Archive

Posts Tagged ‘കഥ’

കൊലച്ചോറ് [11:55 AM]

തൈരിന് അധികം പുളിയില്ലായിരുന്നു. പശുവിന്റെ ആയിരിക്കുവാന്‍ സാദ്ധ്യതയില്ല. നല്ല കട്ടിയുണ്ട്. ചോറ് അത്ര വെന്തിട്ടില്ല. തിളപ്പിച്ച് വറ്റിയ, പുകയുടെ മണമുള്ള, തവിട് അധികം കളയാത്ത അരിയുടെ ചോറാണ് എനിക്കിഷ്ടം. തവിട് മുഴുവനായി കളഞ്ഞ് വെളുപ്പിച്ചെടുത്തെങ്കിലും, ജയിലില്‍ സാധാരണ കിട്ടുന്ന ഭക്ഷണത്തേക്കാള്‍ മെച്ചം. കൂടാതെ, ഞാന്‍ പറഞ്ഞത് പോലെ, ചിക്കനും ബീഫുമുണ്ട്. എന്റെ വയറ് ഭാഗ്യത്തിന്, ചില്ലി ചിക്കനല്ല. പണ്ട് തൊട്ടേ വെറുക്കുന്നതാണ് ചില്ലി ചിക്കന്‍.  ബീഫ് കൊണ്ടു വരുവാന്‍ ആദ്യം വാര്‍ഡന്‍ സമ്മതിച്ചില്ല, പിന്നെ ഏറെ നിര്‍ബ്ബന്ധിച്ച ശേഷമാണ് അല്പം ബീഫ്-വിരുദ്ധ അസ്കിതയുള്ള വാര്‍ഡന്‍ ബീഫ് കൊണ്ടുവരുവാന്‍ സമ്മതിച്ചത്. അത്താഴത്തിന് ശേഷം വലിക്കുവാന്‍ മൂന്ന് പാക്കറ്റ് വില്‍സും വാങ്ങി വെച്ചിട്ടുണ്ട്. ഇരുപത്തിനാല് മണിക്കൂറില്‍, ഇരുപത്തിയഞ്ച് സിഗററ്റാണ് ഇത് വരെ എന്റെ റെക്കോഡ്. ഇന്നിപ്പോള്‍, അടുത്ത അഞ്ച് മണിക്കൂറിനുള്ളില്‍ ഇത് തീര്‍ത്ത് പുതിയ റെക്കോഡ് സ്ഥാപിക്കണം. ബിയറ് കൂടെ കിട്ടുമോയെന്ന് ചോദിച്ചതാണ്. ജയിലിനുള്ളില്‍ മദ്യം കൊണ്ടുവരുവാന്‍ നിയമപരമായ തടസ്സങ്ങളുണ്ടത്രെ [വെറുതെയാണ്. ഞാനെത്ര കണ്ടിരിക്കുന്നു പൊലീസുകാര്‍ ഇതിന്റെയുള്ളിലിരുന്നു മദ്യപിക്കുന്നത്]. അല്ലെങ്കിലും മരണത്തിന്റെ മുന്നിലേക്ക് ആടിയാടി പോകുന്നതിനേക്കാള്‍ നല്ലത് നെഞ്ചും വിരിച്ച്, തലയുയര്‍ത്തി സ്വീകരിക്കുന്നതാണ്. പറയുവാന്‍ വിട്ടു, എന്നെ ഇന്ന് വൈകിട്ട് തൂക്കുവാന്‍ പോവുകയാണ്. ഇന്ത്യന്‍ സമയം 5.15 PM-നു്.

ചെറുപ്പക്കാരനായ ആരാച്ചാര്‍ [12.10 PM]

ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിലാണ്, പൊലീസുകാര്‍ക്കൊപ്പം ആരാച്ചാരെ കണ്ടത്. ആറടിയോളം പൊക്കമുള്ള ഒരാജാനബാഹു. മുഖത്ത് കട്ടിമീശ. അധികം പ്രായമായിട്ടില്ല. ആരാച്ചാരെന്ന് പറയുമ്പോള്‍ എന്റെ മനസ്സിലോടിയെത്തുന്നത് ടി.ജി. രവിയുടെ മുഖമാണ്. നീളം കുറഞ്ഞ്, കറുത്ത മുഖവും, മീശയും കരകരാന്നുള്ള ശബ്ദവുമുള്ള ഒരാളായിരിക്കും ആരാച്ചാരെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. മുഖത്തൊരു പുഞ്ചിരിയുമായി, യാതൊരു ഭയവുമില്ലാതെ ഭക്ഷണം കഴിക്കുന്ന എന്നെ കണ്ട് ആരാച്ചാര്‍ ചോദിച്ചു.

“എന്താ മയിരേ. നിനക്ക് പേടിയില്ലേ?”

“ആരെയാണ് സാറെ പേടിക്കേണ്ടത്. മരണം എനിക്ക് മാത്രം വിധിച്ചിട്ടുള്ളതല്ലല്ലോ? ഒരല്പം നേരത്തെ എനിക്കത് വിധിക്കപ്പെട്ടു എന്നല്ലേയുള്ളൂ. എന്നെ കൊല്ലുവാന്‍ വിധിച്ച വിധികര്‍ത്താവും, എന്നെ വധിക്കുവാന്‍ നിയോഗിതനായ താങ്കളുമൊക്കെ ഒരിക്കല്‍ മരിക്കേണ്ടവരാണ്”.

അഹങ്കാരവും, ദുരഭിമാനവുമൊക്കെ എനിക്ക് പണ്ടേയുള്ള സദ്‌ഗുണങ്ങളാണ്. മരണത്തിന്റെ നിഴല്‍ എന്റെ മേല്‍ വീണുകൊണ്ടിരിക്കുമ്പോഴും, ധൈര്യത്തോടെ തന്നെ എനിക്കതിനെ നേരിടുവാന്‍ കഴിയുന്നതില്‍ ഞാന്‍ അഭിമാനപുളകിതനായി.

