Archive

Archive for the ‘Malayalam’ Category

കൊലച്ചോറ് [11:55 AM]

തൈരിന് അധികം പുളിയില്ലായിരുന്നു. പശുവിന്റെ ആയിരിക്കുവാന്‍ സാദ്ധ്യതയില്ല. നല്ല കട്ടിയുണ്ട്. ചോറ് അത്ര വെന്തിട്ടില്ല. തിളപ്പിച്ച് വറ്റിയ, പുകയുടെ മണമുള്ള, തവിട് അധികം കളയാത്ത അരിയുടെ ചോറാണ് എനിക്കിഷ്ടം. തവിട് മുഴുവനായി കളഞ്ഞ് വെളുപ്പിച്ചെടുത്തെങ്കിലും, ജയിലില്‍ സാധാരണ കിട്ടുന്ന ഭക്ഷണത്തേക്കാള്‍ മെച്ചം. കൂടാതെ, ഞാന്‍ പറഞ്ഞത് പോലെ, ചിക്കനും ബീഫുമുണ്ട്. എന്റെ വയറ് ഭാഗ്യത്തിന്, ചില്ലി ചിക്കനല്ല. പണ്ട് തൊട്ടേ വെറുക്കുന്നതാണ് ചില്ലി ചിക്കന്‍.  ബീഫ് കൊണ്ടു വരുവാന്‍ ആദ്യം വാര്‍ഡന്‍ സമ്മതിച്ചില്ല, പിന്നെ ഏറെ നിര്‍ബ്ബന്ധിച്ച ശേഷമാണ് അല്പം ബീഫ്-വിരുദ്ധ അസ്കിതയുള്ള വാര്‍ഡന്‍ ബീഫ് കൊണ്ടുവരുവാന്‍ സമ്മതിച്ചത്. അത്താഴത്തിന് ശേഷം വലിക്കുവാന്‍ മൂന്ന് പാക്കറ്റ് വില്‍സും വാങ്ങി വെച്ചിട്ടുണ്ട്. ഇരുപത്തിനാല് മണിക്കൂറില്‍, ഇരുപത്തിയഞ്ച് സിഗററ്റാണ് ഇത് വരെ എന്റെ റെക്കോഡ്. ഇന്നിപ്പോള്‍, അടുത്ത അഞ്ച് മണിക്കൂറിനുള്ളില്‍ ഇത് തീര്‍ത്ത് പുതിയ റെക്കോഡ് സ്ഥാപിക്കണം. ബിയറ് കൂടെ കിട്ടുമോയെന്ന് ചോദിച്ചതാണ്. ജയിലിനുള്ളില്‍ മദ്യം കൊണ്ടുവരുവാന്‍ നിയമപരമായ തടസ്സങ്ങളുണ്ടത്രെ [വെറുതെയാണ്. ഞാനെത്ര കണ്ടിരിക്കുന്നു പൊലീസുകാര്‍ ഇതിന്റെയുള്ളിലിരുന്നു മദ്യപിക്കുന്നത്]. അല്ലെങ്കിലും മരണത്തിന്റെ മുന്നിലേക്ക് ആടിയാടി പോകുന്നതിനേക്കാള്‍ നല്ലത് നെഞ്ചും വിരിച്ച്, തലയുയര്‍ത്തി സ്വീകരിക്കുന്നതാണ്. പറയുവാന്‍ വിട്ടു, എന്നെ ഇന്ന് വൈകിട്ട് തൂക്കുവാന്‍ പോവുകയാണ്. ഇന്ത്യന്‍ സമയം 5.15 PM-നു്.

ചെറുപ്പക്കാരനായ ആരാച്ചാര്‍ [12.10 PM]

ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിലാണ്, പൊലീസുകാര്‍ക്കൊപ്പം ആരാച്ചാരെ കണ്ടത്. ആറടിയോളം പൊക്കമുള്ള ഒരാജാനബാഹു. മുഖത്ത് കട്ടിമീശ. അധികം പ്രായമായിട്ടില്ല. ആരാച്ചാരെന്ന് പറയുമ്പോള്‍ എന്റെ മനസ്സിലോടിയെത്തുന്നത് ടി.ജി. രവിയുടെ മുഖമാണ്. നീളം കുറഞ്ഞ്, കറുത്ത മുഖവും, മീശയും കരകരാന്നുള്ള ശബ്ദവുമുള്ള ഒരാളായിരിക്കും ആരാച്ചാരെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. മുഖത്തൊരു പുഞ്ചിരിയുമായി, യാതൊരു ഭയവുമില്ലാതെ ഭക്ഷണം കഴിക്കുന്ന എന്നെ കണ്ട് ആരാച്ചാര്‍ ചോദിച്ചു.

“എന്താ മയിരേ. നിനക്ക് പേടിയില്ലേ?”

“ആരെയാണ് സാറെ പേടിക്കേണ്ടത്. മരണം എനിക്ക് മാത്രം വിധിച്ചിട്ടുള്ളതല്ലല്ലോ? ഒരല്പം നേരത്തെ എനിക്കത് വിധിക്കപ്പെട്ടു എന്നല്ലേയുള്ളൂ. എന്നെ കൊല്ലുവാന്‍ വിധിച്ച വിധികര്‍ത്താവും, എന്നെ വധിക്കുവാന്‍ നിയോഗിതനായ താങ്കളുമൊക്കെ ഒരിക്കല്‍ മരിക്കേണ്ടവരാണ്”.

അഹങ്കാരവും, ദുരഭിമാനവുമൊക്കെ എനിക്ക് പണ്ടേയുള്ള സദ്‌ഗുണങ്ങളാണ്. മരണത്തിന്റെ നിഴല്‍ എന്റെ മേല്‍ വീണുകൊണ്ടിരിക്കുമ്പോഴും, ധൈര്യത്തോടെ തന്നെ എനിക്കതിനെ നേരിടുവാന്‍ കഴിയുന്നതില്‍ ഞാന്‍ അഭിമാനപുളകിതനായി.

“സാറ് അല്പം ഭക്ഷണം കഴിക്കുന്നോ? വൈകിട്ട് തൂക്കുമ്പോള്‍ കൈകള്‍ക്ക് നല്ല ഉറപ്പ് വേണം. ചില്ലറ പുള്ളിയെ ഒന്നുമല്ല നിങ്ങള്‍ തൂക്കുവാന്‍ പോകുന്നതെന്ന് ഓര്‍മ്മയിരിക്കട്ടെ” ഞാന്‍ ആരാച്ചാരോട് പറഞ്ഞു.

“ഒന്ന് പോടാ. ഞാനിതെത്ര കണ്ടിരിക്കുന്നു. ഈ കൈകള്‍ കൊണ്ട് ഞാന്‍ കൊല്ലുന്ന ആദ്യത്തെയാളല്ല നീ” ആരാച്ചാര്‍ എന്റെ ജനുസ്സ് തന്നെ. എന്നെ തൂക്കുവാന്‍ സര്‍വ്വത്ഥാ യോഗ്യന്‍.
“നിന്നെപ്പോലുള്ള രാജ്യദ്രോഹികളെ ഇല്ലായ്മ ചെയ്യുവാന്‍ കഴിയുന്നത്, ഞാനീ രാജ്യത്തോട് ചെയ്യുന്ന സേവനമാണ്. അതിലെനിക്ക് അഭിമാനമേയുള്ളൂ” ആരാച്ചാര്‍ തുടര്‍ന്നു.

“കൊല്ലുമ്പോള്‍ കൈവിറച്ചിട്ടില്ലായെന്ന് പറയുന്നത് നുണയല്ലേ? ഒരിക്കലെങ്കിലും വിറച്ചിട്ടുണ്ടാകും. ഇല്ലെങ്കില്‍ ഇന്ന് വിറയ്ക്കും. പ്രത്യേകിച്ചും തെറ്റൊന്നും ചെയ്തിട്ടില്ലായെന്ന് എനിക്ക് ഉത്തമബോധ്യമുള്ളപ്പോള്‍. ഞാന്‍ പൊരുതിയത് ഈ രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണ്. ആ ജനങ്ങള്‍ക്ക് എന്നോടുള്ള സ്നേഹം കറയറ്റതും, ആത്മാര്‍ഥതയുമുള്ളതാണ്. എനിക്ക് ജനതയോടുള്ളതും മറിച്ചല്ല. അത് നിങ്ങള്‍ക്കും നല്ല പോലെയറിയാം. നാളെയവര്‍ നിങ്ങളെ കാണുവാന്‍ പോകുന്നത് നിങ്ങള്‍ ഉദ്ദേശിക്കുന്ന പോലെ ആയിരിക്കുമെന്ന് തോന്നുന്നുണ്ടോ? അവര്‍ നിങ്ങളെ പരസ്യമായി അധിക്ഷേപിക്കും, മുഖത്ത് കാറിത്തുപ്പും, കല്ലെറിയും. വാസ്തവമെന്തെന്ന് മനസ്സിലാക്കുവാതെ, ജനങ്ങള്‍ക്ക് വേണ്ടിയെന്ന് പറഞ്ഞ് നിങ്ങള്‍ ചെയ്ത അപരാധത്തെയോര്‍ത്ത് അവര്‍ തന്നെ നിങ്ങളെ കയ്യൊഴിയും.” കൈ കഴുകുവാന്‍ ഞാന്‍ എഴുന്നേറ്റു.

“ജനതയോട് എനിക്കുള്ള ആത്മാര്‍ഥതസ്നേഹത്തിലും, ജനങ്ങള്‍ എന്നിലര്‍പ്പിച്ച പ്രതീക്ഷകളിലും എനിക്ക് വിശ്വാസമുണ്ട്. ആ വിശ്വാസമെന്നെ രക്ഷിക്കും. കയറഴിയും. ഞാന്‍ രക്ഷപെടും. നിങ്ങളൊരുപക്ഷെ, ആദ്യമായി തോല്‍വിയുമറിയും. എന്താ സാറിന് സംശയമുണ്ടോ?” ഞാന്‍ ചോദിച്ചു.

“ജനങ്ങള്‍ നിന്നെ ഇഷ്ടപ്പെടുന്നു എന്ന് നിനക്കെന്താണിത്ര ഉറപ്പ്?” തന്റെ ദേശസ്നേഹത്തെ ചോദ്യം ചെയ്ത എന്നോട് ആരാച്ചാര്‍ ചോദിച്ചു.

“ഭരണകൂടം വിലക്കിയപ്പോഴും അതിന് മുമ്പും അവരെന്നെ കാണുവാന്‍ വന്നിരുന്നു. അവര്‍ക്ക് വേണ്ടി പൊരുതിയ എന്നോടുള്ള നന്ദി അവര്‍ അറിയിച്ചിരുന്നു. ഈ നിഷ്ഠൂരമായ ഭരണകൂടത്തെ എതിര്‍ക്കുവാനുള്ള അവരുടെ ഭയത്തെ ഞാന്‍ മനസ്സിലാക്കുന്നു. എനിക്ക് വേണ്ടി അവര്‍ക്ക് ചെയ്യുവാന്‍ കഴിയുന്നതിന്റെ പരമാവധി അവര്‍ ചെയ്യുന്നു. ഒരുപക്ഷെ, അവര്‍ നിങ്ങളുടെ മുന്നില്‍ക്കൂടെ സന്തോഷം ഭാവിച്ച് നടന്നെന്നിരിക്കും. എന്നാല്‍, അവരുടെ ഹൃദയത്തിന്റെ ഒരു കോണില്‍ എനിക്കുള്ള സ്ഥാനം അവര്‍ എന്നെന്നും ഒഴിച്ചിട്ടിരിക്കും. ആ ഓര്‍മ്മകളിലൂടെ, ജനങ്ങളോടുള്ള എന്റെ പ്രതിബദ്ധത അനശ്വരമായിത്തന്നെ നിലനില്‍ക്കും.”

“എന്താണ് നീ പറഞ്ഞ് വരുന്നത്? ജനങ്ങള്‍ എന്നെ സ്നേഹിക്കണമെങ്കില്‍ ഞാന്‍ നിന്നെ തൂക്കരുതെന്നോ?”

“നിങ്ങള്‍ക്ക് ഒന്ന് മനസ്സ് വെച്ചാല്‍, എന്നെ രക്ഷപെടുത്താവുന്നതേയുള്ളൂ സുഹൃത്തേ. കയറൊന്ന് അയച്ചു കെട്ടിയാല്‍ രക്ഷപെടുന്നത് ഞാന്‍ മാത്രമല്ല, ഈ രാജ്യത്തെ ജനങ്ങള്‍ കൂടിയാണ്.”

“ഞാന്‍ ചെയ്യുന്നത് രാജ്യത്തിന് വേണ്ടിയാണെന്ന ഉത്തമബോധ്യമെനിക്കുണ്ട്. അഭിമാനത്തോടെ തന്നെ ഞാന്‍ നിന്റെ വധശിക്ഷ നടപ്പിലാക്കിയിരിക്കും.”

ജനങ്ങളുടെ അഭിപ്രായമെന്തെന്ന് മനസ്സിലാക്കുവാനോ, സ്വീകരിക്കുവാനോ കൂട്ടാക്കാത്ത ആരാച്ചാരോട് എനിക്ക് സഹതാപം തോന്നി. ജനങ്ങളുടെ ഇച്ഛയ്ക്ക് വിപരീതമായാണ് ഇദ്ദേഹം പ്രവര്‍ത്തിക്കുവാന്‍ പോകുന്നതെന്ന് അദ്ദേഹം മനസ്സിലാക്കാഞ്ഞിട്ടാണോ അതോ മനസ്സിലാക്കിയിട്ടും ആ നഗ്നയാഥാര്‍ത്ഥ്യങ്ങളെ നിസ്സാരവല്‍ക്കരിച്ച് സ്വയം ആശ്വസിക്കുകയാണോ?

സ്വപ്നങ്ങള്‍ അവസാനകാണ്ഡം [2.00 PM - 4.00 PM]

രണ്ട് പാക്കറ്റ് വില്‍സ് ഇതിനകം വലിച്ചു കഴിഞ്ഞു. ജ്ഞാനിയെന്നും വിവേകശാലിയെന്നും സ്വയം വിശേഷിപ്പിക്കുന്ന ആരാച്ചാരുടെ സന്മാര്‍ഗ്ഗോപദേശം കുറച്ചു നേരം കേട്ടപ്പോഴേക്കും ഉറക്കം വന്ന് തുടങ്ങി. ഒരിക്കലുമുണരാത്ത ഉറക്കത്തിന് മുമ്പുള്ള വളരെച്ചെറിയ ഉച്ചയുറക്കത്തിനായി ഞാന്‍ കിടന്നു. അവസാനയുറക്കത്തിന് എനിക്ക് നല്‍കിയിരിക്കുന്നത് പതുപതുത്ത ഒരു മെത്തയാണ്. എനിക്ക് മുമ്പുള്ളവരെല്ലാം ഒരുപക്ഷെ, ഇവിടെത്തന്നെ ആയിരിക്കും അവസാനമായി കിടന്നത്.

