങ്ങളെങ്കിലും അവശേഷിക്കുന്ന ഇന്ത്യയേക്കാള്‍ അമേരിക്കയ്ക്ക് തുടക്കത്തിലേ താല്‍പര്യം.
വ്യക്തിപരമായി മിക്ക സ്ഥാനാര്‍ത്ഥികളും അമേരികന്‍ ആധിപത്യത്തെ അംഗീകരിക്കുകയോ, ആരാധിക്കുകയോ ചെയ്യുന്നവരായിരിക്കേ പിന്തുണ നല്‍കുവാനായി സ്വാഭാവികമായും അമേരിക്ക മറ്റു മാനദണ്ഡങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടാകും. വന്‍കിട അഴിമതി ആരോപണങ്ങളില്‍പ്പെട്ട കോഫി അന്നന്റെ ക്ലിക്കില്‍പ്പെട്ടയാളെന്ന് പരക്കെ കരുതിയിരുന്ന തരൂര്‍ ഇന്ത്യന്‍ സ്ഥാനാര്‍ത്ഥിയായത് വാസ്തവത്തില്‍ ഇന്ത്യന്‍ വിദേശമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ അതിശയിപ്പിച്ചിരുന്നു. തരൂരിനെ ഇന്ത്യ സ്ഥാനാര്‍ത്ഥിയാക്കിയത് ശരിയായി ആസൂത്രണം ചെയ്ത സുചിന്തിതമായൊരു നടപടി ആയിരുന്നില്ല. ഇന്ത്യയുടെ എക്കാലത്തെയും മികച്ച യു എന്‍ സ്ഥാനപതിയായിരുന്നു ഹമീദ് അന്‍സാരി (ഉപരാഷ്ട്രപതി), തരൂരിന്റെ ഇലക്ഷന്‍ ശ്രമത്തിനു ശേഷം അദ്ദേഹത്തെ വിശേഷിപ്പിച്ചത് ഒരു മാദ്ധ്യമ സൃഷ്ടിയെന്നാണ്. ഇന്ത്യയുടെ സുഹൃത്തായ ശ്രീലങ്ക മത്സര രംഗത്തു നിന്നും പിന്‍വാങ്ങിയപ്പോള്‍ അവര്‍ പിന്തുണച്ചതും തരൂരിനെയായിരുന്നില്ല, ബാന്‍ കി മൂണിനെയായിരുന്നു. സ്ട്രോ പോളില്‍ തരൂര്‍ രണ്ടാമതു വന്നത് ഇന്ത്യന്‍ നയതന്ത്രജ്ഞരുടെയും വളരെ ആദരിക്കപ്പെടുന്ന ചിന്മയാനന്ദ ഗരേഖാനെപ്പോലുള്ള മുന്‍ നയതന്ത്രജ്ഞരുടെയും അശ്രാന്തശ്രമം മൂലമായിരുന്നെന്ന കാര്യം വിസ്മരിക്കരുത്.
2006 ഒക്ടോബര്‍ 2-നു് സുരക്ഷാ സമിതിയിലെ പതിനഞ്ച് അഗങ്ങള്‍ക്കിടയില്‍ നടന്ന അനൗദ്യോഗിക അഭിപ്രായ വോട്ടെടുപ്പില്‍ അഞ്ചു സ്ഥിരാംഗങ്ങളില്‍ ഒരു രാജ്യം തരൂരിനെതിരെ വോട്ടു ചെയ്ത കാര്യമാണ് അദ്ദേഹം പരാമര്‍ശിക്കുന്നത്. അഞ്ചു രാജ്യങ്ങളും ഒരേ പോലെ പിങ്ക് സ്ലിപ്പില്‍ വോട്ട് ചെയ്തപ്പോള്‍ അതിലാരാണ് എതിര്‍ത്തു വോട്ട് ചെയ്തതെന്നറിയുവാന്‍ കഴിയില്ല. അമേരിക്കയാകട്ടെ തരൂരിന്റെ സ്ഥാനാര്‍ഥിത്വത്തെ ഒരിക്കല്‍ പോലും തള്ളിപ്പറഞ്ഞിരുന്നില്ല.