“സാറ് അല്പം ഭക്ഷണം കഴിക്കുന്നോ? വൈകിട്ട് തൂക്കുമ്പോള്‍ കൈകള്‍ക്ക് നല്ല ഉറപ്പ് വേണം. ചില്ലറ പുള്ളിയെ ഒന്നുമല്ല നിങ്ങള്‍ തൂക്കുവാന്‍ പോകുന്നതെന്ന് ഓര്‍മ്മയിരിക്കട്ടെ” ഞാന്‍ ആരാച്ചാരോട് പറഞ്ഞു.

“ഒന്ന് പോടാ. ഞാനിതെത്ര കണ്ടിരിക്കുന്നു. ഈ കൈകള്‍ കൊണ്ട് ഞാന്‍ കൊല്ലുന്ന ആദ്യത്തെയാളല്ല നീ” ആരാച്ചാര്‍ എന്റെ ജനുസ്സ് തന്നെ. എന്നെ തൂക്കുവാന്‍ സര്‍വ്വത്ഥാ യോഗ്യന്‍.
“നിന്നെപ്പോലുള്ള രാജ്യദ്രോഹികളെ ഇല്ലായ്മ ചെയ്യുവാന്‍ കഴിയുന്നത്, ഞാനീ രാജ്യത്തോട് ചെയ്യുന്ന സേവനമാണ്. അതിലെനിക്ക് അഭിമാനമേയുള്ളൂ” ആരാച്ചാര്‍ തുടര്‍ന്നു.

“കൊല്ലുമ്പോള്‍ കൈവിറച്ചിട്ടില്ലായെന്ന് പറയുന്നത് നുണയല്ലേ? ഒരിക്കലെങ്കിലും വിറച്ചിട്ടുണ്ടാകും. ഇല്ലെങ്കില്‍ ഇന്ന് വിറയ്ക്കും. പ്രത്യേകിച്ചും തെറ്റൊന്നും ചെയ്തിട്ടില്ലായെന്ന് എനിക്ക് ഉത്തമബോധ്യമുള്ളപ്പോള്‍. ഞാന്‍ പൊരുതിയത് ഈ രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണ്. ആ ജനങ്ങള്‍ക്ക് എന്നോടുള്ള സ്നേഹം കറയറ്റതും, ആത്മാര്‍ഥതയുമുള്ളതാണ്. എനിക്ക് ജനതയോടുള്ളതും മറിച്ചല്ല. അത് നിങ്ങള്‍ക്കും നല്ല പോലെയറിയാം. നാളെയവര്‍ നിങ്ങളെ കാണുവാന്‍ പോകുന്നത് നിങ്ങള്‍ ഉദ്ദേശിക്കുന്ന പോലെ ആയിരിക്കുമെന്ന് തോന്നുന്നുണ്ടോ? അവര്‍ നിങ്ങളെ പരസ്യമായി അധിക്ഷേപിക്കും, മുഖത്ത് കാറിത്തുപ്പും, കല്ലെറിയും. വാസ്തവമെന്തെന്ന് മനസ്സിലാക്കുവാതെ, ജനങ്ങള്‍ക്ക് വേണ്ടിയെന്ന് പറഞ്ഞ് നിങ്ങള്‍ ചെയ്ത അപരാധത്തെയോര്‍ത്ത് അവര്‍ തന്നെ നിങ്ങളെ കയ്യൊഴിയും.” കൈ കഴുകുവാന്‍ ഞാന്‍ എഴുന്നേറ്റു.

“ജനതയോട് എനിക്കുള്ള ആത്മാര്‍ഥതസ്നേഹത്തിലും, ജനങ്ങള്‍ എന്നിലര്‍പ്പിച്ച പ്രതീക്ഷകളിലും എനിക്ക് വിശ്വാസമുണ്ട്. ആ വിശ്വാസമെന്നെ രക്ഷിക്കും. കയറഴിയും. ഞാന്‍ രക്ഷപെടും. നിങ്ങളൊരുപക്ഷെ, ആദ്യമായി തോല്‍വിയുമറിയും. എന്താ സാറിന് സംശയമുണ്ടോ?” ഞാന്‍ ചോദിച്ചു.

“ജനങ്ങള്‍ നിന്നെ ഇഷ്ടപ്പെടുന്നു എന്ന് നിനക്കെന്താണിത്ര ഉറപ്പ്?” തന്റെ ദേശസ്നേഹത്തെ ചോദ്യം ചെയ്ത എന്നോട് ആരാച്ചാര്‍ ചോദിച്ചു.

“ഭരണകൂടം വിലക്കിയപ്പോഴും അതിന് മുമ്പും അവരെന്നെ കാണുവാന്‍ വന്നിരുന്നു. അവര്‍ക്ക് വേണ്ടി പൊരുതിയ എന്നോടുള്ള നന്ദി അവര്‍ അറിയിച്ചിരുന്നു. ഈ നിഷ്ഠൂരമായ ഭരണകൂടത്തെ എതിര്‍ക്കുവാനുള്ള അവരുടെ ഭയത്തെ ഞാന്‍ മനസ്സിലാക്കുന്നു. എനിക്ക് വേണ്ടി അവര്‍ക്ക് ചെയ്യുവാന്‍ കഴിയുന്നതിന്റെ പരമാവധി അവര്‍ ചെയ്യുന്നു. ഒരുപക്ഷെ, അവര്‍ നിങ്ങളുടെ മുന്നില്‍ക്കൂടെ സന്തോഷം ഭാവിച്ച് നടന്നെന്നിരിക്കും. എന്നാല്‍, അവരുടെ ഹൃദയത്തിന്റെ ഒരു കോണില്‍ എനിക്കുള്ള സ്ഥാനം അവര്‍ എന്നെന്നും ഒഴിച്ചിട്ടിരിക്കും. ആ ഓര്‍മ്മകളിലൂടെ, ജനങ്ങളോടുള്ള എന്റെ പ്രതിബദ്ധത അനശ്വരമായിത്തന്നെ നിലനില്‍ക്കും.”

“എന്താണ് നീ പറഞ്ഞ് വരുന്നത്? ജനങ്ങള്‍ എന്നെ സ്നേഹിക്കണമെങ്കില്‍ ഞാന്‍ നിന്നെ തൂക്കരുതെന്നോ?”

“നിങ്ങള്‍ക്ക് ഒന്ന് മനസ്സ് വെച്ചാല്‍, എന്നെ രക്ഷപെടുത്താവുന്നതേയുള്ളൂ സുഹൃത്തേ. കയറൊന്ന് അയച്ചു കെട്ടിയാല്‍ രക്ഷപെടുന്നത് ഞാന്‍ മാത്രമല്ല, ഈ രാജ്യത്തെ ജനങ്ങള്‍ കൂടിയാണ്.”

“ഞാന്‍ ചെയ്യുന്നത് രാജ്യത്തിന് വേണ്ടിയാണെന്ന ഉത്തമബോധ്യമെനിക്കുണ്ട്. അഭിമാനത്തോടെ തന്നെ ഞാന്‍ നിന്റെ വധശിക്ഷ നടപ്പിലാക്കിയിരിക്കും.”

ജനങ്ങളുടെ അഭിപ്രായമെന്തെന്ന് മനസ്സിലാക്കുവാനോ, സ്വീകരിക്കുവാനോ കൂട്ടാക്കാത്ത ആരാച്ചാരോട് എനിക്ക് സഹതാപം തോന്നി. ജനങ്ങളുടെ ഇച്ഛയ്ക്ക് വിപരീതമായാണ് ഇദ്ദേഹം പ്രവര്‍ത്തിക്കുവാന്‍ പോകുന്നതെന്ന് അദ്ദേഹം മനസ്സിലാക്കാഞ്ഞിട്ടാണോ അതോ മനസ്സിലാക്കിയിട്ടും ആ നഗ്നയാഥാര്‍ത്ഥ്യങ്ങളെ നിസ്സാരവല്‍ക്കരിച്ച് സ്വയം ആശ്വസിക്കുകയാണോ?

സ്വപ്നങ്ങള്‍ അവസാനകാണ്ഡം [2.00 PM - 4.00 PM]

രണ്ട് പാക്കറ്റ് വില്‍സ് ഇതിനകം വലിച്ചു കഴിഞ്ഞു. ജ്ഞാനിയെന്നും വിവേകശാലിയെന്നും സ്വയം വിശേഷിപ്പിക്കുന്ന ആരാച്ചാരുടെ സന്മാര്‍ഗ്ഗോപദേശം കുറച്ചു നേരം കേട്ടപ്പോഴേക്കും ഉറക്കം വന്ന് തുടങ്ങി. ഒരിക്കലുമുണരാത്ത ഉറക്കത്തിന് മുമ്പുള്ള വളരെച്ചെറിയ ഉച്ചയുറക്കത്തിനായി ഞാന്‍ കിടന്നു. അവസാനയുറക്കത്തിന് എനിക്ക് നല്‍കിയിരിക്കുന്നത് പതുപതുത്ത ഒരു മെത്തയാണ്. എനിക്ക് മുമ്പുള്ളവരെല്ലാം ഒരുപക്ഷെ, ഇവിടെത്തന്നെ ആയിരിക്കും അവസാനമായി കിടന്നത്.

കഴിഞ്ഞ 3.5 പതിറ്റാണ്ടുകളായി ഇവിടെ ഇവര്‍ ഭരിക്കുവാന്‍ തുടങ്ങിയിട്ട്. അത്രയും നാളത്തെ ഭരണത്തിനിടയ്ക്ക്, അക്കാലത്ത് തികച്ചും അയാഥാസ്ഥികമായ രീതിയില്‍ കടന്നു വന്ന എന്നെ, ജനങ്ങളാദ്യം സ്വീകരിക്കുവാന്‍ മടിച്ചിരുന്നു. എന്നിരുന്നാലും പതിയെപ്പതിയെ ജനമനസ്സുകളില്‍ എനിക്ക് സ്ഥാനം പിടിക്കുവാന്‍ കഴിഞ്ഞു എന്നത് നിഷേധിക്കുവാനാകാത്ത വസ്തുതയാണ്. എന്നിട്ടും എന്റെ നിലപാടുകളും, എന്റെ രാഷ്ട്രീയവും അപക്വമണെന്നും, എടുത്തുചാട്ടമാണെന്നുമൊക്കെ അധിക്ഷേപിച്ച് ജനങ്ങളില്‍ നിന്ന് അകറ്റുവാനാണ് ഭരണകൂടം ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ നേരിട്ടുള്ള ഒരു സംവാദത്തിനോ, വസ്തുതകളെ അംഗീകരിക്കുവാനുള്ള മനസ്സോ, സ്വതവേ പുരോഗമനാത്മകം എന്ന് വിലയിരുത്തപ്പെടുന്ന അധികാരിവര്‍ഗ്ഗം കാണിച്ചില്ല. ജനങ്ങളെ എന്നില്‍ നിന്നുമകറ്റുന്നതില്‍ അവര്‍ പലപ്പോഴും വിജയിച്ചെങ്കിലും, ജനഹൃദയങ്ങളില്‍ എന്റെ നിലപാടുകള്‍ക്കും ആശങ്കകള്‍ക്കും സ്ഥാനമുണ്ട് എന്നത് ഞാന്‍ ഒട്ട് സന്തോഷത്തോടെ തിരിച്ചറിഞ്ഞത് അവര്‍ എന്നെത്തേടിയെത്തിയപ്പോഴാണ്.

“വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ഏത് വ്യവസ്ഥയും, ആ വൈരുദ്ധ്യങ്ങള്‍ തിരുത്തപ്പെടാതെ നില്‍ക്കപ്പെടുന്നിടത്തോളം കാലം തകര്‍ച്ചയിലേക്കാണ് നീങ്ങുന്നത് എന്നാണ് ചരിത്രം നമ്മളെ പഠിപ്പിച്ചിട്ടുള്ളത്. അടിമകളും ഉടമകളും തമ്മിലുള്ള വൈരുദ്ധ്യമാണ് അടിമവ്യവസ്ഥയുടെ തകര്‍ച്ചയ്ക്ക് നിദാനമായത്. അടിമവ്യവസ്ഥയെ പിന്തുടര്‍ന്ന് വന്ന, ഫ്യൂഡല്‍ വ്യവസ്ഥയില്‍ നാം കണ്ടത് ഭൂപ്രഭുക്കളും കുടിയാന്മാരും തമ്മിലുള്ള വൈരുദ്ധ്യമാണ്. മുതലാളിത്തമാണ് ഫ്യൂഡല്‍ വ്യവസ്ഥയുടെ തകര്‍ച്ചയ്ക്ക് ശേഷം വന്നത്. മുതലാളി-തൊഴിലാളി വൈരുദ്ധ്യങ്ങള്‍, അവര്‍ തമ്മിലുള്ള ആശയസംഘട്ടനങ്ങള്‍, സംഘര്‍ഷങ്ങള്‍ അതിന്റെ തകര്‍ച്ചയ്ക്കും വഴിവെയ്ക്കും. ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥയില്‍പ്പോലും, എന്റെ പ്രിയപ്പെട്ട സഖാക്കളേ, ഇത്തരം വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്നു. എന്നാല്‍, മുന്‍കാല വ്യവസ്ഥകളില്‍ നിന്നും വ്യത്യസ്തമായി ഇവിടെ തിരുത്തപ്പെടാത്ത വൈരുദ്ധ്യങ്ങള്‍ ഇല്ല തന്നെ. അത്തരം വൈരുദ്ധ്യങ്ങളെ തിരുത്തപ്പെടാത്തതിനാലാണ് സോവിയറ്റ് യൂണിയനുള്‍പ്പടെയുള്ള കമ്മ്യൂണിസ്റ്റ് ബ്ലോക്ക് തകര്‍ന്നടിഞ്ഞത്. ഞാന്‍ ആദ്യം പറഞ്ഞത് പോലെ, എന്നെന്നും നിങ്ങള്‍ ഓര്‍ത്തിരിക്കേണ്ട വസ്തുത, വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം, ആ വ്യവസ്ഥ നീങ്ങുന്നത് അനിവാര്യമായ തകര്‍ച്ചയിലേക്കാണ് എന്നത് തന്നെ. ചരിത്രപരമായ ഈ വസ്തുതയ്ക്ക് നേരെയാണ് നമ്മുടെ ഭരണകൂടം മുഖംതിരിക്കുന്നത്. വ്യക്തിസ്വാതന്ത്ര്യത്തെയുള്‍പ്പടെയുള്ള കാര്യങ്ങളില്‍ പ്രാകൃതമായ നിഷ്കര്‍ഷത വെച്ച് പുലര്‍ത്തുന്ന ഈ ഭരണകൂടം, അല്ലെങ്കില്‍ത്തന്നെ ആന്തരികമായ മറ്റ് പല വൈരുദ്ധ്യങ്ങള്‍ കൊണ്ടും പൂരിതമാണ്. ഇന്നല്ലെങ്കില്‍ നാളെ, നിങ്ങളുടെ ഇവിടെ വിപ്ലവം നടക്കുന്നതാണ്. നിങ്ങളുടെ മനസ്സ് നിറഞ്ഞുള്ള സഹകരണമാണ്, നമ്മുടെയെല്ലാം വിമോചനത്തിന് ആദ്യം വേണ്ടത്.”

ഭരണകൂടം എന്റെ നീക്കങ്ങളെ ആദ്യമാദ്യം നിസ്സാരമായി കണ്ടുവെങ്കിലും, ജനങ്ങള്‍ക്കിടയില്‍ ഞാനേറെ സ്വീകാര്യനാണെന്നറിഞ്ഞപ്പോള്‍ എന്നെ ബന്ധപ്പെടുന്നതില്‍ നിന്നും അവരെ കര്‍ശനമായി വിലക്കുകയുണ്ടായി. എന്നിട്ടും നിയമപരമായ വിലക്കുകളെ തൃണവദ്ഗണിച്ചുകൊണ്ട് ജനങ്ങള്‍ എന്നെ കാണുവാന്‍ പിന്നെയും വന്നിരുന്നു. എന്നോട് സംവദിക്കുവാനും, സ്നേഹവായ്പുകള്‍ നല്‍കുവാനുമൊക്കെ. എന്നിലെ പ്രതീക്ഷകള്‍ പൂത്തുലയുകയായിരുന്നു. ജനങ്ങള്‍ എന്നോടൊപ്പമുണ്ടെങ്കില്‍ ഞാന്‍ ജയിക്കുമെന്നത് തീര്‍ച്ച. ഭരണകൂടത്തിന്റെ എന്റെ രാഷ്ട്രീയത്തിനു നേരെയുള്ള ഹൈപ്പോതീസിസുകള്‍ തെറ്റെന്ന് കാലം തെളിയിച്ചു. അതേ സമയം, ഭരണകൂടത്തിന്റെ പ്രതികരണങ്ങള്‍ എവ്വിധത്തിലായിരിക്കുമെന്നത് ശരിയായി പ്രവചിക്കുവാനും, ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുവാനുമെനിക്ക് കഴിഞ്ഞു.

യേശുദേവനെ കോഴി കൂവുന്നതിന് മുമ്പേ മൂന്ന് തവണ തള്ളിപ്പറഞ്ഞ പത്രോസിനെപ്പോലെ, നിങ്ങള്‍ക്ക് എന്നെയും ഒരിക്കല്‍ തള്ളിപ്പറയേണ്ടി വരുമെന്ന് ഒരിക്കല്‍ ഞാനവരോട് പറഞ്ഞു. ആദ്യം അവര്‍ ആശ്ചര്യത്തോടെ എന്റെ വാദങ്ങളെ തള്ളിയെങ്കിലും, പിന്നീട് അവരത് തന്നെ ചെയ്തു. ഒരു വിപ്ലവത്തിന് വേണ്ടി ഞാനവരെ നിര്‍ബ്ബന്ധിച്ചില്ലായെന്നത് എന്റെയൊരു പോരായ്മയായി എനിക്ക് തോന്നിയില്ല. എല്ലാം പ്രകൃതിയുടെ നിയമങ്ങള്‍ക്കനുസരിച്ച് നടക്കണമെന്ന ദുര്‍വ്വാശി എനിക്കുണ്ടായിരുന്നു. 3.5 പതിറ്റാണ്ടായി രാജ്യം ഭരിക്കുന്നവരോട് അവര്‍ക്ക് അല്പമെങ്കിലും പ്രതിബദ്ധത കാണുമെന്നതും, ഭരണകൂടം താല്‍ക്കാലികമായി നടപ്പാക്കിയ നീക്കിയിരുപ്പുകളോട് ജനങ്ങള്‍ക്ക് തോന്നുന്ന മിത്ഥ്യാനുഭാവത്തെയും മനസ്സിലാക്കിയാണ് ഞാനത് പറഞ്ഞത്.

“അവര്‍ തെറ്റ് മനസ്സിലാക്കി തിരിച്ചു വരും. മൂലധനപ്പെരുക്കം സാമൂഹികവും സാമ്പത്തികവുമായ ഉച്ചനീചത്വങ്ങളെക്കൂടിയാണ് പെരുപ്പിക്കുന്നത്. തല്‍ഫലമായി സൃഷ്ടിക്കപ്പെടുന്ന പ്രതിസന്ധികളെ നേരിടുവാനുള്ള ശക്തി ഈ വ്യവസ്ഥിതിക്കില്ല. ഇത് തകരും, തകരുവാന്‍ വേണ്ടി മാത്രം നിര്‍മ്മിക്കപ്പെട്ടതാണിത്. ക്ഷേമഭരണകൂടം [welfare state] നല്‍കുന്ന മിത്ഥ്യാബോധത്തെ, പില്‍ക്കാലത്ത് പ്രതിലോമകരമെന്നും, അവ നല്‍കിയ സൗകര്യങ്ങള്‍ ക്ഷണികമെന്നും പൂര്‍ണ്ണമല്ലെന്നും, ചൂഷകവ്യവസ്ഥിതി അപ്പോഴും നിലനില്‍ക്കുന്നുവെന്നും മനസ്സിലാക്കി ജനങ്ങള്‍ പ്രതികരിക്കും. തീര്‍ച്ച.”, ഞാന്‍ മനസ്സില്‍ പറഞ്ഞു. അനിവാര്യമായ മരണത്തിലേക്ക് ഇനി വെറും ഒരു മണിക്കൂര്‍ കൂടെ ബാക്കിയുണ്ട്.

വിവേകബുദ്ധിയില്ലാത്ത മരണം, തൊട്ടരികില്‍ [4.30 PM]

തൂക്കുമരക്കൂട്ടിലേക്ക് നടക്കുകയാണ് ഞാനിപ്പോള്‍. കൈകളില്‍ വിലങ്ങണിയിച്ചിട്ടുണ്ട്. ഇരുവശത്തും .303 കാലിബര്‍ തോക്കുകളുമായി പോലീസുകാര്‍. പിറകില്‍ എന്റെ വക്കീലുമുണ്ട്. വരണ്ടായെന്ന് പറഞ്ഞതാണ്. ഈ അവസാന നിമിഷത്തില്‍ എന്റെ വിധിയോടാണോ ഇദ്ദേഹം വാദിക്കുവാന്‍ പോകുന്നത്? ഭരണകൂടത്തിന്റെ പ്രതിനിധി, എന്റെ വിധി കൃത്യസമയത്ത് തന്നെ നടപ്പാക്കുവാനായി കറുത്ത കോട്ടിന്റെ മറവില്‍, ഒരു വാച്ചുമായി നില്‍പ്പുണ്ട്. ആരാച്ചാര്‍ തികഞ്ഞ സംതൃപ്തിയോടെ എന്റെ മുഖത്ത് കറുത്ത മൂടുപടമണിയിച്ചു.

“നിനക്ക് പ്രാര്‍ത്ഥിക്കേണമോ” ആരാച്ചാരെന്താണ് ഇത്ര മൃദുവായി സംസാരിക്കുന്നത്. പൊലീസുകാരും മറ്റുള്ളവരും കൂടെ നില്‍ക്കുന്നത് കൊണ്ടാണോ? ഒരുപക്ഷെ എന്റെ വക്കീലിന്റെ സാമീപ്യമാകും.

“ഭൗതികപ്രപഞ്ചത്തിലെ ഓരോ കണികയുടെ മുകളിലും, ഏതെങ്കിലുമൊരു പ്രകൃത്യാതീത ശക്തിക്ക് നിയന്ത്രണമുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അത് കൊണ്ടുതന്നെ പ്രാര്‍ത്ഥനകളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ എന്റെ അവയവങ്ങള്‍ ദാനം ചെയ്യുവാന്‍ തയ്യാറാണ്.”

ആരോ വന്ന് എന്റെ മൂടുപടം അഴിക്കാതെ തന്നെ, എന്റെ കൈവിരലിന്റെ മുദ്ര ഏതോ കടലാസില്‍ പതിപ്പിച്ചു. എവിടെയാണോ ആവോ?

നിയമത്തിന്റെ മുന്നില്‍ കളങ്കിതനെങ്കിലും, ധാര്‍മ്മികമായി എന്റെ നിലപാടുകള്‍ ശരി തന്നെയാണെന്ന് ഈ നിമിഷത്തിലും ഞാന്‍ അടിയുറച്ച് വിശ്വസിക്കുന്നു. ആത്മഹത്യ കുറ്റകരമായ ഈ നാട്ടില്‍, പക്ഷെ ഭരണകൂടത്തിന് മനുഷ്യന്റെ ജീവനെടുക്കുവാന്‍ പരമാധികാരമുണ്ട്. നിയമസംഹിതകളുടെ പ്രത്യക്ഷമായ വൈരുദ്ധ്യങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് ചിരി വരുന്നു. രാജ്യദ്രോഹമാണ് എന്റെ മേല്‍ ചുമത്തപ്പെട്ട കുറ്റം. എന്റെ നിലപാടുകള്‍ എതിര്‍ത്തുകൊണ്ടിരുന്നത്, രാജ്യത്തെ ജനങ്ങളോടായിരുന്നില്ല, എന്നാല്‍ ജനങ്ങളോട് ഉത്തരവാദിത്തമില്ലാത്ത ഭരണത്തോടായിരുന്നു. ഉള്ളിലൊരു പ്രതീക്ഷയുണ്ട്. തൂക്ക് കയര്‍ പൊട്ടും. പൊട്ടാതെയിരിക്കില്ല. ഒരു പക്ഷെ, നേരത്തെ കഴിച്ച ഭക്ഷണത്തിന്റെ അധിക ഭാരം താങ്ങുവാനുള്ള കരുത്ത് കയറിനില്ലെങ്കിലോ? എന്റെ ശ്വാസോച്ഛാസം നിലയ്ക്കുന്നതിന് മുമ്പ്, ഞാന്‍ കയറിന്‍ തുമ്പത്ത് തൂങ്ങി നിന്ന് കയ്യും കാലും പിടച്ചാടുമ്പോള്‍, ആ ആട്ടം തീരുന്നതിന് മുമ്പ്, കയറിന്റെ ഇഴകളോരോന്നായി അഴിഞ്ഞ് ദുര്‍ബലമായി, പൊട്ടി, ഞാന്‍ അഞ്ചടി താഴെ നിലത്ത് വീണേക്കാം. കഴുത്തോ കാലോ ഒടിഞ്ഞാലും, എനിക്ക് പിന്നെയും ജീവിക്കാമല്ലോ. കയര്‍ പൊട്ടുമായിരിക്കും. പൊട്ടും. പൊട്ടണം.

Possibly Related Posts:


ഫോണ്‍ കോള്‍

December 18th, 2009 ഞാന്‍||njaan 14 comments

1832 ദിവസങ്ങള്‍ക്ക് മുമ്പൊരു രാത്രി…

രാത്രി ഭക്ഷണവും കഴിഞ്ഞ് കിടക്കാന്‍ നേരത്ത് ഫോണ്‍ ബെല്ലടിച്ചു. ഇതാരണപ്പാ ഈ നേരത്ത് വിളിക്കാന്‍ എന്ന് മനസ്സിലാലോചിച്ച് ഫോണെടുക്കാന്‍ മുന്നിലെ മുറിയിലേക്ക് പോയി. കൈയ്യിലെ നനവ് ഉടുത്തിരുന്ന മുണ്ടില്‍ തുടച്ചു.

ഹലോ…

ഡാ! ഞാനാ. ഒരു കാര്യം പറയാം. ഞെട്ടരുത്.” ദീപയാണ്. കോളേജിലെ സംഘടനാപ്രവര്‍ത്തന കാലം തൊട്ടേ ദീപയെ പരിചയമുണ്ട്. രാഷ്ട്രീയത്തോടുള്ള ആത്മാര്‍ത്ഥത അവളെ ഒരു മുഴുവന്‍ സമയ രാഷ്ട്രീയക്കാരിയാക്കി. വയനാട്ടിലോ മറ്റോ ആണെന്നാണ് അവസാനമായി കേട്ടത്.

എന്തുണ്ട് ദീപ വിശേഷങ്ങള്‍. ഈ പാതിരാത്രി എന്ത് പറഞ്ഞാണ് നീ എന്നെ ഞെട്ടിക്കുവാന്‍ പോകുന്നത്.” കല്യാണക്കാര്യം പറയാന്‍ ഇത്രയൊക്കെ ഈ പെണ്ണുങ്ങള്‍ എന്തിനാണിത്ര വളച്ചുകെട്ടുന്നത്?

ഞാനും എന്റെ ചില സഹപ്രവര്‍ത്തകരും കൂടി അവസാനമതങ്ങ് ചെയ്തു. ഇന്ന് മുതല്‍ എനിക്കും നിനക്കും സമാധാനമായുറങ്ങാം. ആ പന്ന കഴുവേറിമക്കളുടെ, …… ….. ………. കത്തിച്ചു” അവ്യക്തമായെങ്കിലും അവസാനം പറഞ്ഞ വാക്ക് കേട്ടപ്പോള്‍ എന്റെ നട്ടെല്ലിലൂടെ ഒരു കൊള്ളിയാന്‍ പാഞ്ഞു പോയി.

എന്ത് പണിയാണ് കാണിച്ചത് ദീപ. വീണ്ടു വിചാരമില്ലാതെ ഇങ്ങനെയൊക്കെ ചെയ്യണമായിരുന്നോ? എന്നോടൊരു വാക്ക് ചോദിക്കാമായിരുന്നില്ലേ നിനക്ക്? ഇപ്പോള്‍ നീ എവിടെയാണ്

ഫോണ്‍ കട്ടായത് ഞാന്‍ അറിഞ്ഞില്ലായിരുന്നു. ഒന്നുകില്‍ അവിടെ റേഞ്ച് പോയി, അല്ലെങ്കില്‍ അവള്‍ ഫോണ്‍ബന്ധം മനഃപൂര്‍വ്വം വിച്ഛേദിച്ചു കളഞ്ഞു.

അതിരാവിലെ നാല് മണി വരെ ഓരോന്ന് ആലോചിച്ച് കിടന്നു. കോളേജില്‍ പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് സിങ്കോസള്‍ഫാന്‍ കമ്പനിക്കെതിരെ സമരങ്ങള്‍ നടത്തിയിരുന്നു. സിങ്കോസള്‍ഫാന്റെ ഉപയോഗം മൂലം പലവിധ ആരോഗ്യപ്രശ്നങ്ങളുമുണ്ടാകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത് ഞാനും ദീപയുമുള്‍പ്പെട്ട ഗവേഷകസംഘത്തിന്റെ പഠനത്തിലാണ്. അന്ന് ആവേശപൂര്‍വ്വം നടത്തിയ സമരങ്ങള്‍ക്ക് സിങ്കോസള്‍ഫാന്റെ പണക്കരുത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കുവാനായില്ല. കോളേജില്‍ നിന്നിറങ്ങിയ ശേഷം രാഷ്ട്രീയപ്രവര്‍ത്തനമൊക്കെ നിര്‍ത്തി, ഒരു ജോലിയൊക്കെ ചെയ്ത് ജീവിച്ചു വരികയായിരുന്നു. ഇടയ്ക്കിടെ വിലക്കയറ്റവും ബന്ദും ഹര്‍ത്താലുമൊക്കെയുണ്ടാകുമ്പോള്‍ തെറി വിളിക്കുന്നതില്‍ മാത്രമൊതുങ്ങി എന്റെ രാഷ്ട്രീയം. അല്ലെങ്കിലും ജീവിതത്തില്‍ ഒരു സ്ഥിരത ഒക്കെ ആയിക്കഴിഞ്ഞാല്‍ എന്ത് രാഷ്ട്രീയപ്രവര്‍ത്തനം? സ്വന്തം കാര്യം നടക്കുന്നത് വരേയുള്ളു ഏത് രാഷ്ട്രീയവും. അവളായി അവളുടെ പാടായി. ഇപ്പോള്‍ ഞാന്‍ ചോറ് കഴിക്കുന്നത് തന്നെ സിങ്കോസള്‍ഫാന്റെ കനിവിലാണ്!

ഉറങ്ങി എഴുന്നേറ്റപ്പോള്‍ ഇന്നലത്തെ ഫോണ്‍ വിളിയുടെ കാര്യം മറന്നു പോയിരുന്നു [ജീവിതത്തില്‍ ടെന്‍ഷനടിക്കുവാന്‍ വേറെ എന്തൊക്കെയോ നല്ല കാര്യങ്ങള്‍ കിടക്കുന്നു]. വൈകി ഉറങ്ങിയത് കൊണ്ടാണെന്ന് തോന്നുന്നു, തലയ്ക്കാകെ ഒരു മന്ദത. രാവിലത്തെ മഴയില്‍ പത്രം ഒട്ടുമുക്കാലും കുതിര്‍ന്നിരുന്നു. പത്രക്കാരനോട് പല തവണ പറഞ്ഞിട്ടുള്ളതാണ് വാതിലിന്റെ താഴെക്കൂടെ അകത്ത് കയറ്റി വെക്കണമെന്ന്. ഇവനൊക്കെ എപ്പോ നന്നാവാനാണ്?

അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ സൈനികരെ അയയ്ക്കും: മോഹന വര്‍മ്മ

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ നാറ്റോ സഖ്യസേനയെ സഹായിക്കുവാനായി ഇന്ത്യന്‍ സൈനികരെ അയക്കുമെന്ന് പ്രധാനമന്ത്രി മോഹന വര്‍മ്മ, അമേരിക്കന്‍ പ്രസിഡന്റ് ഒലാമയുമായൊത്ത് സംയുക്ത പ്രസ്താവനയിറക്കി. ആദ്യ ഘട്ടത്തില്‍ ഏകദേശം അമ്പതിനയിരം ജവാന്മാരെ, അഫ്ഗാനിസ്ഥാനില്‍ വിന്യസിക്കുന്നതായിരിക്കും. പാക്കിസ്ഥാനില്‍ നിന്നുമുള്ള വെല്ലുവിളി കുറഞ്ഞതിനാലാണ്, ഇത്രയുമധികം സൈനികരെ മാറ്റി വിന്യസിക്കുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു. അതിനിടെ നാറ്റോ തങ്ങളുടെ സൈന്യത്തെ ഘട്ടം ഘട്ടമായി പിന്‍വലിക്കുവാനുള്ള നടപടി തുടങ്ങി.

“മോഹന വര്‍മ്മയുടെ ഭരണപാടവം പണ്ട് ആണവക്കരാര്‍ ഒപ്പ് വെച്ചപ്പോഴെ മനസ്സിലായതാണ്. ദക്ഷിണേഷ്യയില്‍ ഇന്ത്യയുടെ പെരുമ ഒന്ന് കൂടി വര്‍ദ്ധിക്കുകയേ ഉള്ളൂ. ഇപ്പോള്‍ തന്നെ, ലോകത്തിലെ പത്ത് ധനാഢ്യര്‍ ഇന്ത്യയില്‍ നിന്നാണ്. ജി.ഡി.പി വളര്‍ച്ചയും ആശാവഹമാണ്”

ഉള്‍പ്പേജിലെ വാര്‍ത്ത കണ്ട് ഞാന്‍ ഒന്ന് നടുങ്ങി.

കോഴിക്കോട് സിങ്കോസള്‍ഫാന്‍ ഓഫീസ് കത്തിച്ചു. വനിതാ രാഷ്ട്രീയപ്രവര്‍ത്തകയെ പൊലീസ് തിരയുന്നു
കോഴിക്കോട്: സിങ്കോസള്‍ഫാന്‍ കമ്പനിയുടെ ഇവിടത്തെ പ്രാദേശിക ഓഫീസ് തീ വെച്ചു നശിപ്പിച്ചു. പ്രമുഖ ആദിവാസി നേതാവും, സജീവ രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകയുമായ ദീപയെ പൊലീസ് തിരയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പെ തന്നെ സിങ്കോസള്‍ഫാന്റെ ഉപയോഗത്തിനെതിരെ പല സ്ഥലങ്ങളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു. പല വിദേശ രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തിയ ഈ കീടനാശിനി ഇന്നും ഇവിടെ നിര്‍ബാധം ഉപയോഗിക്കുകയാണ്. സിങ്കോസള്‍ഫാനെതിരെയുള്ള പ്രതിരോധസമരങ്ങളിലെ മുന്‍നിര പോരാളിയാണ് ഈ സംഭവത്തിന് പിന്നിലുണ്ടെന്ന് സംശയിക്കുന്ന ദീപ…..
….എല്ലാ റെയ്‌ല്‍വേ സ്റ്റേഷനുകളിലും ചെക്ക് പോസ്റ്റുകളിലും ലുക്ക് ഔട്ട് നോട്ടീസ് പതിച്ചിട്ടുണ്ട്.

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം…

എന്റെ വിവാഹം കഴിഞ്ഞു. ഭാര്യ എറണാകുളത്ത് കാക്കനാട്ടെ ഫോര്‍ട്ട്‌സിറ്റിയിലെ ഒരു MNC-യില്‍ ജോലി ചെയ്യുന്നു. ഒരു പെണ്‍കുട്ടി. എന്നത്തെയും പോലെ അതിസാധാരണമായ ഒരു ശനിയാഴ്ച, ഭക്ഷണം കഴിഞ്ഞ് ഉറങ്ങുമ്പോഴാണ് ഫോണ്‍ ശബ്ദിക്കുന്നത്.

ഹലോ

ഇത് ശ്രീകുമാറിന്റെ വീടല്യോ? പുള്ളിക്കാരന്റെ കയ്യിലൊന്ന് ഫോണ്‍ കൊടുക്കുമോ?” ഘനഗാംഭീര്യമുള്ള ഒരു സ്ത്രീശബ്ദമാണ് അങ്ങേത്തലയ്ക്കല്‍.

ശ്രീകുമാറാണ് സംസാരിക്കുന്നത്. ഇത് ആരാണ്?

ഇത് കമ്മീഷണറുടെ ഓഫീസിന്നാണേ. നിങ്ങള്‍ ഒരു കേസിന്റെ ആവശ്യത്തിനായി ഇവടെ വരെ വരേണ്ട ആവശ്യോണ്ടായിരുന്നു

പൊലീസുകാരൊക്കെ എന്നാണോ ആവോ മര്യാദ പഠിച്ചത്. സുഹൃത്തിന്റെ ആക്സിഡന്റ് കേസ് കോടതിയില്‍ നടക്കുന്നത് കൊണ്ട് ഈ ഫോണ്‍ വിളിയില്‍ അത്ര പുതുമ തോന്നിയില്ല.

ഒരു അഞ്ചു മണിയാകുമ്പോള്‍ ഓഫീസ് വരെ ഒന്ന് വരണം

വനിതാപ്പോലീസ് സംഭാഷണമവിടെ നിര്‍ത്തി. നാല് മണിക്ക് അലാമും വെച്ച് ഞാന്‍ ബാക്കിയുള്ള ഉറക്കമുറങ്ങുവാന്‍ കിടന്നു.

അഞ്ച് ദിവസത്തിന് ശേഷമുള്ള ഒരു വാര്‍ത്താ ചാനലിന്റെ ഫ്ലാഷ് ന്യൂസ് സ്ക്രോള്‍…

…..കോഴിക്കോട് മവോയിസ്റ്റ് ആക്രമണം: യുവ എഞ്ചിനീയര്‍ കൂട്ട് പ്രതി….. Advt: ധരിക്കൂ പോത്തിന്‍കാലനപ്പന്റെ ലോക്കറ്റ്. അകറ്റൂ സമയദോഷം.Call: 03195639 now. നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും പിടിയിലകപ്പെട്ട മവോയിസ്റ്റ് പ്രവര്‍ത്തക ദീപയുടെ മൊഴി പ്രകാരമാണ് അറസ്റ്റ്…. സംഭവത്തിന് ശേഷം ശ്രീകുമാറിന്റെ ഫോണിലേക്ക് കോള്‍ പോയതിന് തെളിവ് ലഭിച്ചു….മവോയിസ്റ്റ് പ്രസ്ഥാനത്തില്‍ മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ശ്രീകുമാര്‍ സമ്മതിച്ചു…..Advt: മുസലി ശക്തി…..

Possibly Related Posts: