Stinking Issues with Trivandrum Bloggers List
ഇംഗ്ലീഷില്‍ വോയറിസം [voyeurism] എന്നൊരു വാക്കുണ്ട്. അപര വ്യക്തികള്‍ സ്വകാര്യമായി ചെയ്യുന്ന കാര്യങ്ങള്‍ ഒളിഞ്ഞ് നോക്കി ആസ്വദിക്കുന്നതിന് പറയുന്ന പേരാണത്. “Peeping Tom” എന്നും ഈ വൈകൃതം കാണിക്കുന്ന വ്യക്തിയെ വിളിക്കാറുണ്ട്. മലയാളത്തില്‍ വോയറിസത്തിന് തത്തുല്യമായ ഒരു പേരാണ് ചെറ്റത്തരം. ചെറ്റത്തരത്തിന്റെ അര്‍ത്ഥം എന്തെന്ന് ചോദിക്കുകയാണെങ്കില്‍, ചെറ്റ പൊക്കി നോക്കി ആനന്ദം കണ്ടെത്തുന്നവന്‍ എന്ന് പറയാം. അതായത് മറ്റുള്ളവരുടെ സ്വകാര്യത താല്പര്യത്തോടെ വീക്ഷിക്കുന്നവര്‍ കാണിക്കുന്നത് ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ ചെറ്റത്തരമാണ്.
അത്തരമൊരു വൈകൃതം ഒരു ജനാധിപത്യ ഭരണകൂടം കാണിക്കുകയാണെങ്കില്‍, അതിനെ വിമര്‍ശിക്കേണ്ടത് ആ ഭരണകൂടത്തെ തിരഞ്ഞെടുത്ത ഓരോ പൗരന്റെയും കടമയാണ്. അങ്ങനെ വിമര്‍ശിക്കുമ്പോള്‍, ചെറ്റപൊക്കി അല്ലെങ്കില്‍ ചെറ്റ എന്ന താരതമ്യേന ജനസമ്മതിയില്ലാത്ത വാക്ക് ഉപയോഗിക്കുന്നത് പരമ്പരാഗതമായി സ്വീകരിക്കപ്പെടുന്നതല്ലെങ്കിലും, സന്ദര്‍ഭത്തിനും ആ പ്രത്യേക പ്രവൃത്തിക്കും അനുയോജ്യമായതിനാല്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല എന്ന് പറയേണ്ടിയിരിക്കുന്നു.
പറഞ്ഞു വന്നത്, ഈ വിവാദങ്ങള്‍ക്ക് വഴി വെച്ച, ചെറ്റ എന്ന മലയാളം വാക്കിന് പകരം “voyeurist” എന്നുപയോഗിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ ഇന്നീ വിവാദം ഉണ്ടാവുകയില്ലായിരുന്നു. മലയാളത്തില്‍ “foul language” ആകുന്ന പദം, ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യുമ്പോള്‍ മാന്യത കൈവരുമല്ലോ? അതു തന്നെയല്ലേ, ഇംഗ്ലീഷറിയാത്ത പന്ന്യന്‍ രവീന്ദ്രന്‍ മോശക്കാരനും, ഒഴുക്കുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന, പത്രക്കാരെ പോലും കണ്‍ഫ്യൂഷനിലാക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങള്‍ [ഉദാ: cattle class, interlocutor] നടത്തുന്ന ശശി തരൂര് കുലീനനും സര്‍വ്വസമ്മതനുമായത്. വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ കോണിലൂടെ നോക്കുമ്പോള്‍, കേരളത്തിലെ മദ്ധ്യ-ഉപരി വര്‍ഗ്ഗത്തിന്റെ താല്പര്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാണ് മേല്പറഞ്ഞ വര്‍ഗ്ഗീകരണം. സാമ്പത്തിക-സാമൂഹികമായ കാരണങ്ങള്‍ കൊണ്ട്, മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കാതിരുന്ന നമ്മുടെ കേരളത്തിലെ മുഖ്യമന്ത്രി ഇംഗ്ലീഷ് പരിജ്ഞാനമില്ലായ്മയുടെ പേരിലും, താനുപയോഗിക്കുന്ന ഗ്രാമ്യമായ ഭാഷയുടെ പേരിലും അപഹസിക്കപ്പെടുന്നതും, അതേ സമയം സാമ്പത്തികമായും സാമൂഹികമായും ഉയര്‍ന്ന ജീവിതനിലവാരത്തില്‍ ഉള്ള ഒരു കുടുംബത്തില്‍ നിന്നുള്ള വ്യക്തിക്ക് താരതമ്യേന എളുപ്പത്തില്‍ സ്വായത്തമാക്കുവാന്‍ കഴിഞ്ഞ മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന്റെ പേരില്‍ മാത്രം ലഭിക്കുച്ച അനര്‍ഹമായ ജനസമ്മതിയിലെയും വൈരുദ്ധ്യങ്ങള്‍ വര്‍ഗ്ഗരാഷ്ട്രീയത്തിന് ഇന്നത്തെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളിലുള്ള പ്രസക്തി ഒന്ന് കൂടി വര്‍ദ്ധിപ്പിക്കുകയാണ്.