തരൂരിന്റെ തിരഞ്ഞെടുപ്പ് ശ്രമം അദ്ദേഹത്തിന് കൂടുതല്‍ പബ്ലിസിറ്റി നല്‍കിയെങ്കിലും അത് ഇന്ത്യയുടെ സുരക്ഷാ സമിതി അംഗത്വ ശ്രമങ്ങളെ രണ്ടു തരത്തില്‍ ബാധിക്കുകയുണ്ടായി. ഒരു സ്ഥിരാംഗരാജ്യം സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിക്കുകയില്ല എന്ന കീഴ്‌വഴക്കമുള്ളതു കൊണ്ട് തരൂരിന്റെ സ്ഥാനാര്‍ഥിത്വം ലോകത്തിനു നല്‍കിയ സന്ദേശം ഇന്ത്യ സ്ഥിരാംഗത്തിന്റെ കാര്യത്തില്‍ നിര്‍ബന്ധം പുലര്‍ത്തുന്നില്ല എന്നുള്ളതാണ്. ഒരു ചെറിയ രാജ്യമായ ദക്ഷിണ കൊറിയയോട് പോലും തിരഞ്ഞെടുപ്പില്‍ തോറ്റ രാജ്യത്തിന്റെ ആഗോള അംഗീകാരം സംശയാസ്പദമാണെന്ന സന്ദേശമാണ് അതിലും കൂടുതല്‍ ഉത്കണ്ഠയുളവാക്കുന്നത്.
യു എന്‍ സെക്രട്ടറി ജനറലിന്റെ ക്യാബിനറ്റ് ചീഫും യു എന്‍ അണ്ടര്‍ സെക്രട്ടറി ജനറലുമായ വിജയ് നമ്പ്യാരെപ്പോലെയുള്ളവര്‍ അവരുടെ മികവുറ്റ പ്രവര്‍ത്തനങ്ങളിലൂടെ മലയാളികള്‍ക്കാകെ അന്താരാഷ്ട്ര രംഗത്ത് യഥാര്‍ത്ഥ അംഗീകാരം നേടിത്തരുന്ന കാര്യം നമ്മുടെ മാദ്ധ്യമങ്ങള്‍ അവഗണിക്കരുത്.
(29-03-2009 ജനയുഗത്തില്‍ എസ്. ഫൈസി എഴുതിയത്)
Possibly Related Posts:
Categories: Malayalam, പത്ര വാര്‍ത്ത, മലയാളം, ലേഖനം Tags: അമേരിക്ക, അഴിമതി, ഇന്ത്യ, ഇലക്ഷന്, തിരഞ്ഞെടുപ്പ്, തിരുവനന്തപുരം, പുണ്യവാളന്, ഭാരതം, മാന്യന്‍, രാഷ്ട്രീയം, വോട്ട്, ശശി തരൂര്, സ്ഥാനാര്‍ത്ഥി