കഴിഞ്ഞ 3.5 പതിറ്റാണ്ടുകളായി ഇവിടെ ഇവര്‍ ഭരിക്കുവാന്‍ തുടങ്ങിയിട്ട്. അത്രയും നാളത്തെ ഭരണത്തിനിടയ്ക്ക്, അക്കാലത്ത് തികച്ചും അയാഥാസ്ഥികമായ രീതിയില്‍ കടന്നു വന്ന എന്നെ, ജനങ്ങളാദ്യം സ്വീകരിക്കുവാന്‍ മടിച്ചിരുന്നു. എന്നിരുന്നാലും പതിയെപ്പതിയെ ജനമനസ്സുകളില്‍ എനിക്ക് സ്ഥാനം പിടിക്കുവാന്‍ കഴിഞ്ഞു എന്നത് നിഷേധിക്കുവാനാകാത്ത വസ്തുതയാണ്. എന്നിട്ടും എന്റെ നിലപാടുകളും, എന്റെ രാഷ്ട്രീയവും അപക്വമണെന്നും, എടുത്തുചാട്ടമാണെന്നുമൊക്കെ അധിക്ഷേപിച്ച് ജനങ്ങളില്‍ നിന്ന് അകറ്റുവാനാണ് ഭരണകൂടം ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ നേരിട്ടുള്ള ഒരു സംവാദത്തിനോ, വസ്തുതകളെ അംഗീകരിക്കുവാനുള്ള മനസ്സോ, സ്വതവേ പുരോഗമനാത്മകം എന്ന് വിലയിരുത്തപ്പെടുന്ന അധികാരിവര്‍ഗ്ഗം കാണിച്ചില്ല. ജനങ്ങളെ എന്നില്‍ നിന്നുമകറ്റുന്നതില്‍ അവര്‍ പലപ്പോഴും വിജയിച്ചെങ്കിലും, ജനഹൃദയങ്ങളില്‍ എന്റെ നിലപാടുകള്‍ക്കും ആശങ്കകള്‍ക്കും സ്ഥാനമുണ്ട് എന്നത് ഞാന്‍ ഒട്ട് സന്തോഷത്തോടെ തിരിച്ചറിഞ്ഞത് അവര്‍ എന്നെത്തേടിയെത്തിയപ്പോഴാണ്.

“വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ഏത് വ്യവസ്ഥയും, ആ വൈരുദ്ധ്യങ്ങള്‍ തിരുത്തപ്പെടാതെ നില്‍ക്കപ്പെടുന്നിടത്തോളം കാലം തകര്‍ച്ചയിലേക്കാണ് നീങ്ങുന്നത് എന്നാണ് ചരിത്രം നമ്മളെ പഠിപ്പിച്ചിട്ടുള്ളത്. അടിമകളും ഉടമകളും തമ്മിലുള്ള വൈരുദ്ധ്യമാണ് അടിമവ്യവസ്ഥയുടെ തകര്‍ച്ചയ്ക്ക് നിദാനമായത്. അടിമവ്യവസ്ഥയെ പിന്തുടര്‍ന്ന് വന്ന, ഫ്യൂഡല്‍ വ്യവസ്ഥയില്‍ നാം കണ്ടത് ഭൂപ്രഭുക്കളും കുടിയാന്മാരും തമ്മിലുള്ള വൈരുദ്ധ്യമാണ്. മുതലാളിത്തമാണ് ഫ്യൂഡല്‍ വ്യവസ്ഥയുടെ തകര്‍ച്ചയ്ക്ക് ശേഷം വന്നത്. മുതലാളി-തൊഴിലാളി വൈരുദ്ധ്യങ്ങള്‍, അവര്‍ തമ്മിലുള്ള ആശയസംഘട്ടനങ്ങള്‍, സംഘര്‍ഷങ്ങള്‍ അതിന്റെ തകര്‍ച്ചയ്ക്കും വഴിവെയ്ക്കും. ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥയില്‍പ്പോലും, എന്റെ പ്രിയപ്പെട്ട സഖാക്കളേ, ഇത്തരം വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്നു. എന്നാല്‍, മുന്‍കാല വ്യവസ്ഥകളില്‍ നിന്നും വ്യത്യസ്തമായി ഇവിടെ തിരുത്തപ്പെടാത്ത വൈരുദ്ധ്യങ്ങള്‍ ഇല്ല തന്നെ. അത്തരം വൈരുദ്ധ്യങ്ങളെ തിരുത്തപ്പെടാത്തതിനാലാണ് സോവിയറ്റ് യൂണിയനുള്‍പ്പടെയുള്ള കമ്മ്യൂണിസ്റ്റ് ബ്ലോക്ക് തകര്‍ന്നടിഞ്ഞത്. ഞാന്‍ ആദ്യം പറഞ്ഞത് പോലെ, എന്നെന്നും നിങ്ങള്‍ ഓര്‍ത്തിരിക്കേണ്ട വസ്തുത, വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം, ആ വ്യവസ്ഥ നീങ്ങുന്നത് അനിവാര്യമായ തകര്‍ച്ചയിലേക്കാണ് എന്നത് തന്നെ. ചരിത്രപരമായ ഈ വസ്തുതയ്ക്ക് നേരെയാണ് നമ്മുടെ ഭരണകൂടം മുഖംതിരിക്കുന്നത്. വ്യക്തിസ്വാതന്ത്ര്യത്തെയുള്‍പ്പടെയുള്ള കാര്യങ്ങളില്‍ പ്രാകൃതമായ നിഷ്കര്‍ഷത വെച്ച് പുലര്‍ത്തുന്ന ഈ ഭരണകൂടം, അല്ലെങ്കില്‍ത്തന്നെ ആന്തരികമായ മറ്റ് പല വൈരുദ്ധ്യങ്ങള്‍ കൊണ്ടും പൂരിതമാണ്. ഇന്നല്ലെങ്കില്‍ നാളെ, നിങ്ങളുടെ ഇവിടെ വിപ്ലവം നടക്കുന്നതാണ്. നിങ്ങളുടെ മനസ്സ് നിറഞ്ഞുള്ള സഹകരണമാണ്, നമ്മുടെയെല്ലാം വിമോചനത്തിന് ആദ്യം വേണ്ടത്.”

ഭരണകൂടം എന്റെ നീക്കങ്ങളെ ആദ്യമാദ്യം നിസ്സാരമായി കണ്ടുവെങ്കിലും, ജനങ്ങള്‍ക്കിടയില്‍ ഞാനേറെ സ്വീകാര്യനാണെന്നറിഞ്ഞപ്പോള്‍ എന്നെ ബന്ധപ്പെടുന്നതില്‍ നിന്നും അവരെ കര്‍ശനമായി വിലക്കുകയുണ്ടായി. എന്നിട്ടും നിയമപരമായ വിലക്കുകളെ തൃണവദ്ഗണിച്ചുകൊണ്ട് ജനങ്ങള്‍ എന്നെ കാണുവാന്‍ പിന്നെയും വന്നിരുന്നു. എന്നോട് സംവദിക്കുവാനും, സ്നേഹവായ്പുകള്‍ നല്‍കുവാനുമൊക്കെ. എന്നിലെ പ്രതീക്ഷകള്‍ പൂത്തുലയുകയായിരുന്നു. ജനങ്ങള്‍ എന്നോടൊപ്പമുണ്ടെങ്കില്‍ ഞാന്‍ ജയിക്കുമെന്നത് തീര്‍ച്ച. ഭരണകൂടത്തിന്റെ എന്റെ രാഷ്ട്രീയത്തിനു നേരെയുള്ള ഹൈപ്പോതീസിസുകള്‍ തെറ്റെന്ന് കാലം തെളിയിച്ചു. അതേ സമയം, ഭരണകൂടത്തിന്റെ പ്രതികരണങ്ങള്‍ എവ്വിധത്തിലായിരിക്കുമെന്നത് ശരിയായി പ്രവചിക്കുവാനും, ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുവാനുമെനിക്ക് കഴിഞ്ഞു.

യേശുദേവനെ കോഴി കൂവുന്നതിന് മുമ്പേ മൂന്ന് തവണ തള്ളിപ്പറഞ്ഞ പത്രോസിനെപ്പോലെ, നിങ്ങള്‍ക്ക് എന്നെയും ഒരിക്കല്‍ തള്ളിപ്പറയേണ്ടി വരുമെന്ന് ഒരിക്കല്‍ ഞാനവരോട് പറഞ്ഞു. ആദ്യം അവര്‍ ആശ്ചര്യത്തോടെ എന്റെ വാദങ്ങളെ തള്ളിയെങ്കിലും, പിന്നീട് അവരത് തന്നെ ചെയ്തു. ഒരു വിപ്ലവത്തിന് വേണ്ടി ഞാനവരെ നിര്‍ബ്ബന്ധിച്ചില്ലായെന്നത് എന്റെയൊരു പോരായ്മയായി എനിക്ക് തോന്നിയില്ല. എല്ലാം പ്രകൃതിയുടെ നിയമങ്ങള്‍ക്കനുസരിച്ച് നടക്കണമെന്ന ദുര്‍വ്വാശി എനിക്കുണ്ടായിരുന്നു. 3.5 പതിറ്റാണ്ടായി രാജ്യം ഭരിക്കുന്നവരോട് അവര്‍ക്ക് അല്പമെങ്കിലും പ്രതിബദ്ധത കാണുമെന്നതും, ഭരണകൂടം താല്‍ക്കാലികമായി നടപ്പാക്കിയ നീക്കിയിരുപ്പുകളോട് ജനങ്ങള്‍ക്ക് തോന്നുന്ന മിത്ഥ്യാനുഭാവത്തെയും മനസ്സിലാക്കിയാണ് ഞാനത് പറഞ്ഞത്.

“അവര്‍ തെറ്റ് മനസ്സിലാക്കി തിരിച്ചു വരും. മൂലധനപ്പെരുക്കം സാമൂഹികവും സാമ്പത്തികവുമായ ഉച്ചനീചത്വങ്ങളെക്കൂടിയാണ് പെരുപ്പിക്കുന്നത്. തല്‍ഫലമായി സൃഷ്ടിക്കപ്പെടുന്ന പ്രതിസന്ധികളെ നേരിടുവാനുള്ള ശക്തി ഈ വ്യവസ്ഥിതിക്കില്ല. ഇത് തകരും, തകരുവാന്‍ വേണ്ടി മാത്രം നിര്‍മ്മിക്കപ്പെട്ടതാണിത്. ക്ഷേമഭരണകൂടം [welfare state] നല്‍കുന്ന മിത്ഥ്യാബോധത്തെ, പില്‍ക്കാലത്ത് പ്രതിലോമകരമെന്നും, അവ നല്‍കിയ സൗകര്യങ്ങള്‍ ക്ഷണികമെന്നും പൂര്‍ണ്ണമല്ലെന്നും, ചൂഷകവ്യവസ്ഥിതി അപ്പോഴും നിലനില്‍ക്കുന്നുവെന്നും മനസ്സിലാക്കി ജനങ്ങള്‍ പ്രതികരിക്കും. തീര്‍ച്ച.”, ഞാന്‍ മനസ്സില്‍ പറഞ്ഞു. അനിവാര്യമായ മരണത്തിലേക്ക് ഇനി വെറും ഒരു മണിക്കൂര്‍ കൂടെ ബാക്കിയുണ്ട്.

വിവേകബുദ്ധിയില്ലാത്ത മരണം, തൊട്ടരികില്‍ [4.30 PM]

തൂക്കുമരക്കൂട്ടിലേക്ക് നടക്കുകയാണ് ഞാനിപ്പോള്‍. കൈകളില്‍ വിലങ്ങണിയിച്ചിട്ടുണ്ട്. ഇരുവശത്തും .303 കാലിബര്‍ തോക്കുകളുമായി പോലീസുകാര്‍. പിറകില്‍ എന്റെ വക്കീലുമുണ്ട്. വരണ്ടായെന്ന് പറഞ്ഞതാണ്. ഈ അവസാന നിമിഷത്തില്‍ എന്റെ വിധിയോടാണോ ഇദ്ദേഹം വാദിക്കുവാന്‍ പോകുന്നത്? ഭരണകൂടത്തിന്റെ പ്രതിനിധി, എന്റെ വിധി കൃത്യസമയത്ത് തന്നെ നടപ്പാക്കുവാനായി കറുത്ത കോട്ടിന്റെ മറവില്‍, ഒരു വാച്ചുമായി നില്‍പ്പുണ്ട്. ആരാച്ചാര്‍ തികഞ്ഞ സംതൃപ്തിയോടെ എന്റെ മുഖത്ത് കറുത്ത മൂടുപടമണിയിച്ചു.

“നിനക്ക് പ്രാര്‍ത്ഥിക്കേണമോ” ആരാച്ചാരെന്താണ് ഇത്ര മൃദുവായി സംസാരിക്കുന്നത്. പൊലീസുകാരും മറ്റുള്ളവരും കൂടെ നില്‍ക്കുന്നത് കൊണ്ടാണോ? ഒരുപക്ഷെ എന്റെ വക്കീലിന്റെ സാമീപ്യമാകും.

“ഭൗതികപ്രപഞ്ചത്തിലെ ഓരോ കണികയുടെ മുകളിലും, ഏതെങ്കിലുമൊരു പ്രകൃത്യാതീത ശക്തിക്ക് നിയന്ത്രണമുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അത് കൊണ്ടുതന്നെ പ്രാര്‍ത്ഥനകളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ എന്റെ അവയവങ്ങള്‍ ദാനം ചെയ്യുവാന്‍ തയ്യാറാണ്.”

ആരോ വന്ന് എന്റെ മൂടുപടം അഴിക്കാതെ തന്നെ, എന്റെ കൈവിരലിന്റെ മുദ്ര ഏതോ കടലാസില്‍ പതിപ്പിച്ചു. എവിടെയാണോ ആവോ?