വിവാദവുമായി ബന്ധമുള്ള രണ്ട് പ്രത്യേക പ്രശ്നങ്ങള്‍
ഈ വിവാദത്തെ സംബന്ധിച്ച് രണ്ട് പ്രശ്നങ്ങളാണ് പൊതുവേ ഉണ്ടായത്. ഒന്നാമത്തെ പ്രശ്നമെന്ന് പറയുന്നത് മുന്‍ പോസ്റ്റില്‍ പറഞ്ഞ പോലെ, ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ച് സ്വന്തരാജ്യത്തിലെ പൗരന്മാരുടെ സ്വകാര്യസംഭാഷണം സ്വന്തം രാഷ്ട്രീയതാല്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചു എന്നതാണ്. ശരിക്കും പറഞ്ഞാല്‍, ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ട പ്രധാന വിഷയമിതാണ്. പ്രതീഷ് പ്രകാശ് എന്ന എന്നെയോ, അല്ലെങ്കില്‍ എന്നെ പിന്തുണച്ച മറ്റുള്ളവരെയോ പുറത്താക്കിയത് ഇവിടെ ഒരു വിഷയമല്ല. രാജ്യം ഭരിക്കുവാന്‍ നാമേല്പിച്ചവരുടെ അധാര്‍മ്മികതയില്‍ പ്രതിഷേധിക്കുന്നതിന് പകരം, എന്തെങ്കിലും കുത്തിത്തിരുപ്പുകളുണ്ടാക്കി, ആസനത്തില്‍ ആല്‍കൃഷി നടത്തി ആത്മരതി ആഘോഷിക്കുന്ന നിര്‍ഗുണപരബ്രഹ്മങ്ങളുടെ താളത്തിനൊത്ത് തുള്ളി സമയം കളയേണ്ട കാര്യമില്ല എന്നാണ് എന്റെ പക്ഷം.
രണ്ടാമത്തെ പ്രശ്നമെന്ന് പറയുന്നത് രണ്ട് വ്യക്തികള്‍ സ്വകാര്യമായി ചെയ്ത കാര്യത്തെ, ഒളിഞ്ഞു നോക്കുന്ന ഭരണകൂടത്തിന്റെ മാന്യതയില്ലാത്ത പ്രവൃത്തിയെ [ചെറ്റത്തരം അല്ലെങ്കില്‍ voyeurism] നമ്മുക്ക് സൗകര്യപൂര്‍വ്വം മറക്കാം. “അത് ചെറ്റത്തരമാണ്…” എന്ന് വിളിച്ചു പറയുന്നവര്‍ സംസ്കാരമില്ലാത്തവരാണ്, പുളിച്ച തെറി മാത്രം പറയുന്നവനാണ്, എന്നൊക്കെ ആരോപിച്ച് നമ്മുക്ക് അവരുടെ വായടയ്ക്കാം എന്ന നിലപാടാണ് ഇത് വരെ എതിര്‍ കക്ഷികള്‍ സ്വീകരിച്ചു വന്നിരുന്നത്. അത്തരമൊരു അരാഷ്ട്രീയ നിലപാടാണ്, ഇത് വരെ തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പിലെ തരൂര്‍-അനുയായികള്‍ അവിടെ ഉണ്ടായ ഓരോ പ്രശ്നങ്ങളിലും സ്വീകരിച്ചുകൊണ്ടിരുന്നത്. ഒരു ഘട്ടത്തില്‍, ചെറ്റ എന്ന പദമുപയോഗിച്ചതിന്റെ പേരില്‍ പുറത്താക്കിയ എന്നെയുള്‍പ്പടെ, മറ്റൊരു പബ്ലിക് സ്പേസില്‍ തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പിന്റെ പേരിലുള്ള ബ്ലോഗ്ഗില്‍ അഡ്മിന്‍ തന്നെ ചെറ്റ എന്ന് ഉപയോഗിച്ചതിലെ ധാര്‍മ്മിക-പൊള്ളത്തരം, എന്നെയും ബാക്കിയുള്ളവരെയും വിമര്‍ശിക്കുന്നവര്‍ കാണുന്നില്ല എന്നതാണ്.
ഇന്ത്യന്‍ എക്സ്പ്രസ്സ് വാര്‍ത്ത
ആഷ പി നായര്‍ എന്ന് ബൈലൈന്‍ വെച്ചു കൊണ്ട്, കഴിഞ്ഞ ദിവസം അര്‍ദ്ധസത്യങ്ങളും വളച്ചൊടിക്കപ്പെട്ട സത്യങ്ങളും അതിലേറെ നുണകളും കുത്തി നിറച്ചു കൊണ്ട് ഒരു തീര്‍ത്തും ഏകപക്ഷീയമായ ഒരു വാര്‍ത്ത വരികയുണ്ടായി. വിവാദമുണ്ടായ തിരുവനന്തപുരം മെയ്ലിങ്ങ് ലിസ്റ്റിലെ അംഗമാണ് പ്രസ്തുത “എഴുത്തുകാരി” എന്ന് പിന്നീട് മനസ്സിലാവുകയുണ്ടായി. അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധിക്കെതിരെ നട്ടെല്ല് നിവര്‍ത്തി നിന്ന പത്രത്തില്‍, എന്നെപ്പോലൊരു നിസ്സാരനെ പറ്റി നട്ടാല്‍ കുരുക്കാത്ത നുണകള്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നതിന്റെ പിന്നിലുള്ള ചേതോവികാരം ആഷ പി നായര്‍ വ്യക്തമാക്കേണ്ടതാണ്. ചെയ്യുന്ന ജോലിയോടും, സ്ഥാപനത്തോടുമാണ് നിങ്ങളുടെ കൂറെങ്കില്‍ നിങ്ങള്‍ വ്യക്തമാക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിന് മുന്നേ എന്റെ ചില വിശദീകരണങ്ങള്‍/ചോദ്യങ്ങള്‍:-
1. വാര്‍ത്തയില്‍ പറയുന്നത് പോലെ, തരൂര്‍ ഫാനുകള്‍ അവരുടെ തരൂര്‍-വിധേയത്വം സ്വമേധയാ വെളിപ്പെടുത്തിയിട്ടുള്ളതും, പൊതുവേദികളില്‍ സമ്മതിച്ചിട്ടുമുള്ളതാണ്. അതിനെ എതിരെ നില്‍ക്കുന്നു എന്ന് നിങ്ങള്‍ ആരോപിക്കുന്ന – പിണറായി ഫാന്‍സ് – സമാനമായ രീതിയില്‍ എപ്പോഴെങ്കിലും അവകാശപ്പെടിട്ടുണ്ടോ? ഇടതുപക്ഷ അനുഭാവി എന്ന നിലയില്‍, ഇന്ത്യയിലെ ഒരു മുഖ്യധാരാ ഇടതുപക്ഷ പാര്‍ട്ടിയുടെ കേരളത്തിലെ സെക്രട്ടറിയായ പിണറായി വിജയനെ ലാവലിന്‍ പ്രശ്നത്തിലുള്‍പ്പടെ, അതിനെതിരെ മാദ്ധ്യമങ്ങളിലൂടെ നടത്തുന്ന ശക്തമായ മസ്തിഷ്കപ്രക്ഷാളനങ്ങള്‍ക്കിടയില്‍ ആണെങ്കില്‍ കൂടിയും, തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പിലും പുറത്തും പിന്തുണച്ചത് അദ്ദേഹത്തിന്റെ “ഫാന്‍” ആയത് കൊണ്ടല്ല എന്ന് വ്യക്തമാക്കട്ടെ. അത്തരമൊരു അന്ധമായ വ്യക്ത്യാരാധനയുടെയോ വിധേയത്വത്തിന്റെയോ ആവശ്യം എനിക്കില്ല. പിണറായിസം അല്ല എന്റെ രാഷ്ട്രീയം, മാര്‍ക്സിസമാണ് എന്റെ രാഷ്ട്രീയം എന്ന് കൂടി ഈയവസരത്തില്‍ ഞാന്‍ വ്യക്തമാക്കുന്നു.
