ഫോണ്‍ കോള്‍
1832 ദിവസങ്ങള്‍ക്ക് മുമ്പൊരു രാത്രി…
രാത്രി ഭക്ഷണവും കഴിഞ്ഞ് കിടക്കാന്‍ നേരത്ത് ഫോണ്‍ ബെല്ലടിച്ചു. ഇതാരണപ്പാ ഈ നേരത്ത് വിളിക്കാന്‍ എന്ന് മനസ്സിലാലോചിച്ച് ഫോണെടുക്കാന്‍ മുന്നിലെ മുറിയിലേക്ക് പോയി. കൈയ്യിലെ നനവ് ഉടുത്തിരുന്ന മുണ്ടില്‍ തുടച്ചു.
“ഹലോ…”
“ഡാ! ഞാനാ. ഒരു കാര്യം പറയാം. ഞെട്ടരുത്.” ദീപയാണ്. കോളേജിലെ സംഘടനാപ്രവര്‍ത്തന കാലം തൊട്ടേ ദീപയെ പരിചയമുണ്ട്. രാഷ്ട്രീയത്തോടുള്ള ആത്മാര്‍ത്ഥത അവളെ ഒരു മുഴുവന്‍ സമയ രാഷ്ട്രീയക്കാരിയാക്കി. വയനാട്ടിലോ മറ്റോ ആണെന്നാണ് അവസാനമായി കേട്ടത്.
“എന്തുണ്ട് ദീപ വിശേഷങ്ങള്‍. ഈ പാതിരാത്രി എന്ത് പറഞ്ഞാണ് നീ എന്നെ ഞെട്ടിക്കുവാന്‍ പോകുന്നത്.” കല്യാണക്കാര്യം പറയാന്‍ ഇത്രയൊക്കെ ഈ പെണ്ണുങ്ങള്‍ എന്തിനാണിത്ര വളച്ചുകെട്ടുന്നത്?
“ഞാനും എന്റെ ചില സഹപ്രവര്‍ത്തകരും കൂടി അവസാനമതങ്ങ് ചെയ്തു. ഇന്ന് മുതല്‍ എനിക്കും നിനക്കും സമാധാനമായുറങ്ങാം. ആ പന്ന കഴുവേറിമക്കളുടെ, …… ….. ………. കത്തിച്ചു” അവ്യക്തമായെങ്കിലും അവസാനം പറഞ്ഞ വാക്ക് കേട്ടപ്പോള്‍ എന്റെ നട്ടെല്ലിലൂടെ ഒരു കൊള്ളിയാന്‍ പാഞ്ഞു പോയി.
“എന്ത് പണിയാണ് കാണിച്ചത് ദീപ. വീണ്ടു വിചാരമില്ലാതെ ഇങ്ങനെയൊക്കെ ചെയ്യണമായിരുന്നോ? എന്നോടൊരു വാക്ക് ചോദിക്കാമായിരുന്നില്ലേ നിനക്ക്? ഇപ്പോള്‍ നീ എവിടെയാണ്”
ഫോണ്‍ കട്ടായത് ഞാന്‍ അറിഞ്ഞില്ലായിരുന്നു. ഒന്നുകില്‍ അവിടെ റേഞ്ച് പോയി, അല്ലെങ്കില്‍ അവള്‍ ഫോണ്‍ബന്ധം മനഃപൂര്‍വ്വം വിച്ഛേദിച്ചു കളഞ്ഞു.
അതിരാവിലെ നാല് മണി വരെ ഓരോന്ന് ആലോചിച്ച് കിടന്നു. കോളേജില്‍ പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് സിങ്കോസള്‍ഫാന്‍ കമ്പനിക്കെതിരെ സമരങ്ങള്‍ നടത്തിയിരുന്നു. സിങ്കോസള്‍ഫാന്റെ ഉപയോഗം മൂലം പലവിധ ആരോഗ്യപ്രശ്നങ്ങളുമുണ്ടാകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത് ഞാനും ദീപയുമുള്‍പ്പെട്ട ഗവേഷകസംഘത്തിന്റെ പഠനത്തിലാണ്. അന്ന് ആവേശപൂര്‍വ്വം നടത്തിയ സമരങ്ങള്‍ക്ക് സിങ്കോസള്‍ഫാന്റെ പണക്കരുത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കുവാനായില്ല. കോളേജില്‍ നിന്നിറങ്ങിയ ശേഷം രാഷ്ട്രീയപ്രവര്‍ത്തനമൊക്കെ നിര്‍ത്തി, ഒരു ജോലിയൊക്കെ ചെയ്ത് ജീവിച്ചു വരികയായിരുന്നു. ഇടയ്ക്കിടെ വിലക്കയറ്റവും ബന്ദും ഹര്‍ത്താലുമൊക്കെയുണ്ടാകുമ്പോള്‍ തെറി വിളിക്കുന്നതില്‍ മാത്രമൊതുങ്ങി എന്റെ രാഷ്ട്രീയം. അല്ലെങ്കിലും ജീവിതത്തില്‍ ഒരു സ്ഥിരത ഒക്കെ ആയിക്കഴിഞ്ഞാല്‍ എന്ത് രാഷ്ട്രീയപ്രവര്‍ത്തനം? സ്വന്തം കാര്യം നടക്കുന്നത് വരേയുള്ളു ഏത് രാഷ്ട്രീയവും. അവളായി അവളുടെ പാടായി. ഇപ്പോള്‍ ഞാന്‍ ചോറ് കഴിക്കുന്നത് തന്നെ സിങ്കോസള്‍ഫാന്റെ കനിവിലാണ്!
ഉറങ്ങി എഴുന്നേറ്റപ്പോള്‍ ഇന്നലത്തെ ഫോണ്‍ വിളിയുടെ കാര്യം മറന്നു പോയിരുന്നു [ജീവിതത്തില്‍ ടെന്‍ഷനടിക്കുവാന്‍ വേറെ എന്തൊക്കെയോ നല്ല കാര്യങ്ങള്‍ കിടക്കുന്നു]. വൈകി ഉറങ്ങിയത് കൊണ്ടാണെന്ന് തോന്നുന്നു, തലയ്ക്കാകെ ഒരു മന്ദത. രാവിലത്തെ മഴയില്‍ പത്രം ഒട്ടുമുക്കാലും കുതിര്‍ന്നിരുന്നു. പത്രക്കാരനോട് പല തവണ പറഞ്ഞിട്ടുള്ളതാണ് വാതിലിന്റെ താഴെക്കൂടെ അകത്ത് കയറ്റി വെക്കണമെന്ന്. ഇവനൊക്കെ എപ്പോ നന്നാവാനാണ്?
അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ സൈനികരെ അയയ്ക്കും: മോഹന വര്‍മ്മ
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ നാറ്റോ സഖ്യസേനയെ സഹായിക്കുവാനായി ഇന്ത്യന്‍ സൈനികരെ അയക്കുമെന്ന് പ്രധാനമന്ത്രി മോഹന വര്‍മ്മ, അമേരിക്കന്‍ പ്രസിഡന്റ് ഒലാമയുമായൊത്ത് സംയുക്ത പ്രസ്താവനയിറക്കി. ആദ്യ ഘട്ടത്തില്‍ ഏകദേശം അമ്പതിനയിരം ജവാന്മാരെ, അഫ്ഗാനിസ്ഥാനില്‍ വിന്യസിക്കുന്നതായിരിക്കും. പാക്കിസ്ഥാനില്‍ നിന്നുമുള്ള വെല്ലുവിളി കുറഞ്ഞതിനാലാണ്, ഇത്രയുമധികം സൈനികരെ മാറ്റി വിന്യസിക്കുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു. അതിനിടെ നാറ്റോ തങ്ങളുടെ സൈന്യത്തെ ഘട്ടം ഘട്ടമായി പിന്‍വലിക്കുവാനുള്ള നടപടി തുടങ്ങി.
“മോഹന വര്‍മ്മയുടെ ഭരണപാടവം പണ്ട് ആണവക്കരാര്‍ ഒപ്പ് വെച്ചപ്പോഴെ മനസ്സിലായതാണ്. ദക്ഷിണേഷ്യയില്‍ ഇന്ത്യയുടെ പെരുമ ഒന്ന് കൂടി വര്‍ദ്ധിക്കുകയേ ഉള്ളൂ. ഇപ്പോള്‍ തന്നെ, ലോകത്തിലെ പത്ത് ധനാഢ്യര്‍ ഇന്ത്യയില്‍ നിന്നാണ്. ജി.ഡി.പി വളര്‍ച്ചയും ആശാവഹമാണ്”
ഉള്‍പ്പേജിലെ വാര്‍ത്ത കണ്ട് ഞാന്‍ ഒന്ന് നടുങ്ങി.
കോഴിക്കോട് സിങ്കോസള്‍ഫാന്‍ ഓഫീസ് കത്തിച്ചു. വനിതാ രാഷ്ട്രീയപ്രവര്‍ത്തകയെ പൊലീസ് തിരയുന്നു
കോഴിക്കോട്: സിങ്കോസള്‍ഫാന്‍ കമ്പനിയുടെ ഇവിടത്തെ പ്രാദേശിക ഓഫീസ് തീ വെച്ചു നശിപ്പിച്ചു. പ്രമുഖ ആദിവാസി നേതാവും, സജീവ രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകയുമായ ദീപയെ പൊലീസ് തിരയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പെ തന്നെ സിങ്കോസള്‍ഫാന്റെ ഉപയോഗത്തിനെതിരെ പല സ്ഥലങ്ങളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു. പല വിദേശ രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തിയ ഈ കീടനാശിനി ഇന്നും ഇവിടെ നിര്‍ബാധം ഉപയോഗിക്കുകയാണ്. സിങ്കോസള്‍ഫാനെതിരെയുള്ള പ്രതിരോധസമരങ്ങളിലെ മുന്‍നിര പോരാളിയാണ് ഈ സംഭവത്തിന് പിന്നിലുണ്ടെന്ന് സംശയിക്കുന്ന ദീപ…..
….എല്ലാ റെയ്‌ല്‍വേ സ്റ്റേഷനുകളിലും ചെക്ക് പോസ്റ്റുകളിലും ലുക്ക് ഔട്ട് നോട്ടീസ് പതിച്ചിട്ടുണ്ട്.
അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം…
എന്റെ വിവാഹം കഴിഞ്ഞു. ഭാര്യ എറണാകുളത്ത് കാക്കനാട്ടെ ഫോര്‍ട്ട്‌സിറ്റിയിലെ ഒരു MNC-യില്‍ ജോലി ചെയ്യുന്നു. ഒരു പെണ്‍കുട്ടി. എന്നത്തെയും പോലെ അതിസാധാരണമായ ഒരു ശനിയാഴ്ച, ഭക്ഷണം കഴിഞ്ഞ് ഉറങ്ങുമ്പോഴാണ് ഫോണ്‍ ശബ്ദിക്കുന്നത്.
“ഹലോ”
“ഇത് ശ്രീകുമാറിന്റെ വീടല്യോ? പുള്ളിക്കാരന്റെ കയ്യിലൊന്ന് ഫോണ്‍ കൊടുക്കുമോ?” ഘനഗാംഭീര്യമുള്ള ഒരു സ്ത്രീശബ്ദമാണ് അങ്ങേത്തലയ്ക്കല്‍.
“ശ്രീകുമാറാണ് സംസാരിക്കുന്നത്. ഇത് ആരാണ്?”
“ഇത് കമ്മീഷണറുടെ ഓഫീസിന്നാണേ. നിങ്ങള്‍ ഒരു കേസിന്റെ ആവശ്യത്തിനായി ഇവടെ വരെ വരേണ്ട ആവശ്യോണ്ടായിരുന്നു”
പൊലീസുകാരൊക്കെ എന്നാണോ ആവോ മര്യാദ പഠിച്ചത്. സുഹൃത്തിന്റെ ആക്സിഡന്റ് കേസ് കോടതിയില്‍ നടക്കുന്നത് കൊണ്ട് ഈ ഫോണ്‍ വിളിയില്‍ അത്ര പുതുമ തോന്നിയില്ല.
“ഒരു അഞ്ചു മണിയാകുമ്പോള്‍ ഓഫീസ് വരെ ഒന്ന് വരണം”
വനിതാപ്പോലീസ് സംഭാഷണമവിടെ നിര്‍ത്തി. നാല് മണിക്ക് അലാമും വെച്ച് ഞാന്‍ ബാക്കിയുള്ള ഉറക്കമുറങ്ങുവാന്‍ കിടന്നു.
അഞ്ച് ദിവസത്തിന് ശേഷമുള്ള ഒരു വാര്‍ത്താ ചാനലിന്റെ ഫ്ലാഷ് ന്യൂസ് സ്ക്രോള്‍…
…..കോഴിക്കോട് മവോയിസ്റ്റ് ആക്രമണം: യുവ എഞ്ചിനീയര്‍ കൂട്ട് പ്രതി….. Advt: ധരിക്കൂ പോത്തിന്‍കാലനപ്പന്റെ ലോക്കറ്റ്. അകറ്റൂ സമയദോഷം.Call: 03195639 now. നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും പിടിയിലകപ്പെട്ട മവോയിസ്റ്റ് പ്രവര്‍ത്തക ദീപയുടെ മൊഴി പ്രകാരമാണ് അറസ്റ്റ്…. സംഭവത്തിന് ശേഷം ശ്രീകുമാറിന്റെ ഫോണിലേക്ക് കോള്‍ പോയതിന് തെളിവ് ലഭിച്ചു….മവോയിസ്റ്റ് പ്രസ്ഥാനത്തില്‍ മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ശ്രീകുമാര്‍ സമ്മതിച്ചു…..Advt: മുസലി ശക്തി…..
Possibly Related Posts:
- ഭൂചലനം – കാരണം സി.പി.ഐ(എം) ഉള്‍പ്പോരു്
- 3nxyw24bpf
- എന്നെ ഒറ്റയ്ക്കാക്കിയിട്ട് അവള്‍ പോയി…
- They inked my middle-finger!
- അരിവാള്‍ എന്റെ മനസ്സില്‍ നിന്ന് മായുകയില്ല…. എന്റെ വോട്ട് അരിവാളിന് തന്നെ!!!



എടാ മിടുക്കാ.. നീ ഫിക്ഷൻ എഴുതാറുണ്ടാ…
കലക്കി പ്രതീഷ്…..!
സത്യത്തില്‍ ഇങ്ങള് ആരാണ് ചെങ്ങായി ?
മനോഹരം പ്രതീഷേ.
മനുഷ്യനെ കിളി ആക്കി കളഞ്ഞു!
തൊഴുതു!
ചേട്ടന്‍ ഒരു സംഭവം തന്നെ. അസാധാരണം, പക്ഷെ ലളിതം. എനിക്കാ പത്ര റിപ്പോര്‍ട്ട് ഇഷ്ടപ്പെട്ടു!
കലക്കി മച്ചാ !!
ഒന്നാലോചിച്ചാൽ ശരിയല്ലേ? ഫോൺ കോളിന്റെ പേരിൽ മാത്രമാണ് ഈ അറസ്റ്റെങ്കിൽ എൽ.ഡി.എഫ് സർക്കാറിലെ ആഭ്യന്തര മന്ത്രി രാജിവെക്കണ്ടേ? ഉമ്മൻ ചാണ്ടി അപ്പോൾ അറസ്റ്റ് ചെയ്തില്ല എന്ന് പറയുന്നത് അങ്ങേരു നല്ല കാര്യമല്ലേ ചെയ്തത്? അതെന്താ പ്രതീഷേ പറയാത്തത്?
“…..കോഴിക്കോട് മവോയിസ്റ്റ് ആക്രമണം: യുവ എഞ്ചിനീയര്‍ കൂട്ട് പ്രതി….. Advt: ധരിക്കൂ പോത്തിന്‍കാലനപ്പന്റെ ലോക്കറ്റ്. അകറ്റൂ സമയദോഷം.Call: 03195639 now. നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും പിടിയിലകപ്പെട്ട മവോയിസ്റ്റ് പ്രവര്‍ത്തക ദീപയുടെ മൊഴി പ്രകാരമാണ് അറസ്റ്റ്…. സംഭവത്തിന് ശേഷം ശ്രീകുമാറിന്റെ ഫോണിലേക്ക് കോള്‍ പോയതിന് തെളിവ് ലഭിച്ചു…”
കൊള്ളാം… ആ പരസ്യം… പക്ഷേ പ്രതീഷേ, ഈ ഒരു പോസ്റ്റ് ഉണ്ടാക്കിയത് വെറും പത്ര വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണെങ്കില്‍ എനിക്കൊന്നും പറയാനില്ല. വെറും ഒരു ഫോണ്‍ കോള്‍ ആണ് അറെസ്റ്റിന്‍റെ മാനദണ്ഡം എന്നു വിവരമില്ലാത്ത മലയാള മാധ്യമ പ്രവര്‍ത്തകര്‍ എഴുതുന്നത് മനസ്സിലാക്കാം.. പക്ഷേ താങ്കള്‍ ഇത്തരം ഒരു സംഭവത്തിനു പിന്തുണ പ്രഖ്യാപിക്കേണ്ടിയിരുന്നില്ല.
തടിയന്‍റവിടെ നസീറും മറ്റു ഭീകരരും ഈ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയുടെ വീട്ടില്‍ താമസിച്ചിരുന്നു, കൃത്യത്തിനു തൊട്ടു മുന്‍പ്. കാശ്മീരില്‍ കൊല്ലപ്പെട്ട അബ്ദുല്‍ റഹീമിനെ 15 തവണ അങ്ങോട്ട് വിളിച്ചത് സ്വന്തം ബന്ധുവിന് കല്യാണം ആലോചിക്കാനാവുമോ? ആ, എനിക്കറിയില്ല. എല്ലാം കാലം തെളിയിക്കും. ഒരു പക്ഷേ പറഞ്ഞത് മാറ്റി പറയാന്‍ വേറെ ആരൊക്കെ മുതിര്‍ന്നാലും താങ്കള്‍ ചെയ്യില്ലായിരിക്കാം. പക്ഷേ സ്വയം പ്രതിരോധിക്കേണ്ട ഒരു സാഹചര്യം ഉണ്ടാക്കാതെ ഇരിക്കുന്നതല്ലേ സേഫ്?
കഥയുടെ ക്രാഫ്റ്റ് അത്ര മെച്ചമുള്ളതായി തോന്നിയില്ലെങ്കിലും, അതിലൂടെ പറയാന്‍ ശ്രമിച്ച കാര്യവും അതിന്റെ രാഷ്ട്രീയവും ഏറെ പ്രസക്തം തന്നെയാണ്. എഴുത്തിന്റെ കാലികപ്രസക്തിയും അതു തന്നെയാണ്.
അഭിവാദ്യങ്ങളോടെ
@Rajeeve Chelanat: സത്യസന്ധമായി അഭിപ്രായം രേഖപ്പെടുത്തിയതില്‍ റൊമ്പ നണ്ട്രി
കഥയും കവിതയുമൊക്കെയെഴുതുവാനുള്ള കഴിവ് പണ്ടേയില്ല. ഒരു ദുര്‍ബല നിമിഷത്തിലെഴുതിത്തുടങ്ങി, കുറെ തിരുത്തി, പ്രസിദ്ധീകരണയോഗ്യമെന്ന് എനിക്ക് തോന്നിയപ്പോ പബ്ലിഷ് ചെയ്തു. [ഒള്ളത് പറഞ്ഞാല്‍ ഞാനെഴുതിയതില്‍ ഏറ്റവും മികച്ച കഥയാണിത്
]. അഭിവാദ്യങ്ങള്‍.
@tux:
@ശാശ്വത്: സ്വയം പ്രതിരോധിക്കേണ്ട അവസരം വന്നാല്‍ പ്രതിരോധിച്ചിരിക്കും. തെറ്റെന്ന് ബോധ്യം വരുന്ന നിലപാടുകള്‍ തിരുത്തുകയും ചെയ്യും. അതിലൊക്കെ എന്തിരിക്കുന്നു?
@LDF Sarkar: ഓ ശരി!
@അഭി, ഹരി, കിരണ്‍സ്, ടിന്റുമോന്‍, സുനില്‍ കൃഷ്ണന്‍, കാല്‍വിന്‍ : പോസ്റ്റ് വായിക്കുകയും അഭിപ്രായം പറയുകയും ചെയ്തതിന് വളരെ നന്ദിയുണ്ട്. ഇനിയും വരിക.
ഫോണ്‍ കോള്‍…?
Updated your feed from blogspot to this site…
എന്റെ പത്രം വായന സ്പോർട്ട്സ് പേജിൽ മാത്രം ഒതുങ്ങി നിൽക്കുന്നതിനാൽ ആദ്യം കാര്യം പിടികിട്ടിയില്ല
കൊള്ളാം! സാഹിത്യം തുടരുക….