എന്റെ സുഹൃത്ത് ഹരി ശങ്കര്‍ എഴുതിയ കുറിപ്പിന് ഒരു മറുപടിയാണ് ഈ പോസ്റ്റ്. ഹരി തന്റെ പോസ്റ്റില്‍ അദ്ദേഹമെന്തു കൊണ്ട് ശശി തരൂരിന് വോട്ട് ചെയ്യുമെന്ന് എഴുതുകയുണ്ടായി. ഇന്ത്യ നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും തരൂരിന്റെ വിജയം പരിഹാരമൊരുക്കും എന്ന് വരെ ഇത്തരം pro-തരൂര്‍ പോസ്റ്റുകളില്‍ നമ്മുക്കു കാണാം. (ഇത്തരം പരസ്യ വാചകങ്ങള്‍ വഴിയരുകില്‍ ജലദോഷം മുതല്‍ എയിഡ്സ് വരെ മാറ്റിത്തരുന്ന ഒറ്റമൂലികള്‍ വില്‍ക്കുന്ന കച്ചവടക്കാരില്‍ നിന്ന് മാത്രമേ കേട്ടിട്ടുള്ളൂ). ഒബാമയുടെ അമേരിക്കന്‍ മോഡല്‍ തെരെഞ്ഞെടുപ്പ് പ്രചാരണരീതികള്‍ അതേപടി പകര്‍ത്തി, അതു വഴി അമേരിക്കയിലേക്ക് വായില്‍ നോക്കിയിരിക്കുന്ന വരേണ്യകുമാരന്മാരെ കൈയ്യിലെടുക്കുവാന്‍ തരൂരിന് കഴിഞ്ഞിട്ടുമുണ്ട്. Kerala Blogosphere-ല്‍ അങ്ങോളമിങ്ങോളമുള്ള രാജ്യസ്നേഹം നിറഞ്ഞു തുളുമ്പിയൊഴുകുന്ന ഇത്തരം snobbish ബ്ലോഗ്ഗുകളില്‍ തരൂര്‍ തരംഗം അതിന്റെ ഉച്ചസ്ഥായിയില്‍ ദര്‍ശിക്കുവാനാകും. മേല്‍പറഞ്ഞ കാരണം കൊണ്ട് ഞങ്ങളും അമേരിക്കയെ പോലെ മോഡേണായി (?) എന്ന മിത്ഥ്യയെ യാഥാര്‍ത്ഥ്യമെന്ന് സ്വയം ബോധ്യപ്പെടുത്തുവാന്‍ ഈ കോഴിക്കുഞ്ഞുങ്ങള്‍ ആഞ്ഞ് ശ്രമിക്കുന്നുമുണ്ട്.
ശശി തരൂരിന്റെ ഈ ഇമേജ് എത്ര മാത്രം യാഥാര്‍ത്ഥ്യമാണ് എന്ന് ചിന്തിക്കുവാനോ, അതില്‍ ഗവേഷണം നടത്തുവാനോ നമ്മുടെ കോഴിക്കുഞ്ഞുങ്ങള്‍ ശ്രമിക്കുന്നില്ല എന്നതാണ് നഗ്നമായ യാഥാര്‍ത്ഥ്യം. കേരളവും ഇന്ത്യയും ഇന്ന് നേരിടുന്ന ബൗദ്ധിക പാപ്പരത്തത്തിന് ഹേതു ഇത്തരം ചിന്താശേഷി മരവിച്ചു പോയ യുവത്വമാണ്. ഞാനധികം നീട്ടുന്നില്ല. ഈ പോസ്റ്റിന് അടിസ്ഥാനമാക്കുന്നത് ഹരിയുടെ പോസ്റ്റിനെ തന്നെയാണ്.
- ശശി തരൂരിന്റെ വിദ്യാഭ്യാസത്തെ പറ്റിയാണ് ഹരി പറഞ്ഞു തുടങ്ങുന്നത്. രാജ്യവും വകുപ്പും ഭരിക്കുവാന്‍ വിദ്യാഭ്യാസമൊരു മാനദണ്ഡമേയല്ല എന്നാണ് നമ്മുടെ അനുഭവങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. നഷ്ടത്തിലായിരുന്ന ഇന്ത്യന്‍ റെയ്‌ല്‍വേസിനെ ലാഭത്തിലെത്തിച്ച ലാലു പ്രസാദു് യാദവു് ഏതെങ്കിലും ബിസിനസ്സ് സ്കൂളില്‍ പോയി PhD-യോ, PDF-ഓ എടുത്തതായിട്ടെനിക്കറിയില്ല. അതേ പോലെ തന്നെ കേരളത്തിലെ മുഖ്യമന്ത്രി ശ്രീ. അച്യുതാനന്ദന്‍ നാലാം ക്ലാസ്സ് വിദ്യാഭ്യാസവുമായിട്ടാണ് ഭരിക്കുന്നത്. അദ്ദേഹത്തിന്റെ ഭരണ നേട്ടങ്ങള്‍ ഇവിടെ നിന്ന് വായിക്കാം. (അത് വായിക്കാതെ എഴുതുന്ന കമന്റുകള്‍ക്ക് മറുപടിയുണ്ടാകില്ല). “വികസനത്തിന് മനുഷ്യത്വമുഖം നല്‍കും” എന്ന് പറഞ്ഞ് അധികാരത്തിലേറിയ, മറ്റൊരു മുന്‍-ബ്യൂറോക്രാറ്റ് പ്രധാനിയായ യു.പി.ഏ ഗവണ്‍മെന്റിനെ നയിച്ച കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ തെരെഞ്ഞെടുപ്പ് പത്രികയും, അവരുടെ പ്രവൃത്തികളും ഇവിടെ നിന്നും വായിക്കാം. പ്രിയ ബ്ലോഗ്ഗേഴ്സ് ഫോര്‍ തരൂരുകള്‍ മനസ്സിലാക്കേണ്ടത്, അവരവര്‍ പ്രതിനിധീകരിക്കുന്ന പാര്‍ട്ടി കഴിഞ്ഞ തവണ അധികാരത്തില്‍ വന്നപ്പോളെന്തു ചെയ്തു എന്നതിലാണ് കാര്യം. പാര്‍ട്ടിയെ എതിര്‍ത്തു കൊണ്ട്, ഇനിയിപ്പോ ശശി തരൂര്‍ എങ്ങാനും എം.പി ആയാലും, തിരുവനന്തപുരത്തുകാര്‍ക്ക് വേണ്ടി എന്തെങ്കില്ലും ചെയ്യുമോ? (കഴിഞ്ഞ തവണ കണ്ണൂരുകാരന്‍ പന്ന്യന്‍ രവീന്ദ്രന്‍ ഇലക്ഷന് നിന്നപ്പോള്‍ കേട്ടത്, “കണ്ണൂരുകാരന്‍ തിരുവനന്തപുരത്തുകാര്‍ക്ക് വേണ്ടിയെന്തെങ്കിലും ചെയ്യുമോ എന്നായിരുന്നോ?” ഇപ്പോ കോണ്‍ഗ്രസ്സുകാരാരെങ്കിലും ആ ചോദ്യമോര്‍ക്കുന്നുണ്ടോ ആവോ?)
- തരൂര്‍ എഴുതിയ ഈ ലേഖനം കൂടി വായിച്ചിട്ട് അദ്ദേഹത്തിന്റെ ഇസ്ലാം സ്നേഹത്തിന്റെ താഴെ അടിവരയിടുക. അതോടൊപ്പം തന്നെ ഇവിടെ ചോദിച്ചിരിക്കുന്ന ചോദ്യങ്ങള്‍ ഞാനാവര്‍ത്തിക്കുന്നു.
- ഇന്ത്യയില്‍ 15 കോടി മുസ്ലീങ്ങളുള്ളതുകൊണ്ടാണോ സര്‍ ഇന്ത്യ പാലസ്തീനോട് നയതന്ത്രപരമായ അനുഭാവം പുലര്‍ത്തിയിട്ടുള്ളത്?