2. സി.പി.ഐ (എം) രാഷ്ട്രീയത്തോട് അനുഭാവമുണ്ടെങ്കിലും സി.പി.ഐ (എം)-ന്റെ യാതൊരു വിധത്തിലുള്ള അംഗത്വവും എനിക്കില്ല. പുറത്താക്കപ്പെട്ട മറ്റാര്‍ക്കും സി.പി.ഐ (എം) അംഗത്വമില്ല എന്ന് മാത്രവുമല്ല, വ്യത്യസ്തമായ രാഷ്ട്രീയ നിലപാടുകള്‍ വച്ചു പുലര്‍ത്തുന്നവരാണ് ഈ എട്ട് പേരും എന്നാണ് അറിയുവാന്‍ കഴിഞ്ഞത്. ഇടത് വിരുദ്ധമായ രാഷ്ട്രീയമുള്ള പലരും, അഡ്മിന്റെ ജനാധിപത്യവിരുദ്ധ പ്രവൃത്തിയിലും, തുടര്‍ന്ന നടന്ന സംഭവങ്ങളിലും പ്രതിഷേധിച്ച് തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പ് വിടുകയുണ്ടായി. എന്നിട്ടും, നിങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് ഒരു കോണ്‍ഗ്രസ്-സി.പി.ഐ.(എം) യുദ്ധം എന്ന പേരില്‍ ഈ നിസ്സാര പ്രശ്നത്തെ ഊതിവീര്‍പ്പിച്ചത് എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. ഇതിന്റെ പിന്നിലെ ഉദ്ദേശലക്ഷ്യങ്ങളും വ്യക്തമാക്കേണ്ടതുണ്ട്.
3. തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പില്‍ നിന്ന് ജനാധിപത്യവിരുദ്ധമായി പുറത്താക്കപ്പെട്ട എട്ടു പേരും ഒരു പൊതു വേദിയിലും ഈ പ്രശ്നം ഉന്നയിച്ച് ചെന്നിരുന്നില്ല. എന്നാല്‍, ഒരു ക്ലോസ്ഡ് ഗ്രൂപ്പില്‍ നടന്ന വിവാദത്തെ അതിന്റെ അഡ്മിന്‍ തന്നെയാണ്, മുമ്പ് ഉറപ്പ് തന്നിരുന്ന സ്വകാര്യതയുടെ കടയ്ക്കല്‍ കത്തി വെച്ചുകൊണ്ട് ആദ്യമായി മറ്റൊരു മെയ്ലിങ്ങ് ലിസ്റ്റില്‍ അവതരിപ്പിച്ചത്. പ്രസ്തുത അഡ്മിന്റെ ഇതിനോടകം പ്രസിദ്ധമായ വിവേകമില്ലായ്മയില്‍ പൂര്‍ണ്ണ ബോധ്യമുള്ളത് കൊണ്ട് ഞാന്‍ ഈ പ്രശ്നത്തില്‍ നിന്ന് മനഃപൂര്‍വ്വം ഒഴിഞ്ഞു നില്‍ക്കുവാനാണ് ശ്രമിച്ചിരുന്നത്. പിന്നീടദ്ദേഹം എന്നെയും, ഞാന്‍ പഠിക്കുന്ന സ്ഥാപനത്തിന്റെയും പേരുകള്‍ എന്റെ അനുവാദമില്ലാതെ വെളിപ്പെടുത്തി കൊണ്ടും ഈ പ്രശ്നത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരുടെ സ്വകാര്യതയെ compromise ചെയ്യുന്ന രീതിയിലും, എന്നെ പുറത്താക്കുവാന്‍ ഹേതുവായ വാക്കുകള്‍ ഉപയോഗിച്ചു തന്നെ ഞങ്ങളെയെല്ലാം അധിക്ഷേപിക്കുകയും ചെയ്തു കൊണ്ട് തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പിന്റെ പേരിലുള്ള ബ്ലോഗ്ഗില്‍ പോസ്റ്റിടുകയുണ്ടായി. അത്തരമൊരു അവസരത്തിലാണ്, വായിക്കുന്നവര്‍ രണ്ട് ഭാഗവും അറിയണമല്ലോ എന്ന് കരുതി എന്റെ ഭാഗം ഈ ബ്ലോഗ്ഗിലെ കഴിഞ്ഞ പോസ്റ്റില്‍ ഇട്ടത്.
4. ഇനി, ഉപയോഗിക്കുന്ന വാക്കുകളുടെ സാവര്‍ണ്ണ്യത്തേ കുറിച്ചാണെങ്കില്‍, തരൂര്‍ ഫാന്‍സ് എന്നു് സ്വയം അവകാശപ്പെടുന്നവര്‍, ഞാന്‍ കാര്യമാക്കാത്തതെങ്കിലും, തങ്ങള്‍ മുറുകെപ്പിടുക്കുന്നതായി അവകാശപ്പെടുന്ന സഭ്യതയുടെ പൊതുനീതികള്‍ പ്രകാരം തീര്‍ത്തും ഗ്രാമ്യമായ എത്രയോ വാക്കുകള്‍ പ്രയോഗിച്ചിരിക്കുന്നു? വോട്ടേഴ്സ് ലിസ്റ്റില്‍ പേരുചേര്‍ക്കാന്‍ തരൂര്‍ വ്യാജരേഖയുണ്ടാക്കിയതായി തെളിവുസഹിതം എഴുതിയ കേരളവാച്ചിന്റെ വരുണ്‍ രമേശിനെ മഞ്ഞപ്പത്രക്കാരനെന്നു വിശേഷിപ്പിച്ചതുപോലെ പ്രത്യക്ഷമായ ഇടതുരാഷ്ട്രീയ മനോഭാവം പ്രകടമാക്കാത്തവര്‍ക്കെതിരെ പോലും അസഹിഷ്ണുതയോടെയുള്ള എത്രയോ ഭര്‍ത്സനങ്ങള്‍? വികലമായ ചെളിവെള്ളം – കൊതുകു് ലോജിക്കില്‍ പൊതിഞ്ഞു് ഇടതുപക്ഷത്തിനെതിരെ മോശമായ എത്രയോ ആക്ഷേപങ്ങള്‍? സംവരണത്തിനെതിരെ എന്ന വ്യാജേന സംവരണാര്‍ഹരായ സമുദായങ്ങള്‍ക്കു നേരെ ജാതീയമായ എത്രയെത്ര പിത്തലാട്ടങ്ങള്‍? അന്നൊന്നും അഡ്മിനു് എന്തുകൊണ്ടു് നടപടിയെടുക്കാന്‍ തോന്നിയില്ല എന്നു് ആശാ പി നായര്‍ അന്വേഷിച്ചോ?
5. ഏഴുവയസ്സുകാരി വരെയുള്ള ഗ്രൂപ്പെന്നു് അഡ്മിന്‍ വിശേഷിപ്പിക്കുന്ന അതേ ഗ്രൂപ്പില്‍ അഡ്മിന്റെ പിന്തുണക്കാരനൊരാള്‍ ആരോഗ്യകരമായ ദാമ്പത്യത്തിനു പാലിക്കേണ്ട രതിമുറകള്‍ വിശദീകരിച്ചെഴുതിയപ്പോള്‍, ആ ഏഴുവയസ്സുകാരി സൈക്കിളോടിക്കാന്‍ പോയിരിക്കുകയായിരുന്നോ? ഗൂഗിള്‍ ഗ്രൂപ്പ്സിന്റെ നിയമപ്രകാരമാണ് പ്രവൃത്തിച്ചതെന്ന് പറയുന്ന അഡ്മിന്‍ ഗൂഗിളിന്റെ ഈ ToS കണ്ടില്ലെന്നുണ്ടോ?
To comply with the Children’s Online Privacy Protection Act, at this time Google Groups is only available to users who are at least 13 years old. If you are under 13, you may not register to use the Google Groups service.
അങ്ങനെ, രണ്ട് ഭാഗത്തെയും നിലപാടുകള്‍ വ്യക്തമാക്കുന്ന പോസ്റ്റുകള്‍ നിലനില്‍ക്കെ, ഒരു കക്ഷിയുടെ മാത്രം അഭിപ്രായം പഠിച്ച് ഏകപക്ഷീയമായി ഒരു വാര്‍ത്ത ചമയ്ക്കുന്നതാണോ നിങ്ങളുടെ പ്രൊഫഷണലിസം? തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പിനോടാണോ ഇന്ത്യന്‍ എക്സ്പ്രസ്സിനോടാണോ നിങ്ങളുടെ കൂറ് എന്ന് വ്യക്തമാക്കേണ്ട ധാര്‍മ്മിക ബാദ്ധ്യത നിങ്ങള്‍ക്കുണ്ട്. ഞാന്‍ foul language ഉപയോഗിച്ചു എന്ന് നിങ്ങള്‍ ആരോപിക്കുന്ന ആ വാക്ക്, ഏത് അവസരത്തിലാണുപയോഗിച്ചതെന്ന് ഞാന്‍ വ്യക്തമാക്കിയിരുന്നു [ഈ പോസ്റ്റിന്റെ തുടക്കത്തിലും അത് വ്യക്തമാക്കിയിട്ടുണ്ട്]. അതേ വാക്ക്, പബ്ലിക് സ്പേസില്‍ അതായത്, തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പിന്റെ പേരിലുള്ള ബ്ലോഗ്ഗില്‍ തന്നെ, വ്യക്തിവിരോധത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം അതിന്റെ അഡ്മിന്‍ ഉപയോഗിച്ചപ്പോള്‍ മേല്പറഞ്ഞ മാന്യതക്കുറവ് [അതായത് എന്നെ പുറത്താക്കുവാന്‍ അദ്ദേഹം കണ്ട/ഉണ്ടാക്കിയ കാരണം] എങ്ങനെയാണ് ഇല്ലാതെയാകുന്നത്? ബഹുമാനപ്പെട്ട അഡ്മിന് ആ വാക്കുകള്‍ തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ലിസ്റ്റിന്റെ പേരിലുള്ള ബ്ലോഗ്ഗിലുപയോഗിക്കാം, എന്നാല്‍ ബാക്കിയുള്ളവര്‍ക്ക് പാടില്ല എന്ന ജനാധിപത്യവിരുദ്ധ-നിലപാടിനെ നിങ്ങള്‍ കണ്ടില്ലായെന്ന് നടിക്കുകയും, ആ ജനാധിപത്യവിരുദ്ധതയെ ചോദ്യം ചെയ്ത ഞങ്ങളുടെ പ്രവൃത്തിയെ, നിങ്ങള്‍ നിര്‍മ്മിച്ച വാര്‍ത്തയില്‍ അതിഭീകരമാം വിധം നിസ്സാരവല്‍ക്കരിക്കുകയും, പരിഹസിക്കുകയും ചെയ്തു.
എന്റെ പരിമിതമായ അറിവില്‍, ഇങ്ങനെ ഒരു വാര്‍ത്ത എഴുതുന്നതിന് മുമ്പ് രണ്ട് കക്ഷികളുമായും സംസാരിച്ച ശേഷമേ പ്രസിദ്ധീകരിക്കാറുള്ളൂ. ഇതില്‍ പ്രധാനമായും പേര് പരാമര്‍ശിക്കപ്പെട്ട എന്റെ അടുത്ത് നിങ്ങള്‍ ഇത് വരെ ഒന്നും ചോദിച്ചിട്ടില്ല, എന്റെ നിലപാടുകള്‍ എന്ത് എന്ന് നിങ്ങള്‍ അറിയുവാന്‍ ശ്രമിച്ചിട്ടില്ല.
ആയതിനാല്‍ എനിക്ക് അപകീര്‍ത്തികരമായിട്ടുള്ള രീതിയില്‍ വാര്‍ത്തകള്‍, സ്വന്തം തൊഴിലിനെ ദുരുപയോഗപ്പെടുത്തി വ്യക്തിതാല്പര്യത്തിന്റെ പേരില്‍ പ്രസിദ്ധീകരിച്ചതിന് ആഷ പി. നായരും, ഇന്ത്യന്‍ എക്സ്പ്രസ്സ് എഡിറ്ററും ഇന്ത്യന്‍ എക്സ്പ്രസ്സില്‍ കൂടിത്തന്നെ പൊതുമദ്ധ്യത്തില്‍ മാപ്പ് പറയുകയും, തെറ്റായി എഴുതിയ വാര്‍ത്തകള്‍ തെറ്റാണെന്ന് സമ്മതിക്കുകയും, ശരിയെന്ത് എന്നത് രണ്ട് വശവും പഠിച്ച ശേഷം വസ്തുതാപരമായ തെറ്റുകള്‍ ഒഴിവാക്കി, നിക്ഷ്പക്ഷമായ രീതിയില്‍ പ്രസിദ്ധീകരിക്കേണ്ടതായുമുണ്ട് എന്ന് ഞാന്‍ ഇതിനാല്‍ ആവശ്യപ്പെടുന്നു.
Possibly Related Posts:
- കൊലച്ചോറ് [11:55 AM]
- ചെറ്റ വിവാദം – എന്റെ പക്ഷം
- ഫോണ്‍ കോള്‍
- ഭൂചലനം – കാരണം സി.പി.ഐ(എം) ഉള്‍പ്പോരു്
- 3nxyw24bpf