നിയമത്തിന്റെ മുന്നില്‍ കളങ്കിതനെങ്കിലും, ധാര്‍മ്മികമായി എന്റെ നിലപാടുകള്‍ ശരി തന്നെയാണെന്ന് ഈ നിമിഷത്തിലും ഞാന്‍ അടിയുറച്ച് വിശ്വസിക്കുന്നു. ആത്മഹത്യ കുറ്റകരമായ ഈ നാട്ടില്‍, പക്ഷെ ഭരണകൂടത്തിന് മനുഷ്യന്റെ ജീവനെടുക്കുവാന്‍ പരമാധികാരമുണ്ട്. നിയമസംഹിതകളുടെ പ്രത്യക്ഷമായ വൈരുദ്ധ്യങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് ചിരി വരുന്നു. രാജ്യദ്രോഹമാണ് എന്റെ മേല്‍ ചുമത്തപ്പെട്ട കുറ്റം. എന്റെ നിലപാടുകള്‍ എതിര്‍ത്തുകൊണ്ടിരുന്നത്, രാജ്യത്തെ ജനങ്ങളോടായിരുന്നില്ല, എന്നാല്‍ ജനങ്ങളോട് ഉത്തരവാദിത്തമില്ലാത്ത ഭരണത്തോടായിരുന്നു. ഉള്ളിലൊരു പ്രതീക്ഷയുണ്ട്. തൂക്ക് കയര്‍ പൊട്ടും. പൊട്ടാതെയിരിക്കില്ല. ഒരു പക്ഷെ, നേരത്തെ കഴിച്ച ഭക്ഷണത്തിന്റെ അധിക ഭാരം താങ്ങുവാനുള്ള കരുത്ത് കയറിനില്ലെങ്കിലോ? എന്റെ ശ്വാസോച്ഛാസം നിലയ്ക്കുന്നതിന് മുമ്പ്, ഞാന്‍ കയറിന്‍ തുമ്പത്ത് തൂങ്ങി നിന്ന് കയ്യും കാലും പിടച്ചാടുമ്പോള്‍, ആ ആട്ടം തീരുന്നതിന് മുമ്പ്, കയറിന്റെ ഇഴകളോരോന്നായി അഴിഞ്ഞ് ദുര്‍ബലമായി, പൊട്ടി, ഞാന്‍ അഞ്ചടി താഴെ നിലത്ത് വീണേക്കാം. കഴുത്തോ കാലോ ഒടിഞ്ഞാലും, എനിക്ക് പിന്നെയും ജീവിക്കാമല്ലോ. കയര്‍ പൊട്ടുമായിരിക്കും. പൊട്ടും. പൊട്ടണം.

Possibly Related Posts:


Stinking Issues with Trivandrum Bloggers List

ഇംഗ്ലീഷില്‍ വോയറിസം [voyeurism] എന്നൊരു വാക്കുണ്ട്. അപര വ്യക്തികള്‍ സ്വകാര്യമായി ചെയ്യുന്ന കാര്യങ്ങള്‍ ഒളിഞ്ഞ് നോക്കി ആസ്വദിക്കുന്നതിന് പറയുന്ന പേരാണത്. “Peeping Tom” എന്നും ഈ വൈകൃതം കാണിക്കുന്ന വ്യക്തിയെ വിളിക്കാറുണ്ട്. മലയാളത്തില്‍ വോയറിസത്തിന് തത്തുല്യമായ ഒരു പേരാണ് ചെറ്റത്തരം. ചെറ്റത്തരത്തിന്റെ അര്‍ത്ഥം എന്തെന്ന് ചോദിക്കുകയാണെങ്കില്‍, ചെറ്റ പൊക്കി നോക്കി ആനന്ദം കണ്ടെത്തുന്നവന്‍ എന്ന് പറയാം. അതായത് മറ്റുള്ളവരുടെ സ്വകാര്യത താല്പര്യത്തോടെ വീക്ഷിക്കുന്നവര്‍ കാണിക്കുന്നത് ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ ചെറ്റത്തരമാണ്.

അത്തരമൊരു വൈകൃതം ഒരു ജനാധിപത്യ ഭരണകൂടം കാണിക്കുകയാണെങ്കില്‍, അതിനെ വിമര്‍ശിക്കേണ്ടത് ആ ഭരണകൂടത്തെ തിരഞ്ഞെടുത്ത ഓരോ പൗരന്റെയും കടമയാണ്. അങ്ങനെ വിമര്‍ശിക്കുമ്പോള്‍, ചെറ്റപൊക്കി അല്ലെങ്കില്‍ ചെറ്റ എന്ന താരതമ്യേന ജനസമ്മതിയില്ലാത്ത വാക്ക് ഉപയോഗിക്കുന്നത് പരമ്പരാഗതമായി സ്വീകരിക്കപ്പെടുന്നതല്ലെങ്കിലും, സന്ദര്‍ഭത്തിനും ആ പ്രത്യേക പ്രവൃത്തിക്കും അനുയോജ്യമായതിനാല്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല എന്ന് പറയേണ്ടിയിരിക്കുന്നു.

പറഞ്ഞു വന്നത്, ഈ വിവാദങ്ങള്‍ക്ക് വഴി വെച്ച, ചെറ്റ എന്ന മലയാളം വാക്കിന് പകരം “voyeurist” എന്നുപയോഗിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ ഇന്നീ വിവാദം ഉണ്ടാവുകയില്ലായിരുന്നു. മലയാളത്തില്‍ “foul language” ആകുന്ന പദം, ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യുമ്പോള്‍ മാന്യത കൈവരുമല്ലോ? അതു തന്നെയല്ലേ, ഇംഗ്ലീഷറിയാത്ത പന്ന്യന്‍ രവീന്ദ്രന്‍ മോശക്കാരനും, ഒഴുക്കുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന, പത്രക്കാരെ പോലും കണ്‍ഫ്യൂഷനിലാക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങള്‍ [ഉദാ: cattle class, interlocutor] നടത്തുന്ന ശശി തരൂര് കുലീനനും സര്‍വ്വസമ്മതനുമായത്. വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ കോണിലൂടെ നോക്കുമ്പോള്‍, കേരളത്തിലെ മദ്ധ്യ-ഉപരി വര്‍ഗ്ഗത്തിന്റെ താല്പര്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാണ് മേല്പറഞ്ഞ വര്‍ഗ്ഗീകരണം. സാമ്പത്തിക-സാമൂഹികമായ കാരണങ്ങള്‍ കൊണ്ട്, മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കാതിരുന്ന നമ്മുടെ കേരളത്തിലെ മുഖ്യമന്ത്രി ഇംഗ്ലീഷ് പരിജ്ഞാനമില്ലായ്മയുടെ പേരിലും, താനുപയോഗിക്കുന്ന ഗ്രാമ്യമായ ഭാഷയുടെ പേരിലും അപഹസിക്കപ്പെടുന്നതും, അതേ സമയം സാമ്പത്തികമായും സാമൂഹികമായും ഉയര്‍ന്ന ജീവിതനിലവാരത്തില്‍ ഉള്ള ഒരു കുടുംബത്തില്‍ നിന്നുള്ള വ്യക്തിക്ക് താരതമ്യേന എളുപ്പത്തില്‍ സ്വായത്തമാക്കുവാന്‍ കഴിഞ്ഞ മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന്റെ പേരില്‍ മാത്രം ലഭിക്കുച്ച അനര്‍ഹമായ ജനസമ്മതിയിലെയും വൈരുദ്ധ്യങ്ങള്‍ വര്‍ഗ്ഗരാഷ്ട്രീയത്തിന് ഇന്നത്തെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളിലുള്ള പ്രസക്തി ഒന്ന് കൂടി വര്‍ദ്ധിപ്പിക്കുകയാണ്.

വിവാദവുമായി ബന്ധമുള്ള രണ്ട് പ്രത്യേക പ്രശ്നങ്ങള്‍

ഈ വിവാദത്തെ സംബന്ധിച്ച് രണ്ട് പ്രശ്നങ്ങളാണ് പൊതുവേ ഉണ്ടായത്. ഒന്നാമത്തെ പ്രശ്നമെന്ന് പറയുന്നത് മുന്‍ പോസ്റ്റില്‍ പറഞ്ഞ പോലെ, ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ച് സ്വന്തരാജ്യത്തിലെ പൗരന്മാരുടെ സ്വകാര്യസംഭാഷണം സ്വന്തം രാഷ്ട്രീയതാല്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചു എന്നതാണ്. ശരിക്കും പറഞ്ഞാല്‍, ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ട പ്രധാന വിഷയമിതാണ്. പ്രതീഷ് പ്രകാശ് എന്ന എന്നെയോ, അല്ലെങ്കില്‍ എന്നെ പിന്തുണച്ച മറ്റുള്ളവരെയോ പുറത്താക്കിയത് ഇവിടെ ഒരു വിഷയമല്ല. രാജ്യം ഭരിക്കുവാന്‍ നാമേല്പിച്ചവരുടെ അധാര്‍മ്മികതയില്‍ പ്രതിഷേധിക്കുന്നതിന് പകരം, എന്തെങ്കിലും കുത്തിത്തിരുപ്പുകളുണ്ടാക്കി, ആസനത്തില്‍ ആല്‍കൃഷി നടത്തി ആത്മരതി ആഘോഷിക്കുന്ന നിര്‍ഗുണപരബ്രഹ്മങ്ങളുടെ താളത്തിനൊത്ത് തുള്ളി സമയം കളയേണ്ട കാര്യമില്ല എന്നാണ് എന്റെ പക്ഷം.

രണ്ടാമത്തെ പ്രശ്നമെന്ന് പറയുന്നത് രണ്ട് വ്യക്തികള്‍ സ്വകാര്യമായി ചെയ്ത കാര്യത്തെ, ഒളിഞ്ഞു നോക്കുന്ന ഭരണകൂടത്തിന്റെ മാന്യതയില്ലാത്ത പ്രവൃത്തിയെ [ചെറ്റത്തരം അല്ലെങ്കില്‍ voyeurism] നമ്മുക്ക് സൗകര്യപൂര്‍വ്വം മറക്കാം. “അത് ചെറ്റത്തരമാണ്…” എന്ന് വിളിച്ചു പറയുന്നവര്‍ സംസ്കാരമില്ലാത്തവരാണ്, പുളിച്ച തെറി മാത്രം പറയുന്നവനാണ്, എന്നൊക്കെ ആരോപിച്ച് നമ്മുക്ക് അവരുടെ വായടയ്ക്കാം എന്ന നിലപാടാണ് ഇത് വരെ എതിര്‍ കക്ഷികള്‍ സ്വീകരിച്ചു വന്നിരുന്നത്. അത്തരമൊരു അരാഷ്ട്രീയ നിലപാടാണ്, ഇത് വരെ തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പിലെ തരൂര്‍-അനുയായികള്‍ അവിടെ ഉണ്ടായ ഓരോ പ്രശ്നങ്ങളിലും സ്വീകരിച്ചുകൊണ്ടിരുന്നത്. ഒരു ഘട്ടത്തില്‍, ചെറ്റ എന്ന പദമുപയോഗിച്ചതിന്റെ പേരില്‍ പുറത്താക്കിയ എന്നെയുള്‍പ്പടെ, മറ്റൊരു പബ്ലിക് സ്പേസില്‍ തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പിന്റെ പേരിലുള്ള ബ്ലോഗ്ഗില്‍ അഡ്മിന്‍ തന്നെ ചെറ്റ എന്ന് ഉപയോഗിച്ചതിലെ ധാര്‍മ്മിക-പൊള്ളത്തരം, എന്നെയും ബാക്കിയുള്ളവരെയും വിമര്‍ശിക്കുന്നവര്‍ കാണുന്നില്ല എന്നതാണ്.

ഇന്ത്യന്‍ എക്സ്പ്രസ്സ് വാര്‍ത്ത

ആഷ പി നായര്‍ എന്ന് ബൈലൈന്‍ വെച്ചു കൊണ്ട്, കഴിഞ്ഞ ദിവസം അര്‍ദ്ധസത്യങ്ങളും വളച്ചൊടിക്കപ്പെട്ട സത്യങ്ങളും അതിലേറെ നുണകളും കുത്തി നിറച്ചു കൊണ്ട് ഒരു തീര്‍ത്തും ഏകപക്ഷീയമായ ഒരു വാര്‍ത്ത വരികയുണ്ടായി. വിവാദമുണ്ടായ തിരുവനന്തപുരം മെയ്ലിങ്ങ് ലിസ്റ്റിലെ അംഗമാണ് പ്രസ്തുത “എഴുത്തുകാരി” എന്ന് പിന്നീട് മനസ്സിലാവുകയുണ്ടായി.  അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധിക്കെതിരെ നട്ടെല്ല് നിവര്‍ത്തി നിന്ന പത്രത്തില്‍, എന്നെപ്പോലൊരു നിസ്സാരനെ പറ്റി നട്ടാല്‍ കുരുക്കാത്ത നുണകള്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നതിന്റെ പിന്നിലുള്ള ചേതോവികാരം ആഷ പി നായര്‍ വ്യക്തമാക്കേണ്ടതാണ്. ചെയ്യുന്ന ജോലിയോടും, സ്ഥാപനത്തോടുമാണ് നിങ്ങളുടെ കൂറെങ്കില്‍ നിങ്ങള്‍ വ്യക്തമാക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിന് മുന്നേ എന്റെ ചില വിശദീകരണങ്ങള്‍/ചോദ്യങ്ങള്‍:-

1. വാര്‍ത്തയില്‍ പറയുന്നത് പോലെ, തരൂര്‍ ഫാനുകള്‍ അവരുടെ തരൂര്‍-വിധേയത്വം സ്വമേധയാ വെളിപ്പെടുത്തിയിട്ടുള്ളതും, പൊതുവേദികളില്‍ സമ്മതിച്ചിട്ടുമുള്ളതാണ്. അതിനെ എതിരെ നില്‍ക്കുന്നു എന്ന് നിങ്ങള്‍ ആരോപിക്കുന്ന – പിണറായി ഫാന്‍സ് – സമാനമായ രീതിയില്‍ എപ്പോഴെങ്കിലും അവകാശപ്പെടിട്ടുണ്ടോ? ഇടതുപക്ഷ അനുഭാവി എന്ന നിലയില്‍, ഇന്ത്യയിലെ ഒരു മുഖ്യധാരാ ഇടതുപക്ഷ പാര്‍ട്ടിയുടെ കേരളത്തിലെ സെക്രട്ടറിയായ പിണറായി വിജയനെ ലാവലിന്‍ പ്രശ്നത്തിലുള്‍പ്പടെ, അതിനെതിരെ മാദ്ധ്യമങ്ങളിലൂടെ നടത്തുന്ന ശക്തമായ മസ്തിഷ്കപ്രക്ഷാളനങ്ങള്‍ക്കിടയില്‍ ആണെങ്കില്‍ കൂടിയും, തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പിലും പുറത്തും പിന്തുണച്ചത് അദ്ദേഹത്തിന്റെ “ഫാന്‍” ആയത് കൊണ്ടല്ല എന്ന് വ്യക്തമാക്കട്ടെ. അത്തരമൊരു അന്ധമായ വ്യക്ത്യാരാധനയുടെയോ വിധേയത്വത്തിന്റെയോ ആവശ്യം എനിക്കില്ല. പിണറായിസം അല്ല എന്റെ രാഷ്ട്രീയം, മാര്‍ക്സിസമാണ് എന്റെ രാഷ്ട്രീയം എന്ന് കൂടി ഈയവസരത്തില്‍ ഞാന്‍ വ്യക്തമാക്കുന്നു.

2. സി.പി.ഐ (എം) രാഷ്ട്രീയത്തോട് അനുഭാവമുണ്ടെങ്കിലും സി.പി.ഐ (എം)-ന്റെ യാതൊരു വിധത്തിലുള്ള അംഗത്വവും എനിക്കില്ല. പുറത്താക്കപ്പെട്ട മറ്റാര്‍ക്കും സി.പി.ഐ (എം) അംഗത്വമില്ല എന്ന് മാത്രവുമല്ല, വ്യത്യസ്തമായ രാഷ്ട്രീയ നിലപാടുകള്‍ വച്ചു പുലര്‍ത്തുന്നവരാണ് ഈ എട്ട് പേരും എന്നാണ് അറിയുവാന്‍ കഴിഞ്ഞത്. ഇടത് വിരുദ്ധമായ രാഷ്ട്രീയമുള്ള പലരും, അഡ്മിന്റെ ജനാധിപത്യവിരുദ്ധ പ്രവൃത്തിയിലും, തുടര്‍ന്ന നടന്ന സംഭവങ്ങളിലും പ്രതിഷേധിച്ച് തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പ് വിടുകയുണ്ടായി. എന്നിട്ടും, നിങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് ഒരു കോണ്‍ഗ്രസ്-സി.പി.ഐ.(എം) യുദ്ധം എന്ന പേരില്‍ ഈ നിസ്സാര പ്രശ്നത്തെ ഊതിവീര്‍പ്പിച്ചത് എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. ഇതിന്റെ പിന്നിലെ ഉദ്ദേശലക്ഷ്യങ്ങളും വ്യക്തമാക്കേണ്ടതുണ്ട്.

3. തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പില്‍ നിന്ന് ജനാധിപത്യവിരുദ്ധമായി പുറത്താക്കപ്പെട്ട എട്ടു പേരും ഒരു പൊതു വേദിയിലും ഈ പ്രശ്നം ഉന്നയിച്ച് ചെന്നിരുന്നില്ല. എന്നാല്‍, ഒരു ക്ലോസ്ഡ് ഗ്രൂപ്പില്‍ നടന്ന വിവാദത്തെ അതിന്റെ അഡ്മിന്‍ തന്നെയാണ്, മുമ്പ് ഉറപ്പ് തന്നിരുന്ന സ്വകാര്യതയുടെ കടയ്ക്കല്‍ കത്തി വെച്ചുകൊണ്ട് ആദ്യമായി മറ്റൊരു മെയ്ലിങ്ങ് ലിസ്റ്റില്‍ അവതരിപ്പിച്ചത്. പ്രസ്തുത അഡ്മിന്റെ ഇതിനോടകം പ്രസിദ്ധമായ വിവേകമില്ലായ്മയില്‍ പൂര്‍ണ്ണ ബോധ്യമുള്ളത് കൊണ്ട് ഞാന്‍ ഈ പ്രശ്നത്തില്‍ നിന്ന് മനഃപൂര്‍വ്വം ഒഴിഞ്ഞു നില്‍ക്കുവാനാണ് ശ്രമിച്ചിരുന്നത്. പിന്നീടദ്ദേഹം എന്നെയും, ഞാന്‍ പഠിക്കുന്ന സ്ഥാപനത്തിന്റെയും പേരുകള്‍ എന്റെ അനുവാദമില്ലാതെ വെളിപ്പെടുത്തി കൊണ്ടും ഈ പ്രശ്നത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരുടെ സ്വകാര്യതയെ compromise ചെയ്യുന്ന രീതിയിലും, എന്നെ പുറത്താക്കുവാന്‍ ഹേതുവായ വാക്കുകള്‍ ഉപയോഗിച്ചു തന്നെ ഞങ്ങളെയെല്ലാം അധിക്ഷേപിക്കുകയും ചെയ്തു കൊണ്ട് തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പിന്റെ പേരിലുള്ള ബ്ലോഗ്ഗില്‍ പോസ്റ്റിടുകയുണ്ടായി. അത്തരമൊരു അവസരത്തിലാണ്, വായിക്കുന്നവര്‍ രണ്ട് ഭാഗവും അറിയണമല്ലോ എന്ന് കരുതി എന്റെ ഭാഗം ഈ ബ്ലോഗ്ഗിലെ കഴിഞ്ഞ പോസ്റ്റില്‍ ഇട്ടത്.

4. ഇനി, ഉപയോഗിക്കുന്ന വാക്കുകളുടെ സാവര്‍ണ്ണ്യത്തേ കുറിച്ചാണെങ്കില്‍, തരൂര്‍ ഫാന്‍സ് എന്നു് സ്വയം അവകാശപ്പെടുന്നവര്‍, ഞാന്‍ കാര്യമാക്കാത്തതെങ്കിലും, തങ്ങള്‍ മുറുകെപ്പിടുക്കുന്നതായി അവകാശപ്പെടുന്ന സഭ്യതയുടെ പൊതുനീതികള്‍ പ്രകാരം തീര്‍ത്തും ഗ്രാമ്യമായ എത്രയോ വാക്കുകള്‍ പ്രയോഗിച്ചിരിക്കുന്നു? വോട്ടേഴ്സ് ലിസ്റ്റില്‍ പേരുചേര്‍ക്കാന്‍ തരൂര്‍ വ്യാജരേഖയുണ്ടാക്കിയതായി തെളിവുസഹിതം എഴുതിയ കേരളവാച്ചിന്റെ വരുണ്‍ രമേശിനെ മഞ്ഞപ്പത്രക്കാരനെന്നു വിശേഷിപ്പിച്ചതുപോലെ പ്രത്യക്ഷമായ ഇടതുരാഷ്ട്രീയ മനോഭാവം പ്രകടമാക്കാത്തവര്‍ക്കെതിരെ പോലും അസഹിഷ്ണുതയോടെയുള്ള എത്രയോ ഭര്‍ത്സനങ്ങള്‍?  വികലമായ ചെളിവെള്ളം – കൊതുകു് ലോജിക്കില്‍ പൊതിഞ്ഞു് ഇടതുപക്ഷത്തിനെതിരെ മോശമായ എത്രയോ ആക്ഷേപങ്ങള്‍? സംവരണത്തിനെതിരെ എന്ന വ്യാജേന സംവരണാര്‍ഹരായ സമുദായങ്ങള്‍ക്കു നേരെ ജാതീയമായ എത്രയെത്ര പിത്തലാട്ടങ്ങള്‍? അന്നൊന്നും അഡ്മിനു് എന്തുകൊണ്ടു് നടപടിയെടുക്കാന്‍ തോന്നിയില്ല എന്നു് ആശാ പി നായര്‍ അന്വേഷിച്ചോ?

5. ഏഴുവയസ്സുകാരി വരെയുള്ള ഗ്രൂപ്പെന്നു് അഡ്മിന്‍ വിശേഷിപ്പിക്കുന്ന അതേ ഗ്രൂപ്പില്‍ അഡ്മിന്റെ പിന്തുണക്കാരനൊരാള്‍ ആരോഗ്യകരമായ ദാമ്പത്യത്തിനു പാലിക്കേണ്ട രതിമുറകള്‍ വിശദീകരിച്ചെഴുതിയപ്പോള്‍, ആ ഏഴുവയസ്സുകാരി സൈക്കിളോടിക്കാന്‍ പോയിരിക്കുകയായിരുന്നോ? ഗൂഗിള്‍ ഗ്രൂപ്പ്സിന്റെ നിയമപ്രകാരമാണ് പ്രവൃത്തിച്ചതെന്ന് പറയുന്ന അഡ്മിന്‍ ഗൂഗിളിന്റെ ഈ ToS കണ്ടില്ലെന്നുണ്ടോ?

To comply with the Children’s Online Privacy Protection Act, at this time Google Groups is only available to users who are at least 13 years old. If you are under 13, you may not register to use the Google Groups service.

അങ്ങനെ, രണ്ട് ഭാഗത്തെയും നിലപാടുകള്‍ വ്യക്തമാക്കുന്ന പോസ്റ്റുകള്‍ നിലനില്‍ക്കെ, ഒരു കക്ഷിയുടെ മാത്രം അഭിപ്രായം പഠിച്ച് ഏകപക്ഷീയമായി ഒരു വാര്‍ത്ത ചമയ്ക്കുന്നതാണോ നിങ്ങളുടെ പ്രൊഫഷണലിസം? തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പിനോടാണോ ഇന്ത്യന്‍ എക്സ്പ്രസ്സിനോടാണോ നിങ്ങളുടെ കൂറ് എന്ന് വ്യക്തമാക്കേണ്ട ധാര്‍മ്മിക ബാദ്ധ്യത നിങ്ങള്‍ക്കുണ്ട്. ഞാന്‍ foul language ഉപയോഗിച്ചു എന്ന് നിങ്ങള്‍ ആരോപിക്കുന്ന ആ വാക്ക്, ഏത് അവസരത്തിലാണുപയോഗിച്ചതെന്ന് ഞാന്‍ വ്യക്തമാക്കിയിരുന്നു [ഈ പോസ്റ്റിന്റെ തുടക്കത്തിലും അത് വ്യക്തമാക്കിയിട്ടുണ്ട്]. അതേ വാക്ക്, പബ്ലിക് സ്പേസില്‍ അതായത്, തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പിന്റെ പേരിലുള്ള ബ്ലോഗ്ഗില്‍ തന്നെ, വ്യക്തിവിരോധത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം അതിന്റെ അഡ്മിന്‍ ഉപയോഗിച്ചപ്പോള്‍ മേല്പറഞ്ഞ മാന്യതക്കുറവ് [അതായത് എന്നെ പുറത്താക്കുവാന്‍ അദ്ദേഹം കണ്ട/ഉണ്ടാക്കിയ കാരണം] എങ്ങനെയാണ് ഇല്ലാതെയാകുന്നത്? ബഹുമാനപ്പെട്ട അഡ്മിന് ആ വാക്കുകള്‍ തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ലിസ്റ്റിന്റെ പേരിലുള്ള ബ്ലോഗ്ഗിലുപയോഗിക്കാം, എന്നാല്‍ ബാക്കിയുള്ളവര്‍ക്ക് പാടില്ല എന്ന ജനാധിപത്യവിരുദ്ധ-നിലപാടിനെ നിങ്ങള്‍ കണ്ടില്ലായെന്ന് നടിക്കുകയും, ആ ജനാധിപത്യവിരുദ്ധതയെ ചോദ്യം ചെയ്ത ഞങ്ങളുടെ പ്രവൃത്തിയെ, നിങ്ങള്‍ നിര്‍മ്മിച്ച വാര്‍ത്തയില്‍ അതിഭീകരമാം വിധം നിസ്സാരവല്‍ക്കരിക്കുകയും, പരിഹസിക്കുകയും ചെയ്തു.

എന്റെ പരിമിതമായ അറിവില്‍, ഇങ്ങനെ ഒരു വാര്‍ത്ത എഴുതുന്നതിന് മുമ്പ് രണ്ട് കക്ഷികളുമായും സംസാരിച്ച ശേഷമേ പ്രസിദ്ധീകരിക്കാറുള്ളൂ. ഇതില്‍ പ്രധാനമായും പേര് പരാമര്‍ശിക്കപ്പെട്ട എന്റെ അടുത്ത് നിങ്ങള്‍ ഇത് വരെ ഒന്നും ചോദിച്ചിട്ടില്ല, എന്റെ നിലപാടുകള്‍ എന്ത് എന്ന് നിങ്ങള്‍ അറിയുവാന്‍ ശ്രമിച്ചിട്ടില്ല.

ആയതിനാല്‍ എനിക്ക് അപകീര്‍ത്തികരമായിട്ടുള്ള രീതിയില്‍ വാര്‍ത്തകള്‍, സ്വന്തം തൊഴിലിനെ ദുരുപയോഗപ്പെടുത്തി വ്യക്തിതാല്പര്യത്തിന്റെ പേരില്‍ പ്രസിദ്ധീകരിച്ചതിന് ആഷ പി. നായരും, ഇന്ത്യന്‍ എക്സ്പ്രസ്സ് എഡിറ്ററും ഇന്ത്യന്‍ എക്സ്പ്രസ്സില്‍ കൂടിത്തന്നെ പൊതുമദ്ധ്യത്തില്‍ മാപ്പ് പറയുകയും, തെറ്റായി എഴുതിയ വാര്‍ത്തകള്‍ തെറ്റാണെന്ന് സമ്മതിക്കുകയും, ശരിയെന്ത് എന്നത് രണ്ട് വശവും പഠിച്ച ശേഷം വസ്തുതാപരമായ തെറ്റുകള്‍ ഒഴിവാക്കി, നിക്ഷ്പക്ഷമായ രീതിയില്‍ പ്രസിദ്ധീകരിക്കേണ്ടതായുമുണ്ട് എന്ന് ഞാന്‍ ഇതിനാല്‍ ആവശ്യപ്പെടുന്നു.

Possibly Related Posts:


ചെറ്റ വിവാദം – എന്റെ പക്ഷം

തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ലിസ്റ്റില്‍ തുടങ്ങിയ വിവാദങ്ങളുമായി ബന്ധപ്പെട്ട്, FEC-യിലും മറ്റിടങ്ങളിലുമുണ്ടായ തുടര്‍കമ്പനങ്ങളില്‍ പങ്കാളിയാകാതെ നില്‍ക്കുവാനാണ് ഞാനാദ്യം മുതല്‍ താല്പര്യപ്പെട്ടത്. വിദ്യാഭ്യാസ സംബന്ധമായ തിരക്കുകള്‍ കൊണ്ട് മാത്രമല്ല അത്. എതിര്‍പക്ഷത്ത് നില്‍ക്കുന്നവര്‍ പേരിന് പോലും വിവേകമോ, പ്രായത്തിനൊത്ത പക്വതയോ ഇത് വരെ പ്രദര്‍ശിപ്പിച്ചിട്ടില്ലാത്തതിനാല്‍, അവരുമായി ഒരു സംവാദത്തിനൊരുമ്പെട്ട് എന്റെ സമയം മെനക്കെടുത്തേണമോ എന്ന് വിചാരിച്ചിട്ടാണ്. പബ്ലിക് സ്പേസിലോ, ട്രിവാന്‍ഡ്രം ബ്ലോഗ്ഗേഴ്സ് ലിസ്റ്റിലോ എന്റെ ഭാഗം ഇത് വരെ ആരും കണ്ടിട്ടില്ലാത്ത സ്ഥിതിക്ക്, ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത് അതൊന്ന് മാത്രമാണ്.

കഴിഞ്ഞ ആഴ്ച ഔട്ട്‌ലുക്ക് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയെ [1, 2] അടിസ്ഥാനമാക്കി തിരുവനന്തപുരം മെയ്ലിങ്ങ് ലിസ്റ്റിലേക്ക് “Watergate of India” എന്ന സബ്‌ജെക്റ്റ് ലൈനില്‍ ഒരു മെയ്‌ല്‍ അയക്കുകയുണ്ടായി. പ്രസ്തുത മെയ്ലില്‍, ഇങ്ങനെ ഒരു വാചകം എഴുതി ചേര്‍ച്ചേര്‍ത്തിരുന്നു.

ഇത്രേം ചെറ്റകളായിരുന്നോ ഈ മന്മോഹനും രാഹുല്‍ ഗാന്ധിയുമൊക്കെ? ഇങ്ങനത്തെ “തറവാടികളുടെ” കൂടെയാണോ മറ്റൊരു തറവാടി ആയ ശശിയും കൂടിയത്?”.

പിന്നീടുണ്ടായ വിവാദങ്ങള്‍ക്ക് ഹേതുവായതും ഈ വാചകമാണ്. മന്മോഹന്‍ സിങ്ങും, ശശി തരൂരുമൊക്കെ ജനങ്ങളുടെ പ്രതിനിധികള്‍ ആയിരിക്കാം [ശശി തരൂര്‍ പൂര്‍ണ്ണമായും ജനപ്രതിനിധി എന്ന് സമ്മതിക്കാമെങ്കിലും, മന്മോഹന്‍ സിങ്ങ് അങ്ങനെയല്ല എന്ന് പറയട്ടെ. ഒരു വാദത്തിന് വേണ്ടി രണ്ട് പേരെയും കൂട്ടിക്കെട്ടുന്നു]. എന്ന് കരുതി വിമര്‍ശനങ്ങള്‍ക്ക് അതീതമായ ഒരു സ്ഥാനത്തല്ല അവര്‍ ഇരിക്കുന്നത്. രാജഭരണം പോലുള്ള ഏകാധിപത്യ ഭരണസംവിധാനങ്ങള്‍ നിലവിലുള്ളിടത്ത്, രാജാവിനെ ചെറ്റ എന്ന് പോയിട്ട് പേര് വിളിച്ചാല്‍ പോലും തല വെട്ടിക്കളയുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇവിടെ ഈ രാജ്യത്ത് ജനാധിപത്യമാണ് നിലനില്‍ക്കുന്നത്, ജനപ്രതിനിധിയാണെങ്കിലും പൈപ്പ്‌വെള്ളം കുടിച്ച് ജീവിക്കുന്ന പട്ടിണിപ്പാവമാണെങ്കിലും എല്ലാവര്‍ക്കും ഒരേ സ്ഥാനമാണുള്ളത് [ശശി തരൂരിന്റെ jargon കടമെടുക്കുകയാണെങ്കില്‍, There are no holy cows in democracy].

മാന്യനായ ചെറ്റ

ചെറ്റ എന്ന വാക്കിന് മാന്യതക്കുറവ് ഉണ്ടെന്ന് സമ്മതിക്കുന്നു. അങ്ങനെ പറയാത്തവര്‍ കാണില്ലായിരിക്കും. എന്നാല്‍, മറ്റൊരാളുടെ സ്വകാര്യ സംഭാഷണം അയാളുടെ അറിവില്ലാതെ ചോര്‍ത്തുന്നതും മാന്യതയില്ലായ്മയാണ് – അത് ദേശസുരക്ഷയുടെ പേരിലാണെങ്കില്‍ കൂടി. ഇനി ദേശസുരക്ഷയുടെ പേരിലാണെങ്കില്‍ കൂടി, സ്വന്തം രാജ്യത്തെ പൗരന്മാരുടെ ടെലഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുക എന്ന് പറയുന്നത് ഒരു ജനാധിപത്യ ഭരണകൂടത്തില്‍ നിന്നും ഏറ്റവും അവസാനം പ്രതീക്ഷിക്കുന്ന ഒന്നാണ്. സ്വന്തം രാഷ്ട്രീയ ലാഭത്തിന് വേണ്ടി, എതിരാളികളുടെ ടെലഫോണ്‍ ചോര്‍ത്തുന്നതില്‍ എന്ത് ധാര്‍മ്മികതയാണുള്ളത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. 1970-കളില്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന റിച്ചാര്‍ഡ് നിക്സന് തന്റെ പ്രസിഡന്റ് സ്ഥാനം രാജി വെക്കേണ്ടി വന്നത് ഇത്തരമൊരു ടെലഫോണ്‍ ചോര്‍ത്തല്‍ കേസിലാണ്. വാട്ടര്‍ഗേറ്റ് സംഭവം എന്ന് പൊതുവെ അറിയപ്പെട്ടിരുന്ന ആ കേസ്, ജനാധിപത്യലോകത്തിന് തീരാക്കളങ്കമാണ്. അന്നും ഇന്നും ലോകത്താകമാനം ഭീതി വിതച്ചു കൊണ്ട്, സ്വന്തതാല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ശ്രമിക്കുന്ന സാമ്രാജത്യ ശക്തിയായ അമേരിക്കയില്‍ ഈ സംഭവം ഒരു പ്രസിഡന്റിന്റെ തന്നെ രാജി വെപ്പിച്ചെങ്കില്‍, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ശക്തിയെന്ന് അവകാശപ്പെടുന്ന ഭാരതത്തിലെ, രാഷ്ട്രീയപരമായി മുന്നോക്കം നില്‍ക്കുന്നു എന്ന് അവകാശപ്പെടുന്ന തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ലിസ്റ്റുള്‍പ്പെടുന്ന ഇന്ത്യന്‍ പൗരന്മാര്‍ ഈ പ്രശ്നത്തില്‍ ഇപ്പോഴും അലസമായാണ് പ്രതികരിക്കുന്നത്. ചൈനയിലെയും, മറ്റ് കമ്മ്യൂണിസ്റ്റ് പ്രദേശങ്ങളിലെയും ജനാധിപത്യധ്വംസനങ്ങളെയും കുറിച്ച് വാചാലരാകുന്ന ഈ നിക്ഷ്പക്ഷരെന്ന് അവകാശപ്പെടുന്ന ശക്തികള്‍ തങ്ങള്‍ തെരെഞ്ഞെടുത്ത ഭരണകൂടത്തിന്റെ പിതൃശൂന്യപ്രവൃത്തിയില്‍ [പ്രവൃത്തികള്‍ എന്ന് പറയേണ്ടി വരും. ഇതൊന്ന് മാത്രമല്ല] തെറ്റൊന്നും കാണുന്നില്ല എന്നത്, വര്‍ഗ്ഗതാല്പര്യങ്ങളുടെ പ്രതിഫലനമാണ് എന്ന് മനസ്സിലാക്കിയത് കൊണ്ട് എന്നില്‍ വലിയ ഞെട്ടലുണ്ടാക്കുന്നില്ല.

മാന്യമായ ടെലഫോണ്‍ ചോര്‍ത്തല്‍

ഔട്ട്‌ലുക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം, ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഈ ടെലഫോണ്‍ ചോര്‍ത്തല്‍ പരിപാടികള്‍ കാര്‍ഗില്‍ യുദ്ധത്തിന് ശേഷമാണ് തുടങ്ങിയത്. ഡല്‍ഹി, ലക്നൗ മുതലായ നഗരങ്ങളിലും, മുസ്ലീങ്ങള്‍ അധികം താമസിക്കുന്ന ഇടങ്ങളുമാണ് ഈ സംവിധാനം ഉപയോഗിച്ച് നിരീക്ഷിച്ചു കൊണ്ടിരുന്നത്. പ്രസ്തുത സംവിധാനമുപയോഗിച്ചാണ്, ഫെബ്രുവരി 2007-ല്‍ കോണ്‍ഗ്രസ്സ് നേതാവ് ദിഗ് വിജയ് സിംഗിന്റെയും, ഒക്റ്റോബര്‍ 2007-ല്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും, ജൂലൈ 2008-ല്‍ സി.പി.ഐ (എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെയും [അതായത് ആണവക്കരാറിനെ ചൊല്ലി വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം], ഏറ്റവും അവസാനമായി 2010 ഏപ്രിലില്‍ ശരദ് പവാറിന്റെയും ഫോണ്‍ കോളുകള്‍ ചോര്‍ത്തി, ഭരണകൂടം തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് വേണ്ടി വിനിയോഗിച്ചത്. NSA നേതൃത്വം നല്‍കിയ ഈ ചോര്‍ത്തല്‍ പരിപാടികള്‍, പ്രധാനമന്ത്രിയുടെ ഓഫീസിന്റെയോ അദ്ദേഹത്തിന്റെ ദേഹത്ത് ചുറ്റിയ ചരടുകളുടെ മറ്റേ അറ്റത്തുള്ള മറ്റ് കോണ്‍ഗ്രസ്സ് നേതാക്കളുടെയോ അറിവില്ലാതെയാണ് ചെയ്തത് എന്ന് വിശ്വസിക്കണമെങ്കില്‍, എനിക്ക് ഭ്രാന്തായിരിക്കണം അല്ലെങ്കില്‍ അവിശ്വസനീയമാംവിധം നിഷകളങ്കനായിരിക്കണം. ഇതൊന്നുമല്ലെങ്കില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ അനുഭാവിയെങ്കിലുമായിരിക്കണം.

തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ലിസ്റ്റ്

കേരളഫാര്‍മറുടെ ഇന്‍വിറ്റേഷന്‍ കൊണ്ട് മാത്രമാണ് ഞാന്‍ ഈ ലിസ്റ്റില്‍ അംഗമായത്. അംഗത്വം ചോദിച്ച് ഞാന്‍ അങ്ങോട്ട് പോയിട്ടില്ല. തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ലിസ്റ്റിന്റെ ഒന്ന് രണ്ട് കൂടിച്ചേരലുകളില്‍ പങ്കെടുക്കുകയും, കേരളഫാര്‍മര്‍, അങ്കിള്‍, ടിസി രാജേഷ്, പൊന്നമ്പലം മുതലായ ബ്ലോഗ്ഗേഴ്സിനെ പരിചയപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നിരിക്കിലും, തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ലിസ്റ്റില്‍ പൊതുവായി കാണുന്ന എലീറ്റിസ്റ്റ്-അരാഷ്ട്രീയ ചര്‍ച്ചകളില്‍ താല്പര്യം അധികം കാണിച്ചിരുന്നില്ല. ആദ്യം മുതല്‍ക്ക് തന്നെ, സ്വന്തം ബ്ലോഗ്ഗിലെ പുതിയ പോസ്റ്റുകള്‍ പരസ്യപ്പെടുത്തുവാന്‍ ആ മെയ്ലിങ്ങ് ലിസ്റ്റ് ഉപയോഗിക്കില്ല എന്നൊരു വാശിയും ഉണ്ടായിരുന്നു. വസ്തുതകള്‍ നിരത്തി നാം ഇടപെടുന്ന ചര്‍ച്ചകളില്‍, പലപ്പോഴും – പക്വതയുണ്ട് എന്ന് നാം വിചാരിക്കുന്ന മുതിര്‍ന്ന അംഗങ്ങള്‍ അടക്കം – മറുപടികള്‍ സര്‍ക്കാസവും, വിഷയ-വ്യതിചലനവും, anecdotal അഭിപ്രായങ്ങളും, പിന്നെ പതിവ് പോലെയുള്ള ചൈന-പോളണ്ട് വാദങ്ങളുമാണ് എതിര്‍പക്ഷം നിരത്താറുള്ളത്. പ്രത്യക്ഷത്തില്‍ fallacious ആയിട്ടുള്ള, പലപ്പോഴും തങ്ങളുടെ താല്പര്യ സംരക്ഷണത്തിന് വേണ്ടി, തങ്ങളുടെ മുന്‍നിലപാടുകള്‍ക്ക് വിരുദ്ധമായ നിലപാടുകള്‍ യാതൊരു ഉളുപ്പും കൂടാതെ സ്വീകരിക്കുന്ന [ഇപ്പോള്‍ എനിക്ക് കാണിക്കാവുന്ന ഉദാഹരണവും ഇത് തന്നെയാണ്] തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ലിസ്റ്റിലെ അരാഷ്ട്രീയതയില്‍ പലപ്പോഴും മടുപ്പ് തോന്നിയിട്ടുള്ളതാണ്. ഇത് പണ്ടേ മനസ്സിലാക്കിയിട്ടും, എന്ത് കൊണ്ട് നേരത്തെ ഒഴിഞ്ഞ് പോയില്ല എന്ന ചോദ്യത്തിന് എനിക്കുത്തരമില്ല.

ഭാഷയുടെ മാന്യത

രാഷ്ട്രീയവും അല്ലാത്തതുമായ ചര്‍ച്ചകളില്‍, പൊതുബോധത്തിന് മാന്യമല്ല എന്ന് കരുതുന്ന പദപ്രയോഗങ്ങള്‍ ഉപയോഗിക്കാറുള്ളയാളാണ് ഞാന്‍. പ്രത്യേകിച്ചും, തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ലിസ്റ്റ് പോലുള്ള എലീറ്റിസ്റ്റ് കൂട്ടായ്മകളില്‍ unconventional ആയിട്ടുള്ള പദ-ഭാഷാ പ്രയോഗങ്ങള്‍ മനഃപ്പൂര്‍വ്വം ഉപയോഗിക്കുന്നത് അത്തരം എലീറ്റിസ്റ്റ് രാഷ്ട്രീയത്തിനെതിരെ തന്നെയാണ്.  പക്ഷെ, അത്തരം ചര്‍ച്ചകളില്‍ മുഖ്യവിഷയത്തില്‍ ചര്‍ച്ചകള്‍ തുടരാതെ, ഭാഷാപ്രയോഗത്തില്‍ മാത്രം ചര്‍ച്ചകള്‍ തുടരുന്നത് അത്തരമൊരു രാഷ്ട്രീയത്തിന്റെ പരാജയമായാണ് ഞാന്‍ കാണുന്നത്.

ഭാവി നടപടികള്‍

തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ലിസ്റ്റില്‍ നിന്നും പുറത്താക്കിയത് കൊണ്ട് വ്യക്തിപരമായോ, രാഷ്ട്രീയപരമായോ എന്തെങ്കിലും നഷ്ടം സംഭവിച്ചതായി എനിക്ക് തോന്നിയിട്ടില്ല. എന്തെങ്കിലും നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ലിസ്റ്റിന് മാത്രമാണ്. വിവാദത്തിന് ഇടയാക്കിയ ആ മെയ്ലില്‍ ഞാന്‍ നടത്തിയ അഭിപ്രായപ്രകടനത്തില്‍ ഞാനിപ്പോഴും ഉറച്ചു നില്‍ക്കുന്നു. രാഷ്ട്രീയലാഭത്തിന് വേണ്ടി ഭരണകൂടസംവിധാനങ്ങള്‍ പ്രതിയോഗികള്‍ക്കെതിരെ ഉപയോഗിക്കുക എന്നത് ചെറ്റത്തരം തന്നെയാണ്. ആ അഭിപ്രായപ്രകടനത്തിന്റെ പേരില്‍ എന്തെങ്കിലും നിയമനടപടികള്‍ നേരിടുവാനും ഞാന്‍ തയ്യാറാണ് എന്ന് കൂടി അറിയിച്ചു കൊള്ളട്ടെ.

ഈ പ്രശ്നങ്ങള്‍ ഒരു ക്ലോസ്ഡ് ഗ്രൂപ്പില്‍ നടന്നതാണു്. അവിടെ നടന്ന സംഭവങ്ങളെ പുറത്തേക്കു് വലിച്ചിഴച്ചതു് അഡ്മിന്‍ തന്നെയാണു്. ചെറ്റ പരാമര്‍ശത്തിന്റെ പേരില്‍ എന്നെയും പിന്നീട് എന്നെ പിന്തുണച്ചതിന്റെ പേരില്‍ റിയാദിനെയും പുറത്താക്കിയ അഡ്മിന്‍, ട്രിവാന്‍ഡ്രം ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെ ഓപ്പണായിട്ടുള്ള ബ്ലോഗില്‍ പേരുവച്ചെഴുതിയ ലേഖനത്തില്‍ സെബിനെ ചെറ്റയെന്നു് തന്നെ വിശേഷിപ്പിക്കുന്നു. എനിക്കും റിയാദിനും വേണ്ടി വാദിച്ച പ്രവൃത്തിയെ കുരയെന്നുമാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഏറ്റവും വലിയ തമാശ അദ്ദേഹം തന്ന കുറ്റപത്രമാണ്. ഇത്രയുമായ സ്ഥിതിക്ക് ഞാന്‍ അത് കൂടി ചേര്‍ക്കട്ടെ. ഹൈലൈറ്റ് ചെയ്ത ഭാഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.

റിയാദെ ഞാനീ ഗ്രൂപ്പില്‍ നിന്ന് ആരെയും സ്വയം നീക്കം ചെയ്തിട്ടില്ലായിരുന്നു. എന്നെ ചൊറിയുന്ന റിയാദിനെ ഇപ്പോള്‍ നീക്കുകയാണ്. ഈ ഗ്രൂപ്പില്‍ നിന്ന്. ആദ്യം ഞാന്‍ താങ്കളെ എന്റെ ജിമെയില്‍ ചാറ്റില്‍ നിന്ന് മാത്രമേ ഒഴിവാക്കിയിരുന്നുള്ളു. ഇനി താങ്കള്‍ ഈ ഗ്രൂപ്പില്‍ തുടരുന്നത് എനിക്ക് ഇഷ്ടമില്ലാത്ത കാര്യമാണ്.

ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ചെറ്റത്തരം കാണിച്ചെന്ന് ഗ്രൂപ്പില്‍ പോസ്റ്റിടുകയും പ്രതീഷ് കാരണം അതിന്റെ പേരില്‍ അഡ്മിന്‍ എന്ന നിലയില്‍ സൈബര്‍ കുറ്റം ചെയ്തതായി പരിഗണിക്കാം. മേലില്‍ അത്തരം ഒന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. താങ്കളെയും ഈ ഗ്രൂപ്പില്‍ നിന്ന് നീക്കം ചെയ്യുകയാണ്.

ഹിറ്റ്‌ലറും മുസ്സോളനിയുമൊക്കെ തങ്ങളുടെ ശവകൂടീരങ്ങളില്‍ കിടന്നൊന്ന് പിടച്ചിട്ടുണ്ടാകും, “ഞങ്ങള്‍ക്കുമൊരു എതിരാളിയോ” എന്ന് കരുതി. ജനാധിപത്യത്തിന്റെ കാവല്‍പോരാളിയെന്ന് സ്വയം വിശ്വസിച്ച്, അവരോധിച്ച് നടക്കുന്ന ഈ മനുഷ്യന്‍ തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ലിസ്റ്റില്‍ നിന്ന് ആദ്യം പുറത്താക്കിയ എനിക്കോ റിയാദിനുമോ അല്ലെങ്കില്‍ അതിന്റെ പിറകെ, ഞങ്ങളെ പിന്തുണച്ചു എന്നതിന്റെ പേരില്‍ പുറത്താക്കിയ മറ്റ് അഞ്ച് പേര്‍ക്കുമോ ജനാധിപത്യ സംവിധാനത്തില്‍ കുറ്റാരോപിതര്‍ക്ക് നല്‍കുന്ന ഏറ്റവും അടിസ്ഥാനപരമായ പരിഗണനകള്‍ പോലും നല്‍കിയിട്ടുണ്ടോ എന്ന കാര്യവും ഇവിടെ ചര്‍ച്ച ചെയ്യേണ്ടതായുണ്ട്.

തന്റെ ജീവിതത്തിന്റെ നല്ലൊരു പങ്കും പട്ടാളച്ചിട്ടകള്‍ കണ്ട് ജീവിച്ചത് കൊണ്ട്, ഒരു പക്ഷെ ബഹു. അഡ്മിന് പട്ടാളച്ചിട്ടകളാണ് ജനാധിപത്യത്തേക്കാള്‍ മെച്ചം എന്ന് തോന്നിയിരിക്കാം. എന്നാല്‍, നമ്മുടെ രാജ്യത്തെ പട്ടാളത്തിന് മുകളില്‍ അതിനേക്കാള്‍ ശക്തിയും അധികാരവുമുള്ള ഒരു ജനാധിപത്യ സംവിധാനം നിയന്ത്രിക്കുവാനുള്ളത് കൊണ്ടാണ് അത്തരം പട്ടാളച്ചിട്ടകള്‍ അതിര് കടക്കാത്തത് എന്ന് അദ്ദേഹം മനസ്സിലാക്കേണ്ടതായിട്ടുണ്ട്.

Possibly Related Posts:


ഫോണ്‍ കോള്‍

December 18th, 2009 ഞാന്‍||njaan 14 comments

1832 ദിവസങ്ങള്‍ക്ക് മുമ്പൊരു രാത്രി…

രാത്രി ഭക്ഷണവും കഴിഞ്ഞ് കിടക്കാന്‍ നേരത്ത് ഫോണ്‍ ബെല്ലടിച്ചു. ഇതാരണപ്പാ ഈ നേരത്ത് വിളിക്കാന്‍ എന്ന് മനസ്സിലാലോചിച്ച് ഫോണെടുക്കാന്‍ മുന്നിലെ മുറിയിലേക്ക് പോയി. കൈയ്യിലെ നനവ് ഉടുത്തിരുന്ന മുണ്ടില്‍ തുടച്ചു.

ഹലോ…

ഡാ! ഞാനാ. ഒരു കാര്യം പറയാം. ഞെട്ടരുത്.” ദീപയാണ്. കോളേജിലെ സംഘടനാപ്രവര്‍ത്തന കാലം തൊട്ടേ ദീപയെ പരിചയമുണ്ട്. രാഷ്ട്രീയത്തോടുള്ള ആത്മാര്‍ത്ഥത അവളെ ഒരു മുഴുവന്‍ സമയ രാഷ്ട്രീയക്കാരിയാക്കി. വയനാട്ടിലോ മറ്റോ ആണെന്നാണ് അവസാനമായി കേട്ടത്.

എന്തുണ്ട് ദീപ വിശേഷങ്ങള്‍. ഈ പാതിരാത്രി എന്ത് പറഞ്ഞാണ് നീ എന്നെ ഞെട്ടിക്കുവാന്‍ പോകുന്നത്.” കല്യാണക്കാര്യം പറയാന്‍ ഇത്രയൊക്കെ ഈ പെണ്ണുങ്ങള്‍ എന്തിനാണിത്ര വളച്ചുകെട്ടുന്നത്?

ഞാനും എന്റെ ചില സഹപ്രവര്‍ത്തകരും കൂടി അവസാനമതങ്ങ് ചെയ്തു. ഇന്ന് മുതല്‍ എനിക്കും നിനക്കും സമാധാനമായുറങ്ങാം. ആ പന്ന കഴുവേറിമക്കളുടെ, …… ….. ………. കത്തിച്ചു” അവ്യക്തമായെങ്കിലും അവസാനം പറഞ്ഞ വാക്ക് കേട്ടപ്പോള്‍ എന്റെ നട്ടെല്ലിലൂടെ ഒരു കൊള്ളിയാന്‍ പാഞ്ഞു പോയി.

എന്ത് പണിയാണ് കാണിച്ചത് ദീപ. വീണ്ടു വിചാരമില്ലാതെ ഇങ്ങനെയൊക്കെ ചെയ്യണമായിരുന്നോ? എന്നോടൊരു വാക്ക് ചോദിക്കാമായിരുന്നില്ലേ നിനക്ക്? ഇപ്പോള്‍ നീ എവിടെയാണ്

ഫോണ്‍ കട്ടായത് ഞാന്‍ അറിഞ്ഞില്ലായിരുന്നു. ഒന്നുകില്‍ അവിടെ റേഞ്ച് പോയി, അല്ലെങ്കില്‍ അവള്‍ ഫോണ്‍ബന്ധം മനഃപൂര്‍വ്വം വിച്ഛേദിച്ചു കളഞ്ഞു.

അതിരാവിലെ നാല് മണി വരെ ഓരോന്ന് ആലോചിച്ച് കിടന്നു. കോളേജില്‍ പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് സിങ്കോസള്‍ഫാന്‍ കമ്പനിക്കെതിരെ സമരങ്ങള്‍ നടത്തിയിരുന്നു. സിങ്കോസള്‍ഫാന്റെ ഉപയോഗം മൂലം പലവിധ ആരോഗ്യപ്രശ്നങ്ങളുമുണ്ടാകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത് ഞാനും ദീപയുമുള്‍പ്പെട്ട ഗവേഷകസംഘത്തിന്റെ പഠനത്തിലാണ്. അന്ന് ആവേശപൂര്‍വ്വം നടത്തിയ സമരങ്ങള്‍ക്ക് സിങ്കോസള്‍ഫാന്റെ പണക്കരുത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കുവാനായില്ല. കോളേജില്‍ നിന്നിറങ്ങിയ ശേഷം രാഷ്ട്രീയപ്രവര്‍ത്തനമൊക്കെ നിര്‍ത്തി, ഒരു ജോലിയൊക്കെ ചെയ്ത് ജീവിച്ചു വരികയായിരുന്നു. ഇടയ്ക്കിടെ വിലക്കയറ്റവും ബന്ദും ഹര്‍ത്താലുമൊക്കെയുണ്ടാകുമ്പോള്‍ തെറി വിളിക്കുന്നതില്‍ മാത്രമൊതുങ്ങി എന്റെ രാഷ്ട്രീയം. അല്ലെങ്കിലും ജീവിതത്തില്‍ ഒരു സ്ഥിരത ഒക്കെ ആയിക്കഴിഞ്ഞാല്‍ എന്ത് രാഷ്ട്രീയപ്രവര്‍ത്തനം? സ്വന്തം കാര്യം നടക്കുന്നത് വരേയുള്ളു ഏത് രാഷ്ട്രീയവും. അവളായി അവളുടെ പാടായി. ഇപ്പോള്‍ ഞാന്‍ ചോറ് കഴിക്കുന്നത് തന്നെ സിങ്കോസള്‍ഫാന്റെ കനിവിലാണ്!

ഉറങ്ങി എഴുന്നേറ്റപ്പോള്‍ ഇന്നലത്തെ ഫോണ്‍ വിളിയുടെ കാര്യം മറന്നു പോയിരുന്നു [ജീവിതത്തില്‍ ടെന്‍ഷനടിക്കുവാന്‍ വേറെ എന്തൊക്കെയോ നല്ല കാര്യങ്ങള്‍ കിടക്കുന്നു]. വൈകി ഉറങ്ങിയത് കൊണ്ടാണെന്ന് തോന്നുന്നു, തലയ്ക്കാകെ ഒരു മന്ദത. രാവിലത്തെ മഴയില്‍ പത്രം ഒട്ടുമുക്കാലും കുതിര്‍ന്നിരുന്നു. പത്രക്കാരനോട് പല തവണ പറഞ്ഞിട്ടുള്ളതാണ് വാതിലിന്റെ താഴെക്കൂടെ അകത്ത് കയറ്റി വെക്കണമെന്ന്. ഇവനൊക്കെ എപ്പോ നന്നാവാനാണ്?

അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ സൈനികരെ അയയ്ക്കും: മോഹന വര്‍മ്മ

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ നാറ്റോ സഖ്യസേനയെ സഹായിക്കുവാനായി ഇന്ത്യന്‍ സൈനികരെ അയക്കുമെന്ന് പ്രധാനമന്ത്രി മോഹന വര്‍മ്മ, അമേരിക്കന്‍ പ്രസിഡന്റ് ഒലാമയുമായൊത്ത് സംയുക്ത പ്രസ്താവനയിറക്കി. ആദ്യ ഘട്ടത്തില്‍ ഏകദേശം അമ്പതിനയിരം ജവാന്മാരെ, അഫ്ഗാനിസ്ഥാനില്‍ വിന്യസിക്കുന്നതായിരിക്കും. പാക്കിസ്ഥാനില്‍ നിന്നുമുള്ള വെല്ലുവിളി കുറഞ്ഞതിനാലാണ്, ഇത്രയുമധികം സൈനികരെ മാറ്റി വിന്യസിക്കുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു. അതിനിടെ നാറ്റോ തങ്ങളുടെ സൈന്യത്തെ ഘട്ടം ഘട്ടമായി പിന്‍വലിക്കുവാനുള്ള നടപടി തുടങ്ങി.

“മോഹന വര്‍മ്മയുടെ ഭരണപാടവം പണ്ട് ആണവക്കരാര്‍ ഒപ്പ് വെച്ചപ്പോഴെ മനസ്സിലായതാണ്. ദക്ഷിണേഷ്യയില്‍ ഇന്ത്യയുടെ പെരുമ ഒന്ന് കൂടി വര്‍ദ്ധിക്കുകയേ ഉള്ളൂ. ഇപ്പോള്‍ തന്നെ, ലോകത്തിലെ പത്ത് ധനാഢ്യര്‍ ഇന്ത്യയില്‍ നിന്നാണ്. ജി.ഡി.പി വളര്‍ച്ചയും ആശാവഹമാണ്”

ഉള്‍പ്പേജിലെ വാര്‍ത്ത കണ്ട് ഞാന്‍ ഒന്ന് നടുങ്ങി.

കോഴിക്കോട് സിങ്കോസള്‍ഫാന്‍ ഓഫീസ് കത്തിച്ചു. വനിതാ രാഷ്ട്രീയപ്രവര്‍ത്തകയെ പൊലീസ് തിരയുന്നു
കോഴിക്കോട്: സിങ്കോസള്‍ഫാന്‍ കമ്പനിയുടെ ഇവിടത്തെ പ്രാദേശിക ഓഫീസ് തീ വെച്ചു നശിപ്പിച്ചു. പ്രമുഖ ആദിവാസി നേതാവും, സജീവ രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകയുമായ ദീപയെ പൊലീസ് തിരയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പെ തന്നെ സിങ്കോസള്‍ഫാന്റെ ഉപയോഗത്തിനെതിരെ പല സ്ഥലങ്ങളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു. പല വിദേശ രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തിയ ഈ കീടനാശിനി ഇന്നും ഇവിടെ നിര്‍ബാധം ഉപയോഗിക്കുകയാണ്. സിങ്കോസള്‍ഫാനെതിരെയുള്ള പ്രതിരോധസമരങ്ങളിലെ മുന്‍നിര പോരാളിയാണ് ഈ സംഭവത്തിന് പിന്നിലുണ്ടെന്ന് സംശയിക്കുന്ന ദീപ…..
….എല്ലാ റെയ്‌ല്‍വേ സ്റ്റേഷനുകളിലും ചെക്ക് പോസ്റ്റുകളിലും ലുക്ക് ഔട്ട് നോട്ടീസ് പതിച്ചിട്ടുണ്ട്.

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം…

എന്റെ വിവാഹം കഴിഞ്ഞു. ഭാര്യ എറണാകുളത്ത് കാക്കനാട്ടെ ഫോര്‍ട്ട്‌സിറ്റിയിലെ ഒരു MNC-യില്‍ ജോലി ചെയ്യുന്നു. ഒരു പെണ്‍കുട്ടി. എന്നത്തെയും പോലെ അതിസാധാരണമായ ഒരു ശനിയാഴ്ച, ഭക്ഷണം കഴിഞ്ഞ് ഉറങ്ങുമ്പോഴാണ് ഫോണ്‍ ശബ്ദിക്കുന്നത്.

ഹലോ

ഇത് ശ്രീകുമാറിന്റെ വീടല്യോ? പുള്ളിക്കാരന്റെ കയ്യിലൊന്ന് ഫോണ്‍ കൊടുക്കുമോ?” ഘനഗാംഭീര്യമുള്ള ഒരു സ്ത്രീശബ്ദമാണ് അങ്ങേത്തലയ്ക്കല്‍.

ശ്രീകുമാറാണ് സംസാരിക്കുന്നത്. ഇത് ആരാണ്?

ഇത് കമ്മീഷണറുടെ ഓഫീസിന്നാണേ. നിങ്ങള്‍ ഒരു കേസിന്റെ ആവശ്യത്തിനായി ഇവടെ വരെ വരേണ്ട ആവശ്യോണ്ടായിരുന്നു

പൊലീസുകാരൊക്കെ എന്നാണോ ആവോ മര്യാദ പഠിച്ചത്. സുഹൃത്തിന്റെ ആക്സിഡന്റ് കേസ് കോടതിയില്‍ നടക്കുന്നത് കൊണ്ട് ഈ ഫോണ്‍ വിളിയില്‍ അത്ര പുതുമ തോന്നിയില്ല.

ഒരു അഞ്ചു മണിയാകുമ്പോള്‍ ഓഫീസ് വരെ ഒന്ന് വരണം

വനിതാപ്പോലീസ് സംഭാഷണമവിടെ നിര്‍ത്തി. നാല് മണിക്ക് അലാമും വെച്ച് ഞാന്‍ ബാക്കിയുള്ള ഉറക്കമുറങ്ങുവാന്‍ കിടന്നു.

അഞ്ച് ദിവസത്തിന് ശേഷമുള്ള ഒരു വാര്‍ത്താ ചാനലിന്റെ ഫ്ലാഷ് ന്യൂസ് സ്ക്രോള്‍…

…..കോഴിക്കോട് മവോയിസ്റ്റ് ആക്രമണം: യുവ എഞ്ചിനീയര്‍ കൂട്ട് പ്രതി….. Advt: ധരിക്കൂ പോത്തിന്‍കാലനപ്പന്റെ ലോക്കറ്റ്. അകറ്റൂ സമയദോഷം.Call: 03195639 now. നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും പിടിയിലകപ്പെട്ട മവോയിസ്റ്റ് പ്രവര്‍ത്തക ദീപയുടെ മൊഴി പ്രകാരമാണ് അറസ്റ്റ്…. സംഭവത്തിന് ശേഷം ശ്രീകുമാറിന്റെ ഫോണിലേക്ക് കോള്‍ പോയതിന് തെളിവ് ലഭിച്ചു….മവോയിസ്റ്റ് പ്രസ്ഥാനത്തില്‍ മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ശ്രീകുമാര്‍ സമ്മതിച്ചു…..Advt: മുസലി ശക്തി…..

Possibly Related Posts:


ഭൂചലനം – കാരണം സി.പി.ഐ(എം) ഉള്‍പ്പോരു്

September 19th, 2009 ഞാന്‍||njaan 7 comments

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ അനുഭവപ്പെട്ട ഭൂചലനത്തിന് പിന്നില്‍ സംസ്ഥാനത്തെ ഭരണകക്ഷിയിലെ ഉള്‍പ്പോരാണെന്ന് വിശ്വസ്ത കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുഖ്യമന്ത്രി അച്യുതാനന്ദനും ആഭ്യന്തരമന്ത്രി കൊടിയേരിക്കുമെതിരെ പാര്‍ട്ടിയിലെ ഔദ്യോഗികപക്ഷത്തിന്റെ പകതീര്‍ക്കലാണത്രെ ഭൂചലനത്തില്‍ കലാശിച്ചത്. എസ്.എന്‍.സി-ലാവലിന്‍ കേസിലേയും, മുത്തൂറ്റ് പോള്‍ വധക്കേസിലേയും ജനശ്രദ്ധ തിരിച്ചു വിടാന്‍, പിണറായി വിജയന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഞായറാഴ്ച ഭൂകമ്പ സിന്റിക്കേറ്റ് പ്രവര്‍ത്തനം തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. ഇതിലേക്ക് വേണ്ടുന്ന ഉപകരണങ്ങള്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തതാണത്രെ. പൊലീസിന്റെയും കസ്റ്റംസിന്റെയും കണ്ണ് വെട്ടിച്ച് കൊല്ലം നീണ്ടകരയില്‍ നിന്നും പുറംകടലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടുകളില്‍ കൂടിയാണ് കരയിലെത്തിച്ചത്. കൊല്ലത്തെ ഒരു പ്രമുഖ വ്യവസായി ഇതിന് ഒത്താശ നല്‍കി എന്ന് പേര് വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കാത്ത ഒരു മുന്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ ഞങ്ങളുടെ റിപ്പോര്‍ട്ടറോട് പറഞ്ഞു.

പ്രതികരണം പ്രശ്നം പഠിച്ച ശേഷം

എന്നാല്‍ ഈ ആരോപണത്തിനെതിരെ പ്രതികരിക്കുന്നില്ലാ എന്നാണ് ആഭ്യന്തര മന്ത്രി ശ്രീ. കൊടിയേരി ബാലകൃഷ്ണന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞത്. പ്രശ്നത്തെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തിയ ശേഷം പ്രതികരിക്കുമെന്ന് മുഖ്യമന്ത്രി ശ്രീ. അച്യുതാനന്ദന്‍ പറഞ്ഞു. ആരോപണവിധേയനായ പിണറായി വിജയനെ ഫോണില്‍ ബന്ധപ്പെടുവാന്‍ ശ്രമിച്ചിട്ട് കിട്ടിയിരുന്നില്ല. അദ്ദേഹം അവധിക്കാലം ആഘോഷിക്കുവാന്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പോയതായിരിക്കാമെന്നാണ് ഞങ്ങള്‍ക്ക് ലഭിച്ച റിപ്പോര്‍ട്ട്.

നാളെ ഹര്‍ത്താല്‍

ഇതിനിടെ ഭൂകമ്പ സിന്റിക്കേറ്റിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് പ്രതിപക്ഷനേതാവ് ഇന്നലെ തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തിലറിയിച്ചു. ഭൂകമ്പത്തില്‍ പ്രതിഷേധിച്ച് നാളെ രാവിലെ മുതല്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താല്‍ ആചരിക്കുമെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി. പാല്‍, പത്രം (ദേശാഭിമാനി ഒഴികെ), എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ചൈനാ ഉല്പന്നമായത് കൊണ്ട് ഭൂകമ്പത്തിന്റെ ശക്തി കുറഞ്ഞു

ചൈനയില്‍ നിര്‍മ്മിച്ച ഉപകരണങ്ങളയതിനാലാണ് ഭൂകമ്പത്തിന്റെ ശക്തി റിക്ടര്‍ സ്കെയിലില്‍ 3.4-ല്‍ ഒതുങ്ങിയതെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. കമ്മ്യൂണിസ്റ്റ് ചൈനയില്‍ തൊഴിലാളികളെ ചൂഷണം ചെയ്തുണ്ടാക്കിയ ഗുണനിലവാരം കുറഞ്ഞ ഉപകരണമല്ലായിരുന്നെങ്കില്‍ നാശനഷ്ടങ്ങള്‍ കൂടുമായിരുന്നു എന്നും അവര്‍ അഭിപ്രായപ്പെട്ടു. ഭൂകമ്പത്തിന് കാരണമായ ഉപകരണങ്ങള്‍ കണ്ടെടുക്കുവാന്‍ തങ്ങള്‍ക്ക് സാധിച്ചില്ല എന്നും, തിരച്ചില്‍ തുടരുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

- സ്വന്തം ലേഖകന്‍

(ഞാനും ഒരിക്കല്‍ ഏതെങ്കിലും പത്രത്തില്‍ ചേര്‍ന്ന് നെറികെട്ട കാശുണ്ടാക്കും)

Possibly Related Posts:


Categories: Malayalam, Political, മലയാളം Tags:

3nxyw24bpf

August 19th, 2009 ഞാന്‍||njaan 1 comment
Categories: Malayalam Tags:

എന്നെ ഒറ്റയ്ക്കാക്കിയിട്ട് അവള്‍ പോയി…

2007 ഡിസംമ്പര്‍ 11, തിരുവനന്തപുരം നഗരം – അന്നാണ് അവള്‍ എന്റെയടുത്ത് ആദ്യമായി വന്നത്. നല്ല തിളക്കമുള്ള വെള്ളി ബോര്‍ഡറുള്ള കറുത്തയുടുപ്പും, നല്ല തലയെടുപ്പുമൊക്കെയായിട്ട്. ആ തണുപ്പുള്ള ഡിസംമ്പര്‍ രാവില്‍ ഞങ്ങളൊരുമിച്ചു. എന്റെ പല യാത്രകളിലും നല്ല സ്ഫുടതയോടെ, ഉച്ചാരണ ശുദ്ധിയോടെ പാട്ടുകള് പാടി എന്റെ ബോറടി മാറ്റുമായിരുന്നു. എന്നും രാവിലെ ഞങ്ങള്‍ വഴക്കിടുമായിരുന്നു. അതിരാവിലെ എഴുന്നേറ്റ് അവളെന്നെ വിളിക്കും (തലേന്ന് ഞാന്‍ തന്നെയാണ് അവളൂടെ അടുത്ത് എനെ രാവിലെ വിളിക്കണമെന്ന് പറയുന്നത്) , ഞാന് “പത്ത് മിനുട്ട്, പത്ത് മിനുട്ട്” എന്ന് പറഞ്ഞ് മടിച്ച് കിടക്കുമ്പോഴും അവളൊരു മടുപ്പും കൂടാതെ ഉത്തരവാദിത്തത്തോടെ എന്നെ വീണ്ടും വിളിക്കും. ഫോണ്‍ നമ്പറുകള്‍ മറക്കുന്ന സ്വഭാവമുള്ള എനിക്ക് അതെല്ലാം ഓര്‍മ്മിപ്പിച്ച് തരും, അത് പോലെ തന്നെ സുഹൃത്തുക്കളുടെ പിറന്നാള്, മറ്റ് പ്രധാന അപ്പോയ്ന്മെന്റുകള് തുടങ്ങിയവ എന്നെ കൃത്യ സമയത്ത് ഓര്‍മ്മിപ്പിക്കുമായിരുന്നു എന്റെ നിക്കി മോള്.

എന്റെ വെള്ളമടി പാര്‍ട്ടികളിലെല്ലാം അവള്‍ ഇംഗ്ലീഷ്-മലയാളം-തമിഴ്-തെലുങ്ക്-ഹിന്ദി എന്ന വ്യത്യാസമില്ലാതെ എന്നെയും എന്റെ സുഹൃത്തുക്കളേയും പാടി സന്തോഷിപ്പിച്ചിരുന്നു. എന്റെ സുഹൃത്തുക്കളെല്ലാം അവളുടെ ശബ്ദത്തില്‍ അസൂയാലുക്കളായിരുന്നു. അങ്ങനെ സന്തോഷത്തോടെ ജീവിച്ചു വരികയായിരുന്നു കഴിഞ്ഞ രണ്ട് വര്‍ഷവും.

ഇന്നലെ ഏകദേശം എട്ട് മണിയോട് കൂടി ചെന്നൈയില്‍ അതിഭയങ്കരമായ മഴ പെയ്തു. ആ സമയത്ത് ഞാനും നിക്കിയും എന്റെ മറ്റൊരു സുഹൃത്തും ബിയര്‍ വാങ്ങിക്കുവാനായി വിജയനഗര്‍ ബസ് സ്റ്റാന്റിന്റെ അടുത്തുള്ള ടാസ്മാക് ഷോപ്പില് പോവുകയായിരുന്നു. നിക്കിയെ മഴ നനയിക്കണ്ട എന്ന് കരുതി – അവള്‍ക്ക് പണ്ടേ മഴയും നനവുമൊക്കെ പ്രശ്നമാണ് – ഞാന്‍ സുരക്ഷിതമായൊരിടത്ത് അവളെ പ്രതിഷ്ഠിച്ചു. ഞാന്‍ അടിമുടി നനഞ്ഞാലും എന്റെ നിക്കി മോള് സുരക്ഷിതയായിരിക്കുമല്ലോ എന്ന് കരുതി ഞാന്‍ സന്തോഷിച്ചു, ആശ്വസിച്ചു.

നാല് കുപ്പി ബിയറും രണ്ട് പാക്കറ്റ് കിങ്ങ്സും വാങ്ങി ഞാനും സുഹൃത്തും തിരികെ റൂമിലെത്തി നിക്കി മോളെ നോക്കിയപ്പോള്‍, വെള്ളത്തില് മുങ്ങി വിറങ്ങലിച്ചു കിടക്കുന്നു. ഉടനെ എടുത്ത് കുലുക്കി വിളിച്ചിട്ടും എന്റെ നിക്കിക്കുട്ടി കണ്ണ് തുറന്നില്ല. ആ കണ്ണുകള്‍ എന്നെന്നേക്കുമായി അടഞ്ഞു കഴിഞ്ഞിരുന്നു. :(

ഇനിയെന്നെ അതിരാവിലെ വിളിച്ചുണര്‍ത്താന്‍, എനിക്കൊരു പാട്ട് പാടിത്തരുവാന്‍ ഇനി ആരുണ്ട്? :( … ഒരിക്കലുമെനിക്ക് നിന്നെ മറക്കുവാന്‍ കഴിയില്ല നിക്കീ. എന്റെ മരണം വരെ, ഇനി എന്റെ ജീവിതത്തില്‍ നിനക്ക് പകരം മറ്റൊരാള്‍ വന്നാലും – നിന്നെ ഒരിക്കലുമെനിക്ക് മറക്കുവാന്‍ കഴിയില്ല.

ഇനി മേലാല്‍ ഞാന്‍ മഴയത്ത് മൊഫൈലും കൊണ്ട് പോകില്ല… കോപ്പ്!

ഓടോ: “കീരിക്കാടന്‍ ചത്തിട്ടില്ല!”

Possibly Related Posts:


They inked my middle-finger!

Pratheesh/njaan

ഇതെന്തു നീതി, ഇതെന്തു ന്യായം….

അഞ്ചു വിരലും നീട്ടി വെച്ചു. മഷി പുരട്ടിയത് നടുവിരലില്‍!

Possibly Related Posts:


അരിവാള്‍ എന്റെ മനസ്സില്‍ നിന്ന് മായുകയില്ല…. എന്റെ വോട്ട് അരിവാളിന് തന്നെ!!!

Please vote for LDF candidates

Vote fod LDF

ഈ തെരഞ്ഞെടുപ്പുകാലത്ത് പലവിധ വിവാദങ്ങളിലായി മാദ്ധ്യമങ്ങള്‍ മുക്കിക്കളഞ്ഞ ചില സുപ്രധാന രാഷ്ട്രീയ വിഷയങ്ങള്‍* സ്വയം ഓര്‍ക്കാനും ഉറപ്പുവരുത്താനും :

  • കമ്പോളമല്ല, ഗവണ്‍മെന്റാണ് രാജ്യം ഭരിക്കേണ്ടതെന്ന് പ്രഖാപിക്കാന്‍.
  • ഭീകരതയ്ക്ക് വിത്തുവിതയ്ക്കുന്ന വര്‍ഗ്ഗീയതയെ ചെറുക്കാന്‍.
  • ഇന്ത്യന്‍ പൊതുമേഖല ശക്തിപ്പെടുത്താന്‍.
  • 60% ജനങ്ങള്‍ ഉപജീവനമാര്‍ഗ്ഗം തേടുന്ന കാര്‍ഷിക മേഖലയില്‍ ചെലവാക്കുന്ന തുകയുടെ പകുതി സര്‍ക്കാര്‍ സബ്സിഡി നല്‍കുമെന്ന് പ്രഖ്യാപിക്കാന്‍.
  • വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ജലം എന്നീ മേഖലകള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലും ഉടമസ്ഥതയിലും സംരക്ഷിക്കുവാന്‍.
  • പി.എഫ്. പലിശ നിരക്ക് 13% ആയി ഉയര്‍ത്തുകയും പി.എഫ് തുക സ്വകാര്യ കമ്പനികള്‍വഴി ഓഹരിക്കമ്പോളത്തിന് കൈമാറാനുള്ള യു.പി.എ. സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കുകയും ചെയ്യുമെന്ന് ഉറപ്പിക്കാന്‍.
  • പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണബില്‍, ബാങ്കിംഗ് ബില്‍, ഇന്‍ഷുറന്‍സ് വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള ബില്‍, എന്നിവ പിന്‍വലിക്കാന്‍.
  • സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍-സംസ്ഥാനസര്‍ക്കാര്‍ മേഖലകളിലും പൊതു മേഖലയിലും കഴിഞ്ഞ 15 വര്‍ഷമായി കാര്യമായി റിക്രൂട്ട്മെന്റ് നടക്കാത്തതുമൂലം ഒഴിഞ്ഞു കിടക്കുന്ന 50 ലക്ഷം വേക്കന്‍സികളില്‍ ഉടന്‍ നിയമനം നടത്തുമെന്ന് ഉറപ്പുവരുത്താന്‍.
  • ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്ര്യവും സാമ്പത്തിക മുന്‍ഗണനകളും തകര്‍ക്കുന്ന അന്താരാഷ്ട്ര കരാറുകളില്‍ നിന്ന് പിന്മാറുമെന്നും പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ അത്തരം കരാറുകളില്‍ ഇനി ഏര്‍പ്പെടില്ലന്നും ഉറപ്പുവരുത്താന്‍.
  • തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താന്‍, പണിമുടക്കാനും വിലപേശാനും തൊഴിലാളികള്‍ക്കുള്ള അവകാശം സംരക്ഷിക്കാന്‍.
  • ഭൂപരിഷ്കരണം നടപ്പാക്കുവാനും സെസുകള്‍ക്കുവേണ്ടി അന്യായമായി കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കില്ലെന്ന് ഉറപ്പുവരുത്താന്‍.
  • കോര്‍പ്പറേറ്റ് നികുതി 50 ശതമാനമായി ഉയര്‍ത്താനും ഓഹരി കമ്പോളത്തിലെ ഇടപാടുകള്‍ക്ക് നികുതി ചുമത്താനുനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാട്ടാന്‍.
  • സംസ്ഥാനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന കേന്ദ്രനികുതി വരുമാനം അതത് സംസ്ഥാനങ്ങള്‍ക്കുതന്നെ നല്‍കുമെന്ന് ഉറപ്പുനല്‍കാന്‍.

*Modified from PAG Bulletin പോസ്റ്റര്‍ ഡിസൈന്‍ : പരാജിതന്‍

Please vote for LDF candidates

ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക.

തിരുവനന്തപുരം: സ. പി രാമചന്ദ്രന്‍ നായര്‍
ആറ്റിങ്ങല്‍: സ. എ സമ്പത്ത്
കൊല്ലം: സ. പി രാജേന്ദ്രന്‍
പത്തനംതിട്ട: സ. കെ. അനന്തഗോപന്‍
മാവേലിക്കര: സ. ആര്‍.എസ്.അനില്‍
ആലപ്പുഴ: സ. കെ.എസ്.മനോജ്
കോട്ടയം: സ. കെ.സുരേഷ് കുറുപ്പ്
ഇടുക്കി: ശ്രീ. ഫ്രാന്‍സിസ് ജോര്‍ജ്
എറണാകുളം: സ.സിന്ധു ജോയി
ചാലക്കുടി: സ.യൂ.പി.ജോസഫ്
തൃശൂര്‍: സ. സി.എന്‍.ജയദേവന്‍
ആലത്തൂര്‍: സ.പി.കെ.ബിജു
പാലക്കാട്: സ:എം.ബി.രാജേഷ്
പൊന്നാനി: ഡോ.ഹുസൈന്‍ രണ്ടത്താണി
മലപ്പുറം: സ.റ്റി.കെ.ഹംസ
കോഴിക്കോട്: സ.മുഹമ്മദ് റിയാസ്
വടകര: സ.പി.സതീദേവി
വയനാട്: സ.എം.റഹ്മത്തുള്ള
കണ്ണൂര്‍: സ.കെ കെ രാഗേഷ്
കാസര്‍ഗോഡ്: സ. പി കരുണാകരന്‍

നാടിന്റെ സ്വാതന്ത്ര്യം ഫാസിസത്തിനും സാമ്രാജിത്വത്തിനും അടിയറ വെയ്ക്കുന്നതിനെതിരേയുള്ള പോരാട്ടവീഥിയില്‍ അണി ചേരുക

ഇടതുപക്ഷം നമ്മുടെ ഹൃദയപക്ഷം

Possibly Related Posts:


ശശി തരൂര്‍ തെറ്റിധരിപ്പിക്കുന്നു

അമേരിക്കന്‍ ഭരണകൂടം എതിര്‍ത്തതു കൊണ്ടുമാത്രം യു എന്‍ തെരെഞ്ഞെടുപ്പില്‍ തോറ്റ താന്‍ എങ്ങനെ അമേരിക്കന്‍ ഏജന്റാകുമെന്ന് ചോദിച്ചു കൊണ്ട് ശശി തരൂര്‍ തനിക്കെതിരെയുള്ള ഒരാരോപണത്തെ നേരിട്ടതായി കഴിഞ്ഞ ദിവസത്തെ (27 മാര്‍ച്ച്) ഒരു ദിനപത്രം (മലയാള മനോരമ) റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനുള്ള ഇത്തരമൊരു പ്രസ്താവനെ തീര്‍ച്ചയായും ഒരു മുന്‍ യു എന്‍ പ്രൊഫഷണലിനു ചേര്‍ന്നതല്ല. യു എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്കു മത്സരിക്കുവാന്‍ രംഗത്തുണ്ടായിരുന്ന ഏഴു പേരില്‍ ശ്രീലങ്കയുടെ ജയന്ത ധനപാല ഒഴികെയുള്ളവരെല്ലാം തന്നെ അമേരിക്കന്‍ പക്ഷപാതികളായിരുന്നു. അമേരിക്കന്‍ ആജ്ഞാനുവര്‍ത്തികളായ ജോര്‍ദ്ദാന്റെ മുന്‍ യു എന്‍ പ്രതിനിധി സെയ്ദ് അല്‍ഹുസൈനും അഫ്ഗാനിസ്ഥാന്റെ അഷ്റഫ് ഘാനിയ്ക്കുമെതിരെ വരെ അമേരിക്ക വോട്ടു ചെയ്തിരുന്നു. അമേരിക്കന്‍ സൈനികത്താവളങ്ങളുള്ള, ഏഷ്യയിലാണെങ്കിലും യു എന്നിലെ വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-77ല്‍ പങ്കെടുക്കാത്ത ചെറിയ രാജ്യമായ ദക്ഷിണ കൊറിയയിലായിരുന്നു, ജവര്‍ഹര്‍ലാല്‍ നെഹ്രുവിന്റെ ചേരിചേരാ നയത്തിന്റെ അംശങ്ങളെങ്കിലും അവശേഷിക്കുന്ന ഇന്ത്യയേക്കാള്‍ അമേരിക്കയ്ക്ക് തുടക്കത്തിലേ താല്‍പര്യം.
വ്യക്തിപരമായി മിക്ക സ്ഥാനാര്‍ത്ഥികളും അമേരികന്‍ ആധിപത്യത്തെ അംഗീകരിക്കുകയോ, ആരാധിക്കുകയോ ചെയ്യുന്നവരായിരിക്കേ പിന്തുണ നല്‍കുവാനായി സ്വാഭാവികമായും അമേരിക്ക മറ്റു മാനദണ്ഡങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടാകും. വന്‍കിട അഴിമതി ആരോപണങ്ങളില്‍പ്പെട്ട കോഫി അന്നന്റെ ക്ലിക്കില്‍പ്പെട്ടയാളെന്ന് പരക്കെ കരുതിയിരുന്ന തരൂര്‍ ഇന്ത്യന്‍ സ്ഥാനാര്‍ത്ഥിയായത് വാസ്തവത്തില്‍ ഇന്ത്യന്‍ വിദേശമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ അതിശയിപ്പിച്ചിരുന്നു. തരൂരിനെ ഇന്ത്യ സ്ഥാനാര്‍ത്ഥിയാക്കിയത് ശരിയായി ആസൂത്രണം ചെയ്ത സുചിന്തിതമായൊരു നടപടി ആയിരുന്നില്ല. ഇന്ത്യയുടെ എക്കാലത്തെയും മികച്ച യു എന്‍ സ്ഥാനപതിയായിരുന്നു ഹമീദ് അന്‍സാരി (ഉപരാഷ്ട്രപതി), തരൂരിന്റെ ഇലക്ഷന്‍ ശ്രമത്തിനു ശേഷം അദ്ദേഹത്തെ വിശേഷിപ്പിച്ചത് ഒരു മാദ്ധ്യമ സൃഷ്ടിയെന്നാണ്. ഇന്ത്യയുടെ സുഹൃത്തായ ശ്രീലങ്ക മത്സര രംഗത്തു നിന്നും പിന്‍വാങ്ങിയപ്പോള്‍ അവര്‍ പിന്തുണച്ചതും തരൂരിനെയായിരുന്നില്ല, ബാന്‍ കി മൂണിനെയായിരുന്നു. സ്ട്രോ പോളില്‍ തരൂര്‍ രണ്ടാമതു വന്നത് ഇന്ത്യന്‍ നയതന്ത്രജ്ഞരുടെയും വളരെ ആദരിക്കപ്പെടുന്ന ചിന്മയാനന്ദ ഗരേഖാനെപ്പോലുള്ള മുന്‍ നയതന്ത്രജ്ഞരുടെയും അശ്രാന്തശ്രമം മൂലമായിരുന്നെന്ന കാര്യം വിസ്മരിക്കരുത്.
2006 ഒക്ടോബര്‍ 2-നു് സുരക്ഷാ സമിതിയിലെ പതിനഞ്ച് അഗങ്ങള്‍ക്കിടയില്‍ നടന്ന അനൗദ്യോഗിക അഭിപ്രായ വോട്ടെടുപ്പില്‍ അഞ്ചു സ്ഥിരാംഗങ്ങളില്‍ ഒരു രാജ്യം തരൂരിനെതിരെ വോട്ടു ചെയ്ത കാര്യമാണ് അദ്ദേഹം പരാമര്‍ശിക്കുന്നത്. അഞ്ചു രാജ്യങ്ങളും ഒരേ പോലെ പിങ്ക് സ്ലിപ്പില്‍ വോട്ട് ചെയ്തപ്പോള്‍ അതിലാരാണ് എതിര്‍ത്തു വോട്ട് ചെയ്തതെന്നറിയുവാന്‍ കഴിയില്ല. അമേരിക്കയാകട്ടെ തരൂരിന്റെ സ്ഥാനാര്‍ഥിത്വത്തെ ഒരിക്കല്‍ പോലും തള്ളിപ്പറഞ്ഞിരുന്നില്ല.
തരൂരിന്റെ  തിരഞ്ഞെടുപ്പ് ശ്രമം അദ്ദേഹത്തിന് കൂടുതല്‍ പബ്ലിസിറ്റി നല്‍കിയെങ്കിലും അത് ഇന്ത്യയുടെ സുരക്ഷാ സമിതി അംഗത്വ ശ്രമങ്ങളെ രണ്ടു തരത്തില്‍ ബാധിക്കുകയുണ്ടായി. ഒരു സ്ഥിരാംഗരാജ്യം സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിക്കുകയില്ല എന്ന കീഴ്‌വഴക്കമുള്ളതു കൊണ്ട് തരൂരിന്റെ സ്ഥാനാര്‍ഥിത്വം ലോകത്തിനു നല്‍കിയ സന്ദേശം ഇന്ത്യ സ്ഥിരാംഗത്തിന്റെ കാര്യത്തില്‍ നിര്‍ബന്ധം പുലര്‍ത്തുന്നില്ല എന്നുള്ളതാണ്. ഒരു ചെറിയ രാജ്യമായ ദക്ഷിണ കൊറിയയോട് പോലും തിരഞ്ഞെടുപ്പില്‍ തോറ്റ രാജ്യത്തിന്റെ ആഗോള അംഗീകാരം സംശയാസ്പദമാണെന്ന സന്ദേശമാണ് അതിലും കൂടുതല്‍ ഉത്കണ്ഠയുളവാക്കുന്നത്.
യു എന്‍ സെക്രട്ടറി ജനറലിന്റെ ക്യാബിനറ്റ് ചീഫും യു എന്‍ അണ്ടര്‍ സെക്രട്ടറി ജനറലുമായ വിജയ് നമ്പ്യാരെപ്പോലെയുള്ളവര്‍ അവരുടെ മികവുറ്റ പ്രവര്‍ത്തനങ്ങളിലൂടെ മലയാളികള്‍ക്കാകെ അന്താരാഷ്ട്ര രംഗത്ത് യഥാര്‍ത്ഥ അംഗീകാരം നേടിത്തരുന്ന കാര്യം നമ്മുടെ മാദ്ധ്യമങ്ങള്‍ അവഗണിക്കരുത്.

(29-03-2009 ജനയുഗത്തില്‍ എസ്. ഫൈസി എഴുതിയത്)

Possibly Related Posts: