മദകടാനന്ദ സ്വാമികളുമായിട്ടൊരു അഭിമുഖം
വളരെ യാദൃശ്ചികമായിട്ടായിരുന്നു സ്വാമി മദകടാനന്ദനെ എന്റെ സുഹൃത്ത് (ഞാനല്ല) കണ്ടുമുട്ടിയത്. അഭിമുഖത്തിന്റെ കാര്യം പറഞ്ഞപ്പോഴെ മദകടന്‍ ഉത്സാഹമതിയായി. ശാസ്ത്രത്തിലും മതത്തിലും അതിഫയങ്കരമായ ജ്ഞാനമുള്ള സ്വാമികള്‍, തന്റെ അമ്പലം നിരങ്ങലുകളുടെ ഇടയ്ക്ക് കിട്ടിയ ചെറിയ ഇടവേളയില്‍, സുഹൃത്തിന്റെ ചോദ്യങ്ങള്‍ക്ക് ശക്തവും വ്യക്തവും കൃത്യവുമായ ഉത്തരങ്ങള്‍ നല്‍കി സുഹൃത്തിന്റെ വായടപ്പിക്കുകയാണവസാനമുണ്ടായത്. അധികം നീട്ടുന്നില്ല. അഭിമുഖത്തിലേക്ക് കടക്കാം.
സുഹൃത്ത്: ഒരു നൂറ്റമ്പത് വര്‍ഷം മുമ്പ് വരെയെങ്കിലും വളരെ പ്രകടമായിട്ട് ജാതീയമായ ഉച്ചനീചത്വങ്ങള്‍ നമ്മുടെ കേരള സമൂഹത്തിലും നിലനിന്നിരുന്നു. വര്‍ണ്ണ വ്യവസ്ഥയില്‍ താഴെ നിന്നവര്‍ക്കും, അവര്‍ണ്ണര്‍ക്കുമെല്ലാം വിദ്യാഭ്യാസം ലഭിച്ചിട്ടും മലയാളി ഹിന്ദുവിന്റെ ഉള്ളിന്റെ ഉള്ളില്‍ ജാതിക്കറയുടെ പാടുകള്‍ മായുന്നില്ല. “ഈഴവരെല്ലാം പന്നിക്ക് പിറന്നവരാണെന്നും”, “താഴ്ന്ന ജാതിക്കാരന്‍ റോക്കറ്റ് പറത്തില്‍ സെക്രട്ടേറിയേറ്റിന്റെ മുകളില്‍ വീഴുമെന്നും” ഒക്കെ സവര്‍ണ്ണ പ്രഭുക്കള്‍ പറഞ്ഞത് വാസ്കോഡിഗാമാ കപ്പലിറങ്ങിയ സമയത്തല്ല. ഈ കാലഘടത്തില്‍ തന്നെ. ഈയിടെ ഒരു ഈഴവ പൂജാരിയെ അമ്പലത്തില്‍ പൂജ ചെയ്യുവാന്‍ സമ്മതിച്ചില്ലായെന്നും കേട്ടു. ഈഴവനായ ശ്രീ. വയലാര്‍ രവി എന്നൊക്കെ ഗുരുവായൂര്‍ പോയാലും, അന്നൊക്കെ അവിടെ പുണ്യാഹം തളിക്കപ്പെടുന്നു. എന്റെ ആദ്യ ചോദ്യം ജാതി വ്യവസ്ഥയെക്കുറിച്ചാണ്, ജാതി വ്യവസ്ഥയില്ലാതെ ഹിന്ദു മതത്തിന് നിലനില്‍പ്പില്ലേ?
സ്വാമി: ഹരി ഓം. കേരളത്തിലെ അതിസമ്പന്നമായ ഒരു തീയ്യ/ഈഴവ തറവാട്ടിലാണ് ഞാന്‍ ജനിച്ചത്. അതുകൊണ്ടു തന്നെ ജാതിയില്‍ താണ ഒരീഴവന്റെ വികാരമെനിക്ക് മനസ്സിലാകും. ജാതിയില്ലാതെ ഹിന്ദു മതത്തിന് നിലനില്പ്പില്ലായെന്ന് പറയുന്നത് വൈദേശിക-മത-വക്താക്കളുടെ പ്രചാരണമാണ്. ഹിന്ദു മതത്തില്‍ ജാതിയുണ്ടായിരുന്നു എന്ന് പറയുന്നത് പൂര്‍ണ്ണമായും ശരിയാണ്. എന്നാല്‍ ഇന്നത്തെ ഹിന്ദു സമൂഹത്തില്‍ ജാതിക്കൊരു പ്രസക്തിയുമില്ല. ജാതിഭേദമില്ലാതെ ഹിന്ദുക്കളെല്ലാം ഒത്ത് ചേര്‍ന്ന് ഹിന്ദു രാഷ്ട്രനിര്‍മ്മാണത്തിനായി പരിശ്രമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഹിന്ദു എവിടെയും എപ്പോഴും ആക്രമിക്കപ്പെടുകയാണ്. ഞങ്ങളുടെ തറവാട്ടിലെ അടിച്ചുതളിക്കാരി ഒരു നായര്‍ സ്ത്രീ ആയിരുന്നു. പുലയ/പറയന്മാരെ ഒന്നും വീട്ടില്‍ കയറ്റില്ലായിരുന്നു. അത്രയ്ക്ക് ആഢ്യരായിരുന്നു എന്റെ കാരണവന്മാര്‍. എന്നാല്‍ ഞാന്‍ അവരുമായിട്ട് കളിക്കുവാനും ഭക്ഷണം കഴിക്കുവാനുമൊന്നും അന്നുമിന്നും മടി കാട്ടിയിരുന്നില്ല. ഇന്നലെയെന്റെ അനിയനൊരു പുലയത്തിയെ കെട്ടിക്കൊണ്ടു വന്നു, വീട്ടുകാരവനെ പുറത്താക്കി. അതില്‍ നിന്നും മനസ്സിലാക്കാം ഞാന്‍ എന്ന വ്യക്തിയുടെ മഹാമനസ്കത. ഇന്നും ഞാനീ പറയ-പുലയ്ന്മാരുടെ കൂടെ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. “സര്‍വ്വ ജാതി ഹിന്ദുക്കളെ, സംഘടിക്കുവിന്‍” എന്നാണ് ഞാനുയര്‍ത്തുന്ന മുദ്രാവാക്യവും.
സുഹൃത്ത്: സ്വാമിജി ഞാന്‍ ചോദിച്ചതിനൊന്നുമല്ല ഉത്തരം നല്‍കിയത്. എന്നാലും പോട്ടെ, കുഴപ്പമില്ല. എന്റെ രണ്ടാമത്തെ ചോദ്യത്തിലേക്ക് കടക്കാം. വേദോപനിഷത്തുകളിലും, പുണ്യ പുരാണങ്ങളിലുമൊക്കെ ശൂദ്രര്‍ക്ക് പശുവിന്റെ പോലും വില കല്പ്പിച്ചിരുന്നില്ലല്ലോ? പണ്ടൊരു കഥ കേട്ടിട്ടുണ്ട്, ശ്രീ രാമന്‍ ശംഭൂകന്‍ എന്നൊരു ശൂദ്രന്‍ തപസ്സനുഷ്ഠിച്ചപ്പോള്‍ പോയി വെട്ടിക്കൊന്നു രാജ്യത്തെ രക്ഷിച്ച കഥ. ഇന്നും സ്ഥിതി വ്യത്യാസമൊന്നുമല്ലല്ലോ? പുരോഗമന പ്രസ്ഥാനങ്ങള്‍ വേരുപിടിക്കാത്ത നാടുകളില്‍ പൊതു ടാപ്പില്‍ നിന്ന് വെള്ളം കുടിക്കുന്ന ദളിതനെ ചുട്ടു തിന്നുകയല്ലേ ജാതി-ഹിന്ദുക്കള്‍?
സ്വാമി:നീതിമാനായ ശ്രീ രാമനെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം ഹേ! നീയാദ്യം പോയി രാമായണം വായിച്ചിട്ട് വലിയ വായില്‍ സംസാരിക്ക്. ശൂദ്രനായിരുന്ന ശംഭൂകന്‍ അഥര്‍വ്വ വേദത്തിലെ ചില മന്ത്രതന്ത്രങ്ങള്‍ നടത്തുകയായിരുന്നു. അഥര്‍വ്വ വേദത്തിലെ ചില ക്രിയകള്‍ മറ്റുള്ളവര്‍ക്ക് ദോഷം വരുത്തുന്നതാണെന്ന് നിനക്കറിയാമായിരിക്കുമല്ലോ സംസ്കാര രഹിതാ. ശ്രീ രാമന്‍ തന്റെ പ്രവൃത്തിയിലൂടെ ശംഭൂകനെ സ്വര്‍ഗ്ഗത്തിലെത്തിക്കുകയാണ് ചെയ്തത്. നിനക്കോര്‍മ്മയുണ്ടോയെന്നറിയില്ല. പണ്ടൊരിക്കല്‍ ത്രിശങ്കുവിനെ സ്വര്‍ഗ്ഗത്തിലോട്ട് കടത്തി വിടാന്‍ വിശ്വാമിത്രന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല. ഇപ്പോ ശ്രീ രാമന്‍ എന്ത് സിമ്പിളായിട്ടാണ് ശംഭൂകനെന്ന ശൂദ്രനെ സ്വര്‍ഗ്ഗത്തിലേക്ക് വിട്ടതെന്ന് നോക്കൂ. ദളിതര്‍ക്കും മുസ്ലിംങ്ങള്‍ക്കും കൃസ്ത്യാനികള്‍ക്കുമൊന്നും സ്വര്‍ഗ്ഗം വേണ്ടെന്നാണോ നീ പറയുന്നത്?
സുഹൃത്ത്: ക്ഷമിക്കണം സ്വാമിജീ. എനിക്കങ്ങയുടെ അത്രയും വിവരമൊന്നുമില്ല. പക്ഷെ, വേദോപനിഷത്തുകളില്‍ പലയിടത്തുമുണ്ടല്ലോ വിദ്യ അഭ്യസിക്കുന്ന ശൂദ്രനെ കൈകാര്യം ചെയ്യുന്ന രീതികള്‍. നീതിമാനായ ശ്രീ രാമനെ പറ്റി പറഞ്ഞപ്പോഴാണ് മറ്റൊരു കാര്യം ഓര്‍ത്തത്. ബാലി എന്ന വാനര രാജാവിനെ വധിച്ച് അവന്റെ രാജ്യത്തെയും ഭാര്യയേയും മകനേയും, അനിയനായ സുഗ്രീവന് കൈമാറിയ കഥ. നീതിമാനായ ശ്രീരാമന്‍ എന്തുകൊണ്ടങ്ങനെ ചെയ്തു?
സ്വാമി:കൂപമണ്ഡൂകമേ! റൈറ്റ് സഹോദരന്മാര്‍ വിമാനം കണ്ടുപിടിക്കുന്നതിനു മുമ്പേ ഈ മഹാരാജ്യത്ത് വിമാനങ്ങള്‍ പറന്നിരുന്നു. ലോകത്തിലെല്ലാവരും പുകഴ്ത്തിയ ഐതിഹ്യത്തെ നീ ഇങ്ങനെ സംശയിക്കരുത്, വിമര്‍ശിക്കരുത്. സുഗ്രീവനെ രാജ്യത്ത് നിന്നുമോടിച്ച് വിട്ട്, സുഗ്രീവന്റെ ഭാര്യയായിരുന്ന രുമയെ പ്രാപിച്ചത് മൂലമാണ് ബാലിയെ ശ്രീരാമചന്ദ്രന്‍ ഒളിഞ്ഞിരുന്നു വധിച്ചത്. അല്ലാതെ സുഗ്രീവനെ സോപ്പിട്ട് അവന്റെ വാനര സൈന്യത്തിന്റെ പിന്തുണ കിട്ടാനൊന്നുമായിരുന്നില്ല. വീട്ടുകാരൊക്കെ നിന്നെ വളര്‍ത്തിയതിന്റെ കുഴപ്പമാ നിന്നില്‍ കാണുന്നത്.
സുഹൃത്ത്: അല്ല സ്വാമീ. രാമന്റെ കൂടെ നിന്നാലപ്പോള്‍ ആരുടെ ഭാര്യയെ പ്രാപിക്കുന്നതിനും, ആരുടെ രാജ്യം കൈക്കലാക്കുന്നതിനും പ്രശ്നമില്ലെന്നാണോ? (അമേരിക്കയുടെ പൃഷ്ഠം താങ്ങിയാല്‍ എന്ത് തന്തയില്ലായ്മത്തരവും കാണിക്കാമെന്നത് പോലെ)
സ്വാമി:ബബ്ബ..ബബ്ബ..ബബ്ബ! അത്.. അത്…. സുഗ്രീവന്‍ താരയെ പ്രാപിച്ചു എന്നാര് പറഞ്ഞു. സംസ്കാരമില്ലാത്തവനേ. നിന്റെ അത്രയും തറ സംസ്കാരമില്ലാത്തത് കൊണ്ട് അതിനു ഞാന്‍ മറുപടി പറയുന്നില്ല. വളര്‍ത്തു ദോഷം എന്നല്ലാതെ എന്ത് പറയുവാനാ? ഹിന്ദു മതത്തിന്റെ ശാസ്ത്രീയതയെക്കുറിച്ച് നിനക്കെന്തറിയാം. ഋഗ്വേദത്തിലെ മന്ത്രങ്ങള് കമ്പ്ലീറ്റ് ശാസ്ത്രമല്ലേ. ഞാനതൊക്കെ വായിച്ചിട്ടുണ്ട്. അതില് പറയാത്ത കാര്യങ്ങളില്ല. ഇന്നത്തെ പടിഞ്ഞാറന്‍ ശാസ്ത്രജ്ഞര്‍, പണ്ട് നമ്മള് കണ്ടുപിടിച്ചതൊക്കെ വീണ്ടും കണ്ടുപിടിക്കുകയാണ് ചെയ്യുന്നത്. കലികാലം എന്നല്ലാതെ എന്ത് പറയാനാ?
സുഹൃത്ത്:വേദോപനിഷത്തുകളില്‍ ശാസ്ത്രസത്യങ്ങളുണ്ടെന്ന്പറയുന്നത് ശരിയെങ്കില്‍ നല്ലത് തന്നെ.പക്ഷെ സ്വാമീ എന്റെ സംശയം വര്‍ദ്ധിക്കുകയാണ്. വിമാനവും, അണുവിസ്ഫോടനവും, ഇലക്ട്രോണും, ന്യൂട്രോണുമൊക്കെ വേദോപനിഷത്തുകളിലുണ്ടെങ്കില്‍ നാമെന്തിനാണ് പാശ്ചാത്യര്‍ കണ്ടുപിടിക്കുംവരെ കാത്തിരിക്കുന്നത്? നേരത്തെ തന്നെ ഏതെങ്കിലും പീര്‍ റിവ്യൂഡ് ജേണലുകളില്‍ പബ്ലിഷ് ചെയ്താല്‍ മതിയായിരുന്നുവല്ലോ? ഇനിയുമേറെ കണ്ടുപിടിക്കാത്ത കുറെ കണ്ടുപിടുത്തങ്ങള്‍ കാണില്ലേ നമ്മുടെ വേദങ്ങളില്‍. നമ്മുക്കതങ്ങ് പബ്ലിഷ് ചെയ്താലോ?
സ്വാമി:പ്രിയ സുഹൃത്തേ. നിങ്ങള്‍ക്ക് തെറ്റി. നിങ്ങളിതിനെയെല്ലാം ഒരു ഭൗതിക തലത്തിലാണ് കാണുവാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഹൈന്ദവ ഗ്രന്ഥങ്ങളില്‍ എല്ലാം തന്നെ ആത്മീയമായൊരു തലത്തിലാണ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ശാസ്ത്രത്തിനെ ഭൗതികമായ കാര്യങ്ങളെ കൈകാര്യം ചെയ്യുവാനുള്ള ശേഷിയേയുള്ളൂ. ശാസ്ത്രത്തിന് ഉത്തരം കിട്ടാത്തെ കാര്യങ്ങളൊക്കെ മെറ്റാ-ഫിസിക്സില്‍ ഉള്‍പെടുത്തി ഒഴിവാക്കുകയാണ് പതിവ്. എന്നാല്‍ വേദത്തില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങളില്ല. ഭൗതികയേയും ആത്മീയതേയും പറ്റി നീ പഠിക്കുവാന്‍ ശ്രമിക്ക്. യഥാര്‍ത്ഥ ശാസ്ത്രമെന്തെന്ന് ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ? അല്ലേ? നീ നേരത്തെ ജേണലെന്നോ, പീര റിവ്യൂ എന്നോ മറ്റോ പറഞ്ഞല്ലോ. എന്തരാടേയത്? ഞാന്‍ ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കാത്തത് കൊണ്ട് പുതിയ ഐസ്ക്രീമുകളുടെ പേരൊന്നും അറിയത്തില്ലാന്നേ. നിനക്ക് ഞാനൊരു ഉപദേശം ഫ്രീ ആയിട്ട് തരാം. “ഒരു കാര്യത്തെക്കുറിച്ച് പഠിക്കാതെ, അതിനെ പറ്റി ആധികാരികമായി അഭിപ്രായം പറയരുത്.”
സുഹൃത്ത്:പീര റിവ്യൂ അല്ല സ്വാമീ. പീര്‍ റിവ്യൂ. ഉത്തരം മുട്ടുമ്പോള്‍ ഞാന്‍ സാധാരണ കേള്‍ക്കാറുള്ള കാര്യമാണ് ഈ ആല്‍മീയതയും, പോസിറ്റീവ് എനര്‍ജിയുമൊക്കെ. ശ്രീ രാമനെക്കുറിച്ച് ഞാനൊരു ചോദ്യം കൂടി ചോദിച്ചോട്ടെ. പൂര്‍ണ്ണ ഗര്‍ഭിണിയായ സീതാദേവിയെ, കൊടുംകാട്ടില്‍ കൊണ്ടു പോയി ഉപേക്ഷിച്ചത് എന്ത് നീതിയുടെ അടിസ്ഥാനത്തിലാണ്?
സ്വാമി:ഹിന്ദു മതം എത്ര tolerant ആണെന്ന് നിനക്കറിയുമോ കുഞ്ഞേ? നീ ഇപ്പറഞ്ഞത് മുസ്ലീമിനെ പറ്റിയോ, കൃസ്ത്യാനിയെ പറ്റിയോ ആയിരുന്നെങ്കില്‍ ഇപ്പോ കാണാമായിരുന്നു. ചേകന്നൂര്‍ മൗലവിയെ പറ്റി കേട്ടിട്ടുണ്ടോ? ഞങ്ങളൊക്കെ എല്ലാം കേട്ടും സഹിച്ചും കഴിയുന്ന സാധാരണക്കാര്‍. സമാധാനത്തെ പറ്റിയല്ലാതെ ഹിന്ദു മതം സംസാരിക്കുന്നില്ല. അറിയുവോ കുട്ടിക്ക്. അതെങ്ങനെ താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പെന്ന് പറയുന്ന നിന്നെ പോലുള്ളവരാണ് ഈ മതത്തിന്റെ പ്രശ്നം. നീയേതാ ജാതി?
സുഹൃത്ത്: എന്റെ അച്ഛനും അമ്മയും ഹിന്ദു ഈഴവരാണ് സ്വാമീ. സിഖ് മതക്കാരായിരുന്നു എന്റെ അച്ഛനുമമ്മയുമെങ്കില്‍ ഞാന്‍ സിഖുകാരനാകുമായിരുന്നു. എനിക്കീ ജാതിയിലും മതത്തിലുമൊന്നും ഇപ്പോള്‍ വിശ്വാസമില്ല. സ്വാമീ ഞാന്‍ ചോദ്യത്തിലേക്ക് തിരികെ വരാം. എം. എഫ്. ഹുസൈന്‍ എന്ന ചിത്രകാരനോടും, ചിത്രകാരന്‍ എന്ന ബ്ലോഗ്ഗറോടും ഹിന്ദു മതം കാണിച്ച സഹിഷ്ണുതയെ പറ്റി പറയാതിരിക്കുയാകും ഭേദം.
സ്വാമി:അപ്പോ നമ്മളെല്ലാം ഒരു ടീമാണല്ലേ. അനിയാ ഞാനൊന്ന് ചോദിക്കട്ടെ, നിന്റെ അമ്മയുടെയോ പെങ്ങളുടെയോ നഗ്ന ചിത്രം വരച്ചാല്‍ നീയതങ്ങ് കണ്ടാസ്വദിച്ച് നില്‍ക്കുമോ? ഇവിടെ ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയാല്‍ അവന്റെ ശവം വീഴ്ത്തും ഞങ്ങള്‍. ഏത് പട്ടിക്കഴുവേറി മകനാണെടാ ഹിന്ദുക്കളെ തൊടുവാന്‍ ധൈര്യം? എം. എഫ്. ഹുസൈന് ഞങ്ങള്‍ കൊടുത്ത ഒരു ആനുകൂല്യമാണ് അവന്റെ ജീവന്‍. ചിത്രകാരന്റെ ബ്ലോഗ്ഗ് വായിച്ചിട്ടുണ്ട്. ചിത്രകാരന്റെ നായര്‍ bashing പോസ്റ്റുകള്‍ കണ്ടെനിക്ക് രതിമൂര്‍ച്ഛ വരെ വന്നിട്ടുണ്ട്. പക്ഷെ അവന്‍ ഹിന്ദു ദൈവങ്ങളെ തെറി പറഞ്ഞെഴുതിയത് ചെറ്റത്തരമായിപ്പോയി. നമ്മുടെ മഹത്തായ ഗ്രന്ഥങ്ങളെ ആ ഒരു സംശയത്തിന്റെ കണ്ണുകളിലൂടെ നോക്കിക്കാണരുത്. ഒരു ഭാരതീയനില്‍ നിന്നുമൊരിക്കലുമത് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. നമ്മുടെ ഐതിഹ്യങ്ങളെക്കുറിച്ച് നാം എപ്പോഴും അഭിമാനത്തോട് കൂടിയേ സംസാരിക്കാവൂ.
സുഹൃത്ത്: അല്ല സ്വാമീ. രാമായണവും മഹാഭാരതവുമൊക്കെ മഹത്തായ കാവ്യങ്ങള്‍ എന്ന രീതിയില്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. എന്നാലതിനെയൊക്കെ ഇത്രയും വികാരത്തോടെ കണ്ട്, അതിലെ കഥാപാത്രങ്ങളെയൊക്കെ ആരാധിക്കേണ്ടുന്ന കാര്യമുണ്ടോ? അങ്ങനെയെങ്കില്‍ കുറച്ചു കൂടി ആധുനികവും വിശ്വാസയോഗ്യവുമായത് മായാവിയും ടിന്‍ടിനുമൊക്കെയല്ലേ? സ്വന്തം ഭാര്യയെ കാട്ടിലുപേക്ഷിച്ച ശ്രീരാമനെയൊക്കെ വെച്ച് നോക്കുമ്പോള്‍ കുട്ടൂസനൊക്കെ എന്ത് ഡീസന്റാണ്? ആ ഡാകിനിയെ ഒക്കെ എത്ര നാളായി കൂടെ കൂട്ടിയിരിക്കുന്നു? നാം ജീവിക്കുന്ന ആധുനിക ലോകത്തില്‍ വിമര്‍ശനങ്ങള്‍ക്ക് അതിന്റേതായ സ്ഥാനമുണ്ടെന്നാണ് സ്വാമീ ഞാന്‍ വിശ്വസിക്കുന്നത്. ഏത് ശാസ്ത്ര തത്ത്വവും evolve ചെയ്ത് വരുന്നത് വിമര്‍ശങ്ങളിലൂടെയും, ചോദ്യം ചെയ്യലുകളിലൂടെയും ആ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നതിലൂടെയുമാണ്. വിമര്‍ശനാതീതമായ ഒന്നിനെ ശാസ്ത്രമെന്ന് വിളിക്കുവാന്‍ കഴിയുമോ സ്വാമീ?
കാവ്യാത്മകമായി എഴുതുന്നതെന്തും മനുഷ്യന്‍ തോന്നുന്ന രീതിയില്‍ വ്യാഖ്യാനിക്കാമെന്നൊരു ഗുണമുണ്ട്. ആ ഒരു ഗുണം വെച്ചു തന്നെയാണ് വളരുന്ന ശാസ്ത്ര തത്ത്വങ്ങളെ സ്വന്തം കവിതകളും കഥകളും കൊണ്ട് വിവരിക്കുവാന്‍ കഴിയുന്നതും. രാമായണവും, മഹാഭാരതവും, ഗീതയും, വേദോപനിഷത്തുക്കളുമെല്ലാം ഒരു വിമര്‍ശനബുദ്ധിയോടെ വായിക്കേണ്ട ആവശ്യമില്ലേ? ആധുനികതയും ശാസ്ത്രീയതും അവകാശപ്പെടുമ്പൊള്‍ അത് നടത്തേണ്ട ആവശ്യമുയരുന്നില്ലേ?
സ്വാമി: നീ എന്റെയടുത്ത് ഇങ്ങനെ പറഞ്ഞത് കൊള്ളാം. ഇത് വേറെയാരുടെ അടുത്തെങ്കിലും പറഞ്ഞാല്‍ നിന്റെ ശവമെടുപ്പായിരിക്കും നടക്കുക. ഒള്ള കാര്യം പറഞ്ഞേക്കാം. ശാസ്ത്രമെന്ന് പറയുന്നത് “സത്യമാണ്”, ആ സത്യത്തെ പറ്റിയാണ് വേദങ്ങളില്‍ പറഞ്ഞിട്ടുള്ളത്. അന്തിമമായ സത്യമെന്ന് പറയുന്നത് ഒന്നേയുള്ളൂ. അത് ഗീതയിലാണുള്ളത്. അത് വിമര്‍ശനാതീതമാണ്. പിന്നെ സ്വന്തം മുഖത്ത് ചെളിവാരിത്തേച്ചുള്ള വിമര്‍ശനത്തിലൊന്നും താല്‍പര്യമില്ലെനിക്ക്. ഹിന്ദു മതം സത്യമാണ്, ഹിന്ദു മതം മാത്രമാണ് സത്യം. മാത്രോമല്ല ഞാന്‍ ചെയ്തതെല്ലാം ശരിയുമാണ്.
സുഹൃത്ത്: ജീവിച്ചിരുന്ന സമയത്ത് തന്നെ ഒരു ദൈവമായി ആരും ആരാധിക്കരുത് എന്ന് ആഗ്രഹിച്ച ഒരു മനുഷ്യനാണ് ശ്രീ നാരായണ ഗുരു. എന്നാലിന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ ഗുരുവിനെ ചില്ലുകൂട്ടിലടച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയല്ലേ ചെയ്യുന്നത്? നാരായണ ഗുരുവിന്റെ പിന്‍ഗാമികളുടെ ഈ പ്രവൃത്തിയും അദ്ദേഹത്തെ സിമന്റ് നാണു എന്ന് വിളിക്കുന്നവരുടെ പ്രവൃത്തികളും തമ്മിലെന്തെങ്കിലുമന്തരമുണ്ടോ? ഒരു സാമൂഹിക പര്‍ഷ്കര്‍ത്താവ് എന്ന നിലയില്ലാതെ അദ്ദേഹത്തെ, അദ്ദേഹത്തിന് പോലുമിഷ്ടമില്ലാത്ത രീതിയില്‍ കാണുന്നത് അക്ഷന്തവ്യമായ തെറ്റല്ലേ?
സ്വാമി:നാരായണ ഗുരു ദൈവമല്ലെന്ന് നിന്റെയടുത്ത് ആരാണ് പറഞ്ഞത്? അദ്ദേഹത്തിന്റെ കാലത്ത് നടന്ന ദിവ്യാദ്ഭുതങ്ങളെക്കുറിച്ച് നിനക്കെന്തറിയാം? അദ്ദേഹമൊരു ദിവ്യനായിരുന്നു. മഹാവിഷ്ണുവിന്റെ അവതാരമായിരുന്നു നാരായണ ഗുരു എന്നും പറയപ്പെടുന്നുണ്ടത്രേ. നാരായണ ഗുരു “ഈഴവ ശിവനെ” പ്രതിഷ്ഠിച്ചത് തന്നെ അദ്ദേഹത്തിന് ഹിന്ദുത്വത്തില്‍ ആകൃഷ്ടനായത് കൊണ്ടല്ലേ? അല്ലെങ്കിലദ്ദേഹമെന്തു കൊണ്ട് ഈഴവ ബുദ്ധനേയോ, ഈഴവ ഉണ്ണീശോനേയോ പ്രതിഷ്ഠിച്ചില്ല? പറ പറ…
സുഹൃത്ത്: അന്നത്തെ ഹിന്ദു ദുഷ്‌പ്രഭുത്വത്തിനെതിരെ പ്രതികരിക്കുവാന്‍ ഏറ്റവും നല്ല ആയുധം ഈഴവ ശിവനായിരുന്നുവോ എന്ന കാര്യത്തില്‍ എനിക്ക് സന്ദേഹമുണ്ട് സ്വാമീ. ഈഴവ ശിവനെ ഗുരു പ്രതിഷ്ഠിച്ചത് 1888-ലാണ്. അത് കഴിഞ്ഞിട്ടും 1896-ലെ ഈഴവ മെമ്മോറിയല്‍ കഴിഞ്ഞിട്ടും ഈഴവന്റെ സാമൂഹിക സ്ഥിതി മെച്ചപ്പെട്ടിരുന്നുവോ? ഈഴവ ശിവനെ ഈഴവരും, ഹിന്ദു ശിവനെ ഹിന്ദുക്കളും ആരാധിച്ചു കൊണ്ടിരുന്നു. എന്നാല്‍ ഹിന്ദു ഭരണാധികാരികള്‍ക്ക് വ്യക്തമായ സന്ദേശം കൊടുക്കുവാന്‍ “ഈഴവ ശിവ പ്രതിഷ്ഠയ്ക്ക്” എന്ത് മാത്രം കഴിഞ്ഞു? കഴിഞ്ഞിട്ടില്ല എന്നാണ് എന്റെ വിനീതമായ അഭിപ്രായം. 1901-ല്‍ വെറും ആറ് ലക്ഷമായിരുന്ന കൃസ്ത്യാനികള്‍ 1932-ല്‍ 17 ലക്ഷമാക്കിയതാണ് തിരുവിതാംകൂര്‍ മഹാരാജാവിനെ ക്ഷേത്രപ്രവേശന വിളമ്പരത്തിന് ശരിക്കും പ്രേരിപ്പിച്ചത്. ഇന്നത്തെ അവസ്ഥയില്‍ ഈഴവര്‍, മതം മാറണമെന്നൊന്നും ഞാന്‍ പറയില്ല. അല്പം വിവേകത്തോടെ മതത്തെയും ഐതിഹ്യങ്ങളെയുമൊക്കെ സമീപിച്ചാല്‍ തീരുന്നതേയുള്ളൂ ഈഴവന്റെയും മറ്റ് പിന്നോക്ക വിഭാഗക്കാരുടെയും സാമൂഹിക പ്രശ്നങ്ങള്‍. ഒരിക്കലപമാനിച്ചു വിട്ട സ്ഥലത്ത് വീണ്ടുമെന്തിന് പോകുന്നു എന്ന് നാരായണ പണിക്കര്‍ (അതോ സുകുമാരന്‍ നായരായിരുന്നോ അത് പറഞ്ഞത്) വയലാര്‍ രവിയൊട് പറഞ്ഞതിനെ ഞാന്‍ പിന്താങ്ങുന്നു.
ഹിന്ദു മതം വന്നിട്ട് അയ്യായിരത്തിലേറെ വര്‍ഷമായെന്ന് പറയപ്പെടുന്നു. ഇത്രയ്ക്ക് ശാസ്ത്രീയവും ഉല്‍കൃഷ്ടവുമായ മതം നമ്മുക്കുണ്ടായിട്ടും നാമിന്നും സാമ്പത്തിക-സാമൂഹിക ഉച്ചനീചത്വങ്ങളുടെ നടുവിലാണ്. ഹൃദ്രോഗവും പട്ടിണി മരണങ്ങളുടേയും കാര്യത്തില്‍ പോലും വ്യത്യസ്തമായൊരു ഏകത്വം കാണിക്കുകയാണ് നമ്മുടെ നാട്. ഇതൊക്കെ നമ്മുടെ പൊതു വിശ്വാസമായ മതത്തിന്റെ പ്രശ്നമോ, അതോ സര്‍വ്വ ശക്തനായ ദൈവത്തിന്റെ കഴിവുകേടോ?
സ്വാമി:എല്ലാവരും ഭയഭക്തി ബഹുമാനിക്കുന്ന നാരായണ ഗുരുവിനെ എതിര്‍ത്ത് പറയുന്നത് ശരിയാണോ?
സുഹൃത്ത്:“ഒരു ജാതി, ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന ഗുരു വചനം (എത്ര ചോന്മാര്‍ അതനുസരിക്കുന്നുണ്ട്?) “ജാതി വേണ്ട, മതം വേണ്ട ദൈവം വേണ്ട മനുഷ്യന്” എന്ന് തിരുത്തിയ സഹോദരന്‍ അയ്യപ്പനെ ശരി വയ്ക്കുകയാണ് ഗുരു ചെയ്തത്, ദേഷ്യപ്പെടുകയായിരുന്നില്ല. ആ ഗുരു ഇന്ന് ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍ ഞാന്‍ പറഞ്ഞത് അദ്ദേഹത്തിനൊരിക്കലും അപമാനമായിരുന്നില്ല എന്ന് അദ്ദേഹം പറയുമായിരുന്നു. മാത്രവുമല്ല വേദോപനിഷത്തുകളില്‍ ശാസ്ത്ര തത്ത്വങ്ങള്‍ തേടുന്ന പമ്പരവിഡ്ഢികളുടെയും, നിന്നെ പോലുള്ള വിവേകരഹിതരായ അമ്പലംനിരങ്ങികളുടെയുമൊക്കെ മുഖത്ത് അദ്ദേഹം കാര്‍ക്കിച്ച് തുപ്പുമായിരുന്നു.
ചില കുറിപ്പുകള്‍: (1) ഇങ്ങനെ ഒരു സ്വാമിയോ വ്യക്തിയോ ജീവിച്ചിരുപ്പുണ്ടെന്നോ ജീവിച്ചിരുന്നെന്നോ എനിക്കറിയില്ല.
(2) ചിത്രകാരന്റെ കുറിപ്പുകള്‍ ജാത്യാഭിമാനം വെടിഞ്ഞിട്ടില്ലാത്ത ജാതിക്കോമരങ്ങളുടെ ദുരഭിമാനത്തിന് മേലൊരു വെള്ളിടി ആയിരുന്നു എന്ന് സമ്മതിക്കാതെ വയ്യ. ആഢ്യനായ ബാലകൃഷ്ണപ്പിള്ളയുടെ നാക്കും വാക്കുകളും ചര്‍ച്ചാ വിഷയമാകാത്തത് കൊണ്ട് തന്നെ, ചിത്രകാരന്റെ ഭാഷ ഒരു പരിധി വരെ ന്യായീകരിക്കപ്പെടുന്നു. എന്നാല്‍ ചിത്രകാരന്റെ ജാതി-വിരുദ്ധ കുറിപ്പുകള്‍ ഒരു തുണ്ടു പടം കാണുന്ന ആര്‍ത്തിയോടെ കാണുകയും അവസാനം രതിമൂര്‍ച്ഛയിലെത്തുകയും ചെയ്യുന്ന, ജാതി വിഷം തുപ്പുന്ന സവര്‍ണ്ണരേക്കാള്‍ വിഷമുള്ള, തറവാടികളായ, സംസ്കാര സമ്പന്നരായ, വന്ന വഴി മറന്ന, “ഹിന്ദു-ഈഴവരും” ഈ സമൂഹത്തിലുണ്ടെന്നും, ആ ന്യൂനവിഭാഗം പോകുന്ന ദിശ ഈഴവരുള്‍പടെയുള്ളവര്‍ക്ക് അപകടം ചെയ്യുന്നതാണെന്നും (ജനിച്ച ജാതി കൊണ്ട് ഈഴവനായ) എനിക്ക് അഭിപ്രായമുണ്ട്.
(3) മതം മനുഷ്യനെ മയക്കുന്ന കറപ്പാണ്. മനുഷ്യന്റെ വികാര-പ്രശ്നങ്ങള്‍ക്ക്, അതിനൊരു പരിഹാരം നല്‍കുവാന്‍ സാധിക്കുമെങ്കിലും, നിര്‍ഭാഗ്യവശാല്‍ അത് താല്‍ക്കാലികം മാത്രമാകുന്നു. കറപ്പിന്റെ ലഹരി വിട്ടെഴുന്നേല്‍ക്കുന്ന മനുഷ്യന്റെ മുന്നില്‍ പ്രശ്നങ്ങള്‍ പഴയ പോലെ അല്ലെങ്കില്‍ അതിനേക്കാളും ഗുരുതരമായി തുടരുന്നു. മനുഷ്യന്റെ പ്രശ്നങ്ങള്‍ക്ക് മതമൊരിക്കലും ശാശ്വത പരിഹാരമല്ല.
(4) ഹൈന്ദവ വര്‍ഗ്ഗീയത ഇനി മുഖം കാണിക്കുവാന്‍ പോകുന്നത് സവര്‍ണ്ണരിലൂടെ ആയിരിക്കില്ല. ഈഴവരുടെയും മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും “രക്ഷകനായിട്ടാണ്” ഹൈന്ദവ ഭീകരത അവതാരമെടുത്തിരിക്കുന്നത്.
(5) ഈ ലേഖനത്തിലുള്ള അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ഇത് എഴുതിയ എനിക്ക് മാത്രമായിരിക്കും.
[ഭാഗം 1 ഇവിടെ അവസാനിക്കുന്നു.]
Possibly Related Posts:
- കൊലച്ചോറ് [11:55 AM]
- Stinking Issues with Trivandrum Bloggers List
- ചെറ്റ വിവാദം – എന്റെ പക്ഷം
- ഫോണ്‍ കോള്‍
- ഭൂചലനം – കാരണം സി.പി.ഐ(എം) ഉള്‍പ്പോരു്




വേറെ പണി ഒന്നും ഇല്ലെ?
good imaginations..
വളരെ പ്രസക്തമായ പോസ്റ്റു.
“…….ജാതി വിഷം തുപ്പുന്ന സവര്‍ണ്ണരേക്കാള്‍ വിഷമുള്ള, തറവാടികളായ, സംസ്കാര സമ്പന്നരായ, വന്ന വഴി മറന്ന, “ഹിന്ദു-ഈഴവരും” ഈ സമൂഹത്തിലുണ്ടെന്നും, ആ ന്യൂനവിഭാഗം പോകുന്ന ദിശ ഈഴവരുള്‍പടെയുള്ളവര്‍ക്ക് അപകടം ചെയ്യുന്നതാണെന്നും (ജനിച്ച ജാതി കൊണ്ട് ഈഴവനായ) എനിക്ക് അഭിപ്രായമുണ്ട്.”
“(4) ഹൈന്ദവ വര്‍ഗ്ഗീയത ഇനി മുഖം കാണിക്കുവാന്‍ പോകുന്നത് സവര്‍ണ്ണരിലൂടെ ആയിരിക്കില്ല. ഈഴവരുടെയും മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും “രക്ഷകനായിട്ടാണ്” ഹൈന്ദവ ഭീകരത അവതാരമെടുത്തിരിക്കുന്നത്.”
ഈ അഭിപ്രായങ്ങളോട് പൂര്‍ണ്ണമായി യോജിക്കുന്നൂ. ഈ ഒരു കാഴ്ച്ചപ്പാടില്ലത്താണ് ചിത്രകാരനിലെ എടുത്തുപറയത്തക്ക ന്യൂനത.
കാര്യങ്ങൽ മനസ്സിലാക്കാനും മനസ്സിലാക്കിക്കാനുള്ള നല്ല പരിശ്രമം
അഭിനന്ദനങ്ങൾ
മാർൿസ് മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നുപയോഗിച്ചത് മയക്കിക്കിടത്തുന്നത് എന്ന അർഥത്തിലല്ല, വേവദന സംഹാരി എന്നർഥത്തിലാണെന്നാണ് എന്റെ അഭിപ്രായം.
“Religion is the sigh of the oppressed creature, the heart of a heartless world, just as it is the spirit of a spiritless situation. It is the opium of the people. The abolition of religion as the illusory happiness of the people is required for their real happiness. The demand to give up the illusion about its condition is the demand to give up a condition which needs illusions.”
മതമെന്നത് ഹൃദയമില്ലാഹ്ത ലോകത്തിന്റെ ഹൃദയമാണ്, ആത്മാവ് നഷ്‌ടപ്പെട്ട ലോകത്തിന്റെ ആത്മാവാണ്. അടിച്ചമർത്തപ്പെടുന്നവറ്റെ നെടുവീർപ്പാണത്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്…..അതിനാൽ മതത്തിനെതിരായ സമരം മതത്തിനെ സൃഷ്‌ടിച്ച സാഹചര്യങ്ങൾക്കെതിരായ സമരമാവണം എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്
Good…..Let us spread the message of Religious tolerance…..feel pity on those who still believe in caste system and consider mahabharat or ramayanam or vedas as the ultimate truth
രാമായണവും മഹാഭാരതവുമൊക്കെ മഹത്തായ കാവ്യങ്ങള്‍ എന്ന രീതിയില്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. എന്നാലതിനെയൊക്കെ ഇത്രയും വികാരത്തോടെ കണ്ട്, അതിലെ കഥാപാത്രങ്ങളെയൊക്കെ ആരാധിക്കേണ്ടുന്ന കാര്യമുണ്ടോ? അങ്ങനെയെങ്കില്‍ കുറച്ചു കൂടി ആധുനികവും വിശ്വാസയോഗ്യവുമായത് മായാവിയും ടിന്‍ടിനുമൊക്കെയല്ലേ? സ്വന്തം ഭാര്യയെ കാട്ടിലുപേക്ഷിച്ച ശ്രീരാമനെയൊക്കെ വെച്ച് നോക്കുമ്പോള്‍ കുട്ടൂസനൊക്കെ എന്ത് ഡീസന്റാണ്? ആ ഡാകിനിയെ ഒക്കെ എത്ര നാളായി കൂടെ കൂട്ടിയിരിക്കുന്നു? നാം ജീവിക്കുന്ന ആധുനിക ലോകത്തില്‍ വിമര്‍ശനങ്ങള്‍ക്ക് അതിന്റേതായ സ്ഥാനമുണ്ടെന്നാണ് സ്വാമീ ഞാന്‍ വിശ്വസിക്കുന്നത്. ഏത് ശാസ്ത്ര തത്ത്വവും evolve ചെയ്ത് വരുന്നത് വിമര്‍ശങ്ങളിലൂടെയും, ചോദ്യം ചെയ്യലുകളിലൂടെയും ആ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നതിലൂടെയുമാണ്. വിമര്‍ശനാതീതമായ ഒന്നിനെ ശാസ്ത്രമെന്ന് വിളിക്കുവാന്‍ കഴിയുമോ സ്വാമീ?
നന്നായിട്ടുണ്ടു മനോഹരം
അഭിനന്ദനങ്ങള്‍
In the 18th century,the period of KARL MARX, Opium is widely used as a pain killer,especially for the cancer patients. Now also the refined form of it is used as tranquilizers.
So when marx said ‘opium of masses” it means ,religion will give relief to people in their sufferings as opium works.opium will not reduce or cure the disease but it will reduce pain.
So communists have to work for the elemination of root causes of sufferings(disease). They have to teach people that religion will only give them relief and if they won’t struggle against the root cause of their sufferings they have to suffer for ever..
Once Lenin said all criticisms begins with the criticism of religion. Religion played a progressive role in the past when people lived in forests,but now it is negative.. A weapon in the hands of exploiters to maintain the status quo
നന്നായിട്ടുണ്ട് മാഷെ….
ഗുരുവിനെ ദൈവമായി പ്രതിഷ്ഠിക്കുന്നതിനെതിരെയും, രാമായണ മഹാഭാരത കാവ്യങ്ങളെ വിമര്‍ശന ബുദ്ധിയോടെ കാണണം എന്നതിനെയും കുറിച്ചുള്ള അഭിപ്രായങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു… വേദങ്ങളെക്കുറിച്ച് പൊടിക്ക് പോലും അറിവില്ലാത്തതിനാല്‍ അഭിപ്രായം പറയുന്നില്ല…
രണ്ടാം ഭാഗത്തില്‍ സംവരണത്തെക്കുറിച്ചും എന്തെണ്കിലും ഒക്കെ പ്രതീക്ഷിക്കുന്നു…
രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പോടെ…