- പലവിധ രാഷ്ട്രീയ കാരണങ്ങളാല്‍ ദേശീയ, അന്തര്‍ ദേശീയ ശ്രദ്ധ നേടിയ ഒരു ന്യൂനപക്ഷ ആരാധനാലയത്തെ ഇടിച്ചുനിരത്തിയ കുറേ കാവി-കുങ്കുമപ്പൊട്ടുവാദികള്‍ പൊതുപ്രവര്‍ത്തന രംഗത്ത് മാന്യന്മാരായിരിക്കുന്നത് കണ്ണില്‍പ്പെടാത്തതാണോ സര്‍? അവരെന്താ ഭീകരന്മാരല്ലേ സര്‍? രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും സദാ വിഘാതമായ അവരെ തുരത്താന്‍ എവിടെയാണ് സര്‍ ഇന്ത്യ ബോംബിടേണ്ടത്?
- ബോംബേയിലെ വര്‍ഗ്ഗീയ കലാപങ്ങളിലും ഗുജറാത്തിലും സംഘപരിവാരികള്‍ ആസൂത്രണം ചെയ്ത് നടത്തിയ അതിഭീകരമായി മുസ്ലീം കൂട്ടക്കൊലകളും താങ്കളീ പറയുന്ന “ഭീകരപ്രവര്‍ത്തനത്താലുണ്ടായ ജീവഹാനി”യില്‍ പെടുമോ സര്‍?
- മുംബൈ ആക്രമണത്തിന്റെ പേരില്‍ താങ്കള്‍ ഒലിപ്പിക്കുന്ന ഈ മുതലക്കണ്ണീരും ഒരു ഇന്തോപാക്ക് യുദ്ധം നടപ്പിലാക്കാനാവാത്തതിന്റെ നിരാശയും രാജ്യത്ത് ആസൂത്രിതമായി നടത്തപ്പെട്ട ന്യൂനപക്ഷ ഹിംസയുടെ കാലത്ത് കണ്ടില്ലല്ലോ സര്‍ ?അന്നീ ലോകരാജ്യങ്ങള്‍ക്കു മുന്നിലും അന്താരാഷ്ട്ര മനുഷ്യാവകാശപ്രസ്ഥാനങ്ങള്‍ക്കു മുന്നിലും നാണം കെട്ട ഇന്ത്യയെപ്പെറ്റി താങ്കള്‍ക്കോര്‍മ്മയുണ്ടോ സര്‍? അതോ അന്ന് കെട്ട നാണം നാണമല്ലേ?
- ഒന്നിനു പുറകേ ഒന്നായി ന്യൂക്ലിയര്‍ ബോംബുകളും ബാലിസ്റ്റിക് മിസൈലുകളും ഉണ്ടാക്കിപ്പരീക്ഷിച്ചിട്ടും, കേന്ദ്ര ബജറ്റില്‍ നിന്നും 89,000 കോടി രൂപയോളം പട്ടാളത്തിനും ആഭ്യന്തര സുരക്ഷയ്ക്കും വകനീക്കി വച്ചിട്ടും എന്തേ “India’s[...] underbelly [is] easily penetrated by determined terrorists” എന്ന അവസ്ഥ വരുന്നു സര്‍ ?
- ഒരു ബോട്ടും കൊണ്ട് ഏതു രാജ്യക്കാര്‍ക്കും വന്നു കയറാവുന്ന ഒരു തുറമുഖമായി നമ്മുടെ Financial Capital എന്തേ മാറി സര്‍?
- പുരോഹിത്തിനെ പോലുള്ള പട്ടാള ഉദ്യോഗസ്ഥര്‍ പോലും ഭീകരപ്രവര്‍ത്തകര്‍ക്ക് ബോംബുണ്ടാക്കാന്‍ ഒത്താശ ചെയ്തു കൊടുക്കുന്നത് കാണുന്നില്ലേ സര്‍?
ഇനിയിപ്പോള്‍ ഇത് വല്ലതുമാണോ ശശി തരൂരിന്റെ സ്വപ്നം? അദ്ദേഹം വഴി തെറ്റി വല്ലതും കോണ്‍ഗ്രസ്സില്‍ വന്നതാണോ? കോണ്‍ഗ്രസ്സിന്റെ കാവിവല്‍ക്കരണമോ അതോ കാവിയുടെ കോണ്‍ഗ്രസ്സ് വല്‍ക്കരണമോ?
- തരൂരിന്റെ പുസ്തകം വായിച്ചിട്ടുണ്ടെങ്കില്‍ അതിലെത്ര മാത്രം അരാഷ്ട്രീയവാദം കുത്തി നിറച്ചിട്ടുണ്ടെന്ന് ഞാന്‍ പ്രത്യേകിച്ചെടുത്ത് പറയേണ്ട കാര്യമില്ല? ഇന്ത്യന്‍ രാഷ്ട്രീയക്കാരെ ഇത്ര വെറുപ്പോടെ കണ്ട മനുഷ്യന്‍ എന്ത് താല്‍പര്യത്തിന്റെ പേരിലാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് എന്ന് തരൂര്‍ വ്യക്തമാക്കേണ്ടതാണ്. അതിനേക്കാളേറെ തമാശ, അദ്ദേഹമേറെ വിമര്‍ശിച്ച കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ചിഹ്നത്തിലാണ് മല്‍സരിക്കുന്നത് എന്നത് തന്നെ. ഈ ഒരു സന്ദര്‍ഭത്തില്‍ നിന്ന് ചിന്തിക്കുമ്പോള്‍ ശശി തരൂരെന്ന വ്യക്തി, തന്റെയാ പഴയ എഴുത്തുകളെ എങ്ങനെയാണ് വിലയിരുത്തുന്നത്? അതിനെയൊക്കെ തള്ളിപ്പറയുന്നുവോ? ഇല്ലെങ്കില്‍ ആ പാര്‍ട്ടിയുടെ പേരില്‍ മല്‍സരിക്കുവാന്‍ മാത്രം നിങ്ങളുടെ ധാര്‍മ്മിക നിലവാരം ഇടിഞ്ഞു വീണുവോ? ഇപ്പോള്‍ തള്ളിപ്പറയുന്നുവെങ്കില്‍ അതേ ലാഘവത്തോടെ നിങ്ങളിപ്പോള്‍ നല്‍കുന്ന തെരെഞ്ഞെടുപ്പ് വാഗ്ദാനങ്ങളും തള്ളിക്കളയില്ല എന്ന് എന്തുറപ്പാണുള്ളത്?
- നിങ്ങളൊരു വിവരമുള്ള വോട്ടറാണെങ്കില്‍ നിങ്ങള്‍ ആര്‍ക്കായിരിക്കും വോട്ട് ചെയ്യുക? (വിവരവും വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധം ദാ ഇവിടെയുണ്ട്). 14-ആം ലോകസഭയിലെ ഏറ്റവും സജീവമായ പാര്‍ട്ടികളെ പറ്റിയുള്ള ഒരു പഠനത്തെ പറ്റി ഇവിടെ കൊടുത്തിട്ടുണ്ട്. കഴിഞ്ഞ തവണ അധികാരത്തിലേറിയ കോണ്‍ഗ്രസ്സിന്റെ പ്രകടന പത്രികയും യഥാര്‍ത്ഥ പ്രകടനവും തമ്മിലുള്ള ഒരു താരതമ്യ പഠനം ഇവിടെയും കൊടുത്തിട്ടുണ്ട്. ഇതൊക്കെ വായിച്ച് വിവരമുള്ള മനുഷ്യര്‍ തീരുമാനമെടുക്കും. വിദ്യാഭ്യാസവും വിവരവും തമ്മില്‍ ബന്ധമില്ല എന്ന എന്റെ വാദത്തിന് ശക്തി കൂടുകയാണ് എന്ന് ഈ അവസരത്തില്‍ പറയാതെ വയ്യ.
- ശശി തരൂരിന്റെ മലയാളം നന്നല്ല എന്ന് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുള്ള കാര്യമാണ്. മലയാളം സംസാരിക്കുവാനുള്ള ശേഷിക്കുറവ് ഒരു ഭരണാധികാരിക്കൊരു കുറവാണെന്നും തോന്നുന്നില്ല. കഴിഞ്ഞ നവമ്പറില്‍ കേരള മുഖ്യമന്ത്രി ശ്രീ. വി.എസ്സ്. അച്യുതാനന്ദന് ഇംഗ്ലീഷ് സംസാരിക്കുവാനറിയില്ല എന്ന് പറഞ്ഞ് ഇവിടുത്തെ കമ്മ്യൂണിസ്റ്റ്-വിരുദ്ധര്‍ എന്തൊക്കെ പുകിലുകളായിരുന്നു കാണിച്ചിരുന്നത്? ഇന്നിപ്പോള്‍ തരൂരിന്റെ മലയാള-ശേഷിക്കുറവിനെ കുറിച്ച് സ്വകാര്യം പറയുവാന്‍ പോലും ഒറ്റയാളെ കാണുന്നില്ലല്ലോ? അവരൊക്കെ പോയി ആത്മഹത്യ ചെയ്തുവോ?
- മാന്യന്‍ എന്ന ലേബല്‍ ഹരി നീലലോഹിതദാസന്‍ നാടാരുടെയടുത്ത് നിന്നുമിളക്കിക്കളഞ്ഞ മാനദണ്ഡം വെച്ച് തന്നെ തരൂരിന്റെയടുത്ത് നിന്നും ഇളക്കിക്കളയാം. അതൊരു വലിയ factor ആണെന്ന് എനിക്കും തോന്നുന്നില്ല. പക്ഷെ, തരൂരിന് ഒരു നീതി, നീലലോഹിതദാസന്‍ നാടാര്‍ക്ക് മറ്റൊന്ന് എന്ന രീതി ശരിയാണോ?
- കൊക്കോ-കോള എന്ന ക്രിമിനല്‍ കമ്പനിയുമായുള്ള ബന്ധത്തെ പറ്റി വിവരവും വിദ്യാഭ്യാസവുമുള്ള താങ്കള്‍ അത്ര ലാഘവത്തോടെ പറഞ്ഞ് പോയത്, ശരിക്കും വിവരവും വിദ്യാഭ്യാസവുമുള്ളവരെ കഷ്ടത്തിലാഴ്ത്തും. തുറന്ന എഴുത്തിലുള്ള ആരോപണങ്ങളെല്ലാം സത്യമാണെന്നും, തരൂര്‍ തന്റെ കമ്പനിയെ ന്യായീകരിക്കുവാന്‍ ശ്രമിക്കുകയാണെന്നും താങ്കള്‍ക്ക് പ്രത്യക്ഷത്തില്‍ തന്നെ മനസ്സിലായതാണല്ലോ? അത്തരമൊരു ക്രിമിനല്‍ കമ്പനിയുടെ കുഴലൂത്തുകാരന്‍ അധികരത്തിലേറിയാലുള്ള ഭവിഷ്യത്തുക്കള്‍ അറിയാതെയാണോ നിങ്ങളത്തരത്തിലുള്ള സമീപനം സ്വീകരിച്ചത്? തരൂരിന്റെ തുറന്ന മറുപടിക്കുള്ള തുറന്ന മറുമറുപടിയും വായിക്കേണ്ടതാണ്. പിന്നെ ഇതും.
- എണ്ണയ്ക്ക് പകരം ഭക്ഷണം പദ്ധതിയില്‍ നടന്ന അഴിമതിയില്‍ തരൂരിന്റെ ദുരൂഹമായ പങ്കിനെ പറ്റിയും മാദ്ധ്യമങ്ങളും ബ്ലോഗ്ഗേഴ്സ് ഫോര്‍ തരൂരും മൗനം പാലിക്കുകയാണ്.
- ഈ വാര്‍ത്ത കണ്ടാല്‍ മനസ്സിലാക്കാം, ബ്ലോഗ്ഗേഴ്സ് ഫോര്‍ തരൂര്‍ എന്ത് പ്രതീക്ഷിച്ചായിരിക്കും ഈ അത്യുത്സാഹം കാണിക്കുന്നതെന്ന്.
- അര്‍ഹതയില്ലാഞ്ഞിട്ട് കൂടി, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഇന്ത്യന്‍ ഗവണ്‍മെന്റിനെ, യു.എന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരെഞ്ഞെടുപ്പില്‍ ഉപയോഗിച്ചുവെന്ന് പ്രസിദ്ധ പത്ര പ്രവര്‍ത്തകനായ ബി.ആര്‍.പി ഭാസ്കര്‍ എഴുതിയത് ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കേണ്ടതാണ്.
തരൂര്‍ തരംഗത്തിന്റെ മനഃശാസ്ത്രം
ഒബാമ അമേരിക്കയിലെ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ പ്രയോഗിച്ച നമ്പറുകള്‍ കണ്ട പാവം മലയാളി ഇവിടെയും ഇങ്ങനെയൊക്കെ ആയിരുന്നെങ്കില്‍ എന്ന് കോംപ്ലെക്സടിച്ചു. തരൂര്‍ ആ കോംപ്ലക്സിനെ ചൂഷണം ചെയ്തു. തരൂരിന്റെ തിളക്കത്തില്‍ ജാതി-മത-പ്രായ-വിവര-വിദ്യാഭ്യാസ-തൊഴില്‍ ഭേദമില്ലാതെ കോംപ്ലക്സടിച്ച എല്ലാ ലോലഹൃദയരും വീണു പോയി. തരൂര് ജയിച്ചാല്‍ കേന്ദ്ര മന്ത്രിയാകുമെന്നാ പറയുന്നത്? എവിടുന്ന് – കോണ്‍ഗ്രസ്സ് അധികാരത്തില്‍ കയറണ്ടേ?
പ്രിയ ബ്ലോഗ്ഗേഴ്സ് ഫോര്‍ തരൂരുകളേ, അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യം മാറ്റൊലി കൊണ്ട നാടാണിത് – തിരുവിതാംകൂര്‍. അവിടെയീ അമേരിക്കന്‍ മോഡല്‍ ഗിമ്മിക്കുകളൊന്നും കൊണ്ടു കാര്യമില്ല. ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുവാന്‍ 2008 ഒക്ടോബറില്‍ ഇന്ത്യയില്‍ താമസമാക്കിയ NRI-ക്ക് എങ്ങനെ സാധിക്കുമെന്നാണ് നിങ്ങള്‍ കരുതുന്നത്?
(ഞാന്‍ മേല്‍ പറഞ്ഞതില്‍ അസത്യങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ അത് source അടക്കം ചൂണ്ടിക്കാട്ടൂ)
Possibly Related Posts:
Categories: Malayalam, പ്രതികരണം, മലയാളം, ലേഖനം Tags: cpi(M), snob, അമേരിക്ക, അഴിമതി, ഇന്ത്യ, ഇലക്ഷന്, കമ്മ്യൂണിസം, കോണ്‍ഗ്രസ്സ്, തിരഞ്ഞെടുപ്പ്, തിരുവനന്തപുരം, പാര്‍ലമെന്റ്, പുണ്യവാളന്, ബ്ലോഗ്ഗര്‍, ഭാരതം, മനുഷ്യന്‍, മന്മോഹന് സിങ്ങ്, മാന്യന്‍, രാഷ്ട്രീയം, ലോകം, ലോകസഭ, ലോക്സഭ, വോട്ട്, ശശി തരൂര്, സജീവത, സാമൂഹികം, സി.പിഐ(എം), സ്ഥാനാര്‍ത്ഥി