ഫോണ്‍ കോള്‍
1832 ദിവസങ്ങള്‍ക്ക് മുമ്പൊരു രാത്രി…
രാത്രി ഭക്ഷണവും കഴിഞ്ഞ് കിടക്കാന്‍ നേരത്ത് ഫോണ്‍ ബെല്ലടിച്ചു. ഇതാരണപ്പാ ഈ നേരത്ത് വിളിക്കാന്‍ എന്ന് മനസ്സിലാലോചിച്ച് ഫോണെടുക്കാന്‍ മുന്നിലെ മുറിയിലേക്ക് പോയി. കൈയ്യിലെ നനവ് ഉടുത്തിരുന്ന മുണ്ടില്‍ തുടച്ചു.
“ഹലോ…”
“ഡാ! ഞാനാ. ഒരു കാര്യം പറയാം. ഞെട്ടരുത്.” ദീപയാണ്. കോളേജിലെ സംഘടനാപ്രവര്‍ത്തന കാലം തൊട്ടേ ദീപയെ പരിചയമുണ്ട്. രാഷ്ട്രീയത്തോടുള്ള ആത്മാര്‍ത്ഥത അവളെ ഒരു മുഴുവന്‍ സമയ രാഷ്ട്രീയക്കാരിയാക്കി. വയനാട്ടിലോ മറ്റോ ആണെന്നാണ് അവസാനമായി കേട്ടത്.
“എന്തുണ്ട് ദീപ വിശേഷങ്ങള്‍. ഈ പാതിരാത്രി എന്ത് പറഞ്ഞാണ് നീ എന്നെ ഞെട്ടിക്കുവാന്‍ പോകുന്നത്.” കല്യാണക്കാര്യം പറയാന്‍ ഇത്രയൊക്കെ ഈ പെണ്ണുങ്ങള്‍ എന്തിനാണിത്ര വളച്ചുകെട്ടുന്നത്?
“ഞാനും എന്റെ ചില സഹപ്രവര്‍ത്തകരും കൂടി അവസാനമതങ്ങ് ചെയ്തു. ഇന്ന് മുതല്‍ എനിക്കും നിനക്കും സമാധാനമായുറങ്ങാം. ആ പന്ന കഴുവേറിമക്കളുടെ, …… ….. ………. കത്തിച്ചു” അവ്യക്തമായെങ്കിലും അവസാനം പറഞ്ഞ വാക്ക് കേട്ടപ്പോള്‍ എന്റെ നട്ടെല്ലിലൂടെ ഒരു കൊള്ളിയാന്‍ പാഞ്ഞു പോയി.
“എന്ത് പണിയാണ് കാണിച്ചത് ദീപ. വീണ്ടു വിചാരമില്ലാതെ ഇങ്ങനെയൊക്കെ ചെയ്യണമായിരുന്നോ? എന്നോടൊരു വാക്ക് ചോദിക്കാമായിരുന്നില്ലേ നിനക്ക്? ഇപ്പോള്‍ നീ എവിടെയാണ്”
ഫോണ്‍ കട്ടായത് ഞാന്‍ അറിഞ്ഞില്ലായിരുന്നു. ഒന്നുകില്‍ അവിടെ റേഞ്ച് പോയി, അല്ലെങ്കില്‍ അവള്‍ ഫോണ്‍ബന്ധം മനഃപൂര്‍വ്വം വിച്ഛേദിച്ചു കളഞ്ഞു.
അതിരാവിലെ നാല് മണി വരെ ഓരോന്ന് ആലോചിച്ച് കിടന്നു. കോളേജില്‍ പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് സിങ്കോസള്‍ഫാന്‍ കമ്പനിക്കെതിരെ സമരങ്ങള്‍ നടത്തിയിരുന്നു. സിങ്കോസള്‍ഫാന്റെ ഉപയോഗം മൂലം പലവിധ ആരോഗ്യപ്രശ്നങ്ങളുമുണ്ടാകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത് ഞാനും ദീപയുമുള്‍പ്പെട്ട ഗവേഷകസംഘത്തിന്റെ പഠനത്തിലാണ്. അന്ന് ആവേശപൂര്‍വ്വം നടത്തിയ സമരങ്ങള്‍ക്ക് സിങ്കോസള്‍ഫാന്റെ പണക്കരുത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കുവാനായില്ല. കോളേജില്‍ നിന്നിറങ്ങിയ ശേഷം രാഷ്ട്രീയപ്രവര്‍ത്തനമൊക്കെ നിര്‍ത്തി, ഒരു ജോലിയൊക്കെ ചെയ്ത് ജീവിച്ചു വരികയായിരുന്നു. ഇടയ്ക്കിടെ വിലക്കയറ്റവും ബന്ദും ഹര്‍ത്താലുമൊക്കെയുണ്ടാകുമ്പോള്‍ തെറി വിളിക്കുന്നതില്‍ മാത്രമൊതുങ്ങി എന്റെ രാഷ്ട്രീയം. അല്ലെങ്കിലും ജീവിതത്തില്‍ ഒരു സ്ഥിരത ഒക്കെ ആയിക്കഴിഞ്ഞാല്‍ എന്ത് രാഷ്ട്രീയപ്രവര്‍ത്തനം? സ്വന്തം കാര്യം നടക്കുന്നത് വരേയുള്ളു ഏത് രാഷ്ട്രീയവും. അവളായി അവളുടെ പാടായി. ഇപ്പോള്‍ ഞാന്‍ ചോറ് കഴിക്കുന്നത് തന്നെ സിങ്കോസള്‍ഫാന്റെ കനിവിലാണ്!
ഉറങ്ങി എഴുന്നേറ്റപ്പോള്‍ ഇന്നലത്തെ ഫോണ്‍ വിളിയുടെ കാര്യം മറന്നു പോയിരുന്നു [ജീവിതത്തില്‍ ടെന്‍ഷനടിക്കുവാന്‍ വേറെ എന്തൊക്കെയോ നല്ല കാര്യങ്ങള്‍ കിടക്കുന്നു]. വൈകി ഉറങ്ങിയത് കൊണ്ടാണെന്ന് തോന്നുന്നു, തലയ്ക്കാകെ ഒരു മന്ദത. രാവിലത്തെ മഴയില്‍ പത്രം ഒട്ടുമുക്കാലും കുതിര്‍ന്നിരുന്നു. പത്രക്കാരനോട് പല തവണ പറഞ്ഞിട്ടുള്ളതാണ് വാതിലിന്റെ താഴെക്കൂടെ അകത്ത് കയറ്റി വെക്കണമെന്ന്. ഇവനൊക്കെ എപ്പോ നന്നാവാനാണ്?
അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ സൈനികരെ അയയ്ക്കും: മോഹന വര്‍മ്മ
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ നാറ്റോ സഖ്യസേനയെ സഹായിക്കുവാനായി ഇന്ത്യന്‍ സൈനികരെ അയക്കുമെന്ന് പ്രധാനമന്ത്രി മോഹന വര്‍മ്മ, അമേരിക്കന്‍ പ്രസിഡന്റ് ഒലാമയുമായൊത്ത് സംയുക്ത പ്രസ്താവനയിറക്കി. ആദ്യ ഘട്ടത്തില്‍ ഏകദേശം അമ്പതിനയിരം ജവാന്മാരെ, അഫ്ഗാനിസ്ഥാനില്‍ വിന്യസിക്കുന്നതായിരിക്കും. പാക്കിസ്ഥാനില്‍ നിന്നുമുള്ള വെല്ലുവിളി കുറഞ്ഞതിനാലാണ്, ഇത്രയുമധികം സൈനികരെ മാറ്റി വിന്യസിക്കുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു. അതിനിടെ നാറ്റോ തങ്ങളുടെ സൈന്യത്തെ ഘട്ടം ഘട്ടമായി പിന്‍വലിക്കുവാനുള്ള നടപടി തുടങ്ങി.
“മോഹന വര്‍മ്മയുടെ ഭരണപാടവം പണ്ട് ആണവക്കരാര്‍ ഒപ്പ് വെച്ചപ്പോഴെ മനസ്സിലായതാണ്. ദക്ഷിണേഷ്യയില്‍ ഇന്ത്യയുടെ പെരുമ ഒന്ന് കൂടി വര്‍ദ്ധിക്കുകയേ ഉള്ളൂ. ഇപ്പോള്‍ തന്നെ, ലോകത്തിലെ പത്ത് ധനാഢ്യര്‍ ഇന്ത്യയില്‍ നിന്നാണ്. ജി.ഡി.പി വളര്‍ച്ചയും ആശാവഹമാണ്”
ഉള്‍പ്പേജിലെ വാര്‍ത്ത കണ്ട് ഞാന്‍ ഒന്ന് നടുങ്ങി.
കോഴിക്കോട് സിങ്കോസള്‍ഫാന്‍ ഓഫീസ് കത്തിച്ചു. വനിതാ രാഷ്ട്രീയപ്രവര്‍ത്തകയെ പൊലീസ് തിരയുന്നു
കോഴിക്കോട്: സിങ്കോസള്‍ഫാന്‍ കമ്പനിയുടെ ഇവിടത്തെ പ്രാദേശിക ഓഫീസ് തീ വെച്ചു നശിപ്പിച്ചു. പ്രമുഖ ആദിവാസി നേതാവും, സജീവ രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകയുമായ ദീപയെ പൊലീസ് തിരയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പെ തന്നെ സിങ്കോസള്‍ഫാന്റെ ഉപയോഗത്തിനെതിരെ പല സ്ഥലങ്ങളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു. പല വിദേശ രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തിയ ഈ കീടനാശിനി ഇന്നും ഇവിടെ നിര്‍ബാധം ഉപയോഗിക്കുകയാണ്. സിങ്കോസള്‍ഫാനെതിരെയുള്ള പ്രതിരോധസമരങ്ങളിലെ മുന്‍നിര പോരാളിയാണ് ഈ സംഭവത്തിന് പിന്നിലുണ്ടെന്ന് സംശയിക്കുന്ന ദീപ…..
….എല്ലാ റെയ്‌ല്‍വേ സ്റ്റേഷനുകളിലും ചെക്ക് പോസ്റ്റുകളിലും ലുക്ക് ഔട്ട് നോട്ടീസ് പതിച്ചിട്ടുണ്ട്.
അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം…
എന്റെ വിവാഹം കഴിഞ്ഞു. ഭാര്യ എറണാകുളത്ത് കാക്കനാട്ടെ ഫോര്‍ട്ട്‌സിറ്റിയിലെ ഒരു MNC-യില്‍ ജോലി ചെയ്യുന്നു. ഒരു പെണ്‍കുട്ടി. എന്നത്തെയും പോലെ അതിസാധാരണമായ ഒരു ശനിയാഴ്ച, ഭക്ഷണം കഴിഞ്ഞ് ഉറങ്ങുമ്പോഴാണ് ഫോണ്‍ ശബ്ദിക്കുന്നത്.
“ഹലോ”
“ഇത് ശ്രീകുമാറിന്റെ വീടല്യോ? പുള്ളിക്കാരന്റെ കയ്യിലൊന്ന് ഫോണ്‍ കൊടുക്കുമോ?” ഘനഗാംഭീര്യമുള്ള ഒരു സ്ത്രീശബ്ദമാണ് അങ്ങേത്തലയ്ക്കല്‍.
“ശ്രീകുമാറാണ് സംസാരിക്കുന്നത്. ഇത് ആരാണ്?”
“ഇത് കമ്മീഷണറുടെ ഓഫീസിന്നാണേ. നിങ്ങള്‍ ഒരു കേസിന്റെ ആവശ്യത്തിനായി ഇവടെ വരെ വരേണ്ട ആവശ്യോണ്ടായിരുന്നു”
പൊലീസുകാരൊക്കെ എന്നാണോ ആവോ മര്യാദ പഠിച്ചത്. സുഹൃത്തിന്റെ ആക്സിഡന്റ് കേസ് കോടതിയില്‍ നടക്കുന്നത് കൊണ്ട് ഈ ഫോണ്‍ വിളിയില്‍ അത്ര പുതുമ തോന്നിയില്ല.
“ഒരു അഞ്ചു മണിയാകുമ്പോള്‍ ഓഫീസ് വരെ ഒന്ന് വരണം”
വനിതാപ്പോലീസ് സംഭാഷണമവിടെ നിര്‍ത്തി. നാല് മണിക്ക് അലാമും വെച്ച് ഞാന്‍ ബാക്കിയുള്ള ഉറക്കമുറങ്ങുവാന്‍ കിടന്നു.
അഞ്ച് ദിവസത്തിന് ശേഷമുള്ള ഒരു വാര്‍ത്താ ചാനലിന്റെ ഫ്ലാഷ് ന്യൂസ് സ്ക്രോള്‍…
…..കോഴിക്കോട് മവോയിസ്റ്റ് ആക്രമണം: യുവ എഞ്ചിനീയര്‍ കൂട്ട് പ്രതി….. Advt: ധരിക്കൂ പോത്തിന്‍കാലനപ്പന്റെ ലോക്കറ്റ്. അകറ്റൂ സമയദോഷം.Call: 03195639 now. നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും പിടിയിലകപ്പെട്ട മവോയിസ്റ്റ് പ്രവര്‍ത്തക ദീപയുടെ മൊഴി പ്രകാരമാണ് അറസ്റ്റ്…. സംഭവത്തിന് ശേഷം ശ്രീകുമാറിന്റെ ഫോണിലേക്ക് കോള്‍ പോയതിന് തെളിവ് ലഭിച്ചു….മവോയിസ്റ്റ് പ്രസ്ഥാനത്തില്‍ മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ശ്രീകുമാര്‍ സമ്മതിച്ചു…..Advt: മുസലി ശക്തി…..
Possibly Related Posts:
- ഭൂചലനം – കാരണം സി.പി.ഐ(എം) ഉള്‍പ്പോരു്
- 3nxyw24bpf
- എന്നെ ഒറ്റയ്ക്കാക്കിയിട്ട് അവള്‍ പോയി…
- They inked my middle-finger!
- അരിവാള്‍ എന്റെ മനസ്സില്‍ നിന്ന് മായുകയില്ല…. എന്റെ വോട്ട് അരിവാളിന് തന്നെ!!